സൗന്ദര്യ- തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമാലോകം അടക്കിവാണ ഭാഗ്യനായിക. തെലുഗു, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളില്‍ ഹിറ്റുകളുടെ മുഖമായിരുന്ന, അഭിനയമികവും അഴകും കൊണ്ട് സിനിമയില്‍ നിറഞ്ഞുനിന്ന സൗന്ദര്യ വിടപറഞ്ഞിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം.
എം.ബി.ബി.എസ് പഠനം ഉപേക്ഷിച്ചാണ് സൗന്ദര്യ സിനിമയില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്. കന്നഡ നിര്‍മാതാവും തിരക്കഥാകൃത്തുമായ കെ.എസ്. സത്യനാരായണ അയ്യരുടെ മകളാണ് സൗന്ദര്യ. സിനിമയില്‍ ചുവടുറപ്പിക്കാന്‍ ഈ സിനിമാപാരമ്പര്യം സൗന്ദര്യയെ തുണച്ചു. ബാ നന്ന പ്രീതിസു എന്ന കന്നഡ ചിത്രത്തിലൂടെ 1992-ല്‍ അരങ്ങേറ്റം. ഗന്ധര്‍വ എന്ന ഒരു കന്നഡ സിനിമ കൂടി അതേവര്‍ഷം പുറത്തുവന്നു. 1992-ല്‍ തന്നെ സൗന്ദര്യ തെലുഗുവിലും തുടക്കം കുറിച്ചു.

1999 സൗന്ദര്യയുടെ വര്‍ഷമായിരുന്നു. രാജ, ആസാദ്, പ്രേമക്കു വെളയേറ, പ്രേമക്കു സ്വാഗതം, അരുന്ധതി എന്നീ തകര്‍പ്പന്‍ ഹിറ്റുകള്‍. രജനീകാന്തിന്റെ എക്കാലത്തെയും എണ്ണപ്പെട്ട വിജയചിത്രങ്ങളില്‍ ഒന്നായ പടയപ്പയില്‍ നായിക. അക്കൊല്ലം ഹിന്ദി സിനിമയിലേക്കും സൗന്ദര്യ ചുവടുവെച്ചു. സൂര്യവംശം എന്ന സൗന്ദര്യയുടെ അരങ്ങേറ്റ ചിത്രത്തില്‍ നായകനായത് സാക്ഷാല്‍ ബിഗ് ബി. ബോക്‌സ് ഓഫീസില്‍ അടിതെറ്റിയെങ്കിലും ടെലിവിഷനില്‍ നിറഞ്ഞോടിയ ചിത്രത്തിന് വലിയ ജനപ്രീതിയാണ് ഇന്നുള്ളത്. മണിച്ചിത്രത്താഴിന്റെ റീമേക്കായ ആപ്തമിത്രയാണ് സൗന്ദര്യയുടെ അവസാനചിത്രം. ചിത്രത്തിലെ പ്രകടനത്തിന് 2004-ല്‍ മരണാന്തര ബഹുമതിയായി ഫിലിം ഫെയര്‍ അവാര്‍ഡ് നേടി.
കേവലം രണ്ടു സിനിമകളിലൂടെ മലയാളിക്ക് എക്കാലവും ഓര്‍ത്തുവെക്കാനുള്ള രണ്ടു കഥാപാത്രങ്ങളെ സൗന്ദര്യ സമ്മാനിച്ചു. 2002-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറിയത്. ജയറാം നായകനായ സിനിമയില്‍ ജ്യോതി എന്ന നായിക കഥാപാത്രത്തെ ഭാഷയുടെ അപരിചിതത്വം തൊട്ടു തീണ്ടാത്തവിധം ഭംഗിയാക്കി. സിനിമ വിജയമാകുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം 2003-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയില്‍ അവര്‍ മോഹന്‍ലാലിന്റെ നായികയായി.
സിനിമാതാരങ്ങളുടെ രാഷ്ട്രീയപ്രവേശം എന്നും വാര്‍ത്തയാണ്. സൗന്ദര്യ ബി.ജെ.പി. ക്യാമ്പിലെത്തിയത് 2004-ലെ വലിയ മാധ്യമശ്രദ്ധ നേടിയ സംഭവങ്ങളിലൊന്നായിരുന്നു. 2003-ലായിരുന്നു സൗന്ദര്യയുടെ വിവാഹം. വിവാഹിതയായ ശേഷം ടെലിവിഷനിലേക്ക് ചുവടുമാറാനായിരുന്നു അവര്‍ക്ക്
താത്പര്യം. അതിനു മുന്‍പ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ക്ക് പങ്കെടുക്കാന്‍ തീരുമാനിച്ചു.
2004 ഏപ്രില്‍ 17-ന് സഹോദരന്‍ അമര്‍നാഥിനൊപ്പം ബെംഗളൂരുവില്‍ നിന്ന് കരിംനഗറിലേക്ക് യാത്ര ചെയ്യുകയായിരുന്നു താരം. യാത്രാമധ്യേ, അവര്‍ സഞ്ചരിച്ചിരുന്ന വിമാനത്തിന് തീപിടിച്ചു. ഏതാണ്ട് 100 അടി ഉയരത്തില്‍ പറന്നിരുന്ന വിമാനം കത്തിയെരിഞ്ഞ് ബെംഗളൂരു ഗാന്ധി കൃഷി വിഗ്യാന്‍ കേന്ദ്രയുടെ ക്യാമ്പസിലേക്ക് വീഴുകയായിരുന്നു.

രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറം രാജ്യമാകെ തെരഞ്ഞെടുപ്പ് ചൂടിലാണ്. ജീവിച്ചിരുന്നെങ്കില്‍ ബി.ജെ.പി.യുടെ നേതൃനിരയില്‍ സൗന്ദര്യ ഉണ്ടായേനെ. എന്തിന്, അധികാരസ്ഥാനത്തു തന്നെ ആ സുന്ദരമുഖം കാണുമായിരുന്നു. നിര്‍ഭാഗ്യവശാല്‍, മുപ്പത്തിയൊന്നാം വയസ്സില്‍ പൊലിഞ്ഞുതീരാനായിരുന്നു ആ സൗന്ദര്യതാരകത്തിന്റെ വിധി.
Content Highlights: a tribute to actress soundarya
Published: 17 Apr 2024, 02:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented