അമേരിക്കക്കാരനായ സ്റ്റീവന്‍ കാലഹന്‍ തന്റെ സമ്പാദ്യമെല്ലാം വിറ്റാണ് സ്വന്തമായൊരു പായ്ക്കപ്പല്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ചത്. 21 അടിയുള്ള ആ നൗകയ്ക്ക് അയാളിട്ട പേര്, നെപ്പോളിയന്‍ സോളോ എന്നായിരുന്നു. അതില്‍ ട്രാന്‍സ് അറ്റ്‌ലാന്റിക് റേസിന്റെ ഭാഗമായി, അറ്റ്‌ലാന്റിക് സമുദ്രം കടക്കുക എന്നതായിരുന്നു സ്റ്റീവന്റെ സ്വപ്നം. ''എന്റെയൊരു സന്തോഷത്തിനുവേണ്ടിയായിരുന്നുവത്. ഒരു തീര്‍ഥയാത്ര പോലെ'', സ്റ്റീവന്‍ അതിനെക്കുറിച്ച് ഓര്‍ത്തതിങ്ങനെ.
സ്റ്റീവനൊപ്പം ഒരു സുഹൃത്തും ചേര്‍ന്നു. അതവര്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. അവിടുന്ന് ആന്റിഗ്വയിലേക്കുള്ള റേസില്‍ സ്റ്റീവന്‍ ഒറ്റയ്ക്കായിരുന്നു. പൊടുന്നനെയാണ് കടലില്‍ കൊടുങ്കാറ്റ് രൂപപ്പെട്ടത്. കപ്പലിന് ചെറിയ തകരാറുകള്‍ സംഭവിക്കുകയും ചെയ്തു. അതോടെ അദ്ദേഹം മത്സരത്തില്‍നിന്ന് പുറത്തായി. കപ്പല്‍ റിപ്പയര്‍ ചെയ്യുന്നതിനായി സ്‌പെയിനിലേക്കാണ് പോയത്. പണിയെല്ലാം കഴിഞ്ഞപ്പോള്‍, കാനറി ദ്വീപുകളിലേക്ക് പോകാന്‍ അദ്ദേഹം തീരുമാനിച്ചു.
1982 ജനുവരി 29-ന് അദ്ദേഹം കാനറിയിലേക്ക് തിരിച്ചു. ആദ്യത്തെ ആഴ്ച വളരെ മനോഹരമായ അനുഭവങ്ങളാണ് അദ്ദേഹത്തിന് സമ്മാനിച്ചത്. സൗമ്യമായ കടല്‍, അനുകൂലമായ കാറ്റും...സ്വപ്നംപോലെയുള്ള കുറച്ച് ദിവസങ്ങള്‍. പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്. ഫെബ്രുവരി 4 ആയപ്പോഴേക്കും കൊടുങ്കാറ്റ് തുടങ്ങി, അത് ശക്തി പ്രാപിക്കാനും തുടങ്ങി. ഭീകരാനുഭവങ്ങള്‍ പിന്നീട് സ്റ്റീവന്‍ പങ്കിട്ടു.

''രാത്രിയായിരുന്നു. അപ്പോഴും കാലാവസ്ഥ പ്രതികൂലം തന്നെ. ഒരു ടീഷര്‍ട്ട് മാത്രമിട്ട് ഞാന്‍ കിടന്നു. കൈയിലൊരു വാച്ചും. പെട്ടെന്നാണ് കപ്പലിന്റെ അടിഭാഗം എവിടെയോ തട്ടിയത്. തിമിംഗലമോ വമ്പന്‍ സ്രാവോ ആണെന്നുറപ്പ്. ഞാന്‍ അനങ്ങാതെ കപ്പലില്‍ കിടന്നു. അധികം വൈകാതെ ഒരു അതിഭീകരമായ ശബ്ദം കേട്ടാണ് ഞാന്‍ ചാടിയെണീറ്റത്. കപ്പലിലൂടെ വെള്ളം ഉള്ളിലേക്ക് കയറുകയാണ്. കപ്പലിന് ദ്വാരം വീണിരുന്നുവെന്ന് പോലും അപ്പോഴാണ് എനിക്ക് മനസ്സിലായത്.
കപ്പലിന്റെ മുന്‍ഭാഗം മുങ്ങാനും തുടങ്ങി. അത് പതുക്കെപ്പതുക്കെ കടലിന്റെ അടിത്തട്ടിലേക്ക് പോവുകയാണ്. എന്റെ മനസ്സ് ആര്‍ത്തുകരഞ്ഞു. എന്റെ മുഴുവന്‍ സമ്പാദ്യവും കൊടുത്തു നിര്‍മിച്ച പ്രിയപ്പെട്ട കപ്പല്‍, അത് എന്റെ കണ്‍മുന്നില്‍ തകരുന്നു. 'വേഗം പുറത്തേക്ക് ചാട്' എന്ന് മനസ്സെന്നോട് പറഞ്ഞു. പക്ഷേ, അവശ്യസാധനങ്ങളായ ഫ്‌ളാഷ് ലൈറ്റും കത്തിയും സ്പിയര്‍ ഗണ്ണും വെള്ളവും ഭക്ഷണവും റേഡിയോ ബീക്കണും സ്ലീപ്പിങ് ബാഗുമെല്ലാം വെള്ളത്തിനുള്ള സോളാര്‍ സ്റ്റിലുമെല്ലാം കപ്പലിലെ ക്യാബിനിലാണുള്ളത്. അതാണെങ്കില്‍ ഏറെക്കുറെ മുങ്ങിക്കഴിഞ്ഞു. എങ്കിലും അവ മുങ്ങിയെടുത്തേ പറ്റൂ. ശ്വാസം അടക്കിപ്പിടിച്ച് ഓരോ തവണയും മുങ്ങി, സാധനങ്ങളെടുത്തു.
ഇതെല്ലാം കപ്പലിലുള്ള റബ്ബര്‍ ലൈഫ് റാഫ്റ്റിലേക്ക് മാറ്റി. ആറടി മാത്രമുള്ള ലൈഫ് റാഫ്റ്റ്. ബോട്ടുമായി ഘടിപ്പിച്ചുള്ള കയറിന്റെ അറ്റം ലൈഫ് റാഫ്റ്റില്‍ കെട്ടി. ഞാനുമതിലേക്ക് മാറി. ലൈഫ് റാഫ്റ്റും കപ്പലും പതുക്കെ നീങ്ങി.
നേരം പുലരാന്‍ തുടങ്ങി. ശക്തമായ തിരമാലകളേറ്റ് നെപ്പോളിയന്‍ സോളോയും ലൈഫ് റാഫ്റ്റും വേര്‍പെട്ടു. അധികം വൈകാതെ കൈയിലുണ്ടായിരുന്ന ഭക്ഷണം കഴിഞ്ഞു. വിശന്നുപൊരിഞ്ഞ നിമിഷങ്ങള്‍. ഒടുവില്‍ കടലില്‍നിന്ന് മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിച്ച് കഴിക്കാന്‍ തുടങ്ങി. സോളാര്‍ സ്റ്റില്‍ ഉള്ളതുകൊണ്ട് വെള്ളവും കുഴപ്പമില്ലാതെ കിട്ടി. ഇടയ്ക്ക് ആ ചൂണ്ടയില്‍ കുടുങ്ങിയത് ഒരു വലിയ മത്സ്യമാണ്. അത് ചൂണ്ട പൊട്ടിച്ചു. റാഫ്റ്റിന്റെ അടിഭാഗത്ത് ശക്തിയായി കുത്തുകയും ചെയ്തു''.

ഒടുവില്‍ എങ്ങനെ രക്ഷപ്പെടുമെന്ന് ചിന്തിക്കാന്‍ തുടങ്ങി. കുറേ ദൂരെയായി കപ്പലുകള്‍ പോകുന്നതുകണ്ടു. അവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് മനസ്സിലുറപ്പിച്ചു. മത്സ്യങ്ങള്‍ കഴിച്ചും വെള്ളം കുടിച്ചും വിശപ്പ് മാറ്റി. വ്യായാമം ചെയ്ത് മനസ്സിന് ആരോഗ്യം പകര്‍ന്നു. ഇടയ്ക്ക് റാഫ്റ്റിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഓരോ ദിവസവും ആരെങ്കിലും രക്ഷിക്കാന്‍ വരുമെന്ന പ്രതീക്ഷയോടെ കടന്നുപോയി. ഒടുവില്‍ 76-ാം ദിവസം. കരീബിയനിലെ ഗ്വാദലൂപിലെത്തി. അപ്പോഴാണ് ചില മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധ സ്റ്റീവനില്‍ പതിയുന്നത്. അവര്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു.
അപ്പോഴേക്കും അദ്ദേഹത്തിന്റെ അവസ്ഥയാകെ ദയനീയമായിരുന്നു. ശരീരഭാരം തീരെ കുറഞ്ഞു, കടല്‍വെള്ളവുമായുള്ള സ്ഥിരസമ്പര്‍ക്കം കാരണം, ശരീരമാകെ വ്രണങ്ങള്‍ രൂപപ്പെട്ടു. അതിനൊപ്പം മാനസികപ്രശ്‌നങ്ങളും. അദ്ദേഹം സഹിച്ച യാതനകള്‍ വിവരിക്കാനാവില്ല. തന്റെ അനുഭവങ്ങളെല്ലാം വിവരിച്ചുകൊണ്ട് സ്റ്റീവന്‍ പിന്നീടൊരു പുസ്തകമിറക്കി. 'Adrift: 76 days lost at Sea' എന്ന പേരില്‍.
Content Highlights: story of steven callahan-survival at sea
Published: 26 Sept 2024, 04:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented