കടലിൽ ഒഴുകിനടന്നും പാറകളിലും കക്കത്തോടുകളിലും പറ്റിപ്പിടിച്ചും വളരുന്ന സീ ലെറ്റൂസ് കടൽപ്പായൽ പല രാജ്യങ്ങളിലും പ്രിയമുള്ള ഭക്ഷണമാണ്. ഏറെക്കാലം മുമ്പുതന്നെ ഇത് മനുഷ്യർ ഭക്ഷിച്ചുതുടങ്ങിയിരുന്നു. സൂപ്പുകളിലും സാലഡുകളിലും ചേർക്കാൻ ഉത്തമം. ഫൈബറും വിറ്റാമിനുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ സൂപ്പർഫുഡായിട്ടാണ് സീ ലെറ്റൂസ് കരുതിപ്പോരുന്നത്.
കാഴ്ചയിൽ സാധാരണ ലെറ്റൂസുമായി സാമ്യമുള്ളതുകൊണ്ടാണ് ഈ പേരുവന്നത്. ഇലകളും തണ്ടുകളുമൊന്നും വെവ്വേറെയില്ല, സീ ലെറ്റൂസിന്റെ എല്ലാ ഭാഗങ്ങളും ഒരേപോലെയിരിക്കും. ഇതിന്റെ വിവിധ വകഭേദങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിൽ വളരുന്നുണ്ട്.
കടൽപ്പശുക്കളുടെ ഇഷ്ടവിഭവംകൂടിയാണിത്. ഒപ്പം കടൽ മുയലുകൾ എന്നു വിളിപ്പേരുള്ള കടലൊച്ചുകളും മറ്റനേകം കടൽ ജീവികളും സീ ലെറ്റൂസ് ആഹാരമാക്കുന്നു. സ്കാൻഡിനേവിയ, ബ്രിട്ടൺ, അയർലാൻഡ്, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ പലതരം കടൽ ലെറ്റൂസുകൾ തീന്മേശയിലെത്താറുണ്ട്. സാലഡുകളിൽ പച്ചയായും സൂപ്പുകളിൽ പാകം ചെയ്തും ചേർക്കാം. പ്രോട്ടീൻ, ധാതുക്കൾ, ഇരുമ്പ് എന്നിവയാലും സമ്പന്നം.
ഉണക്കിക്കഴിക്കാനും ഏറെ രുചികരമാണിത്. ഡീഹൈഡ്രേറ്റ് ചെയ്ത് ക്രിസ്പിയാക്കാം. വെള്ളരിയുടെയും ഉമാമിയുടെയും ഇടകലർന്ന രുചി, സ്റ്റ്യൂ, മത്സ്യങ്ങൾ, സുഷി എന്നിവയിലും ഉപയോഗിക്കും. അച്ചാറുണ്ടാക്കാറുമുണ്ട്.
പ്രതികൂലസാഹചര്യത്തിലും പരമാവധി വളരാൻ കഴിയും കടൽ ലെറ്റൂസിന്. പാറകളിൽ നിന്ന് വേർപെട്ടുപോയാലും വെള്ളത്തിൽ കുഞ്ഞൻ തൈകൾ വളർന്നുകൊണ്ടിരിക്കും, പിന്നീടവ ഒഴുകിനടക്കുന്ന വലിയ കോളനികളുണ്ടാക്കും.
വിഷാംശം അപകടം
കടൽ ലെറ്റൂസ് എല്ലായിടത്തും വളരുമെങ്കിലും വളരുന്ന സ്ഥലത്തെ വൃത്തിയും പരിസ്ഥിതിയും നോക്കി മാത്രമേ അവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പാടുള്ളൂ. വിഷാംശം നിറഞ്ഞ മാലിന്യങ്ങൾക്കു സമീപം വളരുന്ന ലെറ്റൂസുകളിൽ വിഷാംശമുണ്ടാവാനുള്ള സാധ്യതയേറെയാണ്. അത് കഴിക്കുന്നത് അപകടവുമാണ്.
കടൽ ലെറ്റൂസ് കൂട്ടമായി തീരത്തടിഞ്ഞ് അഴുകി വിഷാംശം നിറഞ്ഞ ഹൈഡ്രജൻ സൾഫൈഡ് വാതകം പുറത്തുവിടുന്ന സംഭവങ്ങളുണ്ടാകാറുണ്ട്. ഫ്രഞ്ച് പ്രവിശ്യയായ ബ്രിട്ടാനി ഫ്രാൻസിൽ വാതകം ശ്വസിച്ച് മരണം വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കടൽ ലെറ്റൂസ് കണക്കിലധികം പെരുകുന്നത് വെള്ളത്തിലെ മലിനീകരണത്തിന്റെ സൂചകമാണ്.
പന്നി, കോഴി, വളങ്ങൾ എന്നിവയുടെയടക്കം മാലിന്യം കടലിൽ കലരുന്നത് ആൽഗകൾ പെരുകാനിടയാക്കും. സീ ലെറ്റൂസ് പോലെയുള്ള ചില കടൽപ്പായലുകൾ പല രാജ്യങ്ങളിലും അധിനിവേശക്കാരായി മാറിയിട്ടുണ്ട്.
മറ്റു സാധ്യതകൾ
ഉപ്പുവെള്ളം ഉപയോഗിക്കുന്ന അക്വേറിയങ്ങളിൽ മത്സ്യങ്ങൾക്ക് തീറ്റയായും ലെറ്റൂസ് വളർത്താറുണ്ട്. ആ രീതിയിൽ വലിയ മാർക്കറ്റുമുണ്ട്. ജൈവ ഇന്ധന ഉൽപാദനത്തിനുള്ള സ്രോതസ്സായി കടൽ ലെറ്റൂസിനെ ഗവേഷണം ചെയ്തുവരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: sea lettuce, edible seaweed, seaweed benefits, sea lettuce nutrition, sea vegetables, ocean vegetables, ulva lactuca, sea lettuce recipes, seaweed risks, sustainable seafood
Published: 22 Aug 2025, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented