ഇക്കഴിഞ്ഞ ദിവസമാണ് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ വസുധ ചക്രവർത്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗളൂരു സ്വദേശിനിയായിരുന്നു. ഓഗസ്റ്റ് 27-ന് കൊല്ലൂരിലെത്തിയ വസുധയെ പിന്നീട് കാണാതാവുകയായിരുന്നു. അന്വേഷണത്തിൽ പുഴയിൽ വീണെന്ന് അറിഞ്ഞു. ഒടുവിൽ സൗപർണിക നദിയിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. വസുധയെ കുറിച്ച് മുമ്പ് 'മാതൃഭൂമി യാത്ര മാസിക'യിൽ പ്രസിദ്ധീകരിച്ച ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു.

To advertise here,

രാത്രി ഇരുണ്ടാൽ വസുധയുടെ ഹണ്ടിങ്ങ് ലോഡ്ജിന്റെ മുറ്റത്ത് ചില സന്ദർശകരെത്തും. കരടിക്കുട്ടൻമാർ, കാട്ടുപോത്തുകൾ, പന്നികൾ, പുള്ളിപ്പുലി. മുറ്റത്ത് ഒരുക്കിയ ചെറിയ കുളത്തിലെ വെള്ളം കുടിക്കാനെത്തുന്ന അതിഥികൾ. ആനകളാണ് സ്ഥിര സന്ദർശകർ. കൂട്ടത്തിൽ ഒരു വലിയ കൊമ്പനുണ്ട്. മര്യാദരാമൻ. വെള്ളം കുടിച്ചു. കുറച്ചു നേരം കറങ്ങി, ചെറിയ മൂളലുകളാൽ തന്റെ സാന്നി ധ്യമറിയിച്ച് അവൻ പതിയെ സ്ഥലം വിടും. സാധു എന്നാണവന് പേരിട്ടിരിക്കുന്നത്. സാധു വന്നാൽ സുൽത്താൻ നിശ്ശബ്ദനാവും. കുരച്ച് ബഹളമുണ്ടാക്കി അവനെ ശല്ല്യപ്പെടുത്തരുതെന്ന് വസുധ പ്രത്യേകം ചട്ടം കെട്ടിയിട്ടുണ്ട്.

കാട്ടിലെ വീട്ടിൽ വസുധയുടെ കൂട്ടായ റോട്ട് വീലറാണ് സുൽത്താൻ. പകൽ നേരങ്ങളിൽ കാട്ടിലും മേട്ടിലും അവൻ നിഴലായി കൂടെത്തന്നെയുണ്ടാവും. വസുധ ചക്രവർത്തി സ്വയം തിരഞ്ഞെടുത്തതാണ് കാട്ടിലെ ഈ ഏകാന്തവാസം. കാടുമായി ഇഴുകിച്ചേർന്ന രാജ്യത്തെ ഏക വനിതാ വന്യജീവി ഫോട്ടോഗ്രാഫർ. മാണ്ഡ്യയിലെ അയ്യങ്കാർ കുടുംബത്തിൽ നിന്നും വന്ന വസുധക്ക് കാട് സ്വന്തം വീടു തന്നെയാണ്. ഫോട്ടോഗ്രഫി ആവേശവും.

വമ്പൻ കോർപ്പറേറ്റ് ബാങ്കിലെ വലിയ ജോലി ഇട്ടെറിഞ്ഞ് തീർത്തും പരിമിതമായ ജീവിതസൗകര്യങ്ങളിലേക്ക്, കൂട്ടില്ലാതെ, കാടിന്റെ തുടിപ്പുകൾ അനുഭവിക്കാൻ വേണ്ടി മാത്രം നീലഗിരിയിലേക്കു ചേക്കേറിയ യുവതി. ഊട്ടിയിൽനിന്നും പതിമൂന്നു കിലോമീറ്റർ അകലെയുള്ള കല്ലട്ടി കുന്നിൽ, മൂന്നൂറേക്കറിൽ പരന്നു കിടക്കുന്ന സോഫിയ എസ്റ്റേറ്റിലെ ബംഗ്ലാവിലാണ് കഴിഞ്ഞ ഏഴു വർഷമായി വസുധ താമസിക്കുന്നത്. കല്ലും മരവും കൊണ്ടുള്ള ഈ ഹണ്ടിങ്ങ് ലോഡ്ജ് നൂറ്റിയെൺപത് വർഷം മുമ്പ് ഐറിഷുകാർ ഉണ്ടാക്കിയതാണ്.

പഴയ നിർമ്മിതിക്ക് മാറ്റമൊന്നും വരുത്തിയിട്ടില്ല. താഴെയുള്ള കുതിരലായങ്ങൾ മുറികളായി മാറി എന്നു മാത്രം. മൈസൂർ-ഊട്ടി റോഡിൽ നിന്നും ഏഴു കിലോമീറ്റർ ഉള്ളോട്ടു പോയാൽ ഷോളൂർ അങ്ങാടിയായി. അവിടെനിന്ന് നാലുകിലോമീറ്റർ സഞ്ചാരം. മലയുടെ മാറിൽ, വഴിയെന്നു കഷ്ടിച്ചു വിളിക്കാവുന്ന കാട്ടുപാതയിലൂടെ വളഞ്ഞും ചുറ്റിയും സഞ്ചരിച്ചാൽ സോഫിയ എസ്റ്റേറ്റിലെ കൂറ്റൻ ഗേറ്റിനു മുന്നിലെത്താം. ഗേറ്റു കടന്നു നടന്ന് കുറച്ചിട കഴിഞ്ഞപ്പോൾ അപരിചിതരെ വിറപ്പിക്കുന്ന കുര ഉയർന്നു.

അറ്റൻഷനിൽ നിന്നു പോയ ഞങ്ങളെ ചിരിച്ചുകൊണ്ട്‌ വസുധ തന്റെ തട്ടകത്തിലേക്കു ക്ഷണിച്ചു. ‘വന്നോളൂ, അവനെ ഞാൻ കെട്ടിയിട്ടിട്ടുണ്ട്’. തുടലിലമർന്ന് ചുരമാന്തിനിൽക്കുന്ന ഒരു കറുത്ത കൂറ്റൻ റോട്ട് വീലർ. ഒരു പുലിയെയൊക്കെ അവന് ഒറ്റക്ക് നേരിടാനാകുമെന്നുറപ്പ്. ബംഗ്ലാവിന്റെ ചുമരിൽ, നെയിം ബോർഡിനോടു ചേർത്ത് തൂക്കിയിട്ട ബോക്‌സിങ്ങ് ഗ്ലൗ കൂടി കണ്ടപ്പോൾ താമസക്കാർ അത്ര മോശക്കാരല്ല എന്നു മനസ്സിലായി. ''കിക്ക് ബോക്‌സിങ്ങ് പ്രാക്റ്റിസ് നല്ല സ്റ്റാമിന തരും. വേഗതയും.'' ബ്ലാക്ക് ബെൽറ്റ് നേടിയ അഞ്ചടിക്കാരിയായ പെൺകുട്ടി പൂച്ചക്കണ്ണ് വിടർത്തി ആത്മവിശ്വാസത്തോടെ വിശദീകരിച്ചു.

മോഷണം പോയെന്നു കരുതിയ തന്റെ പച്ചനിറമടിച്ച ഒരു ഫോർവീലർ ജീപ്പ് പോലീസ് കണ്ടെടുത്തതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങൾ ചെല്ലുമ്പോൾ അവൾ. ഡീസൽ തീർന്നപ്പോൾ കള്ളൻമാർ ഉപേക്ഷിച്ചു പോയതാണ്. കാട്ടിലേക്കും പുറത്തേക്കുമുള്ള യാത്ര അധികവും അതിലാണ്. പക്ഷ പറഞ്ഞിട്ടെന്താ കാര്യം, കൈമടക്കു കൊടുക്കാതെ പോലീസുകാർ ജീപ്പു വിട്ടു തരുന്ന ലക്ഷണമൊന്നുമില്ല. ''നാലു ദിവസമായി ഇവിടെ വെള്ളമില്ല, അതിഥികൾ വരുമെന്നറിഞ്ഞ് അടുത്ത അരുവിയിൽ ചെന്നു കുളിച്ചു’’ ചിരിയോടെ വസുധ പറഞ്ഞു. ''ചായ തരാം, ലഞ്ച് നമുക്ക് ഏർപ്പാടാക്കാം'', കാട്ടിലെ പെൺകുട്ടി പെട്ടന്ന് വീട്ടമ്മയായി.

സുൽത്താന്റെ പ്രതിഷേധം വകവെക്കാതെ ഞങ്ങൾ അകത്തേക്കു കടന്നു. ബംഗ്ലാവിന്റെ മുൻ വശത്തുള്ള നീണ്ട കിടപ്പുമുറിയുടെ വാതിലുകൾ ചുറ്റിലുമുള്ള പ്രകൃതിയുടെ മുഗ്ധതയിലേക്കാണ് തുറക്കുന്ന്. നാലു ഭാഗത്തും തലയുയർത്തി നിൽക്കുന്ന ബലിക്കൽ, ഉള്ളത്തി, അകോണി മലകൾ. അതിനുമപ്പുറത്ത് നീലഗിരിയുടെ ഉയരങ്ങൾ ചക്രവാളത്തിനു വരയിടുന്നു. ആതിഥേയ ചായയുണ്ടാക്കുന്ന തിരക്കിലാണ്. അടുക്കളയിൽ പാലു കുടിച്ചും പാത്രമുടച്ചും സഹാ യിക്കാൻ മിഞ്ചു എന്ന കുറിഞ്ഞിപ്പൂച്ചയുണ്ട്. സുൽത്താനുമായി അവൾ അത നല്ല ടേംസിലല്ല. ഭക്ഷണത്തിന്റെ മെനു പച്ചക്കറികളിൽ ഒതുങ്ങുമെന്ന് ആദ്യമേ വസുധ മുന്നറിയിപ്പ് തന്നിരുന്നു. “കേരളത്തിൽ നിന്ന് അച്ചാർ കൊണ്ടുവരണമെന്നു പറയാൻ വിട്ടുപോയി”. തലക്കടിച്ചു കൊണ്ട് വസുധ ഇഛാഭംഗപ്പെട്ടു.

അടുക്കളയോടു ചേർന്ന് തീകായാനുള്ള ചിമ്മിനിയുളള മറ്റൊരു നീളമുള്ള മുറിയുണ്ട്. അവിടെ ഒരറ്റത്ത് ടിവിയും സിഡി പ്ലേയറും. അടുത്ത് ഇംഗ്ലീഷ് ചിത്രങ്ങളുടെ സിഡികളടങ്ങിയ ഒരു റാക്ക്. ഒഴിവുള്ള സ്ഥലങ്ങളിലെല്ലാം പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ട്. ഏറേയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ടവ തന്നെ.  ക്ലൗഡഡ് ലെപ്പേഡ്‌സിനെ പറ്റി കൊൽക്കത്തയിൽ വെച്ച് കണ്ട ഒരു ഡോക്യുമെന്ററിയാണ് വസുധയുടെ ജീവിതം മാറ്റിമറിച്ചത്. അന്യമായിക്കൊണ്ടിരിക്കുന്ന ഒരു ജീവിവർഗ്ഗത്തിന്റെ അതിജീവനത്തിനുള്ള ശ്രമത്തിന്റെയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അതിന്റെ ആവാസവ്യവസ്ഥയുടേയും ചിത്രീകരണം അവരെ പിടിച്ചുലച്ചു. പ്രകൃതിയെ ഭംഗപ്പെടുത്തുന്ന മനുഷ്യന്റെ ദുരയുടെ അനന്തരഫലങ്ങൾ ദൂരവ്യാപകമാണെന്ന തിരിച്ചറിവായിരുന്നു പ്രകൃതിയെ അറിയാനും വീണ്ടടുക്കാനുമുള്ള യാത്രയുടെ പ്രചോദനം.

പ്രകൃത്യോപാസകനും ബന്നാർ ഘട്ട ഉദ്യാനത്തിന്റെ ശിൽപ്പിയുമായ കൃഷ്ണ നാരായണൻ വസുധയിൽ ഇക്കാര്യത്തിൽ വലിയ സ്വാധീനം ചെലുത്തി. ഊട്ടിയിലെ ലൈറ്റ് ആന്റ് ഫോട്ടോഗ്രഫിയിലെ പഠനം കൂടി കഴിഞ്ഞപ്പോൾ വസുധക്ക് ഒന്നു തീർച്ചയായി. കാടാണ് തന്റെ വഴി. അയ്യങ്കാരു വീട്ടിൽ അഴകായിരിക്കേണ്ട ചെല്ലപ്പൊണ്ണ് കാനന വാസത്തിനൊരുങ്ങുന്നതറിഞ്ഞപ്പോൾ ഞെട്ടലും എതിർപ്പുകളും ഉണ്ടായി. പെൺകുട്ടിയുടെ തീരുമാനത്തിനു മാത്രം മാറ്റമുണ്ടായില്ല. സൗകര്യങ്ങൾക്കുനടുവിൽ നിന്നുമുള്ള ഒരു പറിച്ചു നടൽ കൂടിയാ യിരുന്നു അത്. അച്ഛൻ, അമ്മ, സുഹൃത്തുക്കൾ, ജോലി, ബാംഗ്ലൂരിലെ മെറിമേക്കിങ്ങ്, സുഖശീലങ്ങൾ, കുടുംബജീവിതം.. എല്ലാം മാറ്റിവെച്ചുള്ള ഒരു തരം സന്യാസജീവിതം. പണത്തിന് തീരെ പ്രയാസം വരുമ്പോൾ ഊട്ടിയിൽ പോയി ടാക്‌സികൾ വാടകക്കെടുത്ത് ഓടിച്ചു പണം കണ്ടെത്തും, മോഡൽ ഫോട്ടോഗ്രാഫിക്ക് അസൈൻമെന്റുകൾ ഏറ്റെടുക്കും.

വികെ പ്രകാശിനൊപ്പമൊക്കെ ഫിലിമോട്ടോഗ്രാഫിക്ക് അസിസ്റ്റുചെയ്ത പരിചയവും വസുധക്കുണ്ട്. ബന്ദിപ്പൂരിലും മുതുമലയിലും മസിനഗുഡിയിലും ഊട്ടിയിലുമുള്ള ആദിവാസികളുടെ ഇടയിലാണ് ആദ്യമായി വസുധ പ്രവർത്തനം തുടങ്ങിയത്. കുറുമ്പൻമാർ, ഇരുളൻമാർ, ബഡഗൻമാർ. കാടിന്റെ ചൂരും ചൂടും കാടിന്റെ മക്കളോളം അറിയുന്നവർ ആരുമില്ല. കണ്ണുകളല്ല കാതുകളും ഗന്ധങ്ങളുമാണ് കാട്ടിൽ ഉപയോഗപ്പെടുക എന്ന് പഠിപ്പിച്ചത് അവരാണ്. ബൈക്കു പറപ്പിച്ച് കാട്ടുപാതകളിലൂടെ ഊരുകളിലേക്കെത്തുന്ന ക്യാമറ തൂക്കിയ സ്മാർട്ടായ പെൺകുട്ടിയെ ആദ്യമൊക്കെ സംശയദൃഷ്ടിയോടെയാണ് ആദിവാസികൾ കണ്ടത്. പിന്നെപ്പിന്നെ വസുധ അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറി. കാടുമായുള്ള താദാത്മ്യങ്ങളും, അതിന്റെ ഭാവവ്യത്യാസങ്ങളും ജീവജാലങ്ങളുടെ ജീവചക്രവും എന്താണെന്ന് അവർ പഠിപ്പിച്ചു കൊടുത്തു.

അവയോരോന്നും വസുധ ശ്രദ്ധാപൂർവം തന്റെ മനസ്സിലും ക്യാമറയിലും പകർത്തി. വന്യാനുഭവങ്ങളുടെ സാഹസികത വിവരിക്കുമ്പോൾ അവർ വാചാലയാവും. നാലു ഭാഗത്തു നിന്നും ചാർജ്ജു ചെയ്തു വരുന്ന കാട്ടാനകൾ, തലക്കു മേലെ ഇരകാത്തിരുന്ന പുള്ളിപ്പുലി, വഴിയോരത്തു കാത്തുനിന്ന ഒരു കടുവ, പിന്തുടരുന്ന വിഷപ്പാമ്പുകൾ, താക്കീതു ചെയ്യുന്ന കരടികൾ. എല്ലാം ഉദ്വേഗഭരിതമായ മുഖാമുഖങ്ങൾ. ടെലിലെൻസില്ലാത്തതിനാൽ അധികവും റിസ്‌കുള്ള ക്ലോസ് എൻകൗണ്ടസ് ആണ് പതിവ്. ആനക്കൂട്ടങ്ങളുടെ അടുത്തേക്ക് ഉണങ്ങിയ ആന പിണ്ഡം ദേഹത്താകെ വാരിത്തേച്ചാണ് പോവുക. പ്രത്യേകതരം ഇലച്ചാറു തേച്ചാൽ വന്യമൃഗങ്ങൾ ആക്രമിക്കാൻ മടിക്കും.

കാനൺന്റെ 400 ഡി ആണ് വസുധയുടെ പ്രധാന ആയുധം. 70 -200 എൽ ഐഎസ് യുഎസ്എം ലെൻസും. പക്ഷെ കാനൺന്റെ 400 ടെലിഫോട്ടോ ലെൻസില്ലാതെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ കാര്യമില്ല എന്ന വസുധക്ക് ബോധ്യമുണ്ട്. ''വന്യജീവി ഫോട്ടോഗ്രാഫി എക്‌സ്പൻസീവാണ്, ടെലിലെൻസുകൾക്കൊക്കെ ലക്ഷങ്ങളാണ് വില ലെൻസ് തിരിച്ചിട്ടാണ് ഞാൻ മൈക്രോ ഫോട്ടോഗ്രാഫി ചെയ്യാറുള്ളത്. ലെൻസുകൾ മാത്രമാണ്‌ ഞാൻ ആഗ്രഹിക്കുന്ന ലക്ഷ്വറി."

പരിമിതികളിലും ആസാമിലെ മാനസ്സും കാസിരംഗയും മുതൽ തമിഴ്‌നാട്ടിലെ മുക്കൂർത്തി മലയുടെ അറിയാത്ത ചെരിവുകളിൽ വരെ വസുധ ക്യാമറയുമായി ചെന്നിട്ടുണ്ട്. നീലഗിരികുന്നുകളുടെ സംരക്ഷണാർഥം ഗ്രീൻ ഗുരുകുൽ എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരി കൂടിയാണ് വസുധ. വനസംരക്ഷണത്തിനും പ്രകൃത്യാവബോധത്തിനും വിദ്യാഭ്യാസത്തിനുമായി ഇത് പ്രവർത്തിക്കു ന്നു. പ്രവർത്തനത്തിന് ഫണ്ട് തന്നെയാണ് പ്രശ്‌നം. ജയലളിത കാണാമെന്ന് സമ്മതിച്ചിട്ടുണ്ട്. വസുധ പ്രതീക്ഷയിലാണ് ഞങ്ങൾ ഒരു ചെറിയ ട്രക്കിങ്ങിനൊരുങ്ങി.

''ലാൻഡ് ലോർഡ് ബാംഗ്ലൂരിൽ നിന്നും എത്തിയിട്ടുണ്ട്, നിങ്ങളെ കണ്ടാൽ കൊള്ളാമെന്നുണ്ട്”, ഒരുക്കങ്ങൾക്കിടെ ഒരു ഫോണിനു ചെവിയോർത്ത് വസുധ വിളിച്ചു പറഞ്ഞു. കേരള രജിസ്‌ട്രേഷനുള്ള വണ്ടി ഗേറ്റിനു പുറത്തു നിർത്തിയതു കണ്ടു ഉടമ വിളിച്ചതാണ്. എസ്റ്റേറ്റ് ഉടമ സഹൃദയനും സരസനുമായ ഡോ. കൃഷ്ണ കുമാർ മാണിക്കത്താണ്. കൊച്ചി രാജകുടുംബാംഗം. കല്ലട്ടി കുന്നിനെ പൊതിയുന്ന 350 ഏക്കർ എസ്റ്റേറ്റ് അദ്ദേഹത്തിന്റെതാണ്. എസ്റ്റേറ്റിനെ കാടാവാൻ വിട്ടിരിക്കുകയാണദ്ദേഹം. തികഞ്ഞ പ്രകൃതി സ്‌നേഹി.

''ചായയും കാപ്പിയും കൃഷിയുമൊന്നും വേണ്ട, അരുവികളും കിളികളുമൊക്കെ വരട്ടെ''. ആരും എളുപ്പമെടുക്കാൻ മടിക്കുന്ന ഈ തീരുമാനത്തിനു പിന്നിൽ വസുധയുടെ സ്വാധീനമുണ്ടാവണം. ഹണ്ടിങ്ങ് ലോഡ്ജിൽ നിന്ന് രണ്ടു മൂന്നു ഫർലോങ്ങ് അകലെയുള്ള ബംഗ്ലാവിലാണ് അദ്ദേഹം താമസിക്കുന്നത്. ഭാര്യ ജപ്പാൻകാരിയാണ്. മക്കളില്ല. കല്ലട്ടികുന്നിലുള്ള ബംഗ്ലാവ് ഒരു ചരിത്ര മ്യൂസിയമാണ്. ലന്തക്കാർ നിർമ്മിച്ച അപൂർവ മേശകളും കസേരകളും, പാലിയത്തച്ചൻ മെക്കോളെയെ വെട്ടിയ വാൾ, ജപ്പാനീസ് സമുറായ്കളുടെ കതാന വാൾ, തിട്ടൂരങ്ങൾ, താക്കോലുകൾ, അങ്ങനെ അങ്ങനെ. കാട്ടിനുള്ളിൽ ഒരു മ്യൂസിയം. തീർപ്പും അപ്രതീക്ഷിതവും അപൂർവവുമായ ഒരു കാഴ്ച്ച.

മാണിക്കത്ത് വർഷത്തിൽ ഏറെയും ജപ്പാനിലും ബാഗ്ലൂരിലുമാണുണ്ടാ വുക. രണ്ടാഴ്ച്ചക്കാലം കല്ലട്ടിയിലെ എസ്റ്റേറ്റിലുമുണ്ടാവും. ജപ്പാന്റെ സഹായത്തോടെ ബാംഗ്ലൂരിലെ മദൂരിലും ജപ്പാനിലെ ഷിയോ ഹാമയിലും അദ്ദേഹം ഹാപ്പി വാലി എന്ന കുട്ടികളുടെ ഗ്രാമം നടത്തുന്നു.

സംഭവബഹുലമായ കൂടിക്കാഴ്ച്ചക്കു ശേഷം ഞങ്ങൾ ട്രക്കിങ്ങ് ആരംഭിച്ചു. കല്ലട്ടിയിലെ പെൺകടുവ വന്നിരിക്കാറുള്ള 'അമേരിക്കൻ ഫെയ്‌സ്' എന്ന റെഡ് ഇന്ത്യൻ മുഖമുള്ള വലിയ പാറയുടെ ചെരിവിലൂടെ ഞങ്ങൾ പ്രയാണം തുടങ്ങി. കല്ലട്ടി വെള്ളച്ചാട്ടത്തിനു ചുറ്റിലുമുള്ള കാടാണു ലക്ഷ്യം. കയറ്റങ്ങൾ കയറിക്കയറി ശ്വാസമെടുക്കാൻ ശ്രമിച്ച് തളർന്ന്, ഒരു വലിയ ഇറക്കത്തിനു മുന്നിൽ ഞങ്ങൾ പരുങ്ങിനിന്നു. കാണുന്ന എല്ലാത്തിനോടും സംസാരിച്ച്, സുൽ ത്താനെ നിയന്ത്രിച്ച്, ക്യാമറ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്ന ആയുധം പോലെ തയ്യാറാക്കിവെച്ച് ചുറുചുറുക്കോടെ വസുധ കയറ്റം ഇറങ്ങിത്തുടങ്ങി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi