'ഗോട്ട്' (ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ മുന്നേറുകയാണ്. 400 കോടി മുടക്കി ചെലവഴിച്ച സിനിമയില്‍ വിജയ്‌ക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രശാന്ത്. പ്രശാന്തിനെ നല്ലൊരു റോളില്‍ കാണാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഈ പഴയ ചോക്ലേറ്റ് ബോയുടെ ആരാധകര്‍. മികച്ച രീതിയില്‍ തുടങ്ങിയ കരിയര്‍ എങ്ങുമെത്താതെ പോയ കഥയാണ് പ്രശാന്തിന്റേത്.
അഭിനേതാവും സംവിധായകനും നിര്‍മാതാവുമായ ത്യാഗരാജന്റെ മകനാണ് പ്രശാന്ത്. പതിനേഴാമത്തെ വയസ്സിലാണ് സിനിമയിലേക്ക് വരുന്നത്. കരിയറിന്റെ തുടക്കകാലത്ത് തന്നെ ബാലുമഹേന്ദ്ര, മണിരത്‌നം തുടങ്ങിയ പ്രശസ്തരുടെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. എം.ടി.യുടെ തിരക്കഥയിലുള്ള 'പെരുന്തച്ചനി'ല്‍ തച്ചന്റെ മകനായി മലയാളത്തിലുമെത്തി.
അതിനിടയിലാണ് 'ജീന്‍സ്' എന്ന ബ്രഹ്മാണ്ഡസിനിമയില്‍ അഭിനയിക്കുന്നത്. അന്നത്തെ റെക്കോഡ് ബജറ്റായ 20 കോടി രൂപയ്ക്കാണ് സിനിമ നിര്‍മിച്ചത്. ആ സിനിമയിലൂടെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് രണ്ടുപേരാണ്. നായികാനായകന്‍മാരായ പ്രശാന്തും ഐശ്വര്യ റായും.

പലതാരങ്ങളിലൂടെ തിരിഞ്ഞുമറിഞ്ഞാണ് ആ റോള്‍ പ്രശാന്തിലെത്തിയത്. ആദ്യം സമീപിച്ചത് അബ്ബാസിനെയായിരുന്നു. എന്നാല്‍, തിരക്കായതുകാരണം അബ്ബാസ് വിസമ്മതിച്ചു. പിന്നീട് അജിത്തിനോട് സംസാരിച്ചെങ്കിലും, അദ്ദേഹവും ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം പിന്‍വലിഞ്ഞു. ഒടുവിലാണ് പ്രശാന്തിനെ തേടിയെത്തുന്നത്. ആ സിനിമയിലൂടെ തമിഴ്‌നാട്ടില്‍ വലിയ താരപദവിയാണ് പ്രശാന്ത് നേടിയെടുത്തത്. തമിഴില്‍ പ്രശാന്ത് എന്ന നായകനെ ഉറപ്പിച്ചുനിര്‍ത്തുന്നതും 'ജീന്‍സ്' തന്നെ. റൊമാന്റിക് ഹീറോ, ചോക്ലേറ്റ് ബോയ് തുടങ്ങിയ പരിവേഷങ്ങള്‍ പ്രശാന്തിന് നേടിക്കൊടുത്തതും ആ സിനിമ തന്നെ. ഇനി പ്രശാന്തിന്റെ കാലം എന്ന് തമിഴ് സിനിമാലോകം ഒരുപോലെ പറഞ്ഞു.
പുറകെ കുറേ നല്ല അവസരങ്ങള്‍ പ്രശാന്തിനെ തേടിയെത്തി. അദ്ദേഹത്തിന്റെ കരിയറിലെ നല്ല ദിനങ്ങള്‍. 1990-കളുടെ അവസാനം 'പ്രശാന്ത് സ്റ്റാര്‍ നൈറ്റ്' എന്ന പേരില്‍ മലേഷ്യ, സിംഗപൂര്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ സ്റ്റേജ് പരിപാടികള്‍ സംഘടിപ്പിച്ചു. തമിഴിലെ ഏഴുനായികമാരും കോമഡിതാരങ്ങളുമായിരുന്നു അതില്‍ പങ്കെടുത്തത്. പുരുഷതാരമായി പ്രശാന്ത് മാത്രം. അത്രയ്ക്കായിരുന്നു അന്നൊക്കെ അദ്ദേഹത്തിന്റെ പ്രശസ്തി. അജിത്തും വിജയും അഭിനയിക്കുമ്പോഴും പ്രശാന്തിനായി മാത്രം നിര്‍മാതാക്കള്‍ കാത്തുനിന്നു, ആരാധകരും.

തമിഴ് സിനിമയിലെ ഏറ്റവും തിരക്കുള്ള താരമായി. ഓഫറുകളുടെ പെരുമഴയായിരുന്നു. അതേ സമയത്തുതന്നെയാണ് അദ്ദേഹത്തിന്റെ കരിയര്‍ ഇടിഞ്ഞുതുടങ്ങുന്നതും. 2002-ല്‍ പുറത്തിറങ്ങിയ 'തമിഴ്' എന്ന സിനിമയിലൂടെ ആക്ഷന്‍താരമായി, റൊമാന്റിക് സിനിമകളില്‍നിന്നും അകന്നു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴേക്കും അച്ഛന്‍ നിര്‍മിക്കുന്ന സിനിമകളില്‍ മാത്രം അഭിനയിക്കുകയെന്ന തീരുമാനത്തിലേക്ക് മാറി. പക്ഷേ, അവയില്‍ പലതും ബോക്‌സോഫീസില്‍ വിജയിച്ചില്ല. പല സിനിമകളും നടക്കാതെ പോയതും പ്രശാന്തിനെ ബാധിച്ചു.
അതിനിടയില്‍ കുടുംബപ്രശ്‌നങ്ങളും പ്രശാന്തിന്റെ കരിയറിനെ നന്നായി ബാധിച്ചു. 2005-ലാണ് പ്രശാന്ത് വിവാഹിതനാവുന്നത്. എന്നാല്‍, രണ്ടുമാസത്തിനുള്ളില്‍ ഭാര്യ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. മൂന്നുവര്‍ഷത്തിനുള്ളില്‍ പ്രശാന്ത് വിവാഹമോചനത്തിന് അപേക്ഷനല്‍കുകയും ചെയ്തു. ഭാര്യ ഗ്രഹലക്ഷ്മി ഗാര്‍ഹികപീഡനമാരോപിച്ച് കോടതിയെ സമീപിക്കുകയും ചെയ്തതോടെ വിഷയം എല്ലാവരുമറിഞ്ഞു. പ്രശാന്തിന്റെ കരിയര്‍ തന്നെ പ്രശ്‌നങ്ങളിലായി. തന്റെ കരിയറിലെ വിലപ്പെട്ട നാലുവര്‍ഷമാണ് ഇതുമൂലം ഇല്ലാതായതെന്ന് പിന്നീട് പ്രശാന്ത് പറഞ്ഞിട്ടുണ്ട്. ഭാര്യ നേരത്തെ വിവാഹിതയായിരുന്നുവെന്ന് തെളിഞ്ഞതോടെ, പ്രശാന്തിന് കോടതി വിവാഹമോചനം അനുവദിച്ചു. അതിനുശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ തീരുമാനിച്ചെങ്കിലും, പ്രശ്‌നങ്ങള്‍ വിടാതെ പിന്തുടര്‍ന്നു.
ത്യാഗരാജന്റെ 'പോലീസ്' എന്ന സിനിമ അനൗണ്‍സ് ചെയ്‌തെങ്കിലും അത് നടന്നില്ല. ഗണേശന്‍ സുബ്ബയ്യയുടെ 'സക്കരൈ' എന്ന സിനിമയുടെ ലോഞ്ചിങ് ഒക്കെ വളരെ ഗംഭീരമായി നടന്നു. പക്ഷേ അതും നിന്നുപോയി. എ.വെങ്കടേഷിന്റെ 'പെട്രോള്‍' എന്ന സിനിമയുടെ ഷൂട്ടിങ് മുക്കാല്‍ഭാഗത്തോളം നടന്നു. അതിനിടയിലാണ് ദാമ്പത്യപ്രശ്‌നങ്ങളുടെ പേരില്‍ പ്രശാന്തിന് കുറച്ചുനാള്‍ ആ സിനിമയില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. അതോടെ ആ സിനിമയുടെ ഷൂട്ടിങ്ങും നടന്നില്ല. ഇങ്ങനെ പ്രശാന്തിന്റെ പത്തിലേറെ സിനിമകളാണ് നടക്കാതെ പോയത്.
2003-നുശേഷം പ്രശാന്തിന്റേതായി ഹിറ്റുകളൊന്നും വന്നില്ല. കുറേ പ്രൊജക്ടുകളില്‍ ഒപ്പുവെച്ചെങ്കിലും അതില്‍ റിലീസായത് വളരെ കുറച്ച് സിനിമകള്‍ മാത്രം. 2011-ല്‍ പുറത്തിറങ്ങിയ 'മമ്പട്ടിയന്‍' ആണ് അതിനിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. അതിനുശേഷവും അനൗണ്‍സ് ചെയ്ത സിനിമകളുടെ ഷൂട്ടിങ് നീണ്ടുനീണ്ടുപോയി. പണച്ചെലവുള്ള പ്രസ് മീറ്റുകള്‍ മാത്രം പലപ്പോഴും നടന്നു, ഷൂട്ടിങ് തീരെ നടന്നതുമില്ല. 2024-ലാണ് പിന്നീട് ഒരു സിനിമ പുറത്തിറങ്ങുന്നത്, 'അന്തകന്‍'. പ്രശാന്തിന്റെ തിരിച്ചുവരവെന്ന് ആരാധകരെല്ലാം വിലയിരുത്തിയ സിനിമ. ഇപ്പോള്‍ 'ഗോട്ടി'ലും.
Content Highlights: career of tamil star prashanth
Published: 07 Sept 2024, 03:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented