'ഇന്ന് വിയർപ്പൊഴുക്കി പണിയെടുത്താൽ നാളെ വിശ്രമ ജീവിതം നയിക്കാം', 'വയസ്സുകാലത്തേക്ക് വേണ്ടി ഇപ്പോഴേ വയറു മുറുക്കിയുടുക്കുക' സമ്പത്തുകാലത്ത് തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം.... തലമുറകളായി നമ്മൾ കേട്ടുപഴകിയ സാമ്പത്തിക ഉപദേശങ്ങളാണിതൊക്കെ. റിട്ടയർമെന്റ് കാലത്തെ സുഖസൗകര്യങ്ങൾക്കായി ഇന്നത്തെ സന്തോഷങ്ങളൊക്കെ മാറ്റിവെച്ച്, ബഡ്ജറ്റിന്റെ കടുപ്പമുള്ള ചട്ടക്കൂടുകളിൽ സ്വന്തം ആഗ്രഹങ്ങളെ തടവിലിട്ടവരാണ് നമ്മുടെ മുൻതലമുറ. എന്നാൽ പുതിയ കാലത്തെ മില്ലേനിയലുകളും ജെൻസി (Gen Z) തലമുറയും ഈ പഴയ ചിന്താഗതിയെ പൂർണ്ണമായി പൊളിച്ചെഴുതുകയാണ്. അവരുടെ ഈ പുതിയ സാമ്പത്തിക തത്ത്വചിന്തയുടെ പേരാണ് 'സോഫ്റ്റ് സേവിങ്‌സ്' (Soft Savings).

To advertise here,

എന്താണ് ഈ സോഫ്റ്റ് സേവിങ്സ്? ലളിതമായി പറഞ്ഞാൽ, ഭാവിക്കായി കഠിനമായി പണം ലാഭിക്കുന്നതിന് പകരം, സ്വന്തം മാനസികാരോഗ്യത്തിനും വർത്തമാനകാല ജീവിതാനുഭവങ്ങൾക്കും മുൻഗണന നൽകുന്ന രീതിയാണിത്. 60-ാം വയസ്സിൽ ഒരു വലിയ ബംഗ്ലാവ് പണിയുന്നതിനേക്കാൾ അല്ലെങ്കിൽ ബാങ്ക് ബാലൻസ് കോടികളാക്കുന്നതിനേക്കാൾ, ഇന്നത്തെ ഒരു യാത്രയ്‌ക്കോ, ഇഷ്ടപ്പെട്ട ഒരു കപ്പ് കാപ്പിക്കോ, മാനസികസമാധാനം തരുന്ന ഒരു ഹോബിക്കോ ഇവർ പ്രാധാന്യം നൽകുന്നു. ഇതിനർത്ഥം അവർ പണം മുഴുവൻ ധൂർത്തടിക്കുകയാണെന്നോ ഭാവി പേടിയോടെ കാണുന്നു എന്നോ അല്ല; മറിച്ച്, ഭാവിയിലെ അനിശ്ചിതത്വങ്ങളെക്കാൾ ഇന്നത്തെ സന്തോഷങ്ങൾക്ക് മൂല്യം നൽകുന്നു എന്ന് മാത്രം.

ഇന്നത്തെ ചെറുപ്പക്കാർക്കിടയിൽ ഇത്തരമൊരു മാറ്റം വരാൻ കൃത്യമായ കാരണങ്ങളുണ്ട്. കോവിഡ് കാലം നമ്മളെ പഠിപ്പിച്ച പ്രധാന പാഠം 'ജീവിതത്തിന്റെ അനിശ്ചിതത്വം' ആണ്. നാളെ എന്തെന്ന് ഉറപ്പില്ലാത്ത ലോകത്ത്, ഭാവിയിലേക്ക് മാത്രം എല്ലാം മാറ്റിവെക്കുന്നതിൽ കാര്യമുണ്ടോ എന്ന ചോദ്യം ഉയർന്നു. കൂടാതെ കടുത്ത സാമ്പത്തിക അച്ചടക്കവും 'ഫയർ' (FIRE - Financial Independence, Retire Early) പോലെയുള്ള വെല്ലുവിളികളും ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം ചെറുതല്ല. ഈ സ്‌ട്രെസ്സ് കുറച്ച്, വർത്തമാനകാലത്തെ ആസ്വദിക്കാൻ സോഫ്റ്റ് സേവിങ്‌സ് സഹായിക്കുന്നു.

എന്നാൽ സോഫ്റ്റ് സേവിങസ് എന്നത് തോന്നിയതുപോലെ പണം ചിലവഴിക്കാനുള്ള ലൈസൻസല്ല. ഭാവി തീർത്തും അവഗണിച്ച് ഇന്നത്തെ സന്തോഷം മാത്രം നോക്കിയാൽ, പിൽക്കാലത്ത് അത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. അതിന് പകരം ഇന്നത്തെ സന്തോഷവും ഭാവിയുടെ സുരക്ഷിതത്വവും കൂട്ടിയിണക്കുന്ന ഒരു സാമ്പത്തിക ബാലൻസ് കണ്ടെത്തുകയാണ് വേണ്ടത്.

ഈ ബാലൻസ് എങ്ങനെ കണ്ടെത്താം എന്ന് നോക്കാം:

'50-30-20' ബഡ്ജറ്റിങ് രീതി: നിങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനം അത്യാവശ്യ കാര്യങ്ങൾക്കും (ഭക്ഷണം പോലുള്ള അത്യാവശ്യ ചിലവുകൾ), 20 ശതമാനം ഭാവിക്കായുള്ള നിക്ഷേപങ്ങൾക്കും (എസ്‌ഐപി, എമർജൻസി ഫണ്ട്) മാറ്റിവെക്കുക. ബാക്കി വരുന്ന 30 ശതമാനം നിങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യത്തോടെ ഇന്നത്തെ സന്തോഷങ്ങൾക്കായി (സഞ്ചാരം, ഹോബികൾ, കഫേ സന്ദർശനം) ഉപയോഗിക്കാം.

ഫ്‌ളെക്‌സിബിൾ എസ്ഐപികൾ : ഭാവിക്കായി ചെറിയ തുകകളെങ്കിലും കൃത്യമായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപി വഴി നിക്ഷേപിക്കുക. ചെറിയ തുകയാണെങ്കിൽ പോലും കോമ്പൗണ്ടിംഗിന്റെ ശക്തിയാൽ അത് ഭാവിയിൽ വലിയ തുകയായി മാറും.

'എക്‌സ്പീരിയൻസ് ഫണ്ട്: യാത്രകൾക്കും പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുമായി വരുമാനത്തിൽ നിന്ന് ഒരു ചെറിയ വിഹിതം വേറെ തന്നെ മാറ്റിവെക്കുക. ഇത് കടമെടുക്കാതെ തന്നെ ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ സഹായിക്കും.

ചുരുക്കത്തിൽ, പണം സമ്പാദിക്കുന്നത് ജീവിക്കാനാണ്; ജീവിക്കുന്നത് പണം സമ്പാദിക്കാൻ മാത്രം ആകരുത്. ഭാവിയിലേക്ക് ഒരു സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് തന്നെ, ഇന്നത്തെ ഓരോ ദിവസവും ആസ്വദിച്ചു ജീവിക്കാൻ പഠിക്കുക. കടുപ്പമേറിയ സാമ്പത്തിക നിയമങ്ങൾക്ക് പകരം, അൽപ്പം സാന്ത്വനവും വഴക്കവുമുള്ള ഈ 'സോഫ്റ്റ്' രീതി നിങ്ങളുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കട്ടെ!

സോഫ്റ്റ് സേവിങ്‌സ് (Soft Savings) എന്ന ഈ പുതിയ സാമ്പത്തിക രീതി തിരഞ്ഞെടുക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും കൂടി മനസിലാക്കിയിരിക്കുന്നത് നല്ലതാണ്

മാനസികാരോഗ്യവും സമ്മർദ്ദരഹിതമായ ജീവിതവും:

കടുത്ത സാമ്പത്തിക അച്ചടക്കമോ 'പണം ലാഭിച്ചേ മതിയാകൂ' എന്ന കടുംപിടുത്തമോ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദവും കുറ്റബോധവും കുറയുന്നു. വർത്തമാനകാല ജീവിതം കൂടുതൽ സമാധാനപരവും സന്തോഷകരവുമാകുന്നു.

വർത്തമാനകാല അനുഭവങ്ങൾക്ക് പ്രാധാന്യം

പ്രായം ചെന്ന ശേഷമുള്ള സൗകര്യങ്ങൾക്കായി കാത്തിരിക്കാതെ, ചെറുപ്പകാലത്ത് തന്നെ യാത്രകൾ ചെയ്യാനും, പുതിയ കാര്യങ്ങൾ പഠിക്കാനും, ഇഷ്ടപ്പെട്ട ഹോബികളിൽ ഏർപ്പെടാനും സാധിക്കുന്നു.

സാമ്പത്തികമായി തളർന്നുപോകുന്നത് തടയാം:

പണം ചെലവഴിക്കുന്നതിൽ നിന്ന് പൂർണ്ണമായി മാറിനിൽക്കുന്ന രീതി) ദീർഘകാലം കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. എന്നാൽ സോഫ്റ്റ് സേവിംഗ്‌സ് ചെറിയ ആഗ്രഹങ്ങൾക്ക് പണം ചിലവഴിക്കാൻ അനുവാദം നൽകുന്നതിനാൽ സാമ്പത്തികമായി മടുപ്പ് അനുഭവപ്പെടില്ല.

സ്വയം മെച്ചപ്പെടുത്തലിനുള്ള നിക്ഷേപം

ബാങ്ക് ബാലൻസ് കൂട്ടുന്നതിന് പകരം പുതിയ കഴിവുകൾ പഠിക്കുന്നതിനും (Upskilling), ആരോഗ്യത്തിനും, വ്യക്തിത്വ വികസനത്തിനുമായി പണം ചിലവഴിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നല്ല കരിയർ വളർച്ചയ്ക്ക് കാരണമാകുന്നു.

മാറുന്ന സാമ്പത്തിക യാഥാർത്ഥ്യങ്ങളോടുള്ള പൊരുത്തപ്പെടൽ:

പണപ്പെരുപ്പവും ജീവിതച്ചെലവും വളരെ ഉയർന്ന ഇന്നത്തെ സാഹചര്യത്തിൽ, അപ്രായോഗികമായ വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ വെച്ച് മാനസികമായി തളരുന്നതിനേക്കാൾ പ്രായോഗികമായ ചെറുലക്ഷ്യങ്ങൾ വെക്കാൻ ഇത് സഹായിക്കുന്നു.

ദോഷങ്ങൾ

1. അടിയന്തിര ഘട്ടങ്ങളിലെ പ്രതിസന്ധി

വർത്തമാനകാല സന്തോഷങ്ങൾക്ക് കൂടുതൽ പണം മാറ്റിവെക്കുമ്പോൾ, കയ്യിലുള്ള അടിയന്തിര ഫണ്ടിന്റെ (Emergency Fund) വലുപ്പം കുറയാം. ഇത് പെട്ടെന്നുണ്ടാകുന്ന ജോലി നഷ്ടപ്പെടൽ, ചികിത്സാ ചിലവുകൾ എന്നിവയിൽ വലിയ തിരിച്ചടിയാകും.

2. റിട്ടയർമെന്റ് കാലത്തെ സുരക്ഷിതത്വക്കുറവ്:

ചെറുപ്പകാലത്ത് നിക്ഷേപിക്കുന്ന തുകയ്ക്ക് ലഭിക്കുന്ന 'കോമ്പൗണ്ടിംഗ്' (Compounding) ആനുകൂല്യം പണം കുറച്ച് മാത്രം നിക്ഷേപിക്കുമ്പോൾ നഷ്ടപ്പെടുന്നു. ഇത് പ്രായമാകുമ്പോൾ വലിയൊരു റിട്ടയർമെന്റ് ഫണ്ട് രൂപീകരിക്കുന്നതിന് തടസ്സമാകും.

3. സാമ്പത്തിക അച്ചടക്കമില്ലായ്മയിലേക്ക് നയിക്കാം

'സോഫ്റ്റ് സേവിങസ്' എന്ന പേരിൽ ആഗ്രഹങ്ങൾക്കായി പണം ചെലവഴിക്കുന്നത് ഒരു ശീലമായി മാറിയാൽ, അത് അതിരുകടന്ന ചെലവുകളിലേക്കും ക്രെഡിറ്റ് കാർഡ് കടങ്ങളിലേക്കും വഴിവെച്ചേക്കാം.

4. വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ വൈകുക:

സ്വന്തമായി ഒരു വീട് വാങ്ങുക, സ്വന്തം ബിസിനസ്സ് ആരംഭിക്കുക തുടങ്ങിയ വലിയ ലക്ഷ്യങ്ങൾക്കായി വലിയൊരു തുക സ്വരൂപിക്കാൻ ഈ രീതിയിലൂടെ കൂടുതൽ കാലതാമസമെടുക്കും.

5. സാമ്പത്തിക ആശ്രയത്വം വരാനുള്ള സാധ്യത:

റിട്ടയർമെന്റ് ഫണ്ട് തികയാതെ വരുമ്പോൾ, പ്രായമാകുമ്പോൾ മക്കളെയോ മറ്റുള്ളവരെയോ സാമ്പത്തികമായി ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ ഭാവിയിൽ ഉണ്ടായേക്കാം.

സോഫ്റ്റ് സേവിങ്‌സ് എന്നത് തികച്ചും വ്യക്തിഗതമായ ഒരു തിരഞ്ഞെടുപ്പാണ്. വർത്തമാനകാലത്തെ ആസ്വദിക്കുമ്പോൾ തന്നെ, കൃത്യമായ ഒരു അടിയന്തിര ഫണ്ടും ചെറിയ രീതിയിലെങ്കിലും ദീർഘകാല നിക്ഷേപവും ഉറപ്പാക്കിയാൽ മാത്രമേ ഇതിന്റെ ദോഷങ്ങളെ നമുക്ക് അതിജീവിക്കാൻ കഴിയൂ.

(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com) 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi