
പ്രതീകാത്മകചിത്രം (AI Generated)
ആയിരക്കണക്കിന് മ്യൂച്വല്‍ ഫണ്ടുകളാണ് വിപണിയിലുള്ളത്. ഇവയുടെ പെരുപ്പം കുറയ്ക്കാന്‍ സെബി നടപടികള്‍ പ്രഖ്യാപിച്ചെങ്കിലും ഒരിടത്തും എത്തിയിട്ടില്ല. ഇവയ്ക്കിടയില്‍ തനിക്ക് ഇണങ്ങുന്ന ലാഭ സാധ്യതയുള്ള ഫണ്ടുകള്‍ എങ്ങനെ കണ്ടെത്തി നിക്ഷേപിക്കും. തുടക്കക്കാരായ സ്ത്രീകളൊക്കെ നേരിടുന്ന വലിയ വെല്ലുവിളിയാണത്. പരിചയക്കാരോടും അറിവുള്ളവരോടും ചോദിക്കും. സോഷ്യല്‍ മീഡിയയിലും ആപ്പുകളിലും കാണുന്നവ വിശ്വസിക്കും. എന്നിട്ട് നിക്ഷേപം നടത്തും. ഇത് പലപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. മാത്രമല്ല സ്ത്രീകള്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നുവെന്ന് കേട്ടാല്‍ ഇന്നും നെറ്റിചുളിക്കുന്നവരുമുണ്ട്. ഓരോ സ്ത്രീയും അല്‍പ്പം മനസുവെച്ചാല്‍ തങ്ങള്‍ക്കിണങ്ങുന്ന മ്യൂച്വല്‍ ഫണ്ടുകളെ സ്വയം കണ്ടെത്താവുന്നതേയുള്ളൂ. അതിനുള്ള വഴികള്‍ ഞാന്‍ വിശദമാക്കാം.
ഒരു യാത്രയ്ക്ക് ശരിയായ ആളെ സുഹൃത്തായി കിട്ടുന്നതുപോലെയോ ശരിയായ വാഹനം തിരഞ്ഞെടുക്കുന്നതുപോലെയോ പ്രധാനമാണ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ശരിയായ മ്യൂച്വല്‍ ഫണ്ട് കണ്ടെത്തുക എന്നത്. അടുത്തൊരിടത്ത് പോകാനാണ് എങ്കില്‍ സ്‌കൂട്ടര്‍ ധാരാളം. യാത്രചെയ്യേണ്ടത് കുറച്ച് ദൂരത്തേക്ക് ആണെങ്കില്‍ കാര്‍ വേണം. വളരെ ദൂരത്തേക്ക് ആണെങ്കില്‍ കാര്‍ റിസ്‌ക് ആണ്. അപ്പോള്‍ ട്രയിനിനെയൊ വിമാനത്തെയോ ആശ്രയിക്കേണ്ടിവരും. അതുപോലെയാണ് നിങ്ങളുടെ സാമ്പത്തിക ലഷ്യങ്ങള്‍, അത് നിറവേറ്റേണ്ട സമയം എത്ര അകലെയാണ്, നിക്ഷേപങ്ങളില്‍ നിന്ന് നഷ്ടമുണ്ടായാല്‍ എത്രമാത്രം നിങ്ങള്‍ക്കത് സഹിക്കാന്‍ കഴിയും എന്നതിനെയൊക്കെ ആശ്രയിച്ചാണ് ഉചിതമായ മ്യൂച്വല്‍ ഫണ്ടുകളെ കണ്ടെത്തി നിക്ഷേപിക്കേണ്ടത്.
ഉചിതമായ ഫണ്ടുകളെ കണ്ടെത്താനുള്ള ആറ് മാര്‍ഗങ്ങളിലൂടെ വിശദമാക്കാം.
1. ആദ്യം നിങ്ങള്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക. അത് കൈവരിക്കാനുള്ള കാലവധി എത്രയെന്ന് തീരുമാനിക്കുക. ഓരോ കാലയളവിനും യോജിക്കുുന്ന ഫണ്ട് ടൈപ്പ് ഏതെന്ന് മനസിലാക്കുക.
2. ലക്ഷ്യത്തിലെത്താന്‍ എത്ര കാലയളവ് വരെ നിക്ഷേപം നടത്താന്‍ കഴിയും എന്ന് തീരുമാനിക്കുക. ചില ലക്ഷ്യങ്ങള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ കൈവരിക്കേണ്ടതാണ്. അത്തരം ലക്ഷ്യങ്ങള്‍ക്ക് ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളെ ആശ്രയിക്കാം. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ കാലയളവ് ഉള്ള ലക്ഷ്യങ്ങള്‍ക്കായി ലാര്‍ജ് കാപ് ഓഹരി ഫണ്ടുകളെ ആശ്രയിക്കാം.
3. എത്രമാത്രം റിസ്‌ക് നിങ്ങള്‍ക്ക് താങ്ങാനുള്ള ശേഷിയുണ്ട് എന്ന് കണ്ടെത്തുക. ഉദാഹരണത്തിന് ബാങ്കില്‍ നിന്ന് ലഭിക്കുന്ന പലിശകൊണ്ടാണ് നിങ്ങള്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നത് എങ്കില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന റിസ്‌ക് എടുക്കാം. കാരണം അത് നഷ്ടപ്പെട്ടാലും മുതല്‍ ബാങ്കില്‍ സുരക്ഷിതമായി കിടക്കുന്നുണ്ടല്ലോ. മറിച്ച് ബാങ്ക് സ്ഥിര നിക്ഷേപം പിന്‍വലിച്ച് മ്യൂച്വല്‍ ഫണ്ടില്‍ ഇടുമ്പോള്‍ അല്‍പ്പം റിസ്‌ക് എടുക്കാം. കൂടുതല്‍ റിസ്‌ക് എടുത്ത് മുതല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ നിങ്ങളുടെ കെെയില്‍ പണമൊന്നും ബാക്കി ഉണ്ടാകില്ല. ഈ രീതിയില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനായി കൊണ്ടുവരുന്ന പണത്തില്‍ നിന്ന് എത്ര വരെ നഷ്ടം വന്നാലാണ് നിങ്ങള്‍ക്ക് സഹിക്കാനാകുക എന്നത് കണ്ടെത്തുക. ഒട്ടും നഷ്ടം സഹിക്കാന്‍ പറ്റില്ലെങ്കില്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുക. അല്‍പ്പം മാത്രം നഷ്ടമേ സഹിക്കാന്‍ പറ്റൂ എങ്കില്‍ ബാലന്‍സ്ഡ് ഫണ്ടില്‍ നിക്ഷേപിക്കുക. കൂടുതല്‍ റിസ്‌ക് താങ്ങാന്‍ ശേഷിയുണ്ട് എങ്കില്‍ ഓഹരി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം.
4. ഫണ്ടുകളുടെ മൂന്നുമുതല്‍ അഞ്ച് വര്‍ഷക്കാലത്തെ പ്രകടനം വിലയിരുത്തുക. അതിനെ സമാന സ്വഭാവമുള്ള ഫണ്ടുകളുടെ പ്രകടനവുമായി താരതമ്യം ചെയ്യുക. സ്ഥിരമായി ഉയര്‍ന്ന റിടേണ്‍ തന്നെയാണോ നല്‍കിക്കൊണ്ടിരിക്കുന്നത് എന്ന് മനസിലാക്കുക. അഞ്ച് വര്‍ഷക്കാലമെങ്കിലും തുടര്‍ച്ചയായി നല്ല ലാഭം നല്‍കിക്കൊണ്ടിരിക്കുന്ന ഫണ്ടുകളെ നിക്ഷേപത്തിനായി പരിഗണിക്കാവുന്നതാണ്. പക്ഷേ ഓര്‍ക്കുക, കഴിഞ്ഞകാലത്തെ മികച്ച പ്രകടനം ഭാവിയിലും ആവര്‍ത്തിക്കും എന്നതിന് യാതൊരു ഉറപ്പുമില്ല. എങ്കിലും പ്രതീക്ഷയുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാം.
5. ഇങ്ങനെ തിരഞ്ഞെടുത്ത ഫണ്ടുകളുടെ റേറ്റിംഗ് പരിശോധിക്കുക. വാല്യുസേര്‍ച്ച്, മോണിങ് സ്റ്റാര്‍ തുടങ്ങിയ ഏജന്‍സികളുടെ സൈറ്റുകളും ഗ്രോ, സീറോധാ തുടങ്ങിയ ആപുകളും പരിശോധിച്ച് ഈ ഫണ്ടുകളുടെ റേറ്റിംഗ് മനസിലാക്കുക..നിങ്ങള്‍ തിരഞ്ഞെടുത്ത ഫണ്ടുകളുടെ റേറ്റിംഗ് തൃപ്തികരമെങ്കില്‍ മുന്നോട്ടുപോകാം. ഇത്തരം ഫണ്ടുകള്‍ നിങ്ങളുടെ പണം മാനേജ് ചെയ്യുന്നതിന് ഈടാക്കുന്ന ചാര്‍ജായ എക്‌സ്‌പെന്‍സ് റേഷ്യോ എത്രയാണ് എന്ന് പരിശോധിക്കുക. കുറഞ്ഞ എക്‌സ്‌പെന്‍സ് റേഷ്യോ ഉള്ളതാണ് ദീര്‍ഘകാലത്തേക്ക് അഭികാമ്യം. എന്നുവെച്ച് എക്‌സ്‌പെന്‍സ് റേഷ്യോ മാത്രം ഓരു മാനദണ്ഡമാക്കരുത്.
6. ഡയറക്ട് പ്ലാന്‍ വേണോ റെഗുലര്‍ പ്ലാന്‍ വേണോ എന്ന് തീരുമാനിക്കുക.ഏജന്റുമാര്‍ മുഖേന നടത്തുന്ന നിക്ഷേപമാണ് റെഗുലര്‍ പ്ലാന്‍ എന്നറിയപ്പെടുന്നത്. ഇതിന് ഏജന്റിനുള്ള കമ്മീഷന്‍ നല്‍കണം. ഡയറക്ട് പ്ലാന്‍ ഏജന്റുമരെ ഓഴിവാക്കി മ്യൂച്വല്‍ ഫണ്ട് കമ്പനിയുമായി നേരിട്ട് നടത്തുന്നതാണ്. കമ്മീഷന്‍ നല്‍കേണ്ടതില്ല. ഓണ്‍ലൈനായി നിങ്ങള്‍ക്ക് തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും വിറ്റഴിക്കേണ്ടിവരുമ്പോള്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷിയുമുണ്ടെങ്കില്‍ ഡയറക്ട് പ്ലാന്‍ സ്വീകരിക്കാം.
(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോണ്‍-9447667716. e-mail- jayakumarkk8@gmail.com)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Secure Your Future with Mutual Funds: Essential Advice for Women Investors
Published: 16 Aug 2025, 01:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented