പലിശ കൂടുതലായിരിക്കും എന്നറിയാം. ഹിഡന്‍ ചാര്‍ജുകളും ഉണ്ടാകും എന്നതുമറിയാം. എന്നിട്ടും രമേഷ് തവണ വ്യവസ്ഥയില്‍ ഗൃഹോപകരണം വാങ്ങാം എന്നുതീരുമാനിച്ചതു വേറെ മാര്‍ഗമൊന്നും ഇല്ലതിരുന്നതുകൊണ്ടാണ്. വാഷിങ് മെഷിനും കേടായി. ഫ്രിഡ്ജ് നേരത്തെ തന്നെ കേടായതാണ്. തുണികല്ലില്‍ അലക്കുന്നതിന്റെ അലച്ചിലില്‍ ഭാര്യ പരിഭവിച്ചൊന്നുമില്ലെങ്കിലും അത് കണ്ടില്ലെന്ന് നടിക്കാന്‍ രമേഷിനായില്ല.  ഇനിയും ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോകാന്‍ പറ്റില്ല. കയ്യില്‍ പണം എത്തുന്നതുവരെ കാത്തിരിക്കാനും പറ്റില്ല.

ഭാര്യയേയും കൂട്ടി സൃഹൃത്തിന്റെ ഗൃഹോപകരണ ഷോറൂമിലേക്ക് രമേഷ് കയറിചെന്നു. നേരത്തെ മാനേജരോട് സംസാരിച്ചിരുന്നു. തിരിച്ചറിയില്‍ കാര്‍ഡും ഒരു ചെക്കും മാത്രം മതി. ധൈര്യമായി പോന്നോളൂ എന്ന് പറഞ്ഞതനുസരിച്ചാണ് രമേഷ് വന്നത്. ഏറ്റവും പുതിയ മോഡലിലുള്ള വാഷിങ് മെഷിനും ഫ്രിഡ്ജും തിരഞ്ഞെടുത്തു. തവണ വ്യവസ്ഥയില്‍ വാങ്ങാനുള്ള സ്‌കീമിന്റെ അപേക്ഷ ഫോം മാനേജര്‍ തന്നെ പൂരിപ്പിച്ചു. തിരിച്ചറിയില്‍ കാര്‍ഡിന്റെ കോപ്പിയും വാങ്ങി. ഒരഞ്ചുമിനിറ്റ് ഈ വായ്പ ഏര്‍പ്പാടാക്കുന്ന സ്ഥാപനത്തിലേക്ക് ഇതൊന്നു ഇമെയില്‍ ചെയ്‌തോട്ടെ. അഞ്ചുമിനിറ്റിനുള്ളില്‍ വായ്പയ്ക്ക് അനുമതി ലഭിക്കും. മാനേജര്‍ പറഞ്ഞു. രമേഷും ഭാര്യയും മാനേജരുമായി കുശലം പറഞ്ഞിരുന്നു. കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കിക്കൊണ്ടിരുന്ന മാനേജരുടെ മുഖം പെട്ടെന്ന് മങ്ങി. 'സര്‍ ഏതെങ്കിലും വായ്പ കുടിശികയുണ്ടോ.'
'ഇല്ലല്ലോ.' രമേഷ് പറഞ്ഞു.
'സ്വര്‍ണവായ്പ എന്തെങ്കിലും.' വായ്പകള്‍ പലതുണ്ട്. പക്ഷേ അതെല്ലാം കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ട്.
'സോറി സര്‍. ക്രെഡിറ്റ് സ്‌കോര്‍ മോശമായതുകൊണ്ട് വായ്പ നല്‍കാന്‍ കഴിയില്ല എന്നാണ് കമ്പനി പറയുന്നത്. ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല.' മാനേജര്‍ നിസ്സഹായനായി.

രമേഷ് ഞെട്ടിപ്പോയി. ഭാര്യ വലിയ പ്രതീക്ഷയിലാണ്. വാങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ നാണക്കേടുമാകും. കഴുത്തറുപ്പന്‍ പലിശ ഈടാക്കുന്ന ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമായിട്ടുപോലും തനിക്ക് വായ്പ തരാന്‍ അവര്‍ മടിക്കുന്നു. അത്രയ്ക്ക് മോശമാണോ തന്റെ സാമ്പത്തിക നില.  എവിടെയാണ് തകരാര്‍ പറ്റിയതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. മാനേജരുടെ കാബിനില്‍ നിന്ന് പുറത്തിറങ്ങി. ഏതാനും സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞ് അക്കൗണ്ടില്‍ പണം എത്തിച്ചു. അതുകൊടുത്തു ഫ്രിഡ്ജും വാഷിങ് മെഷിനും വാങ്ങി പുറത്തിറങ്ങി.

ഇവിടെ രമേഷിന്റെ കാര്യത്തില്‍ വില്ലനായത് ക്രെഡിറ്റ് സ്‌കോര്‍ ആണ്.

300 മുതല്‍ 900 വരെയാണ് ക്രെഡിറ്റ് സ്‌കോര്‍. 750 നു മേല്‍ ക്രഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കാണ് വായ്പ പൊതുവേ കിട്ടുക. 800 നുമേല്‍ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ മികച്ച നിലയിലാണ്. 750നും 800നു ഇടയിലാണെങ്കില്‍ നല്ല നിലയിലാണ്. 700 നും 750നും ഇടിയിലാണ് സ്‌കോര്‍ എങ്കില്‍ ഭേദപ്പെട്ട നിലയിലാണ് എന്നുപറയാം.

രമേഷിന്റെ ക്രെഡിറ്റ് സ്‌കോര്‍ 650 ആയിരുന്നു. രമേഷിന്റെ കാര്യത്തില്‍ താഴെപറയുന്നവയില്‍ ഏതെങ്കിലും സംഭവിച്ചിട്ടുണ്ടാകാം.

  1. ഏതെങ്കിലും വായ്പയുടെ തിരിച്ചടവോ പുതുക്കി വയ്ക്കലോ വൈകിയിട്ടുണ്ടാകാം. ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചിട്ടുണ്ടാകാം. സ്വര്‍ണപണയ വായ്പകള്‍ പലതും കാലാവധികഴിഞ്ഞ് നോട്ടീസ് കിട്ടുമ്പോള്‍ മാത്രമാണ് പലരും പുതിക്കിവയ്ക്കുന്നത്.
  2. രമേഷ് ഗാരന്റി നിന്നിട്ടുള്ള വായ്പയുടെ തിരിച്ചടവ് വായ്പ എടുത്തയാള്‍ മുടക്കിയിട്ടുണ്ടാകും.
  3. ക്രെഡിറ്റ് കാര്‍ഡിലെ പരിധി എല്ലാ മാസവും പൂര്‍ണായി ഉപയോഗിച്ചു തീര്‍ക്കുന്നുണ്ടാകും.
  4. ക്രെഡിറ്റ് കാര്‍ഡ് ബില്ല് ഇടയ്ക്കിടയ്ക്ക് മുടങ്ങുന്നുണ്ടാകും.
  5. വായ്പ അടച്ചുതീര്‍ത്തുവെങ്കിലും ബാങ്കിലെ അക്കൗണ്ടില്‍ അത് വരവ് വെച്ചിട്ടുണ്ടാകില്ല. 

ഇതില്‍ ഏതാണ് സംഭവിച്ചത് എന്ന് രമേഷ് കണ്ടുപിടിച്ച് അത് പരിഹരിക്കണം. ഇതിന് ക്രെഡിറ്റ് റിപ്പോര്‍ട്ട് വാങ്ങി പരിശോധിച്ച് നോക്കണം.ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി പേയ്‌മെന്റ് നല്‍കിയാല്‍ ക്രെഡിറ്റ് റിപ്പോര്‍ട്ട് ലഭിക്കും. ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഇനി പറയുന്ന കാരണങ്ങളിലേതെങ്കിലും മൂലമാണ് രമേഷിന്റെ ക്രെഡിറ്റ് റേറ്റിങ് മോശമായതെങ്കില്‍ അവ പരിഹരിക്കാനുള്ള നടപടികളും തുടങ്ങണം.

1. വായ്പാ തരിച്ചടവ് ഇടയ്ക്കിടയ്ക്ക് മുടങ്ങുന്നു.

എന്തുകൊണ്ടാണ് വായ്പകളുടെ മാസതവണ മുടങ്ങാതെ അടയ്ക്കാന്‍ പറ്റാത്തത് എന്ന് പരിശോധിക്കണം. വരവും ചെലവും തമ്മിലുള്ള അന്തരമാണോ കാരണം. എത്ര പരിശ്രമിച്ചിട്ടും അടവിനുള്ള പണം കണ്ടെത്താന്‍ കഴിയാത്തതാണോ കാരണം. എങ്കില്‍ ചെലവ് നിയന്ത്രിക്കാന്‍ ശ്രമിക്കണം. നടക്കുന്നില്ലെങ്കില്‍ അധിക വരുമാനത്തിനുള്ള മാര്‍ഗങ്ങള്‍ തേടണം. അല്ലെങ്കില്‍ ഇ.എം.ഐ കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തേടണം. ബാങ്കുമാനേജരുമായി നേരിട്ട് സംസാരിച്ച് വായ്പയുടെ കാലാവധി നീട്ടിക്കിട്ടാന്‍ മാര്‍ഗമുണ്ടോ എന്ന് അന്വേഷിക്കാം. ഉദാഹരണത്തിന് അഞ്ചുവര്‍ഷത്തെ പേഴ്‌സണല്‍ ലോണ്‍ എടുത്തിട്ടുണ്ട്. തിരിച്ചടവ് തുടങ്ങിയിട്ട് 2.5 വര്‍ഷം കഴിഞ്ഞു. ബാങ്കുമായി സംസാരിച്ച് ഈ വായ്പ ക്ലോസ് ചെയത് അഞ്ചുവര്‍ഷത്തേക്ക് അതേ തുകയ്ക്ക് ഒരു പുതിയ വായ്പ എടുത്താല്‍ പ്രതിമാസ ഇ.എം.ഐ പകുതിയായി കുറയ്ക്കാം.

2.വായ്പയ്ക്ക് ജാമ്യം നിന്നിട്ടുണ്ടെങ്കില്‍, വായ്പയെടുത്തയാള്‍ തിരിച്ചടവ് മുടക്കിയാൽ

ആളെ നേരിട്ട് കണ്ട് കാര്യം സംസാരിക്കണം. ഇനി തിരിച്ചടവ് കുടിശിക വരുത്തുന്നത് തന്നെയും ബാധിക്കുന്നു എന്നകാര്യം ബോധ്യപ്പെടുത്തണം.

3. ക്രെഡിറ്റ് കാര്‍ഡ് പരിധി എല്ലാമാസവും പൂര്‍ണമായി ഉപയോഗിക്കുന്നു

എല്ലാ മാസവും ഒരു നിശ്ചിത തുക വരെയേ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് ഉപയോഗിക്കാന്‍ കഴിയൂ. ഇത്തരത്തില്‍ ഒരു പരിധി നേരത്തെ നിശ്ചയിച്ചിട്ടുണ്ടാകും. ഈ പരിധി സ്ഥിരമായി എല്ലാ മാസവും പൂര്‍ണമായി നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ അതിര്‍ഥം നിങ്ങള്‍ പണത്തിന് നന്നായി ബുദ്ധിമുട്ടുന്നുണ്ട് എന്നാണ്. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മോശമാക്കും. ക്രെഡിറ്റ് പരിധിയുടെ 50 ശതമാനത്തില്‍ കൂടുതല്‍ ഉപയോഗം വരുത്താതെ നോക്കുക.

4. ക്രെഡിറ്റ് കാര്‍ഡ് ബില്‍ മുടങ്ങുന്നു

ക്രെഡിറ്റ് കാര്‍ഡ് ബില്ല് മുടങ്ങുന്നത് എന്തുകൊണ്ടാണ് എന്ന പരിശോധിച്ച് അതിന് സ്വയം പരിഹാരം കണ്ടെത്തണം. കെെയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് എങ്കില്‍ ഉപഭോഗവും ചെലവുകളും അതിനനുസരിച്ച് ക്രമീകരിക്കണം.

5. അടച്ചുതീര്‍ത്ത പല വായ്പകളും കുടിശികയായി കാണിച്ചിരിക്കുന്നു

എതൊക്കെ വായ്പകളാണ് ഇതെന്ന് കണ്ടെത്തി അതത് ബാങ്കുകളില്‍ നേരിട്ട് പോയി ക്ലോസ് ചെയ്യിപ്പിക്കണം. മാത്രമല്ല ക്ലോസ് ചെയ്തു എന്നുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങണം. കൂടാതെ വായ്പ ക്ലോസ് ചെയ്തിട്ടുണ്ട് എന്നുള്ള വിവരം ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയെ ബാങ്ക് നേരിട്ട് ധരിപ്പിച്ചു എന്ന് ഉറപ്പാക്കണം.

(ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍: 9447667716. ഇ-മെയില്‍: jayakumarkk8@gmail.com)