അശ്വതിയുടെ നിക്ഷേപമെല്ലാം ബാങ്ക് എഫ്ഡിയിലാണ്. ഓരോ മാസവും ശമ്പളം ലഭിക്കുമ്പോള്‍ പകുതിയോളം തുക എഫ്ഡിയാക്കിമാറ്റും. മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപി തുടങ്ങാന്‍ സുഹൃത്തുക്കള്‍ ഉപദേശിച്ചെങ്കിലും നഷ്ടം വന്നാലോ എന്നോര്‍ത്ത് വേണ്ടെന്നുവെച്ചു. ഈയിടെ എഫ്ഡി പുതുക്കാന്‍ ചെന്നപ്പോഴാണ് പലിശ കുറഞ്ഞതായി അറിയുന്നത്. ചെറിയതോതിലാണെങ്കിലും ബാങ്ക് നിക്ഷേപത്തിനും റിസ്‌ക് ഉണ്ടെന്ന് കേട്ടതും ആശങ്ക വര്‍ധിച്ചു. അഞ്ച് ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് മാത്രമാണല്ലോ ഇന്‍ഷുറന്‍സ് കവറേജ്. 30 ലക്ഷത്തിലേറെ തുകയുടെ നിക്ഷേപമാണ് അശ്വതിക്ക് ബാങ്കിലുള്ളത്.

മ്യൂച്വല്‍ ഫണ്ടിലെ നേട്ടത്തെക്കുറിച്ച് പറഞ്ഞറിഞ്ഞെങ്കിലും ഈയിടെ ഓഹരി വിപണിയിലുണ്ടായ തകര്‍ച്ച അശ്വതിയെ പിന്നോട്ടുവലിച്ചു.  ഓഹരിയിലല്ലാതെ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ച് അറിഞ്ഞത് അപ്പോഴാണ്. വിപണിയില്‍ പലിശ കുറയുമ്പോള്‍ കടപ്പത്രങ്ങളുടെ ആദായം വര്‍ധിക്കും. അതിലൂടെയാണ് ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ നേട്ടമുണ്ടാക്കുന്നത്.

നിക്ഷേപം എവിടെ?
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കടപ്പത്രങ്ങള്‍, ബാങ്കുകളുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്, ട്രഷറി ബില്ലുകള്‍, കമ്പനികളുടെ ബോണ്ടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മണി മാര്‍ക്കറ്റ് ഉപകരണങ്ങളിലാണ് ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്. നിക്ഷേപകരില്‍നിന്ന് സമാഹരിക്കുന്ന പണം ഇവയില്‍ നിക്ഷേപിച്ച് പലിശയ്ക്ക് സമാനമായി ലഭിക്കുന്ന ഉറപ്പുള്ള ലാഭം നിക്ഷേപകര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്.

സുരക്ഷിതമാണോ?
രണ്ട് തരത്തിലുള്ള റിസ്‌കുകളാണ് ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കുള്ളത്. പലിശ നിരക്കിലെ വ്യതിയാനവും ക്രെഡിറ്റ് റിസ്‌കും. പലിശ നിരക്ക് കുറയുന്ന സാഹചര്യമുണ്ടായാല്‍ വിപണിയില്‍ കടപ്പത്രങ്ങളുടെ ആദായം കൂടും. പലിശ കൂടുമ്പോള്‍ ആദായം കുറയുകയും ചെയ്യും. ഈ പരസ്പര വിരുദ്ധമായ സവിശേഷതയാണ് ഡെറ്റ് ഫണ്ടുകളുടെ പ്രത്യേകത.
ഇനി ക്രെഡിറ്റ് റിസ്‌കിലേയ്ക്ക് വരാം. വിപണിയില്‍നിന്ന് ബോണ്ടുകള്‍ വഴിയെടുത്ത കടം തിരികെ നല്‍കാന്‍ കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുക. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ക്കും ബാങ്കുകള്‍ പുറത്തിറക്കുന്നവയ്ക്കും ഈ റിസ്‌ക് കുറവാണ്. കമ്പനി കടപ്പത്രങ്ങളിലാണ് റിസ്‌ക് കൂടുക. ഉയര്‍ന്ന റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാണ് ഫണ്ട് നിക്ഷേപം നടത്തിയിട്ടുള്ളതെങ്കില്‍ താരതമ്യേന സുരക്ഷിതമാണ്. സര്‍ക്കാര്‍ സെക്യൂരിറ്റികളിലും വ്യത്യസ്ത കമ്പനികളുടെ കടപ്പത്രങ്ങളിലും വൈവിധ്യവത്കരിച്ച് നിക്ഷേപം നടത്തി റിസ്‌ക് ലഘൂരിക്കാനാകും.
 
വ്യത്യസ്തഫണ്ടുകള്‍
ലിക്വിഡ് ഫണ്ട്, അള്‍ട്രാ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ട്, ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ട്, ഡൈനാമിക് ബോണ്ട് ഫണ്ട്, ഗില്‍റ്റ് ഫണ്ട്, മീഡിയം ഡ്യൂറേഷന്‍ ഫണ്ട്, ലോങ് ഡ്യൂറേഷന്‍ ഫണ്ട് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഡെറ്റ് ഫണ്ടുകള്‍ വിപണിയിലുണ്ട്.
 
ഏത് ഫണ്ടുകള്‍ തിരഞ്ഞെടുക്കാം
റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് ഇതിനകം രണ്ട് തവണയായി 0.50 ശതമാനം കുറവ് വരുത്തി. ഇനിയും നിരക്ക് കുറച്ചേക്കുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഉയര്‍ന്ന ആദായം നേടാനുള്ള അവസരം ഇപ്പോഴുണ്ട്. പലിശ നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നേട്ടം ഡൈനാമിക് ബോണ്ട് ഫണ്ടുകളില്‍നിന്ന് ലഭിക്കും. ഷോര്‍ട്ട് ഡ്യൂറേഷന്‍, ലോങ് ടേം ഡെറ്റ്, മീഡിയം ആന്‍ഡ് ലോങ് ടേം ഡെറ്റ് തുടങ്ങിയ ഫണ്ടുകളും നിക്ഷേപത്തിനായി പരിഗണിക്കാം. എട്ട് മുതല്‍ പതിനൊന്ന് ശതമാനം വരെ  ആദായം പ്രതീക്ഷിക്കാം.