കുറച്ചുദിവസം മുമ്പാണ് നടനും രാഷ്ട്രീയപ്രവർത്തകനുമായ വിജയ്‌യുടെ 'ജനനായകൻ' (Jana Nayagan) ഓൺലൈനിൽ ചോർന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ചോർന്നത് ആളുകളെ നിരാശരാക്കിയിരുന്നു. സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലും ചിത്രത്തിന്റെ വിവിധഭാഗങ്ങൾ എത്തിയിരുന്നു. പ്രദർശനത്തിനെത്തും മുമ്പേ ചിത്രം ചോർന്നത് അണിയറപ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്.

To advertise here,

അതിനുപിന്നാലെ സംഭവത്തിൽ ആറുപേർ അറസ്റ്റിലാവുകയും ചെയ്തു. അതിനൊപ്പം 300-ഓളം ലിങ്കുകൾ നീക്കം ചെയ്തു. അന്വേഷണത്തിനായി പ്രത്യേകസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ചിത്രത്തിന്റെ വ്യാജപതിപ്പ് കേബിൾ ചാനലിലൂടെ നിയമവിരുദ്ധമായി സംപ്രേഷണം ചെയ്തതിന് മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്.

ഏകദേശം 500 കോടി ബജറ്റിലാണ് 'ജനനായകൻ' നിർമിച്ചത്. എച്ച്.വിനോദ് സംവിധാനവും തിരക്കഥാരചനയും നിർവഹിച്ച ചിത്രത്തിൽ വിജയ്‌ക്കൊപ്പം, പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരും അഭിനയിക്കുന്നു. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ.നാരായണയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സെപ്റ്റംബർ 2024-ൽ ദളപതി 69 എന്ന് പേരിട്ടാണ് സിനിമ ഔദ്യോഗികമായി അനൗൺസ് ചെയ്തത്. ജനുവരി 2026-ൽ റിലീസ് ചെയ്യാനിരുന്ന ചിത്രമാണിത്. സെൻസറിങ് പ്രശ്‌നങ്ങൾ കാരണം റിലീസിങ് നീണ്ടുപോവുകയായിരുന്നു.

സിനിമ ചോർന്നത് അതിന്റെ വിജയത്തെ ബാധിക്കുമെന്ന് നിർമാതാക്കൾ പറയുന്നു. സിനിമ 120 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിന് ഒരു ഒ.ടി.ടി.യുമായി കരാറിലൊപ്പിട്ടതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ, സെൻസറിങ് നീളുന്നതുകാരണം കരാറിൽനിന്ന് അവർ പിൻമാറാനിടയുണ്ട്. ഇനി ഇതെല്ലാം കഴിഞ്ഞ് തിയേറ്ററിൽ റിലീസ് ചെയ്താലും ബോക്‌സോഫീസിൽ വിജയിക്കണമെന്നില്ല.

അതിനിടെയാണ് പുതിയൊരു വാർത്ത പുറത്തുവരുന്നത്. ഈ സിനിമയുടെ നഷ്ടം നികത്തികൊടുക്കാനായി ജനനായകന്റെ നിർമാതാക്കളുടെ മറ്റൊരു സിനിമയിൽ വിജയ് അഭിനയിക്കാനൊരുങ്ങുന്നുവെന്നതാണത്. ഡെയ്‌ലി തന്തിയാണ് ഈ വാർത്ത് റിപ്പോർട്ട് ചെയ്തത്. നേരത്തെ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനുമുമ്പ് വിജയ്‌യുടെ അവസാനചിത്രമെന്ന രീതിയിൽ കൂടി ജനനായകന് വാർത്താപ്രാധാന്യം ലഭിച്ചിരുന്നു. അതിനിടെയാണ് ഇത് വിജയ്‌യുടെ അവസാനചിത്രമായേക്കില്ലെന്ന റിപ്പോർട്ട് വരുന്നത്. എന്നാൽ, ഇതിന് ഔദ്യോഗികസ്ഥിരീകരണമൊന്നുമില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi