അറ്റ്‌ലി സംവിധാനം ചെയ്യുന്ന 'രാക'യുടെയും (Raaka), ലോകേഷ് കനകരാജ് ചിത്രത്തിന്റെയും ചിത്രീകരണത്തിനായി അല്ലു അർജുൻ, മുംബൈയിലേക്ക് താമസം മാറുന്നു എന്ന തരത്തിലുള്ള വാർത്തകൾ ഇപ്പോൾ സജീവമാണ്. മുംബൈയിലെ പോഷ് ഏരിയയായ ജൂഹുവിൽ അഞ്ച് ബെഡ്റൂമുകളുള്ള ആഡംബര അപ്പാർട്ട്മെന്റ് താരം വാടകയ്‌ക്കെടുത്തതായി ഒരു മുംബൈ പോർട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു.

To advertise here,

എന്നാൽ ഈ വാർത്തകളോട് പ്രതികരിച്ച് അല്ലു അർജുന്റെ പിതാവും പ്രശസ്ത നിർമ്മാതാവുമായ അല്ലു അരവിന്ദ് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: "ഇല്ല, നിലവിലെ സിനിമയുടെ ചിത്രീകരണം മുംബൈയിൽ നടക്കുന്നതുകൊണ്ട് അങ്ങനെ തോന്നുന്നതാകാം. പക്ഷേ അല്ലുവിന്റെ ഹൃദയവും വീടും ഹൈദരാബാദിലാണ്. അദ്ദേഹത്തിന്റെ കുട്ടികൾ അവിടെയാണ് പഠിക്കുന്നത്, പ്രിയപ്പെട്ടവരെല്ലാം ഹൈദരാബാദിലുണ്ട്. പിന്നെ എന്തിനാണ് അദ്ദേഹം മുംബൈയിലേക്ക് മാറുന്നത്?"

മിഡ്-ഡേ (Mid-Day) റിപ്പോർട്ട് അനുസരിച്ച്, ജൂഹു താര റോഡിലുള്ള കടൽ അഭിമുഖമായുള്ള ഒരു ലക്ഷ്വറി അപ്പാർട്ട്മെന്റാണ് താരം വാടകയ്‌ക്കെടുത്തത്.

മാസം 16 ലക്ഷം രൂപയാണ് വാടകയെന്നും മൂന്ന് വർഷത്തെ കരാറിലാണ് ഇത് എടുത്തിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. 6,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ഫ്ലാറ്റിൽ ഒരു പ്ലഞ്ച് പൂളും (Plunge pool) നാല് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഭാര്യ സ്‌നേഹ റെഡ്ഡിക്കും മക്കളായ അയാനും അർഹയ്ക്കും അവധിക്കാലം ചിലവഴിക്കാൻ ഒരു ബീച്ച് സൈഡ് പ്രോപ്പർട്ടി വേണമെന്ന് താരം ആഗ്രഹിച്ചിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന പുതിയ ആഡംബര വസതിയിലേക്ക് ഉടൻ മാറാൻ താരം ഒരുങ്ങുകയാണ്. ഇതിന്റെ ഗൃഹപ്രവേശന ചടങ്ങുകൾ ഈ വർഷം തന്നെ നടന്നേക്കും.

അല്ലു അർജുന്റെ 43-ാം ജന്മദിനത്തിലാണ് അറ്റ്‌ലി സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ആക്ഷൻ ഡ്രാമയായ 'രാക' ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അല്ലു അർജുനും അറ്റ്‌ലിയും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. ഈ ചിത്രത്തിനായി ഏകദേശം 175 കോടി രൂപയാണ് അല്ലു അർജുൻ പ്രതിഫലം വാങ്ങുന്നതെന്നാണ് വിവരം. കൂടാതെ ലാഭത്തിന്റെ 15 ശതമാനവും താരത്തിന് ലഭിക്കും. 100 കോടി രൂപയാണ് സംവിധായകൻ അറ്റ്‌ലിയുടെ പ്രതിഫലം. 800 കോടി രൂപയാണ് സിനിമയുടെ മൊത്തം ബജറ്റായി കണക്കാക്കുന്നത്. ഇതിൽ 250 കോടി രൂപ വിഷ്വൽ ഇഫക്റ്റുകൾക്കായി (VFX) മാത്രം മാറ്റിവച്ചിരിക്കുകയാണ്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം വൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi