ബോളിവുഡ് താരം നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി ഇരട്ടക്കൊലപാതകക്കേസിൽ അമേരിക്കയിൽ അറസ്റ്റിലായിരിക്കുകയാണ്. മുന്‍കാമുകനും 35-കാരനുമായ എഡ്വാര്‍ഡ് ജേക്കബും സുഹൃത്ത് 33-കാരിയായ അനസ്‌തേസ്യ എറ്റിയെന്നുമാണ് മരിച്ചത്. അമേരിക്കയിലെ ജമൈക്കയെന്ന സ്ഥലത്താണ് സംഭവം. 

'നിങ്ങളെല്ലാം ഇന്ന് മരിക്കാന്‍ പോവുകയാണ്' എന്ന് ആക്രോശിച്ചുകൊണ്ട് ആലിയ ഫക്രി നവംബര്‍ രണ്ടിന് രാവിലെ കാമുകൻ എഡ്വാര്‍ഡ് ജേക്കബ്‌സിന്റെ വീട്ടിലേക്ക് കയറിവന്നു, പ്രവേശനകവാടത്തിനോടു ചേര്‍ന്നുള്ള ഗ്യാരേജില്‍ തീയിടുകയും ചെയ്തു. സംഭവസമയം മുകള്‍നിലയില്‍ കിടന്നുറങ്ങുകയായിരുന്നു ജേക്കബ്‌സ്. അനസ്‌തേസ്യയും അപ്പോഴവിടെയുണ്ട്. അതിരാവിലെ എല്ലാവരും കിടന്നുറങ്ങുന്ന സമയമായിരുന്നു ഇത്. കാമുകനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമായിരുന്നു ആലിയയ്ക്ക് ഉണ്ടായിരുന്നതെന്ന്  അന്വേഷണസംഘം കരുതുന്നു. 

ആലിയയുടെ ആക്രോശം കേട്ട് പുറത്തിറങ്ങിനോക്കിയ അയല്‍വാസിയാണ് ഗ്യാരേജിന് തീവെച്ചിട്ടുണ്ടെന്ന് ആദ്യം മനസ്സിലാക്കിയത്. ഉടൻ തന്നെ ജേക്കബ്സിനെ അറിയിക്കാന്‍ ശ്രമിച്ചു. ഇതുകേട്ട് താഴെനിലയിലേക്കുവന്ന  അനസ്‌തേസ്യ പരിഭ്രാന്തയായി ജേക്കബ്‌സിനെ വിളിക്കാന്‍ മുകളിലേക്കോടി. പക്ഷേ പുറത്തുകടക്കാന്‍ വഴിയില്ലാത്ത അവസ്ഥയിലായിരുന്നു ഇരുവരും. വിഷപ്പുക ശ്വസിച്ചും പൊള്ളലേറ്റും ഇരുവരും മരിച്ചു. 

പ്ലംബറും മൂന്നു കുട്ടികളുടെ അച്ഛനുമായ ജേക്കബ്‌സ് ഒരുവര്‍ഷം മുമ്പാണ് ആലിയയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. എന്നാല്‍ ആലിയ വീണ്ടും ബന്ധത്തിന് ശ്രമിച്ചു. തന്നില്‍ നിന്ന് മാറിപ്പോവാനും തനിച്ചുവിടാനും ജേക്കബ്‌സ് ആലിയയോട് ആവശ്യപ്പെട്ടിരുന്നുവത്രേ. എന്നാല്‍ ആലിയ അതിന് തയ്യാറായില്ലെന്ന് ജേക്കബ്‌സിന്റെ അമ്മ പറയുന്നു. ജേക്കബ്‌സും അനസ്തേസ്യയും സുഹൃത്തുക്കളായിരുന്നുവെന്നും പ്രണയത്തിലായിരുന്നില്ലെന്നും അമ്മ പറയുന്നു.

ക്വീന്‍സിലാണ് 43-കാരിയായ ആലിയ താമസിച്ചിരുന്നത്. ജനിച്ചതും വളർന്നതും അവിടെത്തന്നെ. ചെക് റിപബ്ലിക്കന്‍ വനിതയായ മേരിയും പാകിസ്താനിയായ മുഹമ്മദ് ഫക്രിയുമാണ് മാതാപിതാക്കൾ. ആലിയയും നര്‍ഗീസും വളരെ ചെറുപ്രായത്തിലായിരിക്കുമ്പോള്‍ തന്നെ അച്ഛനമ്മമാര്‍ വിവാഹമോചനം നേടിയിരുന്നു. 

കൊലപാതകക്കേസ് തെളിയിക്കപ്പെട്ടാല്‍ ആലിയക്ക് ജീവപര്യന്തം തടവായിരിക്കും ശിക്ഷ. മകള്‍ ഒരാളെയും കൊല്ലുമെന്ന് കരുതുന്നില്ലെന്നും എല്ലാവരെയും സഹായിക്കുകയാണ് അവൾ ചെയ്യാറുമെന്ന് അമ്മ പ്രതികരിച്ചു.