വന്യമൃഗങ്ങളുടെ എണ്ണം നിലനിർത്താൻ പല സൗകര്യങ്ങളും ചെയ്യുന്ന കാര്യത്തിൽ പല വിദേശരാജ്യങ്ങളും മുന്നിലാണ്. റോഡ് മുറിച്ചുകടക്കുന്ന മൃഗങ്ങൾ വണ്ടിയിടിച്ച് ചത്തൊടുങ്ങുന്നതും ആ കൂട്ടിയിടിയിൽ ആളുകൾക്ക് പരിക്കേൽക്കുന്നതും സാധാരണമായിരുന്നു. അമേരിക്കയിലും കാനഡയിലുമാണ് കൂടുതലായി മൃഗങ്ങൾ ഇങ്ങനെ റോഡ് മുറിച്ചുകടക്കുന്നത്. വന്യജീവികളും വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടാവുന്ന അപകടങ്ങളിൽ വൻനാശനഷ്ടങ്ങളുണ്ടാവാനും തുടങ്ങി.

1990-കളിലെ കണക്കുകൾ പ്രകാരം യൂറോപ്പിൽ മാത്രം ഓരോ വർഷവും 300-ലേറെ പേരാണ് ഇത്തരം സംഭവങ്ങളിൽ മരിച്ചത്. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കും പറ്റി. അമേരിക്കയിൽ 29,000-ത്തോളം പേരെയാണ് ഇത്തരം അപകടങ്ങൾ ബാധിച്ചത്. മൃഗങ്ങൾ ചത്തൊടുങ്ങുന്നതും അവയ്ക്ക് സംഭവിക്കുന്ന പരിക്കുകളും വേറെയും. ഇത് സ്ഥിരമായപ്പോഴാണ് മൃഗങ്ങൾക്ക് റോഡ് മുറിച്ചുകടക്കാനുള്ള ചില മാർഗങ്ങൾ തുടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്.

വന്യജീവികൾക്ക് മാത്രമായുള്ള ക്രോസിങ്ങുകളാണ് അവയിലേറ്റവും പ്രധാനം. മൃഗങ്ങൾക്ക് യഥേഷ്ടം സഞ്ചരിക്കാൻ മേൽപ്പാലങ്ങളും അണ്ടർപാസുകളും നിർമിച്ചിട്ടുണ്ട് പലയിടത്തും. തിരക്കേറിയ ഹൈവേകൾ സുരക്ഷിതമായി കടന്നുപോവാൻ ഇത്തരം മേൽപ്പാലങ്ങളും അണ്ടർപാസുകളും സഹായിക്കും. ഇങ്ങനെയുള്ള ശ്രമങ്ങളിലൂടെ മൃഗങ്ങളുടെ എണ്ണം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

വന്യജീവികൾക്കായുള്ള പാലങ്ങൾ അറിയപ്പെടുന്നത് 'ഗ്രീൻ ബ്രിഡ്ജ്' എന്നാണ്. ഇത് സാധാരണയായി സസ്യജാലങ്ങളാൽ മൂടപ്പെട്ടിരിക്കും. പ്രകൃതിയുടെ സ്വാഭാവികഭാഗമായി പാലങ്ങളെ തോന്നിപ്പിക്കുന്നതിനാണ് അങ്ങനെ ചെയ്യുന്നത്. അതിനാൽ അവ പ്രകൃതിയോടിണങ്ങി നിൽക്കും. അപ്പോൾ മൃഗങ്ങൾക്ക് അത്തരം പാലങ്ങളിലൂടെ യഥേഷ്ടം കടന്നുപോവാൻ സാധിക്കും.

നെതർലാൻഡ്‌സിലാണ് ഗ്രീൻ ബ്രിഡ്ജുകൾ ആദ്യമായി തുടങ്ങിയതെന്ന് രേഖകൾ പറയുന്നു. ഇന്നവിടെ 70-നടുത്ത് വന്യജീവി ക്രോസിങ്ങുകളാണുള്ളത്. യൂറോപ്യൻ ബാഡ്ജർ ഉൾപ്പെടെ വംശനാശം നേരിടുന്ന പല മൃഗങ്ങളും ഇവിടെയുണ്ട്. കാട്ടുപന്നികളും അപൂർവയിനം മാനുകളും കൂടുതലായുള്ളതും ഇവിടെത്തന്നെ. അവയുടെ എണ്ണം നിലനിർത്താൻ സഹായിക്കുന്നത് ഇത്തരം ക്രോസിങ്ങുകളും ബ്രിഡ്ജുകളുമാണ്.

കാനഡയിലെ ആദ്യത്തെ നാഷണൽ പാർക്കാണ് ബാൻഫ് നാഷണൽ പാർക്ക്. 50-ലേറെ വ്യത്യസ്തതരം വന്യമൃഗങ്ങളാണ് ഇവിടെയുള്ളത്. തുടക്കകാലത്ത് ഏറെ തിരക്കേറിയ പാതയായിരുന്നുവിത്. വാഹനങ്ങളുടെ അമിതമായ വേഗത മൃഗങ്ങളെ വളരെയധികം ബാധിക്കുകയും ചെയ്തു. 100-ലേറെ മൃഗങ്ങളാണ് ഓരോ വർഷവും അപകടത്തിൽ ചത്തത്. അതോടെയാണ് ക്രോസിങ്ങുകൾ നിർമിക്കാൻ തീരുമാനിച്ചത്. ബാൻഫ് നാഷണൽ പാർക്കിൽ ട്രാൻസ്-കാനഡ ഹൈവേ 82 കിലോമീറ്ററിലായി നീണ്ടുനിവർന്നുകിടക്കുകയാണ്. ഇതിനിടയിൽ വന്യജീവികൾക്കായി 44 ക്രോസിങ്ങുകളാണുള്ളത്. അതിൽ 38 എണ്ണം അണ്ടർപാസുകളാണ്, ആറ് മേൽപ്പാലങ്ങളും. ബാൻഫ് നാഷണൽ പാർക്കിൽ ക്രോസിങ്ങുകൾ നിലവിൽ വന്നതോടെ, വന്യജീവികളും വാഹനങ്ങളുമായുള്ള കൂട്ടിയിടിയുടെ തോത് വളരെയധികം കുറഞ്ഞിട്ടുണ്ട്. 80 ശതമാനത്തിലധികമാണ് കുറവ് വന്നിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫ്‌ളോറിഡയിലെ കോളീർ ആന്റ് ലീ കൗണ്ടീസിലെ 40 മൈൽ ദൂരത്തിലായി, 24 വൈൽഡ്‌ലൈഫ് ക്രോസിങ്ങുകളും 12 പാലങ്ങളുമാണ് നിർമിച്ചിട്ടുള്ളത്. വംശനാശഭീഷണി നേരിടുന്ന ഫ്‌ളോറിഡ പാന്തർ പോലുള്ള മൃഗങ്ങളുടെ സംരക്ഷണം കൂടി കണക്കിലെടുത്താണ് പാലങ്ങൾ നിർമിച്ചത്. ഒരുകാലത്ത് 100-നടുത്ത് ഫ്‌ളോറിഡ പാന്തറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനങ്ങളുമായുള്ള കൂട്ടിയിടിയിൽ ഏറ്റവും ഭീഷണി നേരിട്ടതും ഇവ തന്നെ. 2006-ൽ 11-ഉം, 2007-ൽ 14-ഉം ഫ്‌ളോറിഡ പാന്തറുകളാണ് അപകടങ്ങളിൽ ചത്തൊടുങ്ങിയത്.

സിംഗപ്പൂരിലെ മാണ്ടായ് വൈൽഡ്‌ലൈഫ് ബ്രിഡ്ജ് മൃഗങ്ങൾക്കായുള്ള മറ്റൊരു മേൽപ്പാലമാണ്. രണ്ടര വർഷംകൊണ്ട് നിർമിച്ച ഈ പാലത്തിൽ പിന്നീട് മരങ്ങളും മറ്റും നട്ടുപിടിപ്പിച്ചു. കാടിന്റെ അന്തരീക്ഷം കൊണ്ടുവരുന്നതിനുവേണ്ടിയായിരുന്നുവത്.

കാലിഫോർണിയയിലെ വൈൽഡ് ലൈഫ് ക്രോസിങ്ങായ വാലിസ് അനൻബർഗ് ഇപ്പോൾ നിർമാണത്തിന്റെ പാതയിലാണ്. ലിബർട്ടി കാന്യൻ വൈൾഡ്‌ലൈഫ് ക്രോസിങ് എന്നും ഇതിന് പേരുണ്ട്. 2026-ൽ നിർമാണം പൂർത്തിയായാൽ, ലോകത്തിലെ ഏറ്റവും വലിയ വൈൽഡ്‌ലൈഫ് ക്രോസിങ്ങായി ഇതുമാറും. വാഹനങ്ങളുമായുള്ള കൂട്ടിയിടിയിൽ സിംഹങ്ങൾ ചാവാൻ തുടങ്ങിയതോടെയാണ് ഇവിടെ ക്രോസിങ് തുടങ്ങാൻ തീരുമാനമായത്. 2026-ലാണ് നിർമാണം പൂർത്തിയാവുക.

മൃഗങ്ങൾ കടന്നുപോവാൻ ഈ വഴികൾ ഉപയോഗിക്കുന്നുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം? വർഷങ്ങൾ നീണ്ട ഗവേഷണങ്ങളിലൂടെ ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടുണ്ട്. വൈൽഡ്‌ലൈഫ് ക്യാമറകൾ പോലെയുള്ള ഉപകരണങ്ങളാണ് ഇതിനായി ഗവേഷകരെ സഹായിച്ചത്. ഓരോ ദേശീയോദ്യാനങ്ങളിലും സ്ഥാപിച്ച ക്യാമറകളിലൂടെ മൃഗങ്ങൾ നിരന്തരം അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്ന ദൃശ്യങ്ങൾ കിട്ടിത്തുടങ്ങി. അധികൃതർ അത് നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഓരോ മൃഗങ്ങളും വ്യത്യസ്തമായ രീതിയിലുള്ള ക്രോസിങ്ങുകളാണ് ഇഷ്ടപ്പെടുന്നത് ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. മാനുകൾ ഉയരവും വീതിയുമുള്ള ചെറിയ മേൽപ്പാലങ്ങളിലൂടെ സഞ്ചരിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ കരടികൾക്ക് പ്രിയം അധികം വീതിയും ഉയരവുമില്ലാത്ത, നീളമുള്ള ക്രോസിങ്ങുകളാണ്. മാത്രമല്ല, ഇത്തരം ഗ്രീൻ ബ്രിഡ്ജുകളിലൂടെ മൃഗങ്ങൾ പെട്ടെന്ന് തന്നെ യാത്ര ചെയ്ത് തുടങ്ങണമെന്നുമില്ല. ചെന്നായകളും കരടികളും പുതുതായി സ്ഥാപിച്ച ക്രോസിങ്ങുകളിലൂടെ സഞ്ചരിച്ചുതുടങ്ങാൻ ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും എടുക്കുമെന്നാണ് പറയപ്പെടുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi