‘മിന്നെടി മിന്നെടി മിന്നാമിനുങ്ങേ...’ മിന്നാമിനുങ്ങുകള്‍ കുട്ടിക്കാലകൗതുകങ്ങളുടെ തിളക്കമുള്ള ഓര്‍മയാണ്. രാത്രിയിരുട്ടില്‍ ഒരിത്തിരി വെട്ടമായി പറന്നുയരുന്ന മിന്നാമിനുങ്ങുകളെ നോക്കിയിരിക്കുമ്പോള്‍ ഉള്ളില്‍ സന്തോഷം നുരയ്ക്കും. ഗൃഹാതുരതയുടെ, നിഷ്‌കളങ്കമായ ബാല്യത്തിന്റെ ദീപ്തസ്മരണയായ മിന്നാമിനുങ്ങുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കൃത്യമായ സംരക്ഷണ നടപടികള്‍ എത്രയും വേഗം കൈക്കൊണ്ടില്ലെങ്കില്‍ ഇവയ്ക്ക് വംശനാശം തന്നെ സംഭവിച്ചേക്കാം.

ആയിരത്തില്‍പരം വൈവിധ്യമുള്ള തരം മിന്നാമിനുങ്ങുകളുണ്ട്. ഇവയില്‍ പലതും ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. മിന്നാമിനുങ്ങുകള്‍ക്ക് വളരാനും പ്രജനനം ചെയ്യാനും ജീവിക്കാനും ഇണങ്ങുന്ന ആവാസവ്യവസ്ഥകള്‍ ഇല്ലാതാകുന്നത് തന്നെയാണ് കാരണം. വടക്കേ അമേരിക്കയില്‍ മാത്രം 18 തരം മിന്നാമിനുങ്ങുകള്‍ അതിതീവ്ര ഭീഷണി നേരിടുന്നുണ്ടെന്നാണ് പഠനങ്ങള്‍.

മിന്നാമിനുങ്ങുകളുടെ മുട്ടകള്‍ നശിക്കുന്നത് ഇവ നേരിടുന്ന ഭീഷണിയുടെ ഒരു പ്രധാന കാരണമാണ്. കീടനാശിനികളോ രാസവളങ്ങളോ അതുമല്ലെങ്കില്‍ കൊതുകിനെ കൊല്ലാനുപയോഗിക്കുന്ന സ്‌പെയോ ഇവയുടെ ലാര്‍വകള്‍ കൊന്നൊടുക്കിയേക്കാം. ജലമലിനീകരണവും മറ്റൊരു കാരണമാണ്. ആവാസവ്യവസ്ഥയിലേക്ക് കടന്നെത്തുന്ന വില്ലന്മാരും മിന്നാമിനുങ്ങ് ലാര്‍വകള്‍ നശിപ്പിക്കാം.

വെളിച്ചം പൊഴിക്കുന്ന വിളക്കുകളും വില്ലന്മാരാണ്. അലങ്കാരത്തിനും മറ്റുമായി റോഡരികില്‍ തൂക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ മിന്നാമിനുങ്ങുകളുടെ ഇണ ചേരല്‍ തടസ്സപ്പെടുത്തുന്നു. ആണ്‍ മിന്നാമിനുങ്ങുകള്‍ ഇണയുടെ അടുത്തെത്തുന്നത് അവയുടെ ശരീരം പുറത്തുവിടുന്ന പച്ച വെളിച്ചം കണ്ടിട്ടാണ്. എന്നാല്‍ എല്ലായിടത്തും വെളിച്ചം ഉണ്ടാകുമ്പോള്‍ ആണ്‍ മിന്നാമിനുങ്ങുകള്‍ക്ക് കാഴ്ച മങ്ങുകയും ഇണയെ തിരിച്ചറിഞ്ഞ് അവയുടെ അടുത്തെത്താന്‍ കഴിയാതാകുകയും ചെയ്യുന്നു. ചില സ്പീഷീസുകളില്‍ പെണ്‍ മിന്നാമിനുങ്ങുകള്‍ക്ക് ചിറകില്ല എന്നതിനാല്‍ ഭീഷണിയുടെ കാഠിന്യം കൂടും.

അമേരിക്കയിലെ ഡെലവെയര്‍, മേരിലാന്‍ഡ്, വിര്‍ജീനിയ എന്നിവിടങ്ങളികള്‍ കാണപ്പെടുന്ന ബെഥനി ബീച്ച് എന്നയിനം മിന്നാമിനുങ്ങുകള്‍ ഈയിടെ വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. അപൂര്‍വമായ ഈ ഇനം വംശനാശത്തിന്റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തീരദേശ വികസസം, ലൈറ്റ് പൊല്യൂഷന്‍, സമുദ്രനിരപ്പ് ഉയരുന്നത്, കാലാവസ്ഥ വ്യതിയാനം എന്നിങ്ങനെ പല കാരണങ്ങളാണ് ഇവയെ നാശത്തിലേക്ക് തള്ളിവിടുന്നത്. ഇവയെ വംശനാശ ഭീഷണി നേരിടണമെന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യുഎസ് ഫിഷ് ആന്‍ഡ് വൈല്‍ഡ്ലൈഫ് സര്‍വീസസ് ശുപാര്‍ശ ചെയ്തതാണ് വാര്‍ത്തയായത്.