2010 മേയ് 21-ന് വൈകീട്ട് ദുബായ് ടെര്‍മിനല്‍ രണ്ടില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 152 വിമാനം പറന്നുയര്‍ന്നു. 160 യാത്രക്കാരുള്‍പ്പെടെ 166 പേരാണ് ആ വിമാനത്തിലുണ്ടായിരുന്നത്. പലരും നാട്ടിലേക്ക് വന്നിട്ട് വര്‍ഷങ്ങളായവര്‍, പിഞ്ചുകുഞ്ഞിനെ ആദ്യമായി കാണാനുള്ള മോഹത്തോടെയൊരു പിതാവ്, കുഞ്ഞുങ്ങള്‍...നിറമുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നു അവരുടെ മനസ്സ് നിറയെ. പക്ഷേ, ആ സ്വപ്‌നങ്ങളെല്ലാം ഒരു ഞൊടിയിടയില്‍ അവസാനിച്ചു.   

22-ന് പുലര്‍ച്ചെ ആറുമണിയോടെ വിമാനം മംഗളൂരു വിമാനത്താവളത്തിലെ റണ്‍വേ തൊടുമ്പോള്‍ പലരും ഉറക്കത്തിലായിരുന്നു. ലാന്‍ഡ് ചെയ്യുന്ന സമയത്തെ അസാധാരണമായ ശബ്ദം കേട്ടാണ് പലരും ഞെട്ടിയുണര്‍ന്നത്. അപ്പോഴേക്കും വിമാനം റണ്‍വേയില്‍നിന്ന് വലിയ താഴ്ചയിലേക്ക് പതിച്ചിരുന്നു. 200 അടിയിലേക്ക് വീണ വിമാനം പിളര്‍ന്നുമാറി. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കും മുന്നേ വിമാനം കത്തിയമര്‍ന്നു. ഉറക്കത്തില്‍നിന്ന് ഉണരുംമുന്നേ നിത്യനിദ്രയിലേക്ക് വഴുതിവീണു ആളുകള്‍. പൈലറ്റ്, സഹപൈലറ്റ്, കാബിന്‍ ക്രൂ ഉള്‍പ്പെടെ 158 പേരാണ് മരിച്ചത്. അതില്‍ 58 പേര്‍ മലയാളികളായിരുന്നു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. 

വിമാനം വീണ സ്ഥലം കാടുമൂടിക്കിടക്കുകയായിരുന്നതിനാല്‍ അവിടേക്കെത്തിച്ചേരാന്‍ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും നന്നേ പ്രയാസപ്പെട്ടു. പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നു. പേഴ്‌സും ആഭരണങ്ങളുമൊക്കെ നോക്കിയാണ് തങ്ങളുടെ പ്രിയപ്പെട്ടവരെ ആളുകള്‍ തിരിച്ചറിഞ്ഞത്. ''എന്റെ അനുജന്റെ മൃതദേഹം തിരിച്ചറിയാനായി ഞാനവിടെ എത്തിയത് ഇന്നും ഓര്‍മയുണ്ട്. ഭീകരമായിരുന്നു അവിടത്തെ അവസ്ഥ. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍. കത്തിപ്പോവാത്ത പേഴ്‌സ് നോക്കിയാണ് അനുജനെ ഞാന്‍ തിരിച്ചറിഞ്ഞത്. പലതും തിരിച്ചറിയാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അധികൃതര്‍ ആറുദിവസം കാത്തു. ഒടുവില്‍ അവകാശികളില്ലാത്ത 13 മൃതദേഹങ്ങള്‍ നദിക്കരയില്‍ വിവിധ മതാചാരപ്രകാരം അധികൃതര്‍തന്നെ മറവുചെയ്യുകയായിരുന്നു'', മംഗളൂരു എയര്‍ക്രാഫ്റ്റ് വിക്ടിംസ് ഫാമിലി അസോസിയേഷന്‍ പ്രസിഡന്റ് നാരായണന്‍ നായര്‍ പറയുന്നു. മംഗലാപുരത്ത് ഫാല്‍ഗുനി നദിയുടെ കരയിലാണ് ആ മൃതദേഹങ്ങള്‍ മറവ് ചെയ്തിരിക്കുന്നത്. അവിടെ ദുരന്തത്തിന്റെ ഓര്‍മയ്ക്കായി ഒരു സ്തൂപവും നിര്‍മിച്ചിട്ടുണ്ട്. 

placeholder
ഫയല്‍ചിത്രം

നഷ്ടപരിഹാരം എങ്ങുമെത്തിയില്ല
1999-ല്‍ നിലവില്‍ വന്ന മോണ്‍ട്രിയല്‍ ഉടമ്പടിപ്രകാരം വിമാനാപകടങ്ങളില്‍ മരിച്ചവര്‍ക്ക് ചുരുങ്ങിയത് 75 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍, ഈ അപകടത്തില്‍ അതൊന്നും പ്രാവര്‍ത്തികമായിട്ടില്ല. 20 മുതല്‍ 30 ലക്ഷം വരെയാണ് പലര്‍ക്കും നഷ്ടപരിഹാരമായി കിട്ടിയിട്ടുള്ളത്. ഇതിനെതിരെ മംഗളൂരു എയര്‍ക്രാഫ്റ്റ് വിക്ടിംസ് ഫാമിലി അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി വിധി ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനായിരുന്നു. എന്നാല്‍ എയര്‍ ഇന്ത്യ ഇതിനെതിരെ അപ്പീല്‍ നല്‍കി. അങ്ങനെ വിധി മരവിപ്പിക്കുകയും ചെയ്തു. അതോടെ അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരുമെന്ന് നാരായണന്‍ നായര്‍ പറയുന്നു. 

''കുഞ്ഞെന്നോ വലിയവരെന്നോ നോക്കാതെ, അവരുടെ സാമ്പത്തികകാര്യങ്ങളൊന്നും പരിഗണിക്കാതെ വേണം ആ നഷ്ടപരിഹാരം നല്‍കാനെന്നുമുണ്ട്. പക്ഷേ ഇവിടെ സംഭവിച്ചത് അതല്ല. പലര്‍ക്കും പലരീതിയിലാണ് നഷ്ടപരിഹാരം ലഭിച്ചത്. ഇതെല്ലാം കോര്‍പ്പറേറ്റുകളുടെ കളിയാണ്. വലിയ നഷ്ടപരിഹാരം കൊടുക്കേണ്ട സാഹചര്യങ്ങളുണ്ടാവുമ്പോഴേ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രമിക്കൂ. അതുകൊണ്ടാണ് ഞങ്ങള്‍ ഈ കേസിന് പിന്നാലെ നടക്കുന്നതും. ഇനിയെങ്കിലും ഇങ്ങനെയുള്ള അപകടങ്ങള്‍ ഉണ്ടാവാതിരിക്കണം. ഇത് ശരിക്കും അറിഞ്ഞുകൊണ്ട് ഞങ്ങളുടെ പ്രിയപ്പെട്ടവരെ കൊലയ്ക്ക് കൊടുത്തതുപോലെയാണ്. പൈലറ്റിന് ആവശ്യമായ വിശ്രമം കിട്ടാതിരിക്കുമ്പോള്‍, പെട്ടെന്നൊരു തീരുമാനം എടുക്കാന്‍ കഴിയാതെ പോവും. അതുതന്നെയാണ് ഈ അപകടത്തില്‍ സംഭവിച്ചത്. ഇതിലെ പൈലറ്റ് തുടര്‍ച്ചയായി ജോലി ചെയ്യുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ മകന്‍ ഞങ്ങളോട് പറഞ്ഞത്,'' നാരായണന്‍ നായര്‍ പറഞ്ഞുനിര്‍ത്തുന്നു.