പ്രേക്ഷകർക്കെന്നും പ്രിയപ്പെട്ട താരജോഡിയാണ് സൂര്യ-ജ്യോതിക. സിനിമാതിരക്കുകൾക്കും യാത്രകൾക്കുമിടയിൽ തങ്ങളുടെ ആരോഗ്യവും ഫിറ്റ്നസും എങ്ങനെ കാത്തുസൂക്ഷിക്കുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ദമ്പതികൾ (Suriya and Jyothika). ട്രെൻഡുകൾക്ക് പിന്നാലെ പോകുന്നതിനേക്കാൾ കൃത്യമായ ദിനചര്യയും തുടർച്ചയുമാണ് ഫിറ്റ്നസ്സിന്റെ കാതലെന്ന് ഇരുവരും വിശ്വസിക്കുന്നു. 'ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് തങ്ങളുടെ ജീവിതശൈലിയെക്കുറിച്ചും ഫിറ്റ്നസ് രഹസ്യങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചത്.

വ്യായാമം

യാത്രകളിലും വ്യായാമവേളകളിലും കൈയിൽ കരുതുന്ന ജിം ബാഗിൽ ഗ്ലൗസ്, ഡിയോഡ്രന്റ്, വാട്ടർ ബോട്ടിൽ എന്നിവ നിർബന്ധമായും ഉണ്ടാകുമെന്ന് ജ്യോതിക പറഞ്ഞു. അതേസമയം, സൂര്യ പുറത്തുപോകുമ്പോഴും വെള്ളക്കുപ്പി, ജോഗിങ് ഷൂസ്, സൺസ്ക്രീൻ, സപ്ലിമെന്റുകൾ എന്നിവ കൈയിൽ കരുതാൻ ജ്യോതിക എപ്പോഴും ഓർമ്മിപ്പിക്കാറുണ്ടെന്നും അദ്ദേഹം തമാശയായി പറഞ്ഞു.

രാവിലെ ഒരു ആപ്പിൾ കഴിച്ചശേഷമാണ് ജ്യോതിക ജിമ്മിലേക്ക് പോകുന്നത്. ആഴ്ചയിൽ നാലോ അഞ്ചോ ദിവസം സ്‌ട്രെങ്ങ്ത് ട്രെയിനിങ് (Strength training) ചെയ്യാറുണ്ട്. 47-ാം വയസ്സിൽ ആദ്യമായി രണ്ട് 'പുൾ-അപ്പുകൾ' ചെയ്യാൻ സാധിച്ചതിന്റെ സന്തോഷവും ജ്യോതിക പങ്കുവെച്ചു. ശരീരത്തിന്റെ ബാഹ്യസൗന്ദര്യത്തേക്കാൾ, കരുത്ത് കൂട്ടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് പഠിപ്പിച്ചത് ട്രെയിനറാണെന്ന് താരം ഓർക്കുന്നു.

പണ്ട് നടുവിനു പരിക്കുണ്ടായിട്ടുള്ളതിനാൽ (Back injury) ഫങ്ങ്ഷണൽ സ്‌ട്രെങ്ങ്ത് ട്രെയിനിങ്, പുൾ-അപ്പുകൾ, ശരീരത്തിന്റെ വഴക്കം കൂട്ടുന്ന വ്യായാമം എന്നിവയിലാണ് സൂര്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വാരാന്ത്യങ്ങളിലെ വിശ്രമം

വീട്ടിലെ കാര്യങ്ങളും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും കാരണം ശനിയും ഞായറും അല്പം തിരക്കുപിടിച്ചതാണെന്നാണ് ജ്യോതിക പറയുന്നത്. എന്നാൽ മുംബൈയിലെ വീട്ടിൽ കടൽക്കാഴ്ചയും കണ്ട്, ബ്ലാക്ക് കോഫിയും കുടിച്ച് സോഫയിലിരുന്ന് റീൽസുകൾ കാണുന്നതാണ് തന്റെ ശാന്തമായ വാരാന്ത്യ പ്രഭാതങ്ങളെന്ന് സൂര്യ കൂട്ടിച്ചേർത്തു.

ആരോഗ്യ കാര്യത്തിൽ തങ്ങൾക്ക് ലഭിച്ച ഏറ്റവും മികച്ച ഉപദേശങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. "ശരീരസൗന്ദര്യത്തിലല്ല, മറിച്ച് ശാരീരികക്ഷമതയിലാണ് കാര്യം. ഫിറ്റ്നസ് നിലനിർത്തുമ്പോൾ ശരീരഭാരം താനേ കുറഞ്ഞോളും" എന്നതായിരുന്നു ജ്യോതികയ്ക്ക് ട്രെയിനറിൽ നിന്ന് ലഭിച്ച ഉപദേശം.

മെഗാസ്റ്റാർ മമ്മൂട്ടി നൽകിയ ഒരു ഉപദേശമാണ് സൂര്യ എടുത്തുപറഞ്ഞത്. "ഇഷ്ടമുള്ളതെന്തും കഴിക്കാം, പക്ഷേ കഴിക്കാൻ ആഗ്രഹിക്കുന്നത്ര അളവിൽ കഴിക്കരുത്. അതുപോലെ 8-9 മണിക്കൂർ വരെയുള്ള ഉറക്കത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തരുത്". വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഇപ്പോഴും താൻ കൃത്യമായി പിന്തുടരുന്നുണ്ടെന്ന് സൂര്യ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi