
പ്രതീകാത്മകചിത്രം (AI generated)
കടക്കെണിയില്‍ പെട്ട് ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന സ്ത്രീകളുടെ എണ്ണം ഈയിടെയായി കൂടിവരികയാണ്. കുടംബത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് നരകയാതന അനുഭവിക്കുന്ന സ്ത്രീകളാണ് കടക്കെണിയില്‍ കൂടി അകപ്പെടുന്നതോടെ ജീവിതത്തോട് വിടപറയുന്നത്. എന്നാല്‍ കടക്കെണിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയും മൂലം ആത്മഹത്യയ്ക്കും ജീവിതത്തിനുമിടയില്‍ നരകയാതന അനുഭവിക്കുന്നവരുടെ എണ്ണം ഇതിന്റെ എത്രയോ മടങ്ങ് വലുതാണ്. നീട്ടിനീട്ടിക്കൊണ്ടുപോകുന്ന ആത്മഹത്യയാണ് ഇന്ന് പലരുടെയും ജീവിതം. ഒരിക്കല്‍ സാമ്പത്തിക പ്രതിസന്ധിയിലായവര്‍ക്ക് പിന്നീട് ഒരിക്കലും ആരില്‍ നിന്നും കിട്ടാതെ വരുന്നതും പണം തന്നെയാണ്. പകരം കിട്ടുന്നതോ ഉപദേശങ്ങളും നിര്‍ദേശങ്ങളും മാത്രം. പണം ആവശ്യത്തില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് കടമായും വായ്പയായും നല്‍കാന്‍ ആളുകളും സ്ഥാപനങ്ങളും ക്യൂ നില്‍ക്കുമ്പോള്‍ പണത്തിന് ഞെരുക്കം അനുഭവിക്കുന്നവരുടെ അടുത്ത് നിന്ന് ഇവരെല്ലാം ഓടിയൊളിക്കുന്നു.
അപകടത്തില്‍ പെട്ട് ശരീരത്തിന് ഏല്‍ക്കുന്ന ക്ഷതം പോലെയല്ല സാമ്പത്തിക പ്രതിസന്ധി. ഒരിക്കലുണ്ടായ ശാരീരിക ക്ഷതം ശ്വാശ്വതമാണ്. പിന്നീട് അത് ഒരു പരിധിവരെ മാറില്ല. പക്ഷേ സാമ്പത്തിക പ്രതിസന്ധി ഒരിക്കലും ആര്‍ക്കും സ്ഥിരമല്ല. അത് മാറിയും മറിഞ്ഞും വന്നും പോയുമിരിക്കും. തങ്ങളുടെ ഒരു ബന്ധു ഒരിക്കല്‍ സാമ്പത്തിക പ്രതിസന്ധിയിലായിപ്പോയി എന്നറിഞ്ഞാല്‍ അവന്‍ ഇനി ഒരിക്കലും രക്ഷപെടില്ല എന്ന മുന്‍വിധിയില്‍ എത്തിച്ചേരുന്നു. പരിഗണന നല്‍കിയാല്‍ അവരുടെ ബാധ്യതകൂടി തങ്ങള്‍ ഏറ്റെടുക്കേണ്ടിവരുമോ എന്ന് ഭയപ്പെടുന്നു. അതിനാല്‍ അവരെ അവഗണിക്കുന്നു. ഒറ്റപ്പെടുത്തുന്നു. തങ്ങളോട് സഹായം ചോദിക്കാതിരിക്കാന്‍ നിരന്തരം കുറ്റപ്പെടുത്തുന്നു. സാമ്പത്തിക പ്രതിസന്ധിയിലികപ്പെട്ടവര്‍ കരകയറാനുള്ള സാധ്യത 90 ശതമാനമാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ബന്ധുക്കളുടെ ഒറ്റപ്പെടുത്തല്‍ ഇത്തരക്കാരെ നിരന്തരം തളര്‍ത്തുകയും കടുത്ത ജീവിത നൈരാശ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടവര്‍ക്ക് മാനസിക പിന്‍ബലം നല്‍കുകയാണ് അവരെ അതില്‍ നിന്ന് കരകയറ്റാനുള്ള എളുപ്പവഴി. നിങ്ങള്‍ പണം നല്‍കി പലപ്പോഴും അവരെ സഹായിക്കേണ്ടിവരികയൊന്നുമില്ല. മാനസിക, ധാര്‍മിക പിന്തുണ ലഭിച്ചാല്‍ കടക്കെണിയില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴി അവര്‍ക്ക് തന്നെ പലപ്പോഴും സ്വയം കണ്ടെത്താന്‍ കഴിയും.
പല രീതിയിലുള്ള കാരണങ്ങളാല്‍ ഒരാള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടാം. കടക്കെണിയുടെ യഥാര്‍ഥ കാരണങ്ങള്‍ മനസിലാക്കുകയാണ് അവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങളില്‍ പ്രധാനം. ഇനി പറയുന്ന കാരണങ്ങളാലാണ് പലരും കടക്കെണിയിലാകുന്നത്. നിങ്ങളുടെ ബന്ധു അല്ലെങ്കില്‍ സുഹൃത്ത് ഇതിലേതു കാരണത്താലാണ് കടക്കെണിയിലായത് എന്ന് മനസിലാക്കുക.
1. ജോലിയോ ബിസിനസോ ഇല്ലാതായി വരുമാനം നിലച്ചുപേയതിനെ തുടര്‍ന്ന് കടക്കെണിയിലാകുന്നവര്‍ ഉണ്ട്. ബിസിനസ് തകരുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും ജോലിയോ വരുമാനം നല്‍കുന്ന മറ്റെന്തെങ്കിലും ബിസിനസോ കണ്ടെത്താന്‍ കഴിയാതെ വരിക. കെെയിലുള്ള പണമെല്ലാം തീരുക. വായ്പകള്‍ മുടങ്ങുക. ജപ്തി നടപടി നേരിടേണ്ടിവരിക. മറ്റുള്ള കടക്കാര്‍ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരിക്കുക. വരുമാനം ഉണ്ടാക്കാവുന്ന മറ്റൊരു മാര്‍ഗം കണ്ടുപടിക്കുന്നതോടെ തീരാവുന്ന പ്രശ്നമേ ഇവര്‍ക്കുള്ളൂ. അത്തരത്തില്‍ മറ്റൊരു ജോലി കണ്ടുപടിക്കുന്നതുവരെയുള്ള കാലയളവാണ് ഏറ്റവും നിര്‍ണായകം. ഈ നിര്‍ണായക കാലയളവില്‍ മറ്റുള്ളവരില്‍ നിന്ന് പിന്തുണകിട്ടുന്നവര്‍ പ്രതിസന്ധി അതിജീവിക്കും.
2. കുടുംബത്തിലെ വരുമാനം ഉണ്ടായിരുന്നയാളുടെ മരണം, അല്ലെങ്കില്‍ അപകടം എന്നിവയെതുടര്‍ന്ന് വരുമാനം നിലച്ചുപോകുക. മറ്റൊരു രീതിയിലും വരുമാനം ഉണ്ടാകാതിരിക്കുക. കടങ്ങള്‍ പെരുകി വരിക. ഈ രീതിയില്‍ പ്രതിസന്ധിയിലാകുന്നവരുണ്ട്. ഇവര്‍ക്കും മറ്റൊരു വരുമാനമാര്‍ഗം കണ്ടെത്താന്‍ കഴിഞ്ഞാല്‍ പ്രതിസന്ധി മറികടക്കാനാകും.
3. കുടുംബത്തിലെ ആരെങ്കിലും ഒരാളുടെ ധൂര്‍ത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയും കൊണ്ട് വന്‍ കടബാധ്യതയില്‍ പെടുക. അത് തിരിച്ചടയ്ക്കാനാകാതെ വരിക. അതിന്റെ പേരില്‍ കുടംബാംഗങ്ങളാകെ ആക്ഷേപിക്കപ്പെടുക. ഇത്തരത്തില്‍ ബാധ്യത ഉണ്ടാക്കിയ ആള്‍ ഇതൊന്നും ഗൗനിക്കാതെ പഴയ സമീപനം തുടരുക. കൂട്ട ആത്മഹത്യയിലേക്ക് നയിക്കാവുന്ന ഒരു സ്ഥിതി രൂപപ്പെടാന്‍ സാധ്യത വളരെ വലുതാണ്.
4. വരുമാനം ഉണ്ട്. സാമ്പത്തിക അച്ചടക്കവുമുണ്ട്. പക്ഷേ കടങ്ങളുട ആധിക്യം മൂലം ഒന്നും സമയത്ത് തിരിച്ചടയ്ക്കാനാകാതെ വരുക, അതേത്തുടര്‍ന്ന് കാര്യങ്ങള്‍ കൈവിട്ടുപോകുക.
5. ബിസിനസ് അടിക്കടി നഷ്ടത്തിലായതിനെതുടര്‍ന്ന് പിടിച്ചുനില്‍ക്കാന്‍ താമസിക്കുന്ന വീടുള്‍പ്പെടെയുള്ള സ്വത്ത് വില്‍ക്കുന്നു. കൂടുതല്‍ കടമെടുക്കുന്നു. എന്നിട്ടും ബിസിനസ് മെച്ചപ്പെടുന്നില്ല. കെെയിലുള്ളതെല്ലാം നഷ്ടപ്പെട്ട് തെരുവിലാകുന്നു.
6. ഭാവിയില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് കരുതി കിട്ടാവുന്നിടത്തെല്ലാം കടം വാങ്ങി ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. വീടും കാറും വാങ്ങി. പക്ഷേ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടില്ല.
ഇതിലേത് സാഹചര്യത്തിലാണ് നിങ്ങളുടെ ഉറ്റവരോ ഉടയവരോ സുഹൃത്തുക്കളോ പരിചയക്കാരോ ജോലിക്കാരോ കടക്കെണിയിലാകുന്നത് എന്ന് മനസിലാക്കാനായാല്‍ പരിഹാരം എളുപ്പമാണ്. പുതിയ ഒരു വരുമാനമാര്‍ഗം, അല്ലെങ്കില്‍ കുടുംബത്തിലെ മറ്റുള്ളവര്‍ക്കെല്ലാം പാര്‍ടൈം ജോലി, പുതിയ വായ്പ, നിലവിലുള്ള വായ്പകളെല്ലാം കൂടി പുനസംഘടിപ്പിച്ച് പുതിയ വായ്പ, കടം നല്‍കിയവരുടെ ഭീഷണി അവസാനിപ്പിക്കാന്‍ ഒരു പോലീസ് പരാതി, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചാല്‍ ബന്ധുക്കളും അയല്‍ വാസികളും നാട്ടുകാരും നേരിട്ട് ചെന്ന് ഒരു ഐകദാര്‍ഢ്യം പ്രഖ്യാപിക്കല്‍.... മുഖത്തെ പുഞ്ചിരി വീണ്ടും വരുത്താന്‍, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇത്തരത്തില്‍ വളരെ ചെറിയ ഒരു ചുവടുവയ്പുമതി. അടുത്ത ആത്മഹത്യ വാര്‍ത്ത വരും മുമ്പ് ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ മാത്രം മതി നിരവധി മിഴികള്‍ എന്നെന്നേയ്ക്കുമായി അടയുന്നത് ഒഴിവാക്കാം.
( ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍: 9447667716. ഇ-മെയില്‍. jayakumarkk8@gmail.com)
Content Highlights: Learn how financial and emotional support can help individuals overcome debt and prevent tragic outcomes.
Published: 08 Aug 2025, 11:44 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented