എയർ ഇന്ത്യ ബോയിങ് 787 ഡ്രീംലൈനർ വിമാനം, സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോൾ ജീവനക്കാരും യാത്രക്കാരുമുൾപ്പെടെ 242 പേരാണ് അതിലുണ്ടായിരുന്നത്. സെക്കന്റുകൾക്കപ്പുറം അത് തകർന്നുവീഴുമ്പോൾ, ദുരന്തത്തെ അതിജീവിച്ചത് ഒരേയൊരാൾ മാത്രം. വിശ്വാസ് കുമാർ രമേഷ് എന്ന ബ്രിട്ടീഷ് പൗരൻ. അദ്ദേഹം ഇരുന്നത് സീറ്റ് നമ്പർ 11 A-യിലായിരുന്നു. ഇപ്പോൾ ആസ്പത്രിയിലാണ് വിശ്വാസ്. എങ്ങനെയാണ് താൻ രക്ഷപ്പെട്ടതെന്ന് ഇപ്പോഴും അദ്ദേഹത്തിനറിയില്ല. ''ടേക്ക്ഓഫ് ചെയ്ത് 30 സെക്കന്റ് കഴിഞ്ഞപ്പോൾ വലിയൊരു ശബ്ദം കേട്ടു. പിന്നാലെ, വിമാനം തകർന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു. തകർന്നുവീണശേഷം ഞാൻ രക്ഷപ്പെട്ടുവെന്ന് വിശ്വസിക്കാനേ കഴിഞ്ഞില്ല. എനിക്ക് ചുറ്റിലും കുറേ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ മാത്രമായിരുന്നു. അതിനൊപ്പം വിമാനത്തിന്റെ കത്തിക്കരിഞ്ഞ ഭാഗങ്ങളും. ഞാനാകെ പേടിച്ചുപോയി''.

അതുകഴിഞ്ഞ് വിശ്വാസ് പുറത്തേക്ക് നടന്നു. ചോരയൊലിക്കുന്ന മുഖവുമായി ചെറുതായി മുടന്തിയാണ് അദ്ദേഹം ദുരന്തസ്ഥലത്തുനിന്ന് പുറത്തെത്തിയത്. അദ്ദേഹം നടന്ന് ആംബുലൻസിനുള്ളിലേക്ക് കയറുകയും ചെയ്തു. കയറുന്നതിനിടയിൽ ചുറ്റുമുള്ളവരോട് പറഞ്ഞു, 'ആ വിമാനത്തിൽനിന്ന് പുറത്തുവന്നതാണ് ഞാൻ'. ആദ്യം അതാരും വിശ്വസിച്ചില്ല. കാരണം, ദുരന്തത്തിന്റെ വ്യാപ്തി അത്രയധികമായിരുന്നു. വൈകുന്നേരമായപ്പോഴേക്കും എയർ ഇന്ത്യ അധികൃതർ തന്നെ അക്കാര്യം സ്ഥിരീകരിച്ചു. 

ഈ സീറ്റിന്റെ കഥ പുറത്തുവന്നതോടെ 27 വർഷങ്ങൾക്കുമുമ്പ് ഉണ്ടായ ഒരപകടം കൂടി ചർച്ച ചെയ്യപ്പെടുകയാണ്. 1998-ൽ തായ് എയർവേയ്‌സിന്റെ എയർബസ് A310 ഫ്‌ളൈറ്റ് ലാൻഡിങ്ങിനിടെ അപകടത്തിൽ പെട്ടിരുന്നു. ബാങ്കോക്കിൽനിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനമാണ്, ആകാശത്തുവെച്ച് തീപിടിച്ച് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 146 പേരിൽ 101 പേരാണ് അന്ന് മരിച്ചത്. അദ്ഭുതകരമായി രക്ഷപ്പെട്ടവരിൽ തായ് ഗായകനും അഭിനേതാവുമായ ജെയിംസ് റുവാങ്‌സാക്ക് ലോയ്ചുസക്കും ഉൾപ്പെട്ടിരുന്നു. അദ്ദേഹവും അന്നിരുന്നത് സീറ്റ് നമ്പർ 11A-യിലാണ്. അഹമ്മദാബാദിലെ അപകടത്തെക്കുറിച്ചും രക്ഷപ്പെട്ടയാളെക്കുറിച്ചും കേട്ടപ്പോഴാണ്, അതിലെ യാദൃശ്ചികത അദ്ദേഹം തിരിച്ചറിഞ്ഞത്. 'ഇന്ത്യയിൽ നടന്ന വിമാനാപകടത്തിൽനിന്ന് രക്ഷപ്പെട്ട ഒരേയൊരാൾ. അദ്ദേഹം ഇരുന്നതും അന്ന് ഞാനിരുന്ന സീറ്റിൽ തന്നെ, 11A', ജെയിംസ് ഫേസ്ബുക്കിൽ കുറിച്ചു.

ആ അപകടത്തിനുശേഷം കുറേ വർഷങ്ങളോളം താൻ അതിന്റെ ട്രോമയിലായിരുന്നുവെന്ന് ജെയിംസ് പറയുന്നു. '' 10 വർഷത്തോളം വിമാനത്തിൽ യാത്ര ചെയ്യാൻ പേടിയായിരുന്നു. നല്ല വായുസഞ്ചാരമുള്ള സ്ഥലത്തുപോലും, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തോന്നും. കാർമേഘങ്ങളോ മഴയോ കണ്ടാൽ, ഞാൻ പേടിക്കും. അത്ര മോശം അവസ്ഥയായിരുന്നു. വർഷങ്ങൾക്കുശേഷം ഫ്‌ളൈറ്റിൽ കയറാൻ തുടങ്ങിയപ്പോഴും, ആരോടും മിണ്ടില്ലായിരുന്നു. എപ്പോഴും വിമാനത്തിലെ ജനാലയും തുറന്നിട്ട് പുറത്തേക്ക് നോക്കിയിരിക്കും. ആരെങ്കിലും അടയ്ക്കാൻ ശ്രമിച്ചാൽ അതിന് അനുവദിക്കുകയുമില്ല''.

എയർ ഇന്ത്യ വിമാനദുരന്തത്തിൽ രക്ഷപ്പെട്ടത് വിശ്വാസ് മാത്രമാണ്. തായ് വിമാനദുരന്തത്തിൽ രക്ഷപ്പെട്ടത് ജെയിംസ് ഉൾപ്പെടെ 45 പേരും. എങ്കിൽ പോലും ഭാവിയിൽ 11A എന്ന സീറ്റിന് ആവശ്യക്കാരേറെയായിരിക്കുമെന്നാണ് ആളുകൾ പറയുന്നത്. ഇനിയാരും ആ സീറ്റായിരിക്കും ആദ്യം തിരഞ്ഞെടുക്കുകയെന്നും അവർ പറയുന്നു.