വിമാനപകടത്തില്‍ മരിച്ച മകന്റെ നീറുന്ന ഓര്‍മകളുമായി കഴിയുകയാണ് കുമ്പള ആരിക്കാടി കടവത്തെ അബ്ദുള്‍ സലാമും കുടുംബവും. 14 വര്‍ഷം പിന്നിട്ടിട്ടും മകന്റെ ഓര്‍മകള്‍ പങ്കുവെച്ചപ്പോള്‍ ആ പിതാവിന്റെ തൊണ്ടയിടറി. 2010 മേയ് 22-നായിരുന്നു ആറ് വിമാന ജീവനക്കാര്‍ ഉള്‍പ്പടെ 158 പേരുടെ ജീവനെടുത്ത മംഗളുരു വിമാനപകടം. എട്ടുപേര്‍ മാത്രമാണ് ഈ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അതില്‍ രണ്ടുപേര്‍ മലയാളികളുമായിരുന്നു.

സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയിലായിരുന്നില്ല ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന അബ്ദുള്‍ സലാമിന്റെ കുടുംബം. അങ്ങനെയാണ് ഏകമകനായ മുഹമ്മദ് റാഫി ചെറുപ്രായത്തില്‍ തന്നെ ജോലി തേടി വിദേശത്തേക്ക് പോകുന്നത്. ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് റാഫി രണ്ടുവര്‍ഷത്തിനുശേഷമാണ് നാട്ടിലേക്ക് വന്നത്. ആ വരവ് പക്ഷേ, മരണത്തിലേക്കുള്ള യാത്രയായി. മരിക്കുമ്പോള്‍ 22 വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ. 

മകന്റെ വേര്‍പാടിനുശേഷം കുടുംബം ആകെ തകര്‍ന്നു. മകന്‍ നഷ്ടപ്പെട്ട നീറുന്ന വേദനയ്‌ക്കൊപ്പം, സാമ്പത്തികമായും അവര്‍ തകര്‍ന്നു. കുമ്പളയിലെ സഹകരണ ബാങ്കില്‍നിന്നും വീട് നിര്‍മാണത്തിനായി അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനാല്‍ അടുത്ത കാലത്ത് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നു. ഒടുവില്‍ ഒരുസുഹൃത്ത് നല്‍കിയ തുക ബാങ്കില്‍ അടച്ചതിനെത്തുടര്‍ന്നാണ് തത്കാലം ജപ്തി നടപടികളില്‍ നിന്നൊഴിവായത്. ഇനിയുമുണ്ട് വലിയൊരു തുക കടമായിട്ട്.  

എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ് ഇവര്‍. മീന്‍പിടുത്ത തൊഴിലാളിയായ ഇദ്ദേഹത്തിന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിച്ചുകൂട്ടുന്നത്. ഇപ്പോഴും ന്യായമായ നഷ്ടപരിഹാരം ഇവര്‍ക്കാര്‍ക്കും ലഭിച്ചിട്ടില്ല.