കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ ഒരു പെൺകുട്ടി ജനിക്കുമ്പോൾ തന്നെ പല വീടുകളിലും തുടങ്ങുന്ന ഒരു ആലോചനയുണ്ട് - ' ഇവളുടെ വിവാഹത്തിന് സ്വർണം വേണമല്ലോ. അത് ഇപ്പോഴേ സമാഹരിച്ച് തുടങ്ങണം. കുഞ്ഞിന്റെ ആദ്യ പിറന്നാൾ മുതൽ സ്‌കൂൾ പ്രവേശനം വരെ, ഓരോ ആഘോഷത്തിലും ഒരു സ്വർണ മാലയോ വളയോ വാങ്ങി സൂക്ഷിക്കുന്ന പതിവ് കേരളീയരുടെ ജീവിതത്തിന്റെ ഭാഗമാണ്.

സ്വർണം ഇവിടെ വെറും ആഭരണമല്ല. അത് ഒരു സുരക്ഷാബോധം, ഒരു പാരമ്പര്യം, ഒരു അഭിമാനം, പലപ്പോഴും ഒരു സ്ത്രീയുടെ ആത്മവിശ്വാസം കൂടിയാണ് എന്നൊക്കെയാണ് ഇവരുടെ വിചാരം. ഇപ്പോഴത്തെ പെൺകുട്ടികൾക്ക് സ്വർണത്തോട് താൽപര്യമില്ലെന്നതോ പൊന്നിൽ കുളിച്ച് കതിർ മണ്ഡപത്തിൽ നിൽക്കാൻ അനുവദിക്കുയില്ല എന്നതോ ഒന്നും മാതാപിതാക്കൾക്ക് പ്രശ്‌നമല്ല. ''മകളുടെ വിവാഹത്തിന് എത്ര പവൻ?'' എന്ന ചോദ്യം ഇന്നും പല വീടുകളിലും ഒരു സാമ്പത്തിക ലക്ഷ്യമായി തന്നെ കാണപ്പെടുന്നു.

എന്നാൽ കാലം മാറുകയാണ്. ജീവിതച്ചെലവ് ഉയരുന്നു. സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലകളിലേക്ക് കുതിച്ചുയരുന്നു. സ്വർണം വാങ്ങുന്നത് കുറയ്ക്കണം എന്ന് സർക്കാർ തന്നെ ആവശ്യപ്പെടുന്നു. ഒരിക്കൽ 5 ലക്ഷം രൂപയിൽ പൂർത്തിയാക്കാനായിരുന്ന വിവാഹച്ചെലവ് ഇന്ന് 20 ലക്ഷം രൂപ കടക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനപ്പെട്ട ഒരു ചോദ്യം ഉയരുന്നത്.

വിവാഹ സ്വപ്നങ്ങൾക്കായി സ്വർണം മാത്രം മതിയോ? അതോ പുതിയ തലമുറയുടെ നിക്ഷേപ മാർഗങ്ങളായ മ്യൂച്വൽ ഫണ്ടുകൾ കൂടുതൽ ഫലപ്രദമാണോ?

കേരളത്തിന്റെ സാമ്പത്തിക മനശ്ശാസ്ത്രത്തിൽ സ്വർണത്തിന് വലിയ സ്ഥാനമുണ്ട്. ബാങ്കിനെക്കാൾ കൂടുതൽ വിശ്വാസം പലർക്കും സ്വർണത്തിലാണ്. ''ആവശ്യം വന്നാൽ പണയം വെക്കാം'' എന്ന ചിന്തയും അതിന് പിന്നിലുണ്ട്. എന്നാൽ ഒരു സത്യം നമ്മൾ മറക്കരുത് - സ്വർണം വരുമാനം സൃഷ്ടിക്കുന്ന ആസ്തിയല്ല. അത് വില കൂടുമ്പോൾ മാത്രമാണ് ലാഭം നൽകുന്നത്. അതേസമയം മ്യൂച്വൽ ഫണ്ടുകൾ സമ്പദ്വ്യവസ്ഥയുടെ വളർച്ചയോടൊപ്പം വളരുന്ന നിക്ഷേപ മാർഗമാണ്.

ഒരു ഉദാഹരണം നോക്കാം.

ഒരു അമ്മ മകളുടെ വിവാഹത്തിനായി ഓരോ മാസവും 5,000 രൂപ വീതം 15 വർഷം സ്വർണം വാങ്ങാനായി മാറ്റിവെച്ചാൽ, സ്വർണവിലയുടെ ഉയർച്ചയെ ആശ്രയിച്ചായിരിക്കും അന്തിമ മൂല്യം. പക്ഷേ അതേ തുക ഒരു നല്ല ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ എസ്.ഐ.പി ആയി നിക്ഷേപിച്ചാൽ, ദീർഘകാലത്തിൽ വലിയ സമ്പത്ത് സൃഷ്ടിക്കാനുള്ള സാധ്യത കൂടുതലാണ്. കാരണം അവിടെ ''കോമ്പൗണ്ടിംഗ്'' എന്ന അത്ഭുതം പ്രവർത്തിക്കുന്നു. പലിശയ്ക്കുമേൽ പലിശ വളരുന്നു.

ഇതുകൊണ്ട് സ്വർണം മോശം നിക്ഷേപം ആണെന്നല്ല അർത്ഥം. മറിച്ച്, വിവാഹത്തിനാവശ്യമായ ആഭരണത്തിന് സ്വർണം അനിവാര്യമാണ്. എന്നാൽ മുഴുവൻ സമ്പാദ്യവും സ്വർണത്തിൽ മാത്രം അടച്ച് വയ്ക്കുന്നത് ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ ബുദ്ധിപരമല്ല എന്നതാണ് യാഥാർത്ഥ്യം.

ഇന്നത്തെ യുവതികൾക്ക് വിവാഹം മാത്രമല്ല ലക്ഷ്യം. ഉയർന്ന വിദ്യാഭ്യാസം, സ്വന്തം വീട്, യാത്രകൾ, സംരംഭകത്വം, സാമ്പത്തിക സ്വാതന്ത്ര്യം - സ്വപ്നങ്ങൾ മാറിയിരിക്കുന്നു. അതിനാൽ നിക്ഷേപ രീതികളും മാറണം.

മ്യൂച്വൽ ഫണ്ടുകളുടെ വലിയ പ്രത്യേകത എന്തെന്നാൽ വളരെ ചെറിയ തുകകൊണ്ട് പോലും ആരംഭിക്കാനാകുന്നു എന്നതാണ്. മാസം 500 രൂപ മുതൽ എസ്.ഐ.പി തുടങ്ങാം. ബാങ്ക് റിക്കറിംഗ് ഡിപ്പോസിറ്റ് പോലെ സ്ഥിരമായി നിക്ഷേപിക്കാം. എന്നാൽ ദീർഘകാലം കൊണ്ട് ലഭിക്കാവുന്ന വളർച്ച അതിനേക്കാൾ കൂടുതലാകാം. പ്രത്യേകിച്ച് പെൺകുട്ടികളുടെ വിവാഹം പോലുള്ള 10-15 വർഷം അകലെയുള്ള ലക്ഷ്യങ്ങൾക്ക് ഇത് മികച്ച മാർഗങ്ങളിലൊന്നായി മാറുന്നു.

കേരളത്തിൽ ഇപ്പോൾ മറ്റൊരു മാറ്റവും കാണാം. മുൻപ് പല സ്ത്രീകൾക്കും നിക്ഷേപം എന്നാൽ സ്വർണം എന്നായിരുന്നു ധാരണ. എന്നാൽ ഇപ്പോൾ നിരവധി സ്ത്രീകൾ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ മുന്നോട്ടുവരികയാണ്. ഇപ്പോൾ ഓൺലൈനായി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്. സ്റ്റോക്ക് മാർക്കറ്റ്, എസ്.ഐ.പി, ഇ.ടി.എഫ്, ഇൻഡക്‌സ് ഫണ്ടുകൾ എന്നിവയെക്കുറിച്ച് പഠിക്കുന്നു. ഇത് വളരെ ആരോഗ്യകരമായ മാറ്റമാണ്. സമീപകാലത്തായി സംസ്ഥാനത്തെ സ്ത്രീകളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപ താൽപ്പര്യത്തിൽ വൻ വളർച്ചയാണ് കാണുന്നതെന്നാണ് കണക്കുകൾ പറയുന്നത്. കേരളത്തിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ 28.5 ശതമാനവും വനിതകളാണ്. ദേശീയ ശരാശരിയായ 25.7 ശതമാനത്തേക്കാൾ മുന്നേറ്റമാണ് മലയാളി വനിതകൾ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ കാര്യത്തിൽ കാണിക്കുന്നത്.

വിവാഹത്തിനായി 50 പവൻ സ്വർണം വാങ്ങണമെന്ന പഴയ ചിന്ത പല കുടുംബങ്ങളെയും കടബാധ്യതയിലേക്ക് തള്ളിയിട്ടിട്ടുണ്ട്. ചില മാതാപിതാക്കൾ ജീവിതകാല സമ്പാദ്യം മുഴുവൻ മകളുടെ വിവാഹത്തിനായി ചെലവഴിക്കുന്നു. പിന്നീട് അവരുടെ സ്വന്തം വാർധക്യം പോലും സാമ്പത്തികമായി അനിശ്ചിതത്വത്തിലാകുന്നു. അതുകൊണ്ട് ഒരു ബാലൻസ്ഡ് സമീപനമാണ് ഇന്നത്തെ കാലത്തിന്റെ ആവശ്യം. വിവാഹത്തിനാവശ്യമായ കുറഞ്ഞ ആഭരണങ്ങൾക്കായി സ്വർണം വാങ്ങാം. എന്നാൽ സമ്പത്ത് സൃഷ്ടിക്കാനും ഭാവി സുരക്ഷിതമാക്കാനും മ്യൂച്വൽ ഫണ്ടുകൾ പോലുള്ള വളർച്ചാ നിക്ഷേപങ്ങൾ ഉപയോഗിക്കണം.

ഒരു കുടുംബത്തിന്റെ സാമ്പത്തിക ശക്തി സ്വർണത്തിന്റെ ഭാരത്തിൽ അല്ല, അവരുടെ സാമ്പത്തിക പദ്ധതികളിലാണ്. ഇന്നത്തെ പെൺകുട്ടികൾക്ക് ഏറ്റവും വലിയ സമ്മാനം 100 പവൻ സ്വർണം അല്ല; മറിച്ച് സാമ്പത്തിക സ്വാതന്ത്ര്യവും നിക്ഷേപബോധവുമാണ്. കാരണം കാലം മാറിയിരിക്കുന്നു. ഇന്ന് സ്ത്രീകൾ വെറും ആഭരണങ്ങൾ ധരിക്കുന്നവർ മാത്രമല്ല - അവർ സമ്പത്ത് സൃഷ്ടിക്കുന്നവരാണ്.

(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi