കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥ വെച്ച് ഒട്ടും പ്രസവ സൗഹൃദ മാസങ്ങളല്ല മാര്‍ച്ച് മുതല്‍ മെയ് വരെ. പ്രത്യേകിച്ചും പ്രസവ ശുശ്രൂഷയ്ക്കും വിശ്രമത്തിനും. കൊടുംചൂടത്തു നടു നിവര്‍ത്തി ഒന്നുറങ്ങാന്‍ പോലും പറ്റിയെന്നു വരില്ല. അങ്ങനെയുള്ള മാര്‍ച്ചിലെ നാലാം തീയതി രണ്ടാമതും ഞാനൊന്നു പെറ്റു. പെണ്‍കുഞ്ഞിനെ കൊണ്ട് ചെന്നില്ലെങ്കില്‍ വിവരമറിയുമെന്ന് ഭീഷണി മുഴക്കിയ ചേച്ചി പെണ്ണിന്റെ മുഖമായിരുന്നു മനസ്സില്‍ നിറയെ. പെണ്‍കുഞ്ഞാണെന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ 10 മണിക്കൂര്‍ നീണ്ട വേദനയ്ക്കും 10 മാസം നീണ്ട ഭീഷണിക്കും മുന്നില്‍ അറിയാതെ ഒരു 'ഹാവൂ' അങ്ങ് വന്നു. അരികില്‍ നിന്ന കെട്ടിയോനെ നോക്കി ഇന്നായിരുന്നേല്‍ 'എടാ മോനെ, പാതി രക്ഷപെട്ടു' എന്ന് തര്‍ജമ ചെയ്യാവുന്ന ഒരു ഭാവവും എന്നില്‍ നിന്നുണ്ടായി.

To advertise here,

വീട്ടിലെത്തി സൂതിക ജീവിതത്തിന്റെ രണ്ടു മാസങ്ങള്‍ കൊടുംചൂടില്‍ തള്ളി നീക്കാന്‍ പെട്ടപാട് ചില്ലറയല്ല. അതിനൊപ്പം ഇടവും വലവും ചേര്‍ത്തി അഞ്ചു  വയസുള്ള ചേച്ചിയേയും ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞാവയെയും ഉറക്കുക എന്ന ദൗത്യവും. സുഖമില്ലാത്ത സുഖപ്രസവം കഴിഞ്ഞ ദിവസം തന്നെ തന്റേത് മാത്രമായിരുന്ന അമ്മയുടെ കൂടെ കുഞ്ഞാവയ്‌ക്കൊപ്പം കിടക്കണമെന്ന് കുഞ്ഞി ചേച്ചി വാശി പിടിച്ചു. വീട്ടിലെത്തിയിട്ടും സ്ഥിതി മാറിയില്ല. രാത്രികളില്‍ പാലു കൊടുത്ത് ഒരാളെ മാറോടടക്കി പിടിച്ചും അതേ സമയം മറ്റൊരാളെ മടിയില്‍ കിടത്തിയും ഉറക്കണം. ചേച്ചിക്ക് കഥകള്‍ കേട്ട് ഉറങ്ങി ശീലമുള്ളതിനാല്‍ കഥ പറയണം. ക്ഷീണോം വേദനേം ഒരുമിച്ച് മത്സരിക്കുമ്പോള്‍ പലപ്പോഴും കഥകള്‍ മുറിയും. 

കഞ്ഞിയും കറിയും വെച്ച് കളിക്കാനും ചിത്രം വരയ്ക്കാനും റീല്‍ ചെയ്യാനും കൂടെ വരാന്‍ കുഞ്ഞി ചേച്ചി വാശി പിടിച്ചു തുടങ്ങി.  കുളിപ്പിക്കാനും കഴിപ്പിക്കാനും എല്ലാത്തിനും അമ്മ വേണമെന്ന നിര്‍ബന്ധവും. ഒരു പുതിയ കുഞ്ഞു കൂടെ വരുമ്പോള്‍ മൂത്ത കുട്ടിയ്ക്ക് ഉണ്ടാവുന്ന ചില മാനറിസങ്ങളാണിവയെല്ലാമെന്ന് പറയേണ്ടതില്ലല്ലോ. വേറെയാരും വേണ്ടെന്ന് ഒറ്റ കാലില്‍ നിന്നു കളയും അവര്‍. നമ്മള്‍ എന്തൊക്കെ പറഞ്ഞു പഠിപ്പിക്കാന്‍ നോക്കിയാലും അമ്മ എന്റേത് കൂടിയാണെന്നു ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. 

അമ്മ മനസ്  ഇതില്‍ പെട്ട് ഒന്ന് ഉഴലാതെയില്ല. കൂടെ കളിക്കാന്‍ ഒരുപാട് കൂട്ടുകാരുള്ള നാട്ടിന്‍പുറവും, കഥകള്‍ പറയാനും വാരിയെടുക്കാനും കുറേ ബന്ധുക്കളുള്ള വീടും ഇന്ന് കുട്ടികള്‍ക്ക് അന്യമാണ് (പേളി മാണിയോട് അസൂയ തോന്നുന്ന ഒന്ന് അതാണ്). കെട്ടലോകത്തെ പേടിച്ചു നമ്മള്‍ കുഞ്ഞുങ്ങളെ എങ്ങോട്ടും വിടാറുമില്ല. ഫോണും ടിവിയും റീല്‍സും വ്‌ളോഗും കണ്ട് കുഞ്ഞുങ്ങള്‍ സമയം ചെലവിടും. കൂടെ കളിക്കാനും വാരിയെടുക്കാനും ആളുകള്‍ കുറയുമ്പോള്‍ അച്ഛനും അമ്മയിലും മാത്രമായി ഒതുങ്ങുന്നു കുഞ്ഞുങ്ങള്‍. കളിക്കാനും കുളിക്കാനും കഴിപ്പിക്കാനും അമ്മ /അച്ഛന്‍ തന്നെ വേണമെന്ന് അവര്‍ ശഠിക്കുമ്പോള്‍ മുഖം തിരിക്കുന്നതെങ്ങനെ? 

പലപ്പോഴും അമ്മമാര്‍ രംഗണ്ണനെ പോലെ സെക്കന്‍ഡുകള്‍ കൊണ്ട് കലി തുള്ളുന്ന കാളിയായും ഞൊടിയിടയില്‍ സ്‌നേഹമയിയായ മാലാഖയായും മാറിക്കളയും. പല ഭാവങ്ങളില്‍ കൂടിയുള്ള ഒരു സ്വിച്ചിങ്. പോസ്റ്റ് പാര്‍ട്ടം ബ്ലൂസ്, ഡിപ്രഷന്‍ എന്നീ അവസ്ഥകളുടെ ഒരു മിന്നായമെങ്കിലും കാണാത്ത അമ്മമാര്‍ കുറവായിരിക്കും.  ഒരുവിധം അമ്മമാരെല്ലാം ഇതേ സാഹചര്യങ്ങളിലൂടെ കടന്നു വന്നവരായിരിക്കും. അല്ലെങ്കിലും അമ്മമാരെ പരുവപ്പെടുത്തുന്നതും പഞ്ഞിക്കിടുന്നതും കുഞ്ഞുങ്ങളല്ലാതെ വേറെയാര്?

താത്വികമായ ഒരു അമ്മ ലൈഫ് അവലോകനം ആണെങ്കില്‍ അതിങ്ങനെയൊക്കെയാണ്. കുഞ്ഞികൊഞ്ചലും പാല്‍പുഞ്ചിരിയും അതിന്റെ കൂടെ കുറച്ച്  ഇമ്മിണി ബല്യ കൊഞ്ചലും നിറഞ്ഞ ദിനങ്ങളാണ് കടന്നു പോകുന്നത്.  

ഇനി പച്ചയായ ചില വെല്ലുവിളികളിലേക്ക് ഒന്ന് കണ്ണോടിക്കാം. അമ്മയുടെ  കുമ്പയിലെ കുഞ്ഞാവ പുറത്ത് വരാന്‍ കാത്തിരുന്ന ചേച്ചിയ്ക്ക് ആളിങ്ങു പുറത്ത് എത്തിയതോടെ സ്‌നേഹം കാണിക്കേണ്ടത് എങ്ങനൊക്കെ എന്ന് കണ്‍ഫ്യൂഷന്‍... തൊട്ടും പിടിച്ചും അമര്‍ത്തി ഉമ്മ വെച്ചും നോക്കുമ്പോള്‍ കുഞ്ഞു കരച്ചില്‍ പൊന്തി വരും . 'ഇതാണോ എന്റെ കൂടെ കളിക്കും എന്ന് പറഞ്ഞേ, തൊടുമ്പോഴേക്കും കരച്ചില്‍ ആണല്ലോ.'  കുഞ്ഞി ചേച്ചി തന്റെ ആകുലത കുഞ്ഞനിയത്തി ജനിച്ചു രണ്ടാം ദിവസം തന്നെ പങ്കു വെച്ചു. അത് കുഞ്ഞല്ലേ, ഇത്തിരി വലുതാവണ്ടേ എന്ന് ചോദിച്ച് രംഗം ശാന്തമാക്കിയെങ്കിലും പിറ്റേന്നേക്ക്  തന്നെ കുഞ്ഞിനെ വലുതാക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ കുഞ്ഞേച്ചി തയ്യാറാക്കിയിരുന്നു.  രാവിലെ കുഞ്ഞേച്ചി പാല്‍ കുടിക്കുമ്പോള്‍ തന്നെ കുഞ്ഞാവക്ക് ഹോര്‍ലിക്‌സ് കൊടുക്കണം കാരണം അത് കഴിച്ചാല്‍ ' ടോളര്‍, സ്‌ട്രോങ്ങര്‍ ആന്‍ഡ് ഷാര്‍പ്പര്‍ ' ആകുമെന്ന് യൂട്യൂബ് പരസ്യങ്ങള്‍ അവളെ പഠിപ്പിച്ചിരുന്നു. അന്ന് രാവിലെ, ' പ്ലാന്‍ കെ മുത്താബിക്ക് ' ചേച്ചി രണ്ടു മൂന്ന് തരികളുമായി വാവയുടെ അടുത്തെത്തി. അത് കൊടുത്ത് വാവയെ പെട്ടെന്നു കളിക്കൂട്ടിനു വളര്‍ത്തിയെടുക്കലാണ് ലക്ഷ്യം.  സദുദ്ദേശപരമായ ഒരു പ്രവര്‍ത്തിയാണെങ്കിലും  അതിലെ അപകട സാധ്യത ഒരു കുഞ്ഞിന് വ്യക്തമാക്കി കൊടുക്കാന്‍ ഇത്തിരി പാടുപെടും. പ്രത്യേകിച്ച് അതിലും തന്റെ നിസീമമായ സ്‌നേഹം എടുത്തിടുന്ന ചേച്ചിയാണെങ്കില്‍. 'രണ്ടു  പൊടിയല്ലേ എടുത്തുള്ളൂ, ഒരു സ്പൂണ്‍ ഒന്നും ഇല്ലല്ലോ' എന്ന മറുപടിയാണെങ്കില്‍ പെട്ടു പോകും. പിന്നെയും നമ്മള്‍ കാര്യം പറഞ്ഞു ഒരുവിധം ഓക്കെ ആക്കിയെന്നു കരുതുക. വെല്ലുവിളികള്‍ അവിടെ അവസാനിക്കുന്നില്ല. 

ലോകത്തെ ഒരുവിധം അമ്മമാരൊക്കെ (മലയാളികള്‍ എങ്കിലും) നവജാത ശിശുക്കളെ ഉറക്കാനായി പാടുന്ന  ചില പ്രത്യേക വായ്ത്താരികളും സ്വരങ്ങളും ഉണ്ട്. നല്ല മൂഡില്‍ പണ്ടത്തെ  ഓമന തിങ്കളും, ഉണ്ണി വാവോയും തുടങ്ങി സിതാര കൃഷ്ണകുമാറിന്റെ മാനത്തെ അമ്പിളി വരെ പാടിയിട്ടും കുഞ്ഞാവ കണ്ണും തുറന്നു കിടക്കുകയാണെങ്കില്‍ പ്രയോഗിക്കുന്ന ചിലത്. അവ  ഇപ്രകാരം ആവുന്നു... വാവോ... വാവോ... വാവോ.... ഓ... ഓ... ആരിരോ... രാരിരോ....ഇവയുടെ ഉച്ച സ്ഥായിയും നീച സ്ഥായിയും നിര്‍ണയിക്കുക അമ്മമാരുടെ ഉറക്ക ചടവും ക്ഷമയുമായിരിക്കും . എന്തൊക്കെ പറഞ്ഞാലും അമ്മമാരുടെ എന്ത് പാട്ടും കുഞ്ഞുങ്ങള്‍ സഹിക്കും. അവസാനം ഉറങ്ങും. അവര്‍ക്ക് അമ്മയുടെ സ്വര ശുദ്ധി ഒന്നുമല്ല വിഷയം, അമ്മയുടെ ശബ്ദ സാന്നിദ്ധ്യം മാത്രം. എന്നാലിത് കുഞ്ഞിന് ബുദ്ധി വെയ്ക്കുന്ന കാലം വരെ മാത്രമെന്ന് അമ്മമാര്‍ മറക്കരുത്. ഇതെന്നെ ഓര്‍മിപ്പിച്ച ഒരു സംഭവമുണ്ടായി. പല പാട്ടുകളും പയറ്റി അടയാത്ത കുഞ്ഞി കണ്ണില്‍ നോക്കി വാവോ... വാവോ... ആരംഭിച്ച വേളയില്‍  സ്‌നേഹ സ്വരൂപയായ ചേച്ചിയുടെ മാസ് എന്‍ട്രി. 'അമ്മയിങ്ങനെ പാടിയിട്ടാ കുഞ്ഞുറങ്ങാത്തത്. എന്തൊരു പാട്ടാ ഇത്.' എന്നിലെ അമ്മ മനം അപമാനത്താല്‍ പിടഞ്ഞു. ഇതൊക്കെ കേട്ടാ നീയും ഉറങ്ങിയതെന്നു പറയാന്‍ ധൈര്യം കിട്ടിയില്ല. അല്ലെങ്കിലേ നിര്‍ത്തിയങ്ങു അപമാനിക്കുമ്പോ പിന്നെ എന്തിന് ഇരട്ടി വാങ്ങണം.

പിന്നെ ചേച്ചി തൊട്ടിലിന്റെ നിയന്ത്രണം ഏറ്റെടുത്തു.. എന്നിട്ടു തുടങ്ങി. 'ചായ പാനി തപ്പിലെ റോഡരികെ... എന്‍ പ്രേമിപ്പുഴു.... നീ സുമ്മാ സേര്‍ന്തിരിക്കെ .... ' , പ്രേമിപ്പുഴു ഫുള്‍ ചാര്‍ജില്‍ ആണ്. 'പനിച്ചങ്ങു കേറണേ.. ചേച്ചീടെ പാരസെറ്റമോളാ...' കൂടെ മമിതയുടെ നാലു സ്റ്റെപ്പും. ക്ഷീണോം വയ്യായ്‌കേം മറന്നു ചിരി പൊട്ടി പോയി. ഇതെല്ലാം കേട്ട് തൊട്ടിലില്‍  അന്തം വിട്ടിരിക്കുന്ന കുഞ്ഞാവ അമ്മയുടെ അഭിമാനം സംരക്ഷിച്ചു. മെല്ലെ കരയാന്‍ തുടങ്ങി. 'അതിഷ്ടായില്ല തോന്നണു, വേറെ പഠിച്ചിട്ടു വരാമെന്ന് 'പറഞ്ഞ്  തല്കാലം ചേച്ചി സ്ഥലം വിട്ടു. ഇവിടം കൊണ്ടൊന്നും തീരുന്നില്ല സംഭവ വികാസങ്ങള്‍. അനുഭവിക്കുമ്പോ ക്ഷമേടെ നെല്ലിപലക കാണുമെങ്കിലും ഇത്തരം പല  അനുഭവങ്ങളിലൂടെയും കടന്നു പോവേണ്ടി വരുന്നുണ്ട് ഗയ്‌സ്.

മാതൃത്വം എന്നത്  പ്രസവിച്ചാല്‍ മാത്രം കൈ വരുന്ന ഒന്നാണെന്നു കരുതുന്നില്ല. അന്തര്‍ലീനമായ  ഒരു  ഭാവമാണതെന്നാണ് എന്റെ വിശ്വാസം. കുഞ്ഞുങ്ങളെ സ്‌നേഹിക്കാന്‍, അമ്മ മനസുള്ള ആര്‍ക്കും സാധിക്കും.

നിഷ്‌കളങ്കരായ  ഗുരുക്കന്മാരാണ്  കുഞ്ഞുങ്ങള്‍ എന്നത് മറ്റൊരു വിശ്വാസം. അവര്‍ നമ്മെ പലതും പഠിപ്പിക്കും. ഉദാത്തമായി സ്‌നേഹിക്കാന്‍, ക്ഷമയോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍, മതി മറന്നു ചിരിക്കാന്‍, ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കാന്‍ അങ്ങനെയങ്ങനെ. കുഞ്ഞുങ്ങളാണ് അമ്മമാരെ സൃഷ്ടിക്കുന്നത്. ഉണ്ണിയെ കണ്ടപ്പോള്‍ ഇടശ്ശേരിയുടെ പൂതത്തിന്റെ നെഞ്ചില്‍ ഒരിക്കിളി തോന്നിയതും ജിയുടെ ആനറാഞ്ചി പക്ഷിക്ക് കുഞ്ഞു വിരല്‍ നെഞ്ചില്‍ കൊണ്ടപ്പോള്‍  ആര്‍ദ്രത തോന്നിയതും  അതുകൊണ്ടാണല്ലോ. പെറ്റമ്മ ഉണ്ണിയെ സ്വന്തമാക്കുമ്പോള്‍ നമുക്ക് മാതൃഭാവം പൂണ്ട പൂതത്തോട് ഒരലിവ് തോന്നിയിട്ടില്ലേ? ചന്ദനമരത്തിലെ പോന്നോമനയെ കാണാതായപ്പോള്‍ തല തല്ലി മരിച്ച ആനറാഞ്ചി നമ്മെ വേദനിപ്പിച്ചിട്ടില്ലേ?

കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ ഓരോ അമ്മയും വളരുകയാണ്. പുതിയ പാഠങ്ങളും തിരിച്ചറിവുകളുമുണ്ടാവുകയാണ്. ഫോര്‍ എക്‌സാമ്പിള്‍ കുഞ്ഞിന്റെ കരച്ചിലുകളെല്ലാം പാലില്ലായ്മ മൂലമല്ലെന്നും, തിളച്ച വെള്ളം വയറില്‍ ഒഴിച്ചാല്‍ ഒരു കുന്തോം കുറയില്ലെന്നും ആരോടൊക്കെയോ വിളിച്ചു പറയാനുള്ള രീതിയില്‍ നമ്മള്‍ വളരും. ഓരോ കുഞ്ഞും ഓരോ അമ്മയും വ്യത്യസ്തരാണെന്ന പാഠം ഉള്‍ക്കൊള്ളും. അത്തരം ഒരുപാട് അമ്മമാരുടെ വാക്കുകള്‍ ഓരോ പുതിയ അമ്മമാര്‍ക്കും ശക്തി പകരും. 

കുഞ്ഞുങ്ങള്‍ക്കൊപ്പം ജീവിക്കുമ്പോള്‍ വെല്ലു വിളികള്‍ സൃഷ്ടിക്കുന്ന ഒരുപാട് ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടി വരുമെങ്കിലും കുഞ്ഞുങ്ങള്‍ ഒരു മാജിക്കാണ്. വാക്കുകളും പ്രവര്‍ത്തികളും സ്‌നേഹവും കൊണ്ട് ഒടുവില്‍ അവര്‍ നമ്മളെയങ്ങു സുഖപ്പെടുത്തി കളയുന്നു. തൊട്ടിലിലെ കുഞ്ഞിനുറങ്ങാന്‍ ചേച്ചി 'താമര കണ്ണന്‍ ഉറങ്ങേണവുമായി' എത്തിയിട്ടുണ്ട്. ഇത്തവണ അലക്‌സയുടെ  സഹായത്തോടെ താരാട്ടു പാട്ടൊക്കെ തപ്പിയാണ് പഠിച്ചിരിക്കുന്നത്. അത് കേട്ട്  വാവ ചിരിക്കുന്നു. എത്ര പെട്ടന്നാണ് എന്റെ പ്രേമിപ്പുഴു മിടുക്കി ചേച്ചിയായത്. നമ്മുടെ  പ്രേമിക്കുഡു കുഞ്ഞാവകള്‍  ഇങ്ങനെയൊക്കെ അങ്ങ് ചേര്‍ന്ന് സന്തോഷിക്കുമ്പോള്‍  അമ്മമാരും സീറോ ഡിഗ്രി  കൂള്‍!!!

ഒരു മണിക്കൂറിനിപ്പുറം 'അമ്മ മനസ് തങ്കമനസ് മുറ്റത്തെ തുളസി പോലെ' എന്നൊക്കെ എഴുതി പിടിപ്പിക്കുന്നതിനിടെ ലഹള കൂടിയെത്തുന്ന അഞ്ചു വയസുകാരിയോട്  ഒരു അഞ്ചു മിനിറ്റ് അടങ്ങിയിരിക്കാമോ എന്ന് കണ്ണുരുട്ടുന്നു കുറച്ച് മുന്‍പേ സീറോ ഡിഗ്രി കൂളായ ഈ അമ്മ. അല്ലെങ്കിലും അമ്മമാര്‍ ഇങ്ങനൊക്കെ തന്നെയല്ലേ.അവരും മനുഷ്യരല്ലേ ഭായ്. വളര്‍ച്ചയുടെ വിവിധ  ഘട്ടങ്ങളിലൂടെ സഞ്ചരിച്ച് പരുവപ്പെട്ട് (ഒരു പരുവമാതെ)ഒരു പാകമാവാനുണ്ട്.