എം.എസ്.സുബ്ബലക്ഷ്മിയുടെ ജീവിതകഥ ബിഗ് സ്‌ക്രീനിലേക്കെത്തുകയാണ്. നടി രശ്മിക മന്ദാനയാണ് എം.എസ് ആയി എത്തുന്നത്. 'MS: A Legacy On Screen' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സുബ്ബലക്ഷ്മിയുടെ 110-ാം ജൻമവാർഷികത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചടങ്ങിൽ കമൽഹാസനാണ് ആദ്യ ക്ലാപ്പ് അടിച്ചത്. സുബ്ബലക്ഷ്മിയുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
അതിനുപിന്നാലെ വിമർശനങ്ങളുമായി പലരുമെത്തി. രശ്മികയെ നായികയാക്കുന്നതാണ് പലരെയും ചൊടിപ്പിച്ചത്. 'സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്ന മറ്റ് നടിമാരും ഉണ്ടെന്ന കാര്യം സംവിധായകർ മറന്നുപോയിരിക്കുന്നു, വിദ്യാ ബാലൻ മതിയായിരുന്നു, രശ്മിക നല്ലത് തന്നെയാണ്-പക്ഷേ ഈ റോളിന് വിദ്യാ ബാലൻ തന്നെയാണ് നല്ലത്, ഇത്രയും വർഷം തിരഞ്ഞിട്ടും അണിയറപ്രവർത്തകർക്ക് ഇവരെ മാത്രമേ കിട്ടിയുള്ളോ...' കമന്റുകൾ നീളുന്നു.
അതിനിടെ നിർമാതാവ് അല്ലു അരവിന്ദ്, രശ്മികയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. കമൽഹാസനും രശ്മികയെ അഭിനന്ദിച്ചുകൊണ്ടാണ് സംസാരിച്ചത്. ചിത്രത്തിന്റെ ലോഞ്ചിങ് ചടങ്ങുകൾക്കുശേഷം അല്ലു അരവിന്ദ് പറഞ്ഞതിങ്ങനെ, ''നമ്മളെല്ലാം ഒന്നിച്ചാണ്...അമ്മേ, ഞങ്ങൾ നിങ്ങളുടെ ജീവചരിത്രം നിർമിക്കുകയല്ല ചെയ്യുന്നത്. അത് ചെയ്യാൻ നിങ്ങൾ ഞങ്ങളെയാണ് തിരഞ്ഞെടുത്തത്. നന്ദി''.
തുടർന്ന് രശ്മികയെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു, ''അതുപോലെ തന്നെ, ഈ വേഷത്തിനായി അമ്മ രശ്മികയെയും തിരഞ്ഞെടുത്തു. രശ്മികേ, ഞങ്ങൾ ആവശ്യപ്പെട്ടതുകൊണ്ടല്ല ഇത് സംഭവിച്ചത്; അവർ നിങ്ങളെ തിരഞ്ഞെടുക്കുകയും ഞങ്ങളെ അതിനുള്ള ദൂതന്മാരായി നിങ്ങളുടെ അടുത്തേക്ക് അയക്കുകയുമാണ് ചെയ്തത്''.
തുടർന്ന് രശ്മികയും സംസാരിച്ചു, ''ഒരു നടിയെന്ന നിലയിൽ എന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമാണിത്. അമ്മേ, നിങ്ങളുടെ ജീവിതത്തിന്റെ ഒരു ചെറിയ ഭാഗമാകാൻ എന്നെ തിരഞ്ഞെടുത്തു. അതിന് ഞാൻ എപ്പോഴും നന്ദിയുള്ളവളാണ്. ഞാൻ എപ്പോഴും അങ്ങനെ തന്നെയായിരിക്കും. തീർച്ചയായും എന്റെ പരമാവധി ഞാൻ നൽകും, ഞാൻ വാഗ്ദാനം ചെയ്യുന്നു''.
പിന്നാലെ സുബ്ബലക്ഷ്മിയുടെ കുടുംബാംഗങ്ങളെ രശ്മിക സന്ദർശിക്കുന്ന വീഡിയോയും പുറത്തുവന്നു. ഗീതാ ആർട്‌സ്, റോക്ക് ലൈൻ എന്റർടെയിൻമെന്റ്‌സ്, വിഎ4 എന്റർടെയിൻമെന്റ്‌സ് എന്നീ ബാനറുകളിലായി അല്ലു അരവിന്ദ്, റോക്ക്ലൈൻ വെങ്കിടേഷ്, ബണ്ണി വാസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഗൗതം തിന്നനൂരിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുക. സംഗീതസംവിധാനം അനിരുദ്ധ് രവിചന്ദറും. റിപ്പോർട്ടുകൾ പ്രകാരം സായ് പല്ലവി, രുക്മിണി വസന്ത് എന്നിവരെയും ഈ കഥാപാത്രത്തിനായി പരിഗണിച്ചിരുന്നുവത്രെ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rashmika Mandanna is cast as MS Subbulakshmi in the biopic titled 'MS: A Legacy On Screen'. Producer Allu Aravind revealed that Subbulakshmi herself seemingly chose Rashmika for the role.
Published: 18 Sept 2026, 03:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented