ഇക്കഴിഞ്ഞ ദിവസമാണ് സിനിമ-സീരിയല്‍ താരമായ വികാസ് സേഥി അന്തരിച്ചത്. 48 വയസ്സുള്ള അദ്ദേഹം ഉറക്കത്തിനിടെ ഹൃദയാഘാതം മൂലമാണ് മരിക്കുന്നത്. മുംബൈയില്‍നിന്ന് ഭാര്യയുടെ വീടായ നാസിക്കിലേക്ക് ഒരു സ്വകാര്യചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം അവിടെവെച്ചാണ് മരിക്കുന്നത്. വികാസിന് അനുഭവപ്പെട്ട ദേഹാസ്വാസ്ഥ്യത്തെപ്പറ്റി ഭാര്യ ജാന്‍വി പറഞ്ഞതിങ്ങനെ, ''നാസിക്കിലെത്തിയപ്പോള്‍ വികാസ് ഛര്‍ദിക്കാന്‍ തുടങ്ങി. വയറിളക്കവുമുണ്ടായിരുന്നു. ആസ്പത്രിയിലേക്ക് പോകാന്‍ പറഞ്ഞിട്ടും അദ്ദേഹം തയ്യാറായില്ല. ഒടുവില്‍ വീട്ടിലേക്ക് ഡോക്ടറെ വിളിച്ചുവരുത്തുകയായിരുന്നു. പിന്നെ അദ്ദേഹം ഉറങ്ങാന്‍ കിടന്നു. രാവിലെ ആറുമണിക്ക് വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ അനക്കമൊന്നുമുണ്ടായിരുന്നില്ല. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം സംഭവിച്ചതാണെന്ന് ഡോക്ടറാണ് പറഞ്ഞത്''. വികാസിന്റെ മരണം ടെലിവിഷന്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 

കഹി തോ ഹോഗാ, ക്യൂം കി സാസ് ഭി കഭീ ബഹു ഥി, ഹോത്താ ഹെ പ്യാര്‍, കസൗട്ടി സിന്ദഗി കേ, ഉത്തരന്‍ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച ജനപ്രിയ പരമ്പരകള്‍. കഭി ഖുഷി കഭി ഗം, ദീവാനാപന്‍ തുടങ്ങിയ  സിനിമകളിലും വികാസ് അഭിനയിച്ചിട്ടുണ്ട്. 

ഇതുപോലെ ഉറക്കത്തിനിടെ മരണത്തിലേക്ക് പോയ താരമാണ് പ്രമുഖ ടെലിവിഷന്‍ അഭിനേതാവും ബിഗ് ബോസ് വിജയിയുമായ സിദ്ധാര്‍ഥ് ശുക്ല. 2021 സെപ്റ്റംബര്‍ രണ്ടിനാണ് സിദ്ധാര്‍ഥ് മരിക്കുന്നത്. ഹിന്ദി ബിഗ് ബോസിന്റെ ചരിത്രത്തിലെ ഏറ്റവും ജനപ്രിയതാരമായിരുന്നു സിദ്ധാര്‍ഥ്. ബിഗ് ബോസിനിടെ സഹമത്സരാര്‍ഥിയായ ഷെഹനാസ് ഗില്ലുമായുള്ള അടുപ്പവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നെറ്റിസണ്‍സ് സ്‌നേഹത്തോടെ ആ കൂട്ടുകെട്ടിനെ 'സിഡ്‌നാസ്' എന്ന് വിളിച്ചു. ഖത്രോം കെ ഖിലാഡിയുടെ ഏഴാം സീസണ്‍ വിജയി കൂടിയായിരുന്നു സിദ്ധാര്‍ഥ്. ബാലികാ വധു എന്ന സീരിയലിലും ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍-3 എന്ന വെബ്‌സീരീസിലും അഭിനയിച്ചിട്ടുണ്ട്.