1996-ൽ പുറത്തിറങ്ങിയ 'രാജാ ഹിന്ദുസ്ഥാനി' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ 'പർദേസി' (pardesi pardesi) എന്ന ഒറ്റ ഗാനം മതി പ്രതിഭ സിൻഹയെന്ന നടിയെ ഓർമ വരാൻ. സിനിമയും പാട്ടും ഹിറ്റായതോടെ "പർദേസി ഗേൾ" എന്നറിയപ്പെട്ട പ്രതിഭയുടെ സിനിമാ ജീവിതം പക്ഷേ ഹ്രസ്വമായിരുന്നു. മുന്നിലുണ്ടായിരുന്ന തിളക്കമാർന്ന കരിയർ അവർക്കു നഷ്ടമായത് വ്യക്തിപരമായ ചില തിരഞ്ഞെടുപ്പുകളുടെ പേരിലും.

To advertise here,

നടിയും നർത്തകിയുമായ മാലാ സിൻഹയുടെയും നേപ്പാളി നടൻ ചിദംബർ പ്രസാദ് ലൊഹാനിയുടെയും മകളായി ജനിച്ച പ്രതിഭാ സിൻഹ, പാരമ്പര്യത്തിന്റെ കരുത്തിൽ തന്നെയാണ് ബോളിവുഡ് ഇൻഡസ്ട്രിയിൽ പ്രവേശിക്കുന്നത്. കരിഷ്മ കപൂർ, രവീണ ടണ്ടൻ, പൂജ ഭട്ട് തുടങ്ങിയ താരപുത്രിമാർ ബോളിവുഡിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു തുടങ്ങിയ സമയമായിരുന്നു അത്. മാധുരി ദീക്ഷിത് അടക്കമുള്ള നായികമാർ ആധിപത്യം പുലർത്തിയ കാലഘട്ടത്തിൽ, പുതിയ ആളുകൾക്ക് ശ്രദ്ധ നേടാൻ ബുദ്ധിമുട്ടായിരുന്നു.

അങ്ങനെ 1992-ൽ പുറത്തിറങ്ങിയ 'മെഹബൂബ് മേരെ മെഹബൂബ്' എന്ന ചിത്രത്തിലൂടെ പ്രതിഭ അരങ്ങേറ്റം കുറിച്ചു. പക്ഷേ, ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. എങ്കിലും പ്രതിഭയുടെ സ്ക്രീൻ സാന്നിധ്യവും സിനിമാ പശ്ചാത്തലവും കൂടുതൽ പ്രോജക്ടുകൾ നേടാൻ അവരെ സഹായിച്ചു. രണ്ടാമത്തെ ചിത്രം 'കൽ കി ആവാസ്' ആയിരുന്നു. പ്രശസ്ത സംഗീതസംവിധായകർ നദീം-ശ്രാവൺ ടീമിനെ പരിചയപ്പെടുന്നത് ഈ സമയത്താണ്.

രാജാ ഹിന്ദുസ്ഥാനിയാണ് അവർക്ക് ഏറ്റവും ശ്രദ്ധ നേടിക്കൊടുത്തത്. സിനിമയിൽ നായികയല്ലായിരുന്നെങ്കിലും, വൈകാരികത നിറഞ്ഞ ഗാനത്തിലെ പ്രതിഭയുടെ പ്രകടനം ശ്രദ്ധ നേടി. ആ ഗാനം ചിട്ടപ്പെടുത്തിയ സംഗീതസംവിധായകൻ നദീം സെയ്ഫിയുമായുള്ള അടുപ്പം അവരുടെ ജീവിതത്തെയും കരിയറിനെയും എന്നെന്നേക്കുമായി മാറ്റിമറിക്കുന്നതായിരുന്നു.

പ്രതിഭ-നദീം പ്രണയം പല കാരണങ്ങൾ കൊണ്ട് വിവാദമായി. നദീം സെയ്ഫി വിവാഹിതനായിരുന്നു, ഇൻഡസ്ട്രി അത്തരം ബന്ധങ്ങളെ എതിർത്തിരുന്നു. നദീമിനോടുള്ള കടുത്ത പ്രണയവും രഹസ്യകൂടിക്കാഴ്ചകളും കരിയറിൽ നിന്ന് അവരുടെ ശ്രദ്ധമാറ്റിയെന്ന് അന്നത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമ്മ മാലയ്ക്ക് മകൾ പ്രണയത്തിന്റെ പേരിൽ കരിയർ നശിപ്പിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു, അങ്ങനെ പരമാവധി പ്രതിഭയെ ഈ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു അവർ. പക്ഷേ പ്രതിഭ അതിനു വഴങ്ങാൻ തയ്യാറായില്ല. വിവാദങ്ങളും കിംവദന്തികളും പതിയെ പ്രതിഭയ്ക്ക് അവസരങ്ങൾ കുറച്ചു.

1997-ൽ, സിനിമാ-സംഗീത മേഖലയെ ഞെട്ടിച്ച സംഭവമായിരുന്നു സംഗീതജ്ഞൻ ഗുൽഷൻ കുമാറിന്റെ കൊലപാതകം. മുംബൈയിൽ നടന്ന കൊലപാതകത്തിൽ അധോലോകത്തിന് പങ്കുണ്ടെന്നും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് ബന്ധമുണ്ടെന്നും വാർത്തകൾ വന്നു.

പിന്നാലെ, നദീം സെയ്ഫിക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ആരോപിക്കപ്പെട്ടു. പ്രധാന കുറ്റവാളികളിലൊരാളായി മുംബൈ പോലീസ് സംശയിച്ചത് നദീമിനെയായിരുന്നു. എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ച് അദ്ദേഹം ലണ്ടനിലേക്ക് പോയി. ഭാര്യക്കൊപ്പം ലണ്ടനിലാണ് അദ്ദേഹം ആസമയത്ത് കഴിഞ്ഞിരുന്നത്.

നദീമുമായുള്ള വ്യക്തിപരമായ ബന്ധം അപ്പോഴേക്കും പ്രതിഭയേയും വിവാദത്തിലാക്കിയിരുന്നു. എന്നാൽ ഒരു സമയം കഴിഞ്ഞപ്പോൾ നദീമിനെതിരേ പ്രതിഭ നേരിട്ട് രംഗത്തുവന്നു. മുമ്പ് നദീമിനെ വിവാഹം ചെയ്യണമെന്ന് പരസ്യമായി പറഞ്ഞ പ്രതിഭ താനൊരിക്കലും അദ്ദേഹത്തെ പ്രണയിച്ചിട്ടില്ലെന്ന് തിരുത്തിപ്പറഞ്ഞു. മുംബൈയിൽ വാർത്താസമ്മേളനം വിളിച്ച് നദീം തന്നെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്തെന്നും പ്രതിഭ ആരോപിച്ചു. പ്രതിഭയും അമ്മയും തനിക്കെതിരേ നടത്തിയ ഗൂഡാലോചനയാണിതെന്ന് നദീം പിന്നീട് പറഞ്ഞത്.

പ്രതിഭ വൈകാതെ സിനിമകളിൽ നിന്ന് അപ്രത്യക്ഷയായി. വിടവാങ്ങൽ അഭിമുഖങ്ങളോ ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപനങ്ങളോ ഒന്നുമില്ലാതെ പതിയെ സിനിമയിൽ നിന്ന് വിരമിച്ചു. നദീമിനെ പിന്നീട് കോടതി കുറ്റവിമുക്തനാക്കി. ഇപ്പോൾ കുടുംബത്തിനൊപ്പം ലണ്ടനിലാണ് അദ്ദേഹം താമസിക്കുന്നത്. പ്രതിഭ മുംബൈയിലും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi