ഇന്ത്യൻസിനിമാലോകത്തെ ഏറ്റവും പ്രശസ്തരായ സംഗീതജ്ഞരിലൊരാളാണ് വിശാൽ ദദ്‌ലാനി. മറ്റൊരു സംഗീതജ്ഞനായ ശേഖറുമായി ചേർന്ന് ഒട്ടേറെ ബോളിവുഡ് പാട്ടുകൾ തീർത്തിട്ടുണ്ട് അദ്ദേഹം. വിശാൽ-ശേഖർ എന്നാണിവർ അറിയപ്പെടുന്നത്. ബ്ലഫ്മാസ്റ്റർ, ഓം ശാന്തി ഓം, ബച്ച്‌നാ ഏ ഹസീനോ, ദോസ്താന, അഞ്ജാനാ അഞ്ജാനി, റാവൺ, സ്റ്റുണ്ടന്റ് ഓഫ് ദ ഇയർ, ചെന്നൈ എക്‌സ്പ്രസ് തുടങ്ങിയവയാണ് ഇവരുടെ പ്രധാനചിത്രങ്ങൾ. ഇതുവരെയായി 300-ലേറെ ഗാനങ്ങൾക്ക് ഇവർ സംഗീതം നൽകിയിട്ടുണ്ട്. അതിനൊപ്പം 1000-ത്തിലേറെ സ്റ്റേജ് ഷോകളും അവതരിപ്പിച്ചിട്ടുണ്ട്. അതിനൊപ്പം പല മ്യൂസിക് ഷോകളിലും ജഡ്ജായെത്തിയിട്ടുമുണ്ട് വിശാൽ.
ഷോകളിൽ സംഗീതത്തിനൊപ്പം തന്നെ ആരാധകർ ശ്രദ്ധിക്കാറുള്ളത് അദ്ദേഹത്തിന്റെ സ്റ്റൈലാണ്. മുടി മുഴുവൻ വടിച്ചുകളഞ്ഞാണ് അദ്ദേഹം എപ്പോഴും പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിത് വിശാലിന്റെ സ്‌റ്റൈൽ തന്നെയായി മാറിയിരിക്കുന്നു. വെറും 23-ാം വയസ്സിൽ താനെടുത്ത തീരുമാനമായിരുന്നു ഇതെന്ന് പറയുകയാണ് വിശാൽ.
ഈയിടെ നേഹ ധൂപിയയും അംഗദ് ബേദിയും അവതരിപ്പിക്കുന്ന 'ഡബിൾ-ഡേറ്റ്' എന്ന യൂട്യൂബ് പരമ്പരയിൽ, ഗായികയും നടിയുമായ ശ്രുതി ഹാസനൊപ്പം വിശാലും പങ്കെടുത്തിരുന്നു. സംഭാഷണത്തിനിടെയാണ് ഇക്കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയത്. സംഭാഷണത്തിനിടെയാണ് താൻ തല മുണ്ഡനം ചെയ്യാൻ തീരുമാനിച്ച കാര്യത്തെക്കുറിച്ച് അദ്ദേഹം ഓർത്തെടുത്തത്.
''എനിക്ക് 23 വയസ്സുള്ളപ്പോഴാണ് ഞാൻ തല മുണ്ഡനം ചെയ്തത്. അന്ന് ഞാൻ വളരെ ഭക്തിയുള്ളവനായിരുന്നു. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ, തിരുപ്പതിയിൽ പോയി തല മുണ്ഡനം ചെയ്യണം എന്നൊരു ശക്തമായ ആഗ്രഹം തോന്നി. അങ്ങനെ തിരുപ്പതിയിൽ പോയി മുടി കളയുകയും ചെയ്തു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, ഇനി ഒരിക്കലും മുടി വളർത്തുകയില്ലെന്ന് ഞാൻ അപ്പോൾത്തന്നെ പ്രതിജ്ഞ ചെയ്തു''. പിന്നീടൊരിക്കലും വിശാൽ മുടി വളർത്തിയിട്ടില്ല.
അങ്ങനെ ഒരു പ്രതിജ്ഞ എടുക്കാൻ എന്തായിരുന്നു കാരണമെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയിങ്ങനെ, ''എന്തുകൊണ്ടാണ് ഞാൻ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്ന് എനിക്കറിയില്ല. മദ്യപിക്കാത്തതും ഇതേ കാരണത്താലാണ്. ഒരിക്കലും മദ്യപിക്കില്ലെന്ന് കുട്ടിക്കാലത്തേ ഞാൻ തീരുമാനിച്ചിരുന്നു, അതുകൊണ്ട് ഞാൻ മദ്യപിക്കാറുമില്ല. എന്റെ കുടുംബത്തിലെല്ലാവരും മദ്യപിക്കാറുണ്ടായിരുന്നു. ഒരു സിന്ധി കുടുംബത്തിൽ നിന്നുള്ള ആളായതുകൊണ്ട്, സാമൂഹികമായ ഒത്തുചേരലുകളിൽ മദ്യപിക്കുന്നത് അവിടെ സാധാരണമായിരുന്നു. എങ്കിലും, എനിക്ക് ഒരിക്കലും മദ്യപിക്കണമെന്ന് തോന്നിയിട്ടില്ല''.
പുകവലി ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നിലും ഇതേപോലൊരു ദൃഢനിശ്ചയമുണ്ടായിരുന്നു. ആ ശീലം എങ്ങനെയാണ് ഉപേക്ഷിച്ചതെന്ന് ഓർത്തെടുത്തുകൊണ്ട് വിശാൽ പറഞ്ഞു, ''ഞാൻ അമിതമായി പുകവലിക്കുന്ന ഒരാളായിരുന്നു, എന്നാൽ പെട്ടെന്നൊരു നിമിഷം ഞാൻ അത് പൂർണ്ണമായും നിർത്തി. കാരണം, അപ്പോൾ ഞാൻ അത് ചെയ്തില്ലെങ്കിൽ, പിന്നെ ഒരിക്കലും എനിക്കത് ചെയ്യാൻ കഴിയില്ലെന്ന് അറിയാമായിരുന്നു''.
പണ്ട് മതവിശ്വാസിയായിരുന്നുവെങ്കിലും, ഇപ്പോൾ നിരീശ്വരവാദിയാണെന്നും വിശാൽ തുറന്നുപറഞ്ഞു. ''ഒന്നിനെക്കുറിച്ച് അറിയാതെ അല്ലെങ്കിൽ പരീക്ഷിച്ചുനോക്കാതെ എനിക്ക് അതിനെ തള്ളിക്കളയാൻ കഴിയില്ല. അതുകൊണ്ട് ഞാൻ പലതും പരീക്ഷിച്ചുനോക്കി; വിവിധ മതങ്ങളും ആചാരങ്ങളും സ്വീകരിച്ചു, അവ മനസ്സിലാക്കാൻ ശ്രമിച്ചു. അപ്പോഴാണ് എനിക്ക് മനസ്സിലായത്, എല്ലാ മതങ്ങളും നമ്മളോട് പറയുന്നത് ഒരു നല്ല മനുഷ്യനായിരിക്കാനാണ് എന്ന്. പിന്നെ എനിക്ക് എന്തിനാണ് ഒരു മതം?''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vishal Dadlani explained that he shaved his head at age 23 after a strong spiritual urge to visit Tirupati., He vowed never to grow his hair back and has maintained the bald look ever since.
Published: 14 Nov 2026, 04:10 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented