
നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ രാഷ്ട്രീയവും സിനിമയും മിക്കപ്പോഴും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍പോലെ ഒന്നായി മാറാറുണ്ട്. എം.ജി.ആര്‍, കരുണാനിധി, ജയലളിത, വിജയ്കാന്ത്, ഉദയനിധി സ്റ്റാലിന്‍ തുടങ്ങി ഭൂതകാലത്തും വര്‍ത്തമാനകാലത്തും തമിഴ്‌നാട് രാഷ്ട്രീയത്തെ നിയന്ത്രിച്ചവര്‍ പലരും സിനിമയിലെ സൂപ്പര്‍താരങ്ങള്‍ കൂടിയായിരുന്നു. എന്നാല്‍ കേരളത്തിന്റെ രാഷ്ട്രീയചരിത്രം പരിശോധിച്ചാല്‍ നേര്‍വിപരീതകാഴ്ചയാണ് നമുക്ക് കാണാനാകുക.
സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ ഭാഗ്യപരീക്ഷണം തേടി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയവരെല്ലാം തന്നെ ഇവിടെ അടിപതറി വീണിട്ടുണ്ട്. എന്നാല്‍ ഇന്നസെന്റ് മാത്രം ആ ചരിത്രത്തില്‍ വേറിട്ടുനടന്നു. സിനിമയിലെന്ന പോലെ രാഷ്ട്രീയ ഗോദയില്‍ മത്സരത്തിനിറങ്ങിയപ്പോഴും അദ്ദേഹം ഏവരെയും അത്ഭുതപ്പെടുത്തി വിജയം കണ്ടു. മികച്ച പാര്‍ലമെന്റേറിയനും ജനപ്രതിനിധിയുമെന്ന ഖ്യാതി ഇന്നസെന്റ് നേടുകയും ചെയ്തു. മറ്റൊരു സിനിമക്കാരനും സാധിക്കാതെ പോയ ഈ അപൂര്‍വത ഇന്നസെന്റിന് മാത്രം എങ്ങനെ സാധിച്ചു...? ഇന്നസെന്റിനെ നേരിട്ടറിയുന്നവര്‍ക്ക് അതിനുള്ള ഉത്തരം ഉടന്‍ കിട്ടും, ആരെയും തന്നിലേക്ക് ആകര്‍ഷിക്കുന്ന വാക് ചാതുരിയും നര്‍മവും അദ്ദേഹം എപ്പോഴും സൂക്ഷിച്ചിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടവര്‍ക്കാര്‍ക്കും ഒരിക്കലും സ്‌നേഹിക്കാനല്ലാതെ വെറുക്കാനാകില്ല. അദ്ദേഹത്തിന്റെ പാര്‍ലമെന്റ് ജീവിതകാലത്ത് ഒപ്പം സമയം ചെലവഴിക്കാനായത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ അസുലഭ നേട്ടമായാണ് ഞാന്‍ കാണുന്നത്.
ടീച്ചറെ, ഞാന്‍ ഓഫീസിലോട്ട് വരട്ടെ...
രണ്ട് പതിറ്റാണ്ട് മുമ്പ് സിനിമ അഭിനേതാവെന്ന നിലയില്‍ ഇന്നസെന്റിനെ ഏതൊരു മലയാളിയെയും പോലെ മാത്രമേ എനിക്കും പരിചയമുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ അസാധ്യമായ അഭിനയശേഷിയും വാക്ചാതുരിയുമൊക്കെ സിനിമാപ്രേമി എന്ന നിലയില്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ഞാന്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ഒരുദിവസം ആകസ്മികമായി എന്നെത്തേടി ഇന്നസെന്റിന്റെ ഫോണ്‍കോളെത്തി.
' ടീച്ചറെ, എനിക്കൊന്ന് കാണണം. ചെറിയൊരു ആവശ്യമുണ്ട്''
'തീര്‍ച്ചയായിട്ടും, കാണണമെന്നില്ല ആവശ്യം പറഞ്ഞാല്‍ മതി '
' അല്ല, നേരില്‍ കാണണം. ഞാന്‍ തിരുവനന്തപുരത്ത് തന്നെയുണ്ട്. ഓഫീസിലേക്ക് വന്നാല്‍ കാണാനാകുമോ..?'
'കാണാം, രാവിലെ 11.30 മണിവരെ ഞാന്‍ ഓഫീസിലുണ്ടാകും. അതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും വന്നാല്‍ കാണാനാകും'
അങ്ങനെ പിറ്റേന്ന് അദ്ദേഹം ഓഫീസിലെത്തി. കുശലം പറഞ്ഞതിന് ശേഷം അദ്ദേഹത്തിന്റെ ആവശ്യം വെളിപ്പെടുത്തി. അദ്ദേഹത്തിന് വേണ്ടപ്പെട്ട ഒരുഡോക്ടറുടെ സ്ഥലംമാറ്റം സംബന്ധിച്ച കാര്യത്തിനായിരുന്നു ആ സന്ദര്‍ശനം. ഞാന്‍ പരമാവധി ശ്രമിക്കാം എന്ന് ഉറപ്പ് നല്‍കിയാണ് അന്ന് ഞാനദ്ദേഹത്തെ തിരികെ അയച്ചത്. നൂലാമാലകളൊന്നുമില്ലാതെ ആ സ്ഥലംമാറ്റം ഭംഗിയായി സാധിച്ചുകൊടുക്കാനും എനിക്കന്ന് സാധിച്ചു. അന്നതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ അദ്ദേഹം വീണ്ടും വിളിക്കുകയും ചെയ്തു. മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ തൃശ്ശൂരില്‍ ഔഷധിയുടെ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് ഞാനും ഇന്നസെന്റും ആദ്യമായി ഒരുപൊതുപരിപാടിയില്‍ വേദി പങ്കിടുന്നത്. ഇന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ ബിന്ദുവായിരുന്നു അന്ന് തൃശ്ശൂര്‍ മേയര്‍. ഇന്നസെന്റിനൊപ്പം വേദിയില്‍ ഇരിക്കുന്ന ഫോട്ടോ ഇന്നും ഞാന്‍ സ്വകാര്യശേഖരത്തില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അന്ന് ഒരിക്കലും അഞ്ചുവര്‍ഷത്തിനപ്പുറം ഞങ്ങള്‍ പാര്‍ലമെന്റില്‍ ഒന്നിച്ച് ജനപ്രതിനിധികളായി ഉണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.
ഡല്‍ഹിയിലേക്ക് രണ്ട് ജേതാക്കള്‍..
2011-ല്‍ ഞാന്‍ ആരോഗ്യമന്ത്രി പദം ഒഴിഞ്ഞു. 2014-ലാണ് എന്നോട് കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്. യു.ഡി.എഫിന്റെ കുത്തക പാര്‍ലമെന്റ് മണ്ഡലമായ കണ്ണൂരില്‍ വളരെ വിരളമായി മാത്രമേ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുള്ളൂ. വിജയസാധ്യത വളരെ കുറവായിരുന്നെങ്കിലും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഏറെ ആവേശത്തോടെ ഞാന്‍ ഏറ്റെടുത്തു. അതേ സമയത്താണ് യു.ഡി.എഫിന്റെ മറ്റൊരു കുത്തകസീറ്റായ ചാലക്കുടി മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി ഇന്നസെന്റിനോട് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹവും വളരെ ആവേശത്തോടെ ആ ക്ഷണം സ്വീകരിച്ചു.
ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ അന്ന് വലിയ രീതിയില്‍ പാര്‍ട്ടി വിരുദ്ധരും മാധ്യമങ്ങളും വിമര്‍ശനങ്ങളുയര്‍ത്തി. ഇന്നസെന്റ് പരാജയപ്പെടുമെന്ന് ഭൂരിഭാഗവും വിലയിരുത്തി. എന്നാല്‍ ജനങ്ങളെ കൈയിലെടുക്കുന്ന ഇന്നസെന്റ് മാജിക്കിനെ കുറിച്ച് അവര്‍ക്കാര്‍ക്കും അറിവുണ്ടായിരുന്നില്ല എന്നതാണ് സത്യം. അട്ടിമറി വിജയത്തോടെ ഇന്നസെന്റ് ചാലക്കുടിയിലെ ജേതാവായി. ഞാന്‍ കണ്ണൂരും വിജയിച്ചു. തിളക്കമാര്‍ന്ന വിജയത്തോടെ ഞങ്ങള്‍ രണ്ടുപേരും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വളരെ കലുഷിതമായ സഭാ കാലഘട്ടമായിരുന്നു ആ അഞ്ച് വര്‍ഷം.
സുമിത്രാ മഹാജനാണ് അന്നത്തെ ലോക്‌സഭ സ്പീക്കര്‍. ഞാനും ഇന്നസെന്റും എം.ബി.രാജേഷും പി.കെ. ബിജുവും ഭൂരിഭാഗം സമ്മേളന സമയങ്ങളിലും ഒന്നിച്ചായിരുന്നു സമയം ചെലവിട്ടിരുന്നത്. സമ്മേളനത്തിന്റെ ഇടവേളകളിലാണ് ഇന്നസെന്റ് മിക്കവാറും സ്വതസിദ്ധമായ ചിരിയുടെ അമിട്ടുകള്‍ പൊട്ടിക്കുക. കഥകളുടെ ഒരു കടലായിരുന്നു ഇന്നസെന്റ്. ഓരോ കഥകളും അവസാനിക്കുമ്പോള്‍ ആര്‍ത്തലച്ച് ചിരിക്കാനും ശേഷം അല്‍പം ചിന്തിക്കാനുമുള്ള കാര്യങ്ങള്‍ ആ കഥകളിലുണ്ടാവും ആ കാലത്ത് അദ്ദേഹം അര്‍ബുദചികിത്സ തുടരുന്നുണ്ടായിരുന്നു. ഇത്രയും ധൈര്യപൂര്‍വം അര്‍ബുദത്തെ നേരിട്ട മറ്റൊരു വ്യക്തിയെ ഞാന്‍ അന്നുവരെയുള്ള ജീവിതത്തില്‍ കണ്ടിട്ടില്ല. രോഗത്തിന്റെ ഒരു ഭയാശങ്കകളും അദ്ദേഹത്തിന്റെ വാക്കിലോ പെരുമാറ്റത്തിലോ ഉണ്ടായിരുന്നില്ല. മറ്റുള്ളവരുടെ സഹതാപവും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം.

എന്നാലും ആലീസിന് മാത്രം... !
ഒരുപാട് അനുഭവങ്ങള്‍ ഇന്നലെയെന്ന പോലെ ഓര്‍മയില്‍ തെളിഞ്ഞുവരുന്നുണ്ട്. അതിലൊന്ന് ഇവിടെ രേഖപ്പെടുത്താം. പാര്‍ലമെന്റ് ജീവിതം തുടങ്ങിയ ആദ്യ ആറുമാസങ്ങളില്‍ കേരളഹൗസിലായിരുന്നു ഞങ്ങളുടെ താമസം. ഇന്നസെന്റും ഭാര്യ ആലീസും എന്റെ തൊട്ടടുത്ത മുറിയിലായിരുന്നു. ഭക്ഷണവും ഔട്ടിങും ചര്‍ച്ചകളുമൊക്കെ മിക്കപ്പോഴും ഒരുമിച്ച്. ഒരുദിവസം ഞങ്ങള്‍ ഭക്ഷണം കഴിച്ച ശേഷം കേരളഹൗസിലെ ഭക്ഷണശാലയില്‍ നിന്നും പുറത്തേക്ക് നടന്നു വരികയായിരുന്നു. അപ്പോള്‍ കണ്ണൂരില്‍ നിന്നെത്തിയ ഒരുപ്രധാന പാര്‍ട്ടി നേതാവും ഭാര്യയും ഭക്ഷണശാലയിലേക്ക് വരുന്നുണ്ട്. എന്തോ സ്വകാര്യ ആവശ്യത്തിന് ഡല്‍ഹിയില്‍ എത്തിയതായിരുന്നു ഇരുവരും. എന്നെ കണ്ട ഉടന്‍ അവര്‍ അരികിലേക്ക് വന്നു. ഞാന്‍ അവരെ ഇന്നസെന്റിനും ആലീസിനും പരിചയപ്പെടുത്തി കൊടുത്തു.
ആ സഖാവ് ശേഷം ഇന്നസെന്റിനോട് ഇങ്ങനെ പറഞ്ഞു.
'എല്ലാവരെയും കണ്ടതില്‍ വളരെ സന്തോഷം. എന്റെ ഭാര്യ എപ്പോഴും ഇന്നസെന്റിനെ കുറിച്ച് പറയും. അവര്‍ക്ക് താങ്കളെ അത്രമാത്രം ഇഷ്ടമാണ് '
ഇത് കേട്ടതും പെട്ടെന്ന് വളരെ ഗൗരവപൂര്‍വം ഇന്നസെന്റ് ഞങ്ങളെ നോക്കി, എന്നിട്ട് ഇങ്ങനെ പറഞ്ഞു.
' ഓ, എന്നാലും ഇവര്‍ക്കൊക്കെ എന്നെ ഭയങ്കര ഇഷ്ടമാണ്. പക്ഷേ ആലീസിന് മാത്രം എന്നോടെന്താ ഇഷ്ടം തോന്നാത്തത്..!'
ഇത് കേട്ടതും ആലീസടക്കം ഞങ്ങളെല്ലാവരും പൊട്ടിച്ചിരിച്ചു. ഇങ്ങനെ ചെറിയ നര്‍മം കൊണ്ട് തന്റെ ചുറ്റുമുള്ളവരെയെല്ലാം കുറച്ച് സമയം പൊട്ടിച്ചിരിപ്പിക്കാന്‍ അദ്ദേഹത്തിന് എപ്പോഴും സാധിക്കുമായിരുന്നു.
കൈയടി നേടിയ പ്രമേയം..
ഞാന്‍ ആരോഗ്യമന്ത്രിയായ കാലത്ത് ആദ്യം നടപ്പിലാക്കിയ പദ്ധതികളിലൊന്നാണ് ക്യാന്‍സര്‍ സുരക്ഷ സ്‌കീം. ആര്‍.സി.സിയില്‍ ചികിത്സയ്‌ക്കെത്തുന്ന എല്ലാ കുട്ടികള്‍ക്കും സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയായിരുന്നു ഇത്. അതിന് ശേഷം 2008-ല്‍ പതിനെട്ട് വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജറി അടക്കം എല്ലാ ചികിത്സയും സൗജന്യമാക്കാനും തീരുമാനിച്ചു. എം.പി.യായപ്പോള്‍ പാര്‍ലമെന്റില്‍ ഞാന്‍ സമാനമായൊരു പ്രമേയവും അവതരിപ്പിച്ചു.
രാജ്യം മുഴുവന്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ സൗജന്യ ചികിത്സ നല്‍കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈ പ്രമേയത്തിന്റെ കാര്യം ഞാന്‍ ഇന്നസെന്റുമായി ചര്‍ച്ച ചെയ്തിരുന്നു. അപ്പോഴാണ് അദ്ദേഹമൊരു പ്രമേയം അവതരിപ്പിക്കുന്ന കാര്യം എന്നോട് പറഞ്ഞത്. അര്‍ബുദ രോഗത്തെ സംബന്ധിച്ച പ്രമേയമായിരുന്നു അത്. പ്രായമായവര്‍ക്ക് രാജ്യത്ത് അര്‍ബുദത്തിന് സൗജന്യമായി ഏറ്റവും മികച്ച ചികിത്സ ഏര്‍പ്പെടുത്തണം എന്നതായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കം. ഹിന്ദിയിലും മലയാളത്തിലുമായി പ്രമേയം അദ്ദേഹം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആ പ്രമേയത്തെ സ്പീക്കറടക്കം നിരവധി പേര്‍ അഭിനന്ദിച്ചു. മുന്‍കൂട്ടി എഴുതിക്കൊടുത്തിരുന്നെങ്കില്‍ തത്സമയ സംപ്രേക്ഷണം ചെയ്യാമായിരുന്നു എന്നും സ്പീക്കര്‍ പ്രമേയാവതരണത്തിന് ശേഷം പ്രസംഗത്തില്‍ പറഞ്ഞു.
ഇന്നസെന്റിന്റെ പാര്‍ലമെന്റ് ജീവിതത്തിലെ ഏറ്റവും മികച്ച ഏടായിരുന്നു ആ പ്രമേയാവതരണം. അഞ്ച് വര്‍ഷം കൊണ്ട് രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാന്‍ ഇന്നസെന്റിന് സാധിച്ചു. ചിലപ്പോള്‍ നാളെകളില്‍ ഇനിയും ചിലര്‍ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന് തെരഞ്ഞെടുപ്പില്‍ വിജയം നേടിയേക്കാം. എന്നാല്‍ അവര്‍ക്കാര്‍ക്കും ഇന്നസെന്റിനെ പോലെ ജനപ്രിയനാകാന്‍ കഴിയില്ല.
രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വതയായി ഇന്നസെന്റിന്റെ ജീവിതം കേരളമുള്ള കാലത്തോളം നിലനില്‍ക്കും. കാരണം ഇന്നസെന്റിന് പകരം മറ്റൊരു ഇന്നസെന്റില്ല.
Content Highlights: ex minister and cpim leader pk sreemathi shares memmory of parlimentary life with actor innocent
Published: 26 Mar 2024, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented