ഗായകൻ കുമാർ സാനുവിന്റെ പാട്ടുകൾ പോലെ തന്നെ ഏറെ ആഘോഷിക്കപ്പെട്ടതാണ് അദ്ദേഹത്തിന്റെ സ്വകാര്യജീവിതവും. 1986-ലാണ് അദ്ദേഹം ആദ്യഭാര്യ റിത ഭട്ടാചാര്യയെ വിവാഹം കഴിക്കുന്നത്. ഗായകൻ ജാൻ ഉൾപ്പെടെ മൂന്നുമക്കളുമുണ്ട് ആ ബന്ധത്തിൽ. എട്ടുവർഷത്തിനുശേഷം അവർ വിവാഹമോചിതരായി. അതിനുശേഷം സലോനി ഭട്ടാചാര്യയെ വിവാഹം കഴിച്ചു. അതിലും രണ്ടുമക്കളുണ്ട്.

റിതയുമായുള്ള വിവാഹബന്ധം ഉള്ളപ്പോൾ തന്നെയാണ് കുമാർ സാനു ബോളിവുഡ് നടി കനിക സദാനന്ദുമായി പ്രണയത്തിലാവുന്നത്. അവർ വർഷങ്ങളോളം ഒരുമിച്ച് ജീവിക്കുകയും ചെയ്തു. ഈയടുത്ത് ആ ബന്ധത്തെക്കുറിച്ച് കനിക സംസാരിക്കുകയും ചെയ്തിരുന്നു. ''അദ്ദേഹവും ആദ്യഭാര്യയുമായുള്ള വിവാഹജീവിതം പ്രശ്‌നങ്ങളിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഞങ്ങൾ തമ്മിൽ പ്രണയത്തിലാവുന്നത്''.

തങ്ങളുടെ വൈവാഹികജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇപ്പോൾ റിത ഭട്ടാചാര്യയും  രംഗത്തെത്തിയിരിക്കുകയാണ്. മൂന്നാമത്തെ കുട്ടിയായ ജാനിനെ ഗർഭം ധരിച്ചിരിക്കുമ്പോഴാണ് നിർബന്ധിതമായി വിവാഹമോചനം നടത്തിയതെന്നും അവർ പറയുന്നു. അതിനുശേഷം തങ്ങളുടെ മൂന്നുമക്കളെ ഒറ്റയ്ക്ക് വളർത്തിയതിനെക്കുറിച്ചും അവർ വിശദീകരിക്കുന്നു.

തങ്ങൾ ഭാര്യാഭർത്താക്കൻമാരായി ജീവിക്കുമ്പോൾ തന്നെ കുമാർ സാനുവിന് പലരുമായും പ്രണയബന്ധമുണ്ടായിട്ടുണ്ടെന്നും അവർ ആരോപിക്കുന്നു. ''അന്നേറെ കഷ്ടപ്പെട്ടു. ഞാൻ ഗർഭിണിയാണ്. അതിനൊപ്പം രണ്ടുകുട്ടികളെ നോക്കണം. വിവാഹമോചനകേസുമായി ബന്ധപ്പെട്ട് കോടതിയിൽ പോവണം''.

ഗർഭിണിയായിരിക്കുമ്പോൾ കുമാർ സാനുവിന്റെ വീട്ടിൽവെച്ച് ഒട്ടേറെ പീഡനങ്ങൾ സഹിക്കേണ്ടി വന്നുവെന്നും അവർ വെളിപ്പെടുത്തുന്നു. ''വീട്ടിൽനിന്ന് പുറത്തുപോവാൻ അനുവാദമില്ലായിരുന്നു. കൂട്ടുകാരെയുണ്ടാക്കാനും സമ്മതിച്ചിരുന്നില്ല. വീട്ടിലുള്ളവർ പുറത്തുപോകുമ്പോൾ അടുക്കളയിലെ ഷെൽഫുകൾ ഉൾപ്പെടെ പൂട്ടിയിടും. വിശന്നാൽ എന്തെങ്കിലും കഴിക്കാൻ പോലും കിട്ടിയിരുന്നില്ല. എനിക്ക് പണം തരരുതെന്ന് എല്ലാവരോടും പറഞ്ഞു.

ബേബി ഫുഡ് ഓർഡർ ചെയ്യാൻ വീടിനടുത്തുള്ള കടയിൽ ചെന്നപ്പോൾ അവിടുന്നൊന്നും കിട്ടിയില്ല. ചോദിച്ചപ്പോൾ നിങ്ങൾക്ക് ഒന്നും തരരുതെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് അയാൾ പറഞ്ഞത്'', റിത ഓർക്കുന്നു. വിവാഹമോചനത്തിനുശേഷം തന്റെ ആഭരണങ്ങൾ വിറ്റാണ് റിത സാമ്പത്തികപരാധീനതകൾ പരിഹരിച്ചത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi