ദിലീപ് കുമാർ എന്നായിരുന്നു ആദ്യത്തെ പേര്. പിതാവിന്റെ മരണശേഷം റഹ്മാനും കുടുംബവും മതം മാറി. അതിനുശേഷമാണ് റഹ്മാൻ എന്ന പേരുമാറ്റം.

അതിനുമുന്നിൽ അല്ലാഹ് രഖാ എന്ന് ചേർക്കുന്നത് അമ്മയാണ്. ഒടുവിലത് എ.ആർ.റഹ്മാനായി. കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിൽ അതിനെക്കുറിച്ച് റഹ്മാൻ പറഞ്ഞതിങ്ങനെ, ''ദിലീപ് എന്ന പേര് എനിക്കിഷ്ടമില്ലായിരുന്നു. പേരിനോടുള്ള കുഴപ്പമല്ല. പക്ഷേ അത് എന്റെ രൂപവുമായി തീരെ യോജിച്ചുപോവില്ല''.

ഇപ്പോൾ 'ഡോണി'ന് നൽകിയ അഭിമുഖത്തിൽ വീണ്ടും അതിനെക്കുറിച്ച് സംസാരിക്കുകയാണ് റഹ്മാൻ. അച്ഛന്റെ മരണശേഷമാണ് തനിക്ക് ആത്മീയവും വ്യക്തിപരവുമായ പരിവർത്തനമുണ്ടായതെന്ന് റഹ്മാൻ പറയുന്നു. അതായിരുന്നു തന്റെ ജീവിതത്തിലെ വഴിത്തിരിവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

''സത്യം പറഞ്ഞാൽ എനിക്ക് ദിലീപ് എന്ന പേര് ഇഷ്ടമായിരുന്നില്ല. മഹാനായ നടൻ ദിലീപ് കുമാറിനോടുള്ള അനാദരവ് അല്ല. ആ പേര് എന്റെ പ്രതിച്ഛായയുമായി ഒട്ടും പൊരുത്തപ്പെടുന്നില്ലായിരുന്നു'', അദ്ദേഹം കൂട്ടിച്ചേർത്തു. 'ഒരിക്കൽ അമ്മ ഞങ്ങളെയും കൂട്ടി ഒരു ജ്യോതിഷിയെ കാണാൻ പോയി. എന്റെ അനുജത്തിയെ വിവാഹം കഴിപ്പിക്കണമെന്ന ആഗ്രഹവുമായി അവളുടെ ജാതകം കാണിക്കാൻ വേണ്ടിയാണ് പോയത്. എന്റെ പേര് മാറ്റാൻ ഞാൻ ആഗ്രഹിച്ച അതേ സമയമായിരുന്നു അത്. ജ്യോതിഷി എന്നെ നോക്കി പറഞ്ഞു, 'ഈ പയ്യൻ വളരെ രസികനാണല്ലോ'. അദ്ദേഹം ഞാൻ പേരുമാറ്റാൻ ആഗ്രഹിക്കുന്ന കാര്യം എങ്ങനെയോ തിരിച്ചറിഞ്ഞു. അങ്ങനെ അദ്ദേഹം രണ്ടുപേരുകൾ പറഞ്ഞു, അബ്ദുൾ റഹ്മാൻ, അബ്ദുൾ റഹിം. അബ്ദുൾ റഹ്മാൻ എന്ന പേര് എനിക്ക് വളരെ പെട്ടെന്ന് തന്നെ ഇഷ്ടപ്പെട്ടു. ഹിന്ദു ജ്യോതിഷിയാണ് എനിക്ക് മുസ്ലീം പേര് തന്നത്. അതാണ് ഏറ്റവും കൗതുകകരവും. പിന്നീടെപ്പോഴോ അല്ലാഹ് രഖാ എന്ന് ചേർക്കാൻ അമ്മയ്ക്ക് തോന്നി''.

ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായ ഹിന്ദിപഠനത്തെക്കുറിച്ചും ഈയിടെ റഹ്മാൻ തുറന്നുപറഞ്ഞിരുന്നു. ''ആദ്യമൊന്നും ഹിന്ദി അറിയില്ലായിരുന്നു. ഞാൻ ചെയ്ത ചില തമിഴ് ഗാനങ്ങൾ വിവർത്തനം ചെയ്ത് ഞാൻ കേട്ടിരുന്നു. ചിലത് കേട്ടപ്പോൾ അപമാനം തോന്നി. അങ്ങനെയാണ് ഹിന്ദി പഠിക്കാൻ തീരുമാനിച്ചത്''.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi