പ്രഭാതത്തിലെ നല്ല ശീലങ്ങള്‍ ഓര്‍മശക്തിയെയും ഓരോ ദിവസത്തെ ഉന്മേഷത്തെയും സ്വാധീനിക്കുന്ന കാര്യമാണ്. ദിവസംമുഴുവൻ ഊർജം നിലനിർത്താനും സജീവമായി പ്രവർത്തിക്കാനും ഇവ ശീലമാക്കാം. 

To advertise here,

ദിനചര്യ പാലിക്കുക
ദിനചര്യ ശീലമാക്കുന്നത് ഓര്‍മശക്തിക്കും ഒരു കാര്യത്തില്‍ ശ്രദ്ധകിട്ടാനും അനുകൂലമായ കാര്യമാണ്. രാവിലെ വെള്ളംകുടിക്കല്‍, ചെറിയരീതിയിലെങ്കിലും വ്യായാമം, മെഡിറ്റേഷന്‍, അന്നന്ന് ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ മനസ്സില്‍ പ്ലാനുണ്ടാക്കുക തുടങ്ങിയവ ദിനചര്യയുടെ ഭാഗമാക്കാം. 

വെള്ളം കുടിക്കാം
രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച്ച് ശരീരത്തെ ഉന്മേഷത്തോടെയിരുത്താം. ശരീരത്തില്‍ നിന്നുള്ള പോഷകങ്ങളെ തലച്ചോറിലെത്തിക്കാനും ശരീരത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും രാവിലത്തെ വെള്ളംകുടി സഹായിക്കും. നല്ല ഓര്‍മശക്തിക്കും ശ്രദ്ധകിട്ടാനും ഈ ശീലം നിങ്ങളെ സഹായിച്ചേക്കും. 

ഡീപ് ബ്രത്ത് ശീലമാക്കാം, മെഡിറ്റേഷനും 
രാവിലെ ഏതാനും മിനിറ്റുകള്‍ ധ്യാനത്തിനായോ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നതിനോ സമയം മാറ്റിവെക്കാം. ഇത് സമ്മര്‍ദ്ദം കുറയ്ക്കുകയും, ഏകാഗ്രത വര്‍ധിപ്പിക്കുകയും തലച്ചോറിലെ ഓക്‌സിജന്‍ വിതരണം വര്‍ധിപ്പിക്കുകയും ചെയ്യും. ഓര്‍മശക്തി മെച്ചപ്പെടും. 

ഭക്ഷണം ശ്രദ്ധയോടെ തിരഞ്ഞെടുക്കാം
ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ പ്രഭാതഭക്ഷണം ശീലമാക്കാം. മുട്ട, നട്സ്, ബെറികള്‍ എന്നിവ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് മികച്ചതാണ്. ഓര്‍മ്മശക്തി മെച്ചപ്പെടുത്തുകയും ദിവസം മുഴുവന്‍ ഏകാഗ്രതയും ഊര്‍ജ്ജവും നല്‍കുകയും ചെയ്യുന്നു.

ശാരീരികമായ വ്യായാമം
പ്രഭാതത്തിലെ വേഗത്തിലുള്ള നടത്തം, യോഗ തുടങ്ങിയ ചെറിയ വ്യായാമങ്ങള്‍ രക്തയോട്ടം വര്‍ധിപ്പിക്കുകയും എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുകയും തലച്ചോറിന്റെ പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്യുന്നു, ഇത് ഓര്‍മശക്തിയും മെച്ചപ്പെടുത്തും. 

വായിക്കുകയോ പസ്സിലുകള്‍ ചെയ്യുകയോ ആവാം
രാവിലെ ഒരു പുസ്തകം വായിക്കാനോ, പസിലുകള്‍ ചെയ്യാനോ കുറച്ച് മിനിറ്റുകള്‍ ചെലവഴിക്കാം. തലച്ചോറിലെ കോശങ്ങളെ ഉണര്‍ത്താന്‍ അത് സഹായിക്കും. 

വെയില്‍ കൊള്ളാം
രാവിലത്തെ ഇളംവെയിലില്‍ നടക്കുന്നത് ജൈവഘടികാരത്തിന്റെ താളം സന്തുലിതമാക്കാനും, വിറ്റാമിന്‍ ഡി ഉത്പാദനം വര്‍ധിപ്പിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും. 

എന്തൊക്കെ ചെയ്യണമെന്ന നോട്ട് സൂക്ഷിക്കാം
ഓരോ ദിവസവും എന്തുചെയ്യണമെന്നും അന്നത്തെ ചിന്തകളുമെല്ലാം എഴുതിസൂക്ഷിക്കാന്‍ ഒരു നോട്ട് ഉപയോഗിക്കാം. മാനസികമായി കാര്യങ്ങൾക്ക് ഒരു വ്യക്തത വരാനും സമ്മര്‍ദ്ദം കുറയ്ക്കാനും ഓര്‍മശക്തി മെച്ചപ്പെടുത്താനും പ്രധാനപ്പെട്ട കാര്യങ്ങള്‍ മറന്നുപോകാതിരിക്കാനും സഹായിക്കും.

പാട്ടുകേള്‍ക്കാം
പാട്ടുകേട്ട് മൈന്‍ഡ്ഫുള്‍നെസ് ശീലമാക്കാം. ശ്രദ്ധ മാറിപ്പോവുന്നത് കുറയ്ക്കാന്‍ ഇത് ഉപകാരപ്പെടും.  

ഡിജിറ്റല്‍ ഓവര്‍ലോഡ് കുറയ്ക്കാം
രാവിലെത്തന്നെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതാണ് നല്ലത്. മനസ്സ് ക്ഷീണിക്കുന്നതും ശ്രദ്ധകുറയുന്നതും ഇതിലൂടെ തടയാനാവും. ഏകാഗ്രത വർധിപ്പിക്കുകയും ചെയ്യുന്നു. 

(കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ)