ഏറ്റവും സുരക്ഷിതം മിച്ചം പിടിക്കുന്ന പണം ബാങ്കിലിടുന്നതാണെന്നാണ് നമ്മുടെ വിശ്വാസം. എന്നാല്‍ ബാങ്ക് നിക്ഷേപങ്ങള്‍ എത്രമാത്രം സുരക്ഷിതമാണ്. ഒരു ബാങ്ക് തകരുകയും അതിലെ നിക്ഷേപകരുടെ പണം തിരിച്ചു കൊടുക്കാന്‍ ആ ബാങ്കിന് കഴിയാതെ വരികയും ചെയ്താല്‍ അഞ്ച് ലക്ഷം രൂപ വരെ തികച്ചും സുരക്ഷിതമാണ്. 

ഈ അഞ്ച് ലക്ഷം രൂപ ആരാണ് തരിക? ബാങ്കോ ഗവണ്‍മെന്റോ ? രണ്ടുമല്ല. ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍ ആണ് ബാങ്കിന്റെ ലിക്വിഡേറ്റര്‍ മുഖേന നിക്ഷേപകര്‍ക്ക് നല്‍കുക. ബാങ്കുകള്‍ ഒരു പ്രീമിയം അടച്ച് ഈ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ തങ്ങള്‍ക്ക് ലഭിച്ച നിക്ഷേപം ഇന്‍ഷുര്‍ ചെയ്തിരിക്കുകയാണ്. ബാങ്ക് തകര്‍ന്നാല്‍ ഈ കോര്‍പ്പറേഷന്‍ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം തിരികെ തരും. ബാക്കി നഷ്ടപ്പെടും. നിഷേപവും പലിശയും ചേര്‍ത്ത് 10 ലക്ഷം ഉണ്ടെങ്കിലും 5 ലക്ഷം മാത്രമേ തിരികെ കിട്ടൂ. ബാങ്ക് ലിക്വിഡേറ്റ് ചെയ്താല്‍ രണ്ട് മാസത്തിനുള്ളില്‍ ഈ പണം കിട്ടും.

ഒരേ ബാങ്കില്‍ ഒരു അക്കൗണ്ടില്‍ പല നിക്ഷേപമായി ഇട്ടാല്‍ ഓരോ നിക്ഷേപത്തിനും 5 ലക്ഷം വീതം കിട്ടില്ല. ഒരു ബാങ്കിന്റെ ഒരു അക്കൗണ്ടില്‍ പല നിക്ഷേപമായി ഇട്ടാല്‍ അതെല്ലാം ഒറ്റനിക്ഷേപമായി കണക്കാക്കി തുക എത്ര ആയാലും 5 ലക്ഷം വരെയേ ബാങ്ക് തകര്‍ന്നാല്‍ തിരികെ കിട്ടൂ.

ഒരു ബാങ്കിന്റെ പല ശാഖകളില്‍ നിക്ഷേപിച്ചാലോ ? അതല്ലാം ചേര്‍ത്ത് ഒറ്റ നിക്ഷേപമായി കണക്കാക്കി തുക എത്ര ആയാലും 5 ലക്ഷം വരെയേ ബാങ്ക് തകര്‍ന്നാല്‍ തിരികെ കിട്ടൂ

ബാങ്കിലെ നിക്ഷേപം മുഴുവന്‍ സുരക്ഷിതമാക്കാന്‍ 

നിക്ഷേപം മുഴുവന്‍ ഒരാളുടെ പേരിലുള്ള അക്കൗണ്ടില്‍ ഇടാതെ കുടുംബാംഗങ്ങളുടെ പേരില്‍ പല അക്കൗണ്ടിലാക്കി ഇടുക. അതേ പോലെ ഒരു ബാങ്കില്‍ ഇടാതെ പല ബാങ്കുകളില്‍ ഇടുക. അങ്ങനെ ചെയ്താല്‍ ഓരോ അക്കൗണ്ടിലെയും 5 ലക്ഷം രൂപ വരെ ബാങ്ക് തകര്‍ന്നാല്‍ തിരികെ കിട്ടും. സ്ഥിര നിക്ഷേപം ഇടുമ്പോള്‍ മുതലും പരിശയും ചേര്‍ന്ന് 5 ലക്ഷം രൂപയില്‍ കൂടുതല്‍ ആകുമ്പോള്‍ അത് ക്ലോസ് ചെയ്ത് മറ്റൊരു ബാങ്കിലെ അക്കൗണ്ടില്‍ ഇടുക.

ബാങ്കുകള്‍ അങ്ങനെ കൂട്ടത്തോടെ തകരുകയൊന്നുമില്ല. റിസര്‍വ് ബാങ്കിന്റെ കര്‍ശന നിരീക്ഷണത്തിലും മേല്‍നോട്ടത്തിലും ആണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ക്രമക്കേട് കണ്ടാല്‍ ആര്‍.ബി.ഐ ഇടപെടും. രക്ഷയില്ലെന്ന് കണ്ടാല്‍ കേന്ദ്ര ഗവണ്‍മെന്റ് മറ്റൊരു ബാങ്കില്‍ ലയിപ്പിച്ച് നിഷേപകരുടെ പണം സുരക്ഷിതമാക്കും.

പക്ഷേ ഇത് കാലാകാലങ്ങളിലുള്ള സര്‍ക്കാരിന്റെ നയങ്ങളെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍. തകര്‍ച്ചയിലായ ബാങ്കിനെ മറ്റൊരു ബാങ്കില്‍ ലയിപ്പിക്കണോ എന്ന നയപരമായ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. ഏറ്റെടുക്കുന്ന ബാങ്ക് ലയിക്കുന്ന ബാങ്കിന്റെ ബാധ്യത ഏറ്റെടുക്കുന്നില്ല എങ്കില്‍ 5 ലക്ഷം വരെയേ കിട്ടൂ.

(ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍- 9447667716, ഇ-മെയ്ല്‍: jayakumarkk8@gmail.com)