ഏറ്റവും വേഗത്തിൽ വളരുന്ന കോശങ്ങളിലൊന്നാണ് മുടി. സൗന്ദര്യത്തെ നിർണയിക്കുന്ന ചേരുവകളിലൊന്നുമാത്രമല്ല അത്. നമ്മുടെ ആന്തരിക ആരോഗ്യം പ്രതിഫലിപ്പിക്കുന്ന കണ്ണാടി കൂടിയാണ് മുടിയിഴകൾ. കെരാറ്റിൻ എന്ന പ്രോട്ടീനും അതിനെ സംരക്ഷിക്കുന്ന ക്യൂട്ടിക്കിൾ പാളികളും ചേർന്നാണ് ഓരോ മുടിനാരും നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
പലപ്പോഴും നാം പുറമെ പുരട്ടുന്ന ലോഷനുകളിലും എണ്ണകളിലും മാത്രമേ ശ്രദ്ധിക്കാറുള്ളൂ. എന്നാൽ, മുടിയുടെ യഥാർഥ സംരക്ഷണം തുടങ്ങേണ്ടത്, തലയോട്ടിയിലെ സൂക്ഷ്മമായ രക്തക്കുഴലുകളിൽ നിന്നും നാം കഴിക്കുന്ന പോഷകങ്ങളിൽ നിന്നുമാണ്. മുടികൊഴിച്ചിലോ താരനോ ഒന്നും വെറുതെ തള്ളിക്കളയാവുന്ന പ്രശ്നങ്ങളല്ല. അവ നമ്മുടെ ശരീരത്തെ അനാരോഗ്യം പിടികൂടിയെന്നതിന്റെ അപായസൂചനകളാവാം.
ശാസ്ത്രീയമായ അറിവോടെയുള്ള പരിചരണത്തിലൂടെയും ശരിയായ ജീവിതശൈലിയിലൂടെയും മാത്രമേ മുടിയിഴകളെ കരുത്തോടെ നിലനിർത്താൻ കഴിയൂ.
മുടിയെ അറിയാം
പൊട്ടിപ്പോകാനിടയുള്ള നാരുപോലെ തോന്നിക്കുമെങ്കിലും അത്ര ലളിതമല്ല മുടിയുടെ ഘടന.
- ക്യൂട്ടിക്കിൾ-മുടിയുടെ ഏറ്റവും പുറമെയുള്ള പാളി. അടുക്കിവെച്ച ചെതുമ്പലുകൾപോലെ കാണപ്പെടുന്നു. മുടിയിലെ ഈർപ്പം സംരക്ഷിക്കുന്നതും തിളക്കം നൽകുന്നതും ക്യൂട്ടിക്കിളാണ്.
- കോർട്ടക്സ്-രണ്ടാമത്തെതും പ്രധാനപ്പെട്ടതുമായ പാളി. മുടിക്ക് നിറം നൽകുന്ന മെലാനിൻ കാണപ്പെടുന്നത് ഇവിടെയാണ്. മുടിയുടെ ബലവും ഇലാസ്തികതയും ഈ പാളിയെ ആശ്രയിച്ചാണ്.
- മെഡുല്ല-മുടിയുടെ ഏറ്റവും ഉള്ളിലുള്ള നേർത്ത പാളി. സാധാരണയായി, കട്ടിയുള്ള മുടിയിലാണ് ഇത് കാണപ്പെടുക.
- സെബം-തലയോട്ടിയിലെ സെബേഷ്യസ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന എണ്ണമയമുള്ള ദ്രാവകമാണ് സെബം. ഇത് മുടിയെയും തലയോട്ടിയെയും വരൾച്ചയിൽ നിന്ന് സംരക്ഷിക്കുന്നു. മുടിക്ക് സ്വാഭാവികമായ തിളക്കം നൽകുന്നു. എന്നാൽ സെബം അമിതമായാൽ പൊടിപടലങ്ങളും അഴുക്കും വേഗത്തിൽ പറ്റിപ്പിടിക്കും. അത് Malassezia എന്ന ഫംഗസ് വളരാനും താരൻ, ചൊറിച്ചിൽ തുടങ്ങിയവയ്ക്കും കാരണമായേക്കാം.
- മുടിയുടെ ഘടനയെ ബാധിക്കാത്ത ഷാംപൂ, കണ്ടീഷണർ തുടങ്ങിയവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
മുടികൊഴിച്ചിലുണ്ടോ?
മുടികൊഴിച്ചിൽ സാധാരണമാണെങ്കിലും അമിതമായ മുടികൊഴിച്ചിൽ താഴെ പറയുന്ന കാരണങ്ങൾ കൊണ്ടാകാം:
1. പോഷകാഹാരക്കുറവ്-മുടിക്ക് ആവശ്യമായ പോഷകം ലഭിക്കാത്ത അവസ്ഥ
- അയൺ അഭാവം: രക്തത്തിലെ ഹീമോഗ്ലോബിൻ കുറയുമ്പോൾ മുടിവേരുകളിലേക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെടും.
- പ്രോട്ടീൻ & ബയോട്ടിൻ കുറവ്: മുടിയുടെ നിർമാണ ഘടകങ്ങളായ ഇവയുടെ കുറവ് മുടിയുടെ കനം കുറയാനും പൊട്ടിപ്പോകാനും കാരണമാകും.
- വിറ്റാമിൻ ഡി: പുതിയ മുടിവേരുകൾ ഉണ്ടാകാൻ വിറ്റാമിൻ ഡി ആവശ്യമാണ്. ഇതിന്റെ കുറവ് മുടികൊഴിച്ചിലിന് കാരണമാകും.
2. ഹോർമോൺ വ്യതിയാനങ്ങൾ-ശരീരത്തിലെ ആന്തരിക മാറ്റങ്ങളും മുടിയെ നേരിട്ട് ബാധിക്കും. ഹൈപ്പോതൈറോയിഡിസവും ഹൈപ്പർതൈറോയിഡിസവും ഉള്ളവരിൽ മുടി ഉണങ്ങി വരണ്ടതാകുകയും വലിയ തോതിൽ കൊഴിയുകയും ചെയ്യാറുണ്ട്. PCOD / PCOS അവസ്ഥകളിൽ പുരുഷ ഹോർമോണായ ആൻഡ്രോജൻ കൂടുന്നത് മുടി കൊഴിയുന്നതിനും പകരം മുഖത്ത് അമിതമായി രോമം വളരുന്നതിനും കാരണമാകുന്നു. ഗർഭാവസ്ഥയിൽ കൂടുന്ന ഈസ്ട്രജൻ ഹോർമോൺ പ്രസവശേഷം പെട്ടെന്ന് കുറയുന്നതും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്.
3. മാനസിക സമ്മർദം
സ്ട്രെസ്സും മുടിയുടെ വളർച്ചയെ ബാധിക്കും. ഇതിനെ Telogen Effluvium എന്നു പറയുന്നു. മാനസികമോ ശാരീരികമോ ആയ സമ്മർദ്ദം അമിതമാകുമ്പോൾ (ഉദാഹരണമായി, കടുത്ത പനി, ശസ്ത്രക്രിയ, മാനസിക വിഷമം), വളർച്ചാ ഘട്ടത്തിലുള്ള മുടികൾ വിശ്രമ ഘട്ടത്തിലേക്ക് മാറുന്നു. ഏകദേശം രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷം മുടി വലിയ തോതിൽ കൊഴിയാൻ തുടങ്ങും. സാധാരണഗതിയിൽ, സ്ട്രെസ്സ് മാറി ശരീരം പൂർവസ്ഥിതിയിലാകുമ്പോൾ മുടി തിരികെ വളരാറുണ്ട്. മുടികൊഴിച്ചിൽ അമിതമാവുമ്പോൾ ത്വക്കുരോഗവിദഗ്ധന്റെ നിർദേശപ്രകാരം രക്തപരിശോധന നടത്തി, കാരണം കണ്ടെത്തുന്നത് ഉചിതമായിരിക്കും.
പരിഹാരമുണ്ട്
ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ മുടികൊഴിച്ചിലിനെയും ശിരോചർമ്മ രോഗങ്ങളെയും നിയന്ത്രിക്കാനാകും. മുടിയുടെ ഘടന നിലനിർത്താൻ ലളിതമായ ചില ശീലങ്ങൾ സഹായിക്കും.
- മുടി കഴുകാം-ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം ഷാംപൂ ഉപയോഗിക്കുക.
- കണ്ടീഷണിങ്-ഷാംപൂവിന് ശേഷം കണ്ടീഷണർ ഉപയോഗിക്കുന്നത് ക്യൂട്ടിക്കിളിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും.
- മുടി ഉണക്കാം-നനഞ്ഞ മുടി പരുക്കൻ തോർത്ത് ഉപയോഗിച്ച് അമർത്തി തുടയ്ക്കരുത്. മൃദുവായ തോർത്തുകൊണ്ട് പതിയെ മുടിയിലെ വെള്ളം ഒപ്പിയെടുക്കാം
- ചൂട് ഒഴിവാക്കുക-ഹെയർ ഡ്രയറിന്റെ അമിത ഉപയോഗവും തുടർച്ചയായുള്ള സ്ട്രെയിറ്റനിങ്ങുമൊക്കെ കോർട്ടക്സിനെ നശിപ്പിക്കും.
ആഹാരം പ്രധാനം
മുടിയുടെ ആരോഗ്യത്തിന് പോഷകാഹാരം ആവശ്യമാണ്. താഴെപ്പറയുന്ന ഭക്ഷ്യവിഭവങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് മുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്.
1. മുട്ട
മുട്ടയിൽ കെരാറ്റിൻ എന്ന പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു. മുടി വളരാൻ സഹായിക്കുന്ന പ്രധാന ബി-വിറ്റാമിനായ ബയോട്ടിനും മുടിയുടെ കോശങ്ങൾ നന്നാക്കാൻ സഹായിക്കുന്ന സിങ്ക്, സെലീനിയം പോലുള്ള ഘടകങ്ങളും മുട്ടയിലുണ്ട്.
2. ഇലവർഗങ്ങൾ
അയൺ അടങ്ങിയ ഭക്ഷണത്തിനായി ഇലക്കറികളെ ആശ്രയിക്കുന്നതാണ് നല്ലത്. ചീര, മുരിങ്ങയില, കറിവേപ്പില, മല്ലിയില, പുതിന തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
- ചീരയിൽ അയണിന് പുറമെ വിറ്റാമിൻ എ, സിങ്ക്, മഗ്നീഷ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു.
- 'സൂപ്പർ ഫുഡ്' എന്ന് വിളിക്കാവുന്ന മുരിങ്ങയില മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. അയണിന്റെയും പ്രോട്ടീനിന്റെയും കലവറയാണിത്. രക്തത്തിലെ ഹീമോഗ്ലോബിൻ വർധിപ്പിക്കാനും മുടിവേരുകൾക്ക് ബലം നൽകാനും സഹായിക്കും.
- കറിവേപ്പിലയിൽ അയണും ആന്റിഓക്സിഡന്റുകളും ധാരാളമുണ്ട്.
- മല്ലിയിലയിലും പുതിനയിലും വലിയ അളവിൽ അയൺ അടങ്ങിയിട്ടുണ്ട്.
- അയണിനെ ശരിയായി ആഗിരണം ചെയ്യാൻ വിറ്റാമിൻ സി ആവശ്യമാണ്. ഇലക്കറികൾ കഴിക്കുമ്പോൾ നാരങ്ങാനീരോ നെല്ലിക്കയോ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
- ഭക്ഷണത്തിന് തൊട്ടുമുമ്പോ ശേഷമോ ചായയോ കാപ്പിയോ കുടിക്കുന്നത് അയൺ ആഗിരണം തടസ്സപ്പെടുത്തും.
3. വിറ്റാമിൻ എ
മുടി വേരുകളിൽ സെബം ഉത്പാദിപ്പിക്കാൻ വിറ്റാമിൻ എ അത്യാവശ്യമാണ്. ഇത് മുടി വരണ്ടുപോകാതെയും പൊട്ടിപ്പോകാതെയും സംരക്ഷിക്കുന്നു.
- കാരറ്റിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്നു, ഇത് ശരീരത്തിൽ വെച്ച് വിറ്റാമിൻ എ ആയി മാറുന്നു.
- മധുരക്കിഴങ്ങ് മുടിയുടെ വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്നു.
- മത്തനിലെ പോഷകങ്ങൾ തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുന്നു.
- പാൽ, വെണ്ണ, ചീസ് പോലുള്ള പാലുത്പന്നങ്ങളും വിറ്റാമിൻ എയുടെ സ്രോതസ്സാണ്.
4. വിറ്റാമിൻ സി
ശരീരത്തിൽ കൊളാജൻ ഉത്പാദിപ്പിക്കാൻ വിറ്റാമിൻ സി വേണം. ഇത് മുടിക്ക് ബലം നൽകുകയും അകാലനര തടയുകയും ചെയ്യുന്നു. നെല്ലിക്ക, നാരങ്ങ, ഓറഞ്ച്, മുന്തിരി, പേരക്ക, സ്ട്രോബെറി, കിവി, കാപ്സിക്കം എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
5. ഒമേഗ-3 ഫാറ്റി ആസിഡുകൾ
മുടിക്ക് നല്ല തിളക്കവും ഉള്ളും ലഭിക്കാൻ സഹായിക്കുന്ന പ്രധാന പോഷകങ്ങളിൽ ഒന്നാണ് ഒമേഗ-3 ഫാറ്റി ആസിഡുകൾ. ഇത് ശരീരം സ്വയം ഉത്പാദിപ്പിക്കാത്തതുകൊണ്ട് ഭക്ഷണത്തിലൂടെ ലഭ്യമാക്കണം. സാൽമൺ, മത്തി, ചൂര തുടങ്ങിയവയിൽ പ്രോട്ടീനും ഒമേഗ-3യും ധാരാളമുണ്ട്.
6. വിറ്റാമിൻ ഇ
മുടി വളർച്ചയ്ക്ക് വിറ്റാമിൻ ഇ പ്രധാനമാണ്. അന്തരീക്ഷ മലിനീകരണം മൂലവും വെയിൽ മൂലവും മുടിക്ക് ഉണ്ടാകുന്ന കേടുപാടുകൾ തടയാൻ ഇത് സഹായിക്കുന്നു. ബദാം, വാൾനട്ട്, ഫ്ളാക്സ് സീഡ്, ചിയ സീഡ് എന്നിവയിലൂടെയെല്ലാം വിറ്റാമിൻ ഇ ലഭിക്കും. ഒലിവ് ഓയിൽ പാചകത്തിന് ഉപയോഗിക്കുന്നതും തലയിൽ തേക്കുന്നതും മുടിക്ക് ഗുണകരമാണ്. സൂര്യകാന്തി എണ്ണ വിറ്റാമിൻ ഇ ധാരാളമുള്ള മറ്റൊരു എണ്ണയാണ്.
7. തൈര്
തൈരിലെ വിറ്റാമിൻ B5 തലയോട്ടിയിലേക്കുള്ള രക്തയോട്ടം കൂട്ടാൻ സഹായിക്കും. ദിവസവും ഒരു കപ്പ് തൈര് കഴിക്കുന്നത് മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്. ധാരാളം വെള്ളം കുടിക്കുന്നതും പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കും.
താരൻ മാറ്റാം
തലയോട്ടിയിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരിനം ഫംഗസാണ് താരന് പ്രധാന കാരണം. ഈ ഫംഗസിന് തലയോട്ടിയിലെ സെബമാണ് ആഹാരം. ഈ പ്രക്രിയയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഒലിയിക് ആസിഡ് ചിലരിൽ അലർജി ഉണ്ടാക്കുകയും ചർമ്മകോശങ്ങൾ അമിതമായി കൊഴിഞ്ഞുപോകുന്നതിന് കാരണമാവുകയും ചെയ്യുന്നു. ചില സാഹചര്യങ്ങൾ താരൻ കൂടാൻ കാരണമാകാറുണ്ട്, അവ ഒഴിവാക്കുന്നത് നല്ലതാണ്.
- താരനുള്ളവർ തലയിൽ അമിതമായി എണ്ണ തേക്കുന്നത് ഒഴിവാക്കണം. കുളിക്കുന്നതിന് 10-15 മിനിറ്റ് മുൻപ് മാത്രം അല്പം എണ്ണ തേക്കുക.
- സ്ട്രെസ്സ് കൂടുമ്പോൾ ശരീരത്തിലെ ഹോർമോൺ വ്യതിയാനം കാരണം സെബം ഉത്പാദനം കൂടുന്നു. ഇത് താരൻ വർധിപ്പിക്കും.
- അമിതമായ പഞ്ചസാരയും പാലുത്പന്നങ്ങളും താരൻ വർധിപ്പിക്കാൻ കാരണമാകുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
- താരനുള്ളവർ ഉപയോഗിക്കുന്ന ചീപ്പുകൾ, തോർത്ത് എന്നിവ മറ്റുള്ളവർ ഉപയോഗിക്കരുത്. ഇവ കൃത്യമായി ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കണം.
- തലയോട്ടിയിൽ ഈർപ്പം തങ്ങിനിൽക്കുന്നത് ഫംഗസ് കൂട്ടും
- സാലിസിലിക് ആസിഡ് അടങ്ങിയ ലോഷനുകൾ ഉപയോഗിക്കുന്നത് തലയോട്ടിയിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും.
ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ
- താരൻ അകറ്റാൻ വെറും സോപ്പോ സാധാരണ ഷാംപൂവോ മതിയാകില്ല. ഫംഗസിനെ നശിപ്പിക്കാൻ ശേഷിയുള്ള ചേരുവകൾ അടങ്ങിയ മെഡിക്കേറ്റഡ് ഷാംപൂവാണ് നല്ലത്.
- Ketoconazole, Selenium Sulfide, Zinc Pyrithione, Salicylic Acid, Coal Tar പോലുള്ളവ മെഡിക്കേറ്റഡ് ഷാംപൂകളാണ്.
- ഓരോരുത്തരുടെയും തലയോട്ടിയുടെ സ്വഭാവം അനുസരിച്ചാണ് ഇവ തിരഞ്ഞെടുക്കേണ്ടത്.
- സാധാരണ ആന്റി-ഡാൻഡ്രഫ് ഷാംപൂ ഉപയോഗിച്ചിട്ടും ഫലം ലഭിക്കാത്ത അവസ്ഥ, തലയോട്ടിയിൽ അമിതമായ ചുവപ്പ് നിറം, നീർവീക്കമോ പഴുപ്പോ, താരൻ കൺപീലികളിലേക്കോ മുഖത്തേക്കോ പടരുക പോലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ത്വക്കുരോഗവിദഗ്ധന്റെ സഹായംതേടാം.
തയ്യാറാക്കിയത്:
(ഡോ. അനുരാധ കാക്കനാട്ട് ബാബു
സീനിയർ കൺസൽട്ടന്റ്:
ഡെർമറ്റോളജി & വെനറോളജി,
ആസ്റ്റർ മെഡിസിറ്റി, കൊച്ചി)
Content Highlights: Understanding the hair structure (Cuticle, Cortex, Medulla, Sebum)., Root causes of hair fall: Nutrition, hormones, and stress., Essential nutrients and superfoods for hair growth., Customized hair care routines for oily, dry, and normal hair types., Scientific approaches to treating dandruff and scalp issues.
Published: 24 Mar 2026, 06:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented