സംഗീതകുടുംബത്തിൽനിന്നാണ് അമാൽ മാലിക്കിന്റെ വരവ്. സംഗീതസംവിധായകനും രചയിതാവും ഗായകനുമായ ദബൂ മാലിക്കിന്റെ മകൻ, സംഗീതസംവിധായകനും ഗായകനുമായ അനു മാലിക്കിന്റെ അനന്തരവൻ...ഈ ലേബലുകളുമായിട്ടാണ് അമാൽ ഗാനരംഗത്തേക്കെത്തുന്നത്. എന്നാൽ ഇത് തന്റെ കരിയറിൽ തിരിച്ചടിയായെന്ന് അമാൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
സൽമാൻ ഖാൻ ചിത്രമായ 'ജയ് ഹോ'യിലൂടെയാണ് അമാൽ അരങ്ങേറ്റം കുറിക്കുന്നത്. 2015-ൽ റിലീസായ 'റോയ്' എന്ന ചിത്രത്തിലെ 'സൂരജ് ഡൂബാ ഹേ' എന്ന പാട്ടിലൂടെയാണ് അദ്ദേഹത്തിന്റെ പേര് ആളുകളിലേക്കെത്തുന്നത്. അതിനുശേഷം ഒട്ടേറെ സിനിമകളിലൂടെ ബോളിവുഡിൽ തന്റെ സ്ഥാനമുറപ്പിച്ചു അമാൽ. എന്നാൽ തനിക്ക് പ്രശസ്തി നേടിത്തന്ന 'സൂരജ് ഡൂബാ ഹേ' ഹിറ്റായെങ്കിലും, സാമ്പത്തികമായി തനിക്കൊരു ഗുണവുമുണ്ടാക്കിയില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
''ആ പാട്ടുസീൻ ചിത്രീകരിക്കാൻ 9 ലക്ഷമാണ് അവർ ചെലവഴിച്ചത്. പാട്ട് യൂട്യൂബിലൂടെയും മറ്റും ഹിറ്റായി. കാസറ്റുകളും വിറ്റുപോയി. മ്യൂസിക് ലേബലായ ടി-സീരീസിന് 70 കോടിയാണ് അതിൽനിന്ന് ലാഭം ലഭിച്ചത്. എനിക്ക് കോപ്പി റൈറ്റ്‌സ് എന്ന പേരിൽ ഒരു തുകയല്ലാതെ മറ്റൊന്നും ലഭിച്ചില്ല. അതാണെങ്കിൽ ഒരുകോടി പോലുമില്ലായിരുന്നു. പണത്തിനു വേണ്ടി കരയുന്നതിനെക്കുറിച്ചല്ല. പക്ഷേ എനിക്ക് കിട്ടുന്ന പണം മറ്റുള്ളവരെ സഹായിക്കാൻ കൂടിയാണ് ഞാൻ മാറ്റിവെക്കുന്നത്. അല്ലാതെ ഒരു വീടോ കാറോ വാങ്ങാൻ എനിക്ക് പണം വേണ്ട. ഒരിക്കലും എനിക്കുവേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല.'' സംഗീതസംവിധായകനായതിനുശേഷം ഒരു കാർ വാങ്ങാൻ 16 വർഷമെടുത്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ദക്ഷിണേന്ത്യൻ സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ, ബോളിവുഡിൽ പ്രതിഫലം വളരെ കുറവാണന്നാണ് അമാലിന്റെ അഭിപ്രായം. ''ദക്ഷിണേന്ത്യയിൽ 10 മുതൽ 15 കോടി വരെ വാങ്ങുന്ന സംഗീതസംവിധായകരുണ്ട്. അതിനൊപ്പം കോപ്പി റൈറ്റും. ഇവിടെ രണ്ടോ മൂന്നോ കോടി രൂപ മാത്രമേ ലഭിക്കൂ'', സാമ്പത്തികശക്തിയും ഭദ്രതയുമുണ്ടാകുമ്പോൾ കലാകാരൻമാർ സ്വതന്ത്രമായി ചിന്തിക്കാനും മികച്ച തീരുമാനങ്ങൾ എടുക്കാനും പ്രാപ്തരാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
ബോളിവുഡിലെ സംഗീതസംവിധായകർ പലപ്പോഴും അവരുടെ പാട്ടുകളുടെ കോപ്പി റൈറ്റ്‌സ് ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നുവെന്നും അമാൽ പറയുന്നു. സംഗീത ലേബലുകൾക്ക് പാട്ടുകൾ വലിയ ലാഭം ഉണ്ടാക്കുന്നുണ്ടെങ്കിലും, സംഗീതസംവിധായകർക്ക് പരിമിതമായ പ്രതിഫലം മാത്രമേ ലഭിക്കുന്നുള്ളൂ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Composer Amaal Malik reveals the stark pay gap in Bollywood compared to South Indian cinema and his disappointing earnings from the hit song `Sooraj Dooba Hai
Published: 03 Feb 2026, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented