ആര്‍ത്തിരമ്പുന്ന തിരയില്‍ കുളിച്ച്, കടല്‍ത്തീരത്ത് സമയവും ചെലവഴിച്ച് തിരിച്ചുവരുമ്പോള്‍ അവിടുന്ന് ഉരുളന്‍കല്ലുകള്‍ കൂടി പെറുക്കിയെടുക്കണം, എന്നാലേ ഒരു സമാധാനമുണ്ടാവൂ. മുത്തുച്ചിപ്പികളും, മനോഹരമായ കല്ലുകളുമൊക്കെയാണ് പലപ്പോഴും ഈ ശേഖരത്തില്‍ ഉള്‍പ്പെടുക.  

To advertise here,

എന്നാല്‍, അറ്റ്‌ലാന്റിക്കിലെ കാനറി ദ്വീപിലെ ലെയ്ന്‍സറെട്ടി, ഫിവെര്‍ട്ടെവെന്‍ച്യുറ എന്നിവ സന്ദര്‍ശിക്കുമ്പോള്‍ അല്പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ കൈയിലെ പൈസ പോവും. അതും ചെറിയ തുകയൊന്നുമല്ല, പതിമൂവായിരം മുതല്‍ രണ്ടര ലക്ഷം രൂപവരെ.

ലെയ്ന്‍സറെട്ടിയിലെ കടല്‍ത്തീരങ്ങളില്‍നിന്ന് ഓരോ വര്‍ഷവും ടണ്‍ കണക്കിന്‌ മണലാണ് നഷ്ടപ്പെടുന്നത്. ഫിവെര്‍ട്ടെവെന്‍ച്യുറയിലെ പ്രശസ്തമായ പോപ്‌കോണ്‍ ബീച്ചില്‍നിന്നാണെങ്കില്‍ മാസാമാസം ഒരു വലിയ പരിധിയിലേറെ മണലും കല്ലുകളുമാണ് ആളുകള്‍ കൊണ്ടുപോവുന്നത്. പോപ്‌കോണിന്റെ ആകൃതിയിലുള്ള കല്ലുകള്‍ ധാരാളമുള്ള കടല്‍ത്തീരമാണിത്. അതാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ ശേഖരിക്കുന്നതും. 

ഇവിടം സന്ദര്‍ശിക്കുന്നവര്‍ ഓര്‍മയ്ക്കായി ഇങ്ങനെ മണലും കല്ലും കൊണ്ടുപോവുന്നത് ദ്വീപിനെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഭരണകൂടം പറയുന്നത്. ദ്വീപിലെ ആവാസവ്യവസ്ഥയ്ക്ക് ഇത് ഹാനികരമാവുന്നു എന്ന കാരണത്താലാണ് ഭരണകൂടം പിഴ ചുമത്താനുള്ള തീരുമാനം കൈക്കൊണ്ടതും.  

വര്‍ഷം ഒരുകോടിയിലേറെ ആളുകളാണ് ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്. ഈ ദ്വീപിന് താങ്ങാവുന്നതിലേറെയാണിത്. ഈയടുത്ത് പ്രദേശത്ത് കനത്ത വരള്‍ച്ച അനുഭവപ്പെട്ടിരുന്നു. വിനോദസഞ്ചാരികളുടെ എണ്ണം കൂടുന്നതാണ് പലരും അതിന് കാരണമായി പറഞ്ഞത്. അന്വേഷണത്തില്‍ ദ്വീപ് നിവാസികള്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അഞ്ചിരട്ടിയാണ് ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.