പാകിസ്താനിലെ ബാലതാരമായ ഉമർ ഷായുടെ മരണത്തിന്റെ ഞെട്ടലിലാണ് ആരാധകർ. സോഷ്യൽമീഡിയ താരവും കൂടിയായ ഉമറിന്റെ മരണത്തിനുകാരണം ഹൃദയസ്തംഭനമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 15-കാരനായ ഉമറിന്റെ സഹോദരൻ അഹ്മദ് ഷായാണ് മരണം സ്ഥിരീകരിച്ചത്.

തങ്ങളുടെ കുടുംബത്തിലെ തിളങ്ങുന്ന നക്ഷത്രം നമ്മെ വിട്ടുപിരിഞ്ഞുവെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സഹോദരൻ അറിയിച്ചത്. തന്റെ സഹോദരന്റെ ആത്മാവിനായി എല്ലാവരും പ്രാർഥിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

'പീഛേ തോ ദേക്കോ' എന്ന വീഡിയോയിലൂടെയാണ് ഉമർ സോഷ്യൽമീഡിയയിൽ വൈറലായത്. അതിനുശേഷം ഒട്ടേറെ ടിവി പരിപാടികളിൽ അഭിനയിക്കുകയും ചെയ്തു. ഉമറിനൊപ്പം സഹോദരൻ അഹ്മദും പ്രത്യക്ഷപ്പെട്ട ജീതോ പാകിസ്താൻ, ഷാൻ-ഇ-റമസാൻ തുടങ്ങിയ ഷോകൾ വളരെയധികം ജനപ്രിയമായി.

പലതരത്തിലുള്ള ഭംഗിയുള്ള വസ്ത്രങ്ങൾ ധരിച്ചും നിഷ്‌കളങ്കമായി സംസാരിച്ചുമാണ് ഉമർ ആളുകളുടെ മനസ്സിലിടം നേടിയത്. അങ്ങനെ പാക് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ താരമായി മാറി.

ഛർദിയെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത് ശ്വാസകോശത്തിലേക്ക് പ്രവേശിക്കുകയും ശരീരത്തിലെ ഓക്‌സിജൻ വിതരണം തടസ്സപ്പെടുകയും പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. അതിനൊപ്പം തന്നെ വീട്ടിൽ കടുത്തവിഷമുള്ളൊരു പാമ്പിനെ കണ്ടെത്തിയെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ അതും ഉമറിന്റെ മരണവും തമ്മിലുള്ള ബന്ധം വ്യക്തമായിട്ടില്ല.

2023-ൽ ഉമറിന്റെ സഹോദരി അയിഷ മരിച്ചതിനുപിന്നാലെയാണ്, കുടുംബത്തെ തകർത്തുകൊണ്ട് അടുത്ത മരണവുമെത്തുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ തന്നെയായിരുന്നു അയിഷയുടെ മരണത്തിനും കാരണമായത്. ഉമറിന്റെ മരണവിവരം അറിഞ്ഞതോടെ, സെലിബ്രിറ്റികൾ അനുശോചനസന്ദേശങ്ങളുമായി എത്തുകയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi