ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും നീളമുള്ള മുടിയുടെ ഉടമയെന്ന ഖ്യാതി ഉത്തര്‍പ്രദേശിലെ സ്മിത ശ്രീവാസ്തവയ്ക്കാണ്. നീളംകൂടിയ മുടിയുടെ പേരിലുള്ള ഗിന്നസ് വേള്‍ഡ് റെക്കോഡ് ഈ 46-കാരിയുടെ പേരിലാണ്. 14 വയസ്സുതൊട്ട് മുടി വളര്‍ത്തുകയാണ് സ്മിത. ഒരിക്കല്‍ പോലും കത്രിക വെച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഔദ്യോഗികമായി രേഖപ്പെടുത്തിയ കണക്കുപ്രകാരം 7 അടിയും 9 ഇഞ്ചുമാണ് മുടിയുടെ നീളം. കഴുകിയെടുക്കാന്‍ കുറഞ്ഞത് 45 മിനിറ്റെങ്കിലും എടുക്കും. പക്ഷേ, അഭിമാനത്തോടെയും ഇഷ്ടത്തോടെയുമാണ് ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുമായി സ്മിത ജീവിക്കുന്നത്.

ഗിന്നസ് റെക്കോഡ് സ്വന്തമാക്കുന്നതിനെപ്പറ്റി താന്‍ എന്നേ സ്വപ്‌നം കാണാറുണ്ടെന്നും ദൈവം എന്റെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം നല്‍കിയെന്നുമാണ് സ്മിതയുടെ പക്ഷം. ഇനിയും ഒട്ടേറെ അംഗീകാരങ്ങള്‍ നേടാണമെന്നാണ് ആഗ്രഹം. ആഴ്ചയില്‍ രണ്ടുതവണ സ്മിത മുടി കഴുകും. കഴുകലും ഉണക്കലും സ്റ്റൈലിങ്ങുമൊക്കെ കഴിയുമ്പോഴേക്കും കുറഞ്ഞത് മൂന്നുമണിക്കൂര്‍. കഴുകാന്‍ 45 മിനിറ്റും ഉണക്കി കെട്ടുകള്‍ മാറ്റാന്‍ രണ്ടുമണിക്കൂറോളവും.  

മുടിയോട് ഇത്രയധകം അഭിനിവേശമുണ്ടാകാന്‍ കാരണമെന്താണെന്ന് ചോദിച്ചാല്‍ സ്മിത പറയും പ്രചോദനം അമ്മയും സഹോദരിമാരുമാണെന്ന്.  'എന്റെ കുടുംബത്തിലെ എല്ലാവര്‍ക്കും നല്ല മുടിയുണ്ട്. എന്റെ മറ്റൊരു പ്രചോദനം 80-കളിലെ ഹിന്ദി സിനിമയായിരുന്നു. അക്കാലത്തെ നടിമാര്‍ക്ക് നല്ല നീളമുള്ള മുടിയായിരുന്നല്ലോ...'  

അതേസമയം, സ്മിതയ്ക്ക് തന്റെ മുടിയുടെ ഒരിഴയെപ്പോലും കളയാന്‍ ഇഷ്ടമല്ലെന്നതാണ് മറ്റൊരു പ്രത്യേകത. കഴുകുമ്പോഴും ചീകുമ്പോഴും കൊഴിഞ്ഞുപോരുന്ന ഇഴകളെല്ലാം കഴിഞ്ഞ 20 വര്‍ഷമായി എടുത്തുവെക്കുന്നുണ്ട്. കൈയില്‍ കിട്ടുന്ന ഒരുമുടിപോലും കളയാറില്ല. ഇപ്പോള്‍ മുടിയുടെ വലിയ ശേഖരം തന്നെ കൈയിലുണ്ടെന്നും അവര്‍ പറയുന്നു. 


'ഒരു സമയത്ത് എനിക്ക് വലിയ മുടി കൊഴിച്ചിലുണ്ടായി. പക്ഷേ എന്റെ മുടി വലിച്ചെറിയണമെന്നോര്‍ത്തപ്പോള്‍ വലിയ സങ്കടമായി. കുറേ മുടി കൊഴിഞ്ഞപ്പോള്‍ ഞാന്‍ കരയുമായിരുന്നു. പ്രകൃതിദത്തമായ മുടി സംരക്ഷണ രീതിയാണ് പിന്തുടരുന്നത്. കൃത്രിമ ഷാംപൂകളും കണ്ടീഷണറുകളും ഒഴിവാക്കും. മുട്ട, ഉള്ളി നീര്, കറ്റാര്‍ വാഴ തുടങ്ങിയ ചേരുവകള്‍ക്കൊപ്പം പ്രകൃതിദത്ത ഔഷധങ്ങള്‍ കലര്‍ത്തി ഉപയോഗിക്കും.  ഇത്രയും നീളത്തില്‍ ഇത്രയും കാലം ഇങ്ങനെ മുടി നിലനിര്‍ത്തിയെന്നു പറയുമ്പോള്‍ ആളുകള്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്'-സ്മിത പറയുന്നു.