ബിഗ്ബി അമിതാഭ് ബച്ചന്റെ കുടുംബത്തിന് ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ബച്ചന്റെ അമ്മ തേജി ബച്ചന്റെ സുഹൃത്തായിരുന്നു മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. ഇന്ദിരയുടെ കൊച്ചുമകൾ കൂടിയായ പ്രിയങ്കാ ഗാന്ധിയെ അവർ ഹിന്ദി പഠിപ്പിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നിർബന്ധപ്രകാരം ഒരിക്കൽ ബച്ചൻ കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങി. 1984-ൽ ഇന്ദിര അന്തരിക്കുമ്പോൾ അദ്ദേഹമൊരു വലിയ താരമാണ്. അതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലായിരുന്നു ബച്ചന്റെ എൻട്രി. പ്രമുഖ നേതാവായിരുന്ന ഹേമവതി നന്ദൻ ബഹുഗുണയെ പരാജയപ്പെടുത്താൻ വേണ്ടിയാണ് രാജീവ് ഗാന്ധി സാക്ഷാൽ ബച്ചനെത്തന്നെ രംഗത്തിറക്കിയതെന്ന്  രാഷ്ട്രീയ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ തവ്‌ലീൻ സിങ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.

കരിയറിൽ മിന്നിനിൽക്കവേ, അഭിനയ ജീവിതത്തിന് താൽക്കാലിക വിരാമമിട്ട ബച്ചൻ യുപിയിലെ ജന്മനാടായ അലഹബാദിൽ (ഇപ്പോൾ പ്രയാഗ്‌രാജ്) നിന്ന് എച്ച്.എൻ ബഹുഗുണയെ വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.

ഇന്ത്യയിൽ ഇത്രമാത്രം ദാരിദ്ര്യമുണ്ടെന്ന് തനിക്ക് യാതൊരറിവും ഉണ്ടായിരുന്നില്ലെന്ന് ഒരിക്കൽ ബച്ചൻ തന്നോടു പറഞ്ഞുവെന്ന് തവ്‌ലീൻ പറയുന്നു. തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ബച്ചനെ അഭിമുഖം ചെയ്തിരുന്നു അവർ. രാജ്യത്തിന്റെ അവസ്ഥ കണ്ട് താൻ “ഞെട്ടിപ്പോയി” എന്നും അദ്ദേഹം പറഞ്ഞുവത്രേ.

1987-ൽ അമിതാഭ് തന്റെ രാഷ്ട്രീയ ജീവിതം പെട്ടെന്നവസാനിപ്പിച്ചു. ഗാന്ധി കുടുംബവുമായുള്ള അകൽച്ചയാണ് ഇതിന് കാരണമെന്ന് തവ്‌ലീൻ വിശ്വസിക്കുന്നു. ഇതിലേക്ക് വഴിവെച്ചത് കുപ്രസിദ്ധമായ ബോഫോഴ്സ് അഴിമതിയാണെന്നും. തവ്‌ലീൻ പറയുന്നതിങ്ങനെ- “ഞാൻ മനസ്സിലാക്കിയതനുസരിച്ച്, ബോഫോഴ്സ് കോഴ വിവാദം ബച്ചൻ കുടുംബത്തിന്റെ തലയിൽ കെട്ടിവെക്കാൻ ഗാന്ധി കുടുംബം ശ്രമിച്ചപ്പോൾ അദ്ദേഹത്തിന് വലിയ വിഷമമുണ്ടായി, കാരണം അദ്ദേഹത്തിന്റെ പിതാവിന് അതിൽ കടുത്ത അമർഷമുണ്ടായിരുന്നു. സ്വന്തം മുഖം കണ്ണാടിയിൽ നോക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. ബച്ചന് വീണ്ടും ജയിക്കാനാവുമായിരുന്നു, എങ്കിലും ഇത് തനിക്കുള്ളതല്ലെന്ന് അദ്ദേഹം തീരുമാനിച്ചു.”

ഇന്ത്യയുമായുള്ള ആയുധകരാറിനായി സ്വീഡിഷ് ആയുധ നിർമ്മാതാക്കളായ എബി ബോഫോഴ്സ് മുൻനിര ഇന്ത്യൻ രാഷ്ട്രീയക്കാർക്ക് 64 കോടി രൂപയുടെ കൈക്കൂലി നൽകിയെന്നാണ് ആരോപിക്കപ്പെടുന്നത്. രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ കുടുംബസുഹൃത്തും ഇറ്റാലിയൻ വ്യവസായിയുമായ ഒട്ടാവിയോ ക്വത്രോച്ചിയും ഉൾപ്പെടെയുള്ളവരാണ് പ്രതിചേർക്കപ്പെട്ടവർ.

“തന്റെ ഭാര്യയുടെ കുടുംബത്തിനും ക്വത്രോച്ചിയുടെയും മേൽ പഴിപോകുമെന്ന ഭയം രാജീവ് ഗാന്ധിക്കുണ്ടായിരുന്നു. ഇറ്റലിയിൽ ജനിച്ച സോണിയാഗാന്ധിയുടെ അടുത്ത കുടുംബസുഹൃത്തായിരുന്നു ക്വത്രോച്ചി. ബച്ചനെ പ്രതിരോധിക്കാൻ അദ്ദേഹം തയ്യാറാവാത്തതിനാലാണ് യഥാർത്ഥത്തിൽ അകൽച്ചയുണ്ടായതെന്ന് ഞാൻ കരുതുന്നു,”-അവർ അവകാശപ്പെട്ടു. 

20 വർഷങ്ങൾക്ക് ശേഷം 2012-ലാണ് ബോഫോഴ്സ് അഴിമതിയിൽ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് കിട്ടിയത്. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi