33,000 അടി മുകളില്‍നിന്ന് ഒരാള്‍ വീണാല്‍ എങ്ങനിരിക്കും? പൊടിപോലും കാണില്ലെന്ന് ഉറപ്പല്ലേ. പക്ഷേ, വെസ്‌ന വൂളോവിച്ചിന്റെ കാര്യത്തില്‍ അങ്ങനെയല്ല. 1972 ജനുവരി 26. യൂഗ്ലോസ്ലാവ് എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 367, സ്‌റ്റോക്ക്‌ഹോമില്‍നിന്ന് ബെല്‍ഗ്രേഡിലേക്കുള്ള യാത്രയിലായിരുന്നു. വിമാനം കോപ്പന്‍ഹേഗനില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ക്യാബിന്‍ ക്രൂ ഇറങ്ങി, പകരം എയര്‍ഹോസ്റ്റസായ വെസ്‌ന അടക്കമുള്ള സംഘം കയറി.
വിമാനം പറന്നുയര്‍ന്ന് മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞപ്പോള്‍, ബാഗേജ് കമ്പാര്‍ട്ട്‌മെന്റില്‍നിന്നൊരു പൊട്ടിത്തെറി. അതോടെ വിമാനം മൂന്ന് ഭാഗങ്ങളായി ചിതറി, താഴേക്ക് പതിച്ചു. പലരും ആ പൊട്ടിത്തെറിയില്‍ തന്നെ മരിച്ചു. ചിലര്‍ പുറത്തെ കൊടുംതണുപ്പിലേക്കാണ് തെറിച്ചുവീണത്. അതും മരണത്തിന് കാരണമായി. വിമാനത്തിലുണ്ടായിരുന്ന 28 പേരില്‍ 27 പേരും മരിച്ചു. ആകെ രക്ഷപ്പെട്ടത് വെസ്‌ന മാത്രം. വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള, ഫുഡ് കാര്‍ട്ടില്‍ അവര്‍ കുടുങ്ങിപ്പോവുകയായിരുന്നു. ആ ഭാഗം ചെന്നുപതിച്ചത് ചെക്കോസ്ലോവാക്യയിലെ (ചെക്ക് റിപ്പബ്ലിക്) മലനിരകളിലാണ്. അതും മഞ്ഞുമൂടിക്കിടക്കുന്ന, കാട്ടിലേക്ക്. 33,000 അടി മുകളില്‍നിന്ന് കുത്തനെ താഴേക്കുള്ള വീഴ്ച.
Also Read
താഴെ വീണിട്ടും ബോധം നഷ്ടപ്പെട്ടിരുന്നില്ല. വെസ്‌നയുടെ ഉറക്കെയുള്ള കരച്ചില്‍, ആ കാട്ടിലുണ്ടായിരുന്ന മരംവെട്ടുകാരന്‍ കേട്ടു. എങ്ങനെയൊക്കെയോ ആസ്പത്രിയിലെത്തിച്ചു. രക്ഷപ്പെട്ടെങ്കിലും വെസ്‌നയുടെ ശരീരം മുഴുവന്‍ പരിക്കുകളായിരുന്നു. തലയോട്ടിയില്‍ ചെറിയ പൊട്ടല്‍, കശേരുക്കള്‍ തകര്‍ന്നു, ഇടുപ്പിലും വാരിയെല്ലുകളിലും കാലുകളിലും പൊട്ടല്‍...ഇങ്ങനെയൊരു അവസ്ഥയിലാണ് അവര്‍ അപകടത്തില്‍നിന്ന് മടങ്ങിവന്നത്. 27 ദിവസം ആസ്പത്രിയില്‍ കോമയില്‍ കിടന്നു.
അവിടെയും തീര്‍ന്നില്ല. അരയ്ക്ക് താഴേക്ക് തളര്‍ച്ച ബാധിക്കുകയും ചെയ്തു. പക്ഷേ അതൊന്നും അവരെ പിറകോട്ടുവലിച്ചില്ല. നാളുകള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ അവര്‍ പൂര്‍ണമായും സുഖംപ്രാപിച്ചു. പത്തുമാസം കഴിഞ്ഞപ്പോള്‍ നടക്കാന്‍ തുടങ്ങി, ജോലിയിലേക്ക് തിരികെ പ്രവേശിക്കുകയും ചെയ്തു. ഇത്തവണ എയര്‍ലൈന്‍ ഡസ്‌കിലായിരുന്നുവെന്ന് മാത്രം.
പൊട്ടിത്തെറിക്കുപിന്നില്‍....
വിമാനം തകര്‍ന്നതിന്റെ തൊട്ടടുത്തദിവസം സ്വീഡിഷ് പത്രത്തിന്റെ ഓഫീസിലേക്കൊരു ഫോണ്‍കോള്‍ വന്നു, ക്രൊയേഷ്യക്കാരനായ താനാണ് വിമാനത്തില്‍ ബോംബ് വെച്ചതെന്ന് വിളിച്ചയാള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നുവെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ല. ക്രൊയേഷ്യന്‍ തീവ്രവാദിസംഘടനകളാണ് അപകടത്തിനുപിന്നിലെന്നായിരുന്നു സംശയം. പക്ഷേ, അതും തെളിയിക്കാനായില്ല. ആരും ഉത്തരവാദിത്തം ഏറ്റെടുത്തതുമില്ല.
അന്വേഷണങ്ങള്‍ക്കൊടുവില്‍ ബ്രീഫ്‌കെയ്‌സ് ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് തെളിഞ്ഞു. അപ്പോഴും അതാരുടേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനെക്കുറിച്ച് പിന്നീട് വെസ്‌ന പറഞ്ഞതിങ്ങനെ, ''കോപ്പന്‍ഹേഗനില്‍ ഞങ്ങള്‍ കാത്തുനില്‍ക്കുകയായിരുന്നു. ലാന്‍ഡ് ചെയ്ത വിമാനത്തില്‍നിന്നിറങ്ങിയ ഒരാളുടെ പെരുമാറ്റത്തില്‍ എന്തൊക്കെയോ കുഴപ്പങ്ങള്‍ തോന്നി. അയാള്‍ അസ്വസ്ഥനായിരുന്നു. അതവിടെയുള്ള എല്ലാവര്‍ക്കും മനസ്സിലാവുകയും ചെയ്തു. അയാള്‍ വിമാനത്തില്‍ തിരികെ കയറിയതുമില്ല. ചിലപ്പോള്‍ അയാളായിരിക്കാം ബോംബ് വെച്ചത്''.
വെസ്‌ന അവിചാരിതമായാണ് ആ ദിവസം ജോലിക്കെത്തുന്നത്. വെസ്‌നയുടെ അതേ പേരിലുള്ള മറ്റൊരു എയര്‍ഹോസ്റ്റസായിരുന്നു ക്യാബിന്‍ ക്രൂ ലിസ്റ്റിലുണ്ടായിരുന്നത്. അധികൃതരുടെ അടുത്തുനിന്നുള്ള പാകപ്പിഴ കാരണം തനിക്ക് കയറേണ്ടിവരികയായിരുന്നുവെന്ന് ഒരഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
1985-ല്‍ അവര്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലിടം പിടിക്കുകയും ചെയ്തു. അത്രയും ഉയരത്തില്‍നിന്ന് വീണിട്ടും രക്ഷപ്പെട്ടതിന്റെ പേരിലായിരുന്നു റെക്കോഡ്. അപകടത്തിനുശേഷം തിരിച്ചെത്തിയപ്പോള്‍ യൂഗോസ്ലാവ്യന്‍ സര്‍ക്കാര്‍ അവരെ ആദരിക്കുകയും ചെയ്തു. 2016-ല്‍ അവര്‍ മരിച്ചെങ്കിലും ഇന്നും യൂഗോസ്ലാവ്യക്കാര്‍ക്ക് ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അദ്ഭുതത്തിന്റെയും പ്രതിരൂപമാണ് വെസ്‌ന വൂളോവിച്ച്.
Content Highlights: vesna vulovic, who survived the highest fall without a parachute and holding the guiness records
Published: 09 May 2024, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented