
പ്രതീകാത്മകചിത്രം (AI Generated)
ആഗോള ലോക ക്രമം ഇപ്പോള്‍ പഴയതുപോലെയല്ല. അതിനി എന്ന് പഴയപടിയാകും എന്നതില്‍ ആര്‍ക്കുമില്ല നിശ്ചയം. ഇരട്ടചുങ്കം ചുമത്തി ഇന്ത്യന്‍ വ്യവസായ മേഖലയെ ആകെ അമേരിക്കയുടെ പ്രസിഡന്റ് ട്രംപ് പിടിച്ചുകുലുക്കിയിരിക്കുന്നു. ഏതൊക്കെ കമ്പനികളുടെ ലാഭത്തെയും അടിത്തറയേയും ഇത് പ്രതിസന്ധിയിലാക്കുമോയെന്ന് കാത്തിരുന്നു കാണണം. ജീവിത ലക്ഷ്യങ്ങള്‍ക്കായി ഇടത്തരക്കാര്‍ മിച്ചം പിടിക്കുന്ന ലഘുസമ്പാദ്യം നിക്ഷേപിക്കുന്ന എല്ലാ പദ്ധതികളിലും ഇതിന്റെ അനുരണനം ഉണ്ടാകും. പ്രത്യേകിച്ച ഓഹരി അധിഷ്ഠിത നിക്ഷേപ മാര്‍ഗങ്ങളില്‍. കഴിഞ്ഞ കുറച്ചുനാളുകളായി ഓഹരി വിപണി കടുത്ത ചാഞ്ചാട്ടത്തിലാണ്. എവിടെ നിക്ഷേപിക്കണം ഇനിയെന്ന കാര്യത്തിലും ഇടത്തരക്കാര്‍ കടുത്ത ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണ്. സുരക്ഷിതമായ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുക എന്നത് മാത്രമാണ് ഇക്കാര്യത്തില്‍ ചെയ്യാവുന്നത്. ഏതു പ്രതിസന്ധിയിലും ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പരിപൂര്‍ണ ഗാരന്റിയുള്ള ലഘുസമ്പാദ്യ നിക്ഷേപ പദ്ധതികള്‍ തന്നെയാണ്. വര്‍ധിച്ചുവരുന്ന നാണ്യപ്പെരുപ്പനിരക്ക് കണക്കിലെടുത്താല്‍ ഇത്തരം പദ്ധതികളില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനം വളരെ തുച്ചമായിരിക്കും എന്നതോ കിട്ടുന്ന പലിശയ്ക്ക് ആദായ നികുതി നല്‍കണം എന്നതോ ലഘുസമ്പാദ്യ നിക്ഷേപ പദ്ധതികളുടെ പ്രിയം കുറയ്ക്കുന്നില്ല ഇപ്പോഴും. ലാഭം തുച്ചമാണെങ്കില്‍ മുതലെങ്കിലും സുരക്ഷിതമായി കിടക്കുമല്ലോ എന്നാണ് പലരുടെയും ചിന്ത. അത്തരത്തിലുള്ള ഒരാളാണ് നിങ്ങളെങ്കില്‍ ട്രംപ് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഇക്കാലത്ത് ഇത്തരം പദ്ധതികളില്‍ കൂടുതലായി നിക്ഷേപിക്കാം.
1.നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്- ഇപ്പോഴത്തെ പലിശ നിരക്ക് 7.7 ശതമാനമാണ്. പലിശ വാര്‍ഷികാടിസ്ഥാനത്തില്‍ മുതലിനോട് ചേര്‍ക്കും. ചുരുങ്ങിയ നിക്ഷേപ തുക 1000 ആണ്. 100 രൂപയുടെ ഗുണിതങ്ങളായി പരമാവധി എത്രരൂപ വേണമെങ്കിലും നിക്ഷേപിക്കാം. നിക്ഷേപതുകയ്ക്ക് 80 സി പ്രകാരം ആദായ നികുതിയിളവ് ലഭിക്കും.
2.കിസാന്‍ വികാസ് പത്ര- പ്രതിവര്‍ഷ പലിശ നിരക്ക് 7.5 ശതമാനമാണ്. ചുരുങ്ങിയ നിക്ഷേപ തുക 1000 ആണ്. 100 രൂപയുടെ ഗുണിതങ്ങളായി പരമാവധി എത്രരൂപ വേണമെങ്കിലും നിക്ഷേപിക്കാം.
3. സുകന്യസമൃദ്ധി അക്കൗണ്ട്- 10 വയസില്‍ താഴെ പ്രായമുള്ള പെണ്‍മക്കളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് ചേരാവുന്ന നിക്ഷേപ പദ്ധതിയാണിത്. 8.2 ശതമാനമാണ് വാര്‍ഷിക പലിശ നിരക്ക്. ചുരുങ്ങിയ നിക്ഷേപം 250 രൂപ. പരമാവധി ഒരുവര്‍ഷം 1.5 ലക്ഷം രൂപവരെ നിക്ഷേപിക്കാം. നിക്ഷേപതുകയ്ക്ക് 80 സി പ്രകാരം ആദായ നികുതിയിളവ് ലഭിക്കും.
4. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ്സ് സ്‌കീം- 60 വയസ് കഴിഞ്ഞവര്‍ക്ക് നിക്ഷേപിക്കാവുന്ന പദ്ധതി. വാര്‍ഷിക പലിശ 8.2 ശതമാനം. ചുരുങ്ങിയ നിക്ഷേപ തുക 1000രൂപ. പരമാവധി ഒരാള്‍ക്ക് 15 ലക്ഷം രൂപവരെയേ നിക്ഷേപിക്കാന്‍ കഴിയൂ.
5. നാഷണല്‍ സേവിംഗ്‌സ് മംന്ത്‌ലിഇന്‍കം സ്‌കീം- വാര്‍ഷിക പലിശ 7.4 ശതമാനം.ചുരുങ്ങിയ നിക്ഷേപ തുക 1000. സിംഗിള്‍ അക്കൗണ്ട് ആണെങ്കില്‍ പരമാവധി 4.5 ലക്ഷം രൂപവരെയും ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ പരമാവധി 9 ലക്ഷം രൂപവരെയും നിക്ഷേപിക്കാം.
6. നാഷണല്‍ സേവിംഗ്‌സ് ടൈം ഡിപ്പോസിറ്റ് അക്കൗണ്ട്- ചുരുങ്ങിയ നിക്ഷേപതുക 1000 രൂപ. പരമാവധി എത്ര തുകവേണമെങ്കിലും നിക്ഷേപിക്കാം. മൂന്നു വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന 7.1 ശതമാനവും അഞ്ച് വര്‍ഷ നിക്ഷേപത്തിന് 7.5 ശതമാനവുമാണ് പലിശ. അഞ്ചുവര്‍ഷ നിക്ഷേപത്തിന് 80 സി പ്രകാരം ആദായ നികുതി ഇളവുണ്ട്.
7. നാഷണല്‍ സേവിംഗ്‌സ് റിക്കറിംഗ് ഡിപ്പോസിറ്റ്- പ്രതിവര്‍ഷ പലിശ 6.7 ശതമാനം. ചുരുങ്ങിയ പ്രതിമാസ നിക്ഷേപം 100 രൂപ. പരമാവധി എത്രരൂപവേണമെങ്കിലും നിക്ഷേപിക്കാം.
8.പബ്ലിക് പ്രോവിഡന്റ് ഫണ്ട്- ചുരുങ്ങിയ നിക്ഷേപം 500 രൂപ. പ്രതിവര്‍ഷം പരമാവധി 1.5 ലക്ഷം രൂപവരെ നിക്ഷേപിക്കാം. വാര്‍ഷിക പലിശ 7.1 ശതമാനം. തുക വാര്‍ഷികാടിസ്ഥാനത്തില്‍ ഒറ്റത്തവണയോ മാസാടിസ്ഥാനത്തില്‍ പലതവണകളായോ നിക്ഷേപിക്കാം. 80 സി പ്രകാരം നിക്ഷേപത്തിന് ആദായനികുതി ഇളവ് ലഭിക്കും.
പലിശനിരക്ക് മൂന്നുമാസം കൂടുമ്പോള്‍ കേന്ദ്രഗവണ്‍മെന്റ് പുതുക്കും. ഇന്‍ഡ്യാപോസ്റ്റ് വെബ്‌സൈറ്റിലെ പലിശ നിരക്കാണിത്. പലിശ നിരക്ക് കൃത്യമായി വ്യക്തത വരുത്തി മാത്രം നിക്ഷേപം നടത്തുക.
(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോണ്‍-9447667716. e-mail- jayakumarkk8@gmail.com)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Secure your savings with these 8 government-backed investment schemes offering stable returns amidst market volatility
Published: 03 Sept 2025, 11:49 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented