സെലിബ്രിറ്റികളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോട്ടം നടത്തുന്ന പാപ്പരാസി ക്യാമറകൾക്കെതിരെ വീണ്ടും ശബ്ദമുയർത്തുകയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. ക്യാമറകൾക്ക് മുന്നിൽ നിൽക്കുന്നവരാണെങ്കിലും തങ്ങളുടെ ശരീരവും സ്വകാര്യതയും മാനിക്കപ്പെടണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം താരങ്ങൾക്കുമുണ്ടെന്ന് ഓർമിപ്പിക്കുകയാണ് താരം. ചിലർക്ക് ഇത്തരം ചിത്രങ്ങളോട് താൽപര്യമുണ്ടെന്നത് എല്ലാവരുടെയും സമ്മതമായി കാണരുതെന്നും സൽമാൻ പറയുന്നു. താരത്തിന്റെ നിലപാടിന് പിന്തുണയുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുന്നത്. ബിഗ് ബോസ് 20-ന്റെ പുതിയ എപ്പിസോഡിൽ റോഡീസ് റൈസിങ്ങിലെ ഗ്യാങ് ലീഡർമാരായ നേഹ ധൂപിയ, അഭിഷേക് മൽഹാൻ, പ്രിൻസ് നരുല, രൺവിജയ് സിങ് എന്നിവർ പങ്കെടുത്തിരുന്നു. ഇവരുമായി സംസാരിക്കുന്നതിനിടെയാണ് സൽമാൻ ഖാൻ നിലപാട് തുറന്നുപറഞ്ഞത്.  പാപ്പരാസികളുടെ അനുചിതമായ ഫോട്ടോഗ്രഫിക്കെതിരെ സംസാരിച്ചതിന് നേഹ സൽമാനോട് നന്ദി പറഞ്ഞു.

''സർ, നിങ്ങളോട് നന്ദി പറയാൻ ഇതുവരെ അവസരം ലഭിച്ചിരുന്നില്ല. ഒരുപാട് ആളുകളിലേക്ക് നിങ്ങളുടെ ശബ്ദം എത്തിക്കാൻ കഴിയും. നിങ്ങൾ പറയുമ്പോൾ ലോകം അത് ശ്രദ്ധിക്കും. നിങ്ങൾ സ്വീകരിച്ച നിലപാടിന് പ്രതികരണം ആവശ്യമായിരുന്നു. അതിന് നന്ദി,'' എന്നായിരുന്നു നേഹയുടെ വാക്കുകൾ.

തന്റെ മുൻപത്തെ മുന്നറിയിപ്പുകൾ ചില പാപ്പരാസി പേജുകൾ തമാശയായാണ് കണ്ടതെന്നും അതിനുശേഷം ഇത്തരം ചിത്രങ്ങൾ പകർത്തുന്നത് കൂടിയെന്നും സൽമാൻ പറഞ്ഞു. ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ''അവർ ഇപ്പോഴും ഇതൊരു തമാശയായാണ് കാണുന്നത്. ചില വലിയ പ്ലാറ്റ്ഫോമുകളും ഇതിന് കൂട്ടുനിൽക്കുന്നുണ്ട്. എന്നാൽ ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ചില സ്ത്രീകളും പുരുഷന്മാരും പാപ്പരാസികളെ വിളിച്ചുവരുത്തുകയും അവിടെ എത്താൻ പണം നൽകുകയും ഇത്തരം ചിത്രങ്ങൾ പകർത്താൻ ആവശ്യപ്പെടുകയും ചെയ്യും. അപ്പോൾ ഫോട്ടോഗ്രാഫർമാർക്ക് എന്തുചെയ്യാനാകും? ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരുമെന്ന വ്യത്യാസം തിരിച്ചറിയണം. സമ്മതമുള്ളവർക്ക് അത് തുടരാം. എന്നാൽ താൽപര്യമില്ലാത്തവരെ ശല്യപ്പെടുത്തരുത്. ഒരു പ്രത്യേക രീതിയിൽ ചിത്രമെടുക്കരുതെന്ന് ആരെങ്കിലും ആവശ്യപ്പെട്ടിട്ടും അത് അവഗണിച്ചാൽ ഞാൻ ഇടപെടും,'' സൽമാൻ പറഞ്ഞു.

സെപ്റ്റംബറിൽ ബിഗ് ബോസിന്റെ മറ്റൊരു എപ്പിസോഡിലും പാപ്പരാസികളുടെ ഇത്തരം പ്രവണതകൾക്കെതിരെ സൽമാൻ സംസാരിച്ചിരുന്നു. നടിമാരുടെ പിന്നിൽനിന്ന് അനുചിതമായ രീതിയിൽ ചിത്രങ്ങൾ പകർത്തുന്നവരെയാണ് അന്ന് അദ്ദേഹം വിമർശിച്ചത്. ''പിന്നിൽനിന്ന് ചിത്രമെടുക്കുന്ന രീതിയുണ്ട്. ഒരു നടിക്കും അത് ഇഷ്ടമാകില്ല. ചിലർക്ക് അതിൽ പ്രശ്‌നമുണ്ടാകില്ലായിരിക്കാം. എന്നാൽ ഇഷ്ടമില്ലാത്തവരുടെ കാര്യമോ? ഇത്തരം ചിത്രങ്ങൾ പകർത്തുന്നവരോട് സ്വന്തം അമ്മയുടെയോ സഹോദരിയുടെയോ ചിത്രങ്ങൾ ഇങ്ങനെ പകർത്തി കാണിക്കാൻ പറയണം. വെറുപ്പുളവാക്കുന്ന പ്രവൃത്തിയാണിത്,'' എന്നായിരുന്നു സൽമാന്റെ പ്രതികരണം. സെലിബ്രിറ്റികളുടെ സ്വകാര്യതയും വ്യക്തിപരമായ അതിരുകളും മാനിക്കണമെന്ന ചർച്ചയ്ക്കിടെയാണ് സൽമാന്റെ പുതിയ പരാമർശങ്ങൾ ശ്രദ്ധ നേടുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi