കഴിഞ്ഞ ഫെബ്രുവരി 26. രാജ്യത്തെ സിനിമാ പ്രേമികളുടെ നോട്ടം ഒരു വിവാഹപ്പന്തലിലേക്കായിരുന്നു. വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുത്ത ചടങ്ങിന്റെ ഒരു ഫോട്ടോ കണ്ട് മലയാളികളിൽ ചിലർ ഒന്നു ഞെട്ടി. പിന്നെ പരസ്പരം ചോദിച്ചു. ' ഇത് നമ്മുടെ ഹിഷാമല്ലേ?, ഇവനിവിടെ എങ്ങനെയെത്തി?'' പക്ഷെ, ഹിഷാം അബ്ദുൽ വഹാബിനെയും (Hesham Abdul Wahab) അദ്ദേഹത്തിന്റെ പാട്ടിനെയും അറിയുന്നവർക്ക് അതിൽ കൗതുകം തോന്നിയില്ല. കാരണം ഹിഷാം എന്ന ആലപ്പുഴക്കാരൻ എന്നേ പാൻ ഇന്ത്യനാണ്. ഗായകനായി തുടങ്ങിയ ഹിഷാം ഇപ്പോൾ ദക്ഷിണേന്ത്യയിലെ മുൻനിര സംഗീത സംവിധായകനാണ്. 'സോൾട്ട് മാംഗോ ട്രീ' എന്ന മലയാള സിനിമയിലൂടെയായിരുന്നു ഹിഷാമിന്റെ സംഗീത സംവിധാന അരങ്ങേറ്റം. പിന്നീട് 'ഹൃദയ'ത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേറി. പാട്ടുകൾ ഹിറ്റായതോടെ ഹിഷാം അതിർത്തി കടന്നു. തെലുഗുവിലും തമിഴിലും കന്നഡയിലും മെലഡി മാജിക് തീർത്തു. ഇടയ്ക്ക് ബോളിവുഡിലുമെത്തി ആ മാന്ത്രികത. ഏതു തലമുറയ്ക്കും ഒരുപോലെ കണക്ട് ചെയ്യാൻ കഴിയുന്നതാണ് ഹിഷാമിന്റെ പാട്ടുകൾ.

ആലുവ എടത്തലയിലെ ഹിഷാമിന്റെ പുതിയ വീട് മെലഡി പോലെ ശാന്തം. മുകൾനിലയിലാണ് പാട്ടുകൾ പിറവിയെടുക്കുന്ന സ്റ്റുഡിയോ.

''ഏറ്റവും കംഫർട്ടബിളായ സ്ഥലത്തുനിന്നേ നല്ല ട്യൂണുകൾ കിട്ടൂ. എന്നെ സംബന്ധിച്ച് ഇതാണ് ആ ഇടം...'' ഹിഷാമിന്റെ മുഖത്ത് ചിരി വിടർന്നു.

പലർക്കും അറിയേണ്ടത് ഹിഷാമും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള സൗഹൃദത്തെപ്പറ്റിയാണ് ?

വിജയ് യുമായും രശ്മികയുമായും നല്ല ബന്ധമുണ്ട്. ഞാൻ ആദ്യം സംഗീതം ചെയ്ത തെലുഗു ചിത്രം 'കുഷി'യിൽ വിജയ് ആയിരുന്നു നായകൻ. സ്വാഭാവികമായും ഞങ്ങൾക്കിടയിൽ സൗഹൃദം വളർന്നു. രശ്മികയുടെ 'ദ ഗേൾഫ്രണ്ട്' എന്ന ചിത്രത്തിനും ഞാൻ സംഗീതം ചെയ്തിട്ടുണ്ട്.

എങ്ങനെയാണ് സംഗീതത്തോട് മോഹം വന്നത്?

ആലപ്പുഴയിലെ വെള്ളക്കിണർ ആണ് സ്വദേശം. ജനിച്ചത് ഇവിടെയാണെങ്കിലും കുട്ടിക്കാലവും പഠനവുമെല്ലാം റിയാദിലായിരുന്നു. ഉപ്പ റിയാദിൽ അക്കൗണ്ടന്റായിരുന്നു. ഉമ്മ അവിടെ സ്‌കൂളിൽ മലയാളം ടീച്ചറും. ഉമ്മയാണ് അവിടുത്തെ ഇന്ത്യൻ സിലബസിലേക്ക് മലയാളം കൊണ്ടുവരുന്നത്. സംവിധായകൻ ഫാസിൽ എന്റെ മൂത്താപ്പയാണ്. വീട്ടിൽ ഉപ്പൂപ്പയ്ക്കായിരുന്നു സംഗീതത്തോട് താത്പര്യം. അദ്ദേഹം രാജഭരണ കാലത്ത് കൊട്ടാരത്തിൽ ഹിന്ദുസ്ഥാനി പാടുന്ന ആളായിരുന്നു. ഉപ്പൂപ്പയുടെ ഇഷ്ടം എനിക്കും കിട്ടി. റിയാദിലുള്ളപ്പോൾ തന്നെ സംഗീതം പഠിച്ചു. അവിടെ ജോണി മാഷിന് കീഴിലായിരുന്നു കർണാടക സംഗീതപഠനം. സന്യാൾ എന്ന അധ്യാപകന് കീഴിൽ ഹിന്ദുസ്ഥാനിയും. പ്ലസ്ടു വരെ അവിടെ പഠിച്ചു. ആ സമയത്താണ് സ്റ്റാർ സിങ്ങറിലേക്കുള്ള വരവ്. അതോടെ നാട്ടിലേക്ക് മാറി. നാട്ടിൽ കൊല്ലം ബാലമുരളി സാറിന് കീഴിലായി പഠനം.

സ്റ്റാർ സിങ്ങറാണോ ജീവിതത്തിലെ ടേണിങ് പോയിന്റ്?

അങ്ങനെ വേണമെങ്കിൽ വിശേഷിപ്പിക്കാം. രണ്ടാമത്തെ സീസണിലാണ് പങ്കെടുത്തത്. ആ സീസൺ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫൈനൽ സിക്സ് വരെയെത്തി. സ്റ്റാർ സിങ്ങർ കഴിഞ്ഞതോടെ എന്നെയും ആളുകൾ തിരിച്ചറിയാൻ തുടങ്ങി.

സ്റ്റാർ സിങ്ങറിന് പിന്നാലെ അവസരം വന്നു. ആദ്യം ജാസി ഗിഫ്റ്റ് സാറായിരുന്നു വിളിച്ചത്. 'പട്ടാളം' എന്ന തമിഴ് സിനിമയിലേക്ക്. അതിൽ 'പനിവിഴും കാലമാ' എന്ന ഗാനം പാടി. മലയാളത്തിൽ ആദ്യം പാടിയത് 'ട്രാഫിക്കി'ലും. 'കണ്ണെറിഞ്ഞാൽ' എന്ന ഗാനം. സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ ആ പാട്ടും എല്ലാവരും കേട്ടു.

സ്വന്തമായി സംഗീതം ചെയ്യാനുള്ള മോഹം എപ്പോഴാണ് വന്നത്?

പാട്ടുണ്ടാക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേയുണ്ട്. സ്റ്റാർ സിങ്ങർ കാലം ആ ആഗ്രഹത്തെ ശക്തമാക്കി. സൂര്യ ടിവിയിൽ സംഗീത മഹായുദ്ധം എന്ന പ്രോഗ്രാം ഉണ്ടായിരുന്നു. ഒരിക്കൽ അതിൽവെച്ച് സാമി യൂസുഫിന്റെ ഒരു പാട്ട് പാടി. 'യു കെയിം റ്റു മീ' എന്ന പാട്ട്. അതിന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചു. അത് സാമി യൂസുഫിന്റെ ടീം കണ്ടു. അവർ എന്നെ വിളിച്ചു. ഒരു ആൽബം ചെയ്യാമെന്ന് പറഞ്ഞു. 'കദം ബഡ്ഹ' എന്നായിരുന്നു ആൽബത്തിന്റെ പേര്. ആൽബം നിർമ്മിച്ചത് സാമി യൂസുഫായിരുന്നു. അങ്ങനെ ആദ്യമായി എന്റെ പാട്ട് പിറന്നു. പിന്നീട് സാമി യൂസുഫിന്റെ സൗണ്ട് എൻജിനീയറായും പ്രവർത്തിച്ചിട്ടുണ്ട്.

സിനിമയിൽ ആദ്യം സംഗീതം ചെയ്യുന്നതോ?

അവസരങ്ങൾ തേടി പല സംവിധായകരെയും കാണാറുണ്ടായിരുന്നു. രാജേഷ് മോഹനൻ എന്ന സംവിധായകനെയാണ് ആദ്യമായി വിളിക്കുന്നത്. ആ സമയം അദ്ദേഹം 'സോൾട്ട് മാംഗോ ട്രീ' എന്ന സിനിമയുടെ ആലോചനയിലാണ്. തിരുവനന്തപുരത്തേക്ക് വരാൻ പറഞ്ഞു. ഞങ്ങൾ സംസാരിച്ചു. അദ്ദേഹത്തിനെ ട്യൂണുകൾ കേൾപ്പിച്ചു. 'കാറ്റുമ്മേൽ അഞ്ചാറ്' എന്ന പാട്ടെല്ലാം അതിലുണ്ടായിരുന്നു. അദ്ദേഹത്തിന് ഇഷ്ടമായതോടെ 'സോൾട്ട് മാംഗോ ട്രീ'യിലൂടെ അരങ്ങേറ്റം കുറിച്ചു.

വിനീത് ശ്രീനിവാസനുമായുള്ള സൗഹൃദമാണോ 'ഹൃദയ'ത്തിലേക്ക് എത്തിച്ചത് ?

'മലർവാടി ആർട്സ് ക്ലബ്ബി'ലേക്ക് ഷാൻ റഹ്മാൻ കോറസ് പാടാൻ വിളിച്ചിരുന്നു. പക്ഷെ, അന്ന് ഞാൻ റിയാദിലാണ്. അതുകൊണ്ട് നടന്നില്ല. അതുകഴിഞ്ഞ് 'തിര' സിനിമയിലേക്ക് ക്ഷണിച്ചു. അതിനായി ചെന്നൈയിലെത്തി. ആ സമയം വിനീതേട്ടനും സിനിമയുടെ പൂജയ്ക്കായി അവിടെയുണ്ട്. അദ്ദേഹം പൂജ കഴിഞ്ഞ് സ്റ്റുഡിയോയിൽ വന്നു. അവിടെവെച്ചാണ് വിനീതേട്ടനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ഞാൻ സംഗീതം ചെയ്ത 'കാപ്പുചീനോ' എന്ന സിനിമയിൽ 'ജാനാ മേരി ജാനാ' എന്ന പാട്ട് വിനീതേട്ടനെക്കൊണ്ട് പാടിച്ചു. അതിനുശേഷം 'ഓളെക്കണ്ട നാൾ' എന്ന സിനിമയ്ക്കായി വിനീതേട്ടനെ വീണ്ടും വിളിച്ചു. ചെന്നൈയിൽ വെച്ചുതന്നെയാണ് റെക്കോഡിങ്. അന്ന് ഞാൻ പറഞ്ഞു: ' വിനീതേട്ടന്റെ സുഹൃത്തുക്കളാരെങ്കിലും സിനിമ ചെയ്യുകയാണെങ്കിൽ എന്റെ പേര് സജസ്റ്റ് ചെയ്യണേ.'' പക്ഷെ, എന്നെ ഞെട്ടിച്ചുകൊണ്ട് വിനീതേട്ടൻ അദ്ദേഹത്തിന്റെതന്നെ സിനിമയിലേക്ക് ക്ഷണിച്ചു. അങ്ങനെ 'ഹൃദയം' സംഭവിച്ചു. ഹൃദയത്തിലേക്ക് എന്നെ തിരഞ്ഞെടുത്ത കാര്യം ആദ്യം ഫേസ്ബുക്കിൽ പങ്കുവെക്കുന്നത് ഷാനിക്കയാണ്. അതുവരെയുള്ള വിനീതേട്ടന്റെ സിനിമകളിൽ ഷാനിക്കയായിരുന്നു സംഗീതം. രണ്ടുപേരോടും വലിയ കടപ്പാടുണ്ട്.

'ദർശന'യ്ക്കും 'ഹൃദയ'ത്തിനും ശേഷം ജീവിതത്തിലുണ്ടായ മാറ്റം?

'ഹൃദയം' ഒരുപാട് അവസരങ്ങൾ തുറന്നുതന്നു. പ്രത്യേകിച്ച് 'ദർശനാ' എന്ന ഗാനം. അതിലെ ബാക്കി പാട്ടുകൾക്കും മികച്ച സ്വീകാര്യത കിട്ടി. ചില പാട്ടുകൾ നമ്മൾ കാര്യമായി ഒന്നും ചെയ്യാതെതന്നെ വളരെയധികം ശ്രദ്ധിക്കപ്പെടും. അതിൽപെട്ട ഒരു പാട്ടാണ് 'ദർശന'. വിചാരിച്ചതിനും അപ്പുറമായിരുന്നു പാട്ടിന്റെ കുതിപ്പ്. പാൻ ഇന്ത്യാ തലത്തിൽ പാട്ട് ആളുകൾ ഏറ്റെടുത്തു. ഒരുപാട് പേർ പാട്ട് കേട്ട് വിളിച്ചു. 'ആനിമൽ' സിനിമ ചെയ്ത സന്ദീപ് റെഡ്ഡിയാണ് വിളിച്ചവരിൽ ഒരു പ്രമുഖൻ. ആനിമൽ സിനിമയിലേക്ക് ഒരു പാട്ടിനായി ക്ഷണിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ അത് സംഭവിച്ചില്ല. പിന്നെ ആയുഷ്മാൻ ഖുറാന, ദുൽഖർ സൽമാൻ, അർജുൻ ദാസ് എന്നിവരെല്ലാം മെസേജ് അയച്ചു. പല സ്ഥലങ്ങളിലും ഈ ഒറ്റ പാട്ട് കൊണ്ട് വലിയ സ്വീകാര്യത ലഭിച്ചു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പത്ത് പടങ്ങളിൽ എട്ടും 'ഹൃദയം' കഴിഞ്ഞശേഷം കമ്മിറ്റ് ചെയ്തവയാണ്.

മലയാളത്തിന് പുറത്ത് ആദ്യം പോകുന്നത് തെലുഗുവിലേക്കാണല്ലോ. എന്ത് വ്യത്യാസമാണ് അനുഭവപ്പെട്ടത് ?

രണ്ടും രണ്ട് എക്സ്ട്രീം ആണ്. തെലുഗുവിലെ കഥയും സിനിമ എടുക്കുന്ന രീതിയുമെല്ലാം വളരെ വ്യത്യസ്തമാണ്. ഒരു സിനിമ അനൗൺസ് ചെയ്താൽ അതിൽ അഞ്ചോ ആറോ പാട്ട് നിർബന്ധം. അവിടെ തിയേറ്ററിലേക്ക് ആളുകളെ ആകർഷിക്കാൻ പാട്ടുകൾ വേണം.

വിജയ് ദേവരകൊണ്ട നായകനായ 'കുഷി' എന്ന സിനിമയാണ് തെലുഗുവിലെ ആദ്യത്തെ സിനിമ. ദിനേഷ് എന്ന എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്നെ വിളിച്ചു. നാളെത്തന്നെ ഹൈദരാബാദിലേക്ക് വരണം എന്ന് പറഞ്ഞു. ആ ദിവസം തന്നെ പാട്ട് കമ്പോസ് ചെയ്ത് കാണിക്കണം എന്നാലേ നിങ്ങളെ സിനിമയിലേക്ക് തിരഞ്ഞെടുക്കുകയുള്ളൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. രണ്ട് ഡെമോ ട്യൂണുകളായിരുന്നു ഞാൻ കേൾപ്പിച്ചത്. സംവിധായകന് ഏകദേശം ഓക്കെയായി. മൂന്നാമത്തെ ഡെമോ കേൾപ്പിച്ചപ്പോൾ അദ്ദേഹം പൂർണമായും ഓക്കെയായി.

ഹിന്ദിയിൽ തിയേറ്റർ സിനിമയ്ക്ക് സംഗീതം ചെയ്യുന്ന രണ്ടാമത്തെ മലയാളിയാണല്ലോ?

'ദോ ദിവാനേ സേഹർ മേ' എന്നായിരുന്നു സിനിമയുടെ പേര്. അതിലെ ഒരു പാട്ടും പകുതി ബാക്ക്ഗ്രൗണ്ട് സ്‌കോറും ചെയ്തു. രവി ഉദ്യവറാണ് സിനിമയുടെ സംവിധായകൻ. സഞ്ജയ് ലീലാ ബൻസാലി നിർമാണവും. ഹിന്ദിയിൽ ഒരു പാട്ട് ചെയ്യുക, തിയേറ്ററിൽ പേര് വരിക എന്ന മോഹത്തിൽ ചെയ്തതാണ് ഈ സിനിമ. രണ്ട് വർഷമെടുത്തു ആ സ്വപ്നം യാഥാർഥ്യമാവാൻ. ഒരുപാട് തവണ അവസരത്തിനായി മുംബൈയിൽ പോയിട്ടുണ്ട്. നടി മൃണാൾ താക്കൂർ ആണ് എന്നെ രവിസാറിന് സജസ്റ്റ് ചെയ്തത്. ഞങ്ങൾ 'ഹായ് നന്ന'യിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെ രവി സാർ മുംബൈയിലേക്ക് വിളിച്ചു. ചിത്രങ്ങൾ കാണിച്ചുതന്നു. പ്രേമ ഗാനമാണെന്ന് പറഞ്ഞു. അങ്ങനെ 'ആസ്മ ആസ്മ' എന്ന പാട്ട് ചെയ്തു.

ഹിഷാമിന്റെ സംസാരത്തിൽ എ.ആർ. റഹ്മാൻ എപ്പോഴും കടന്നുവരും. അദ്ദേഹത്തിന്റെ സ്വാധീനം എത്രത്തോളമാണ് ?

റഹ്മാൻ സാർ എന്റെ മ്യൂസിക് കരിയറിലും വ്യക്തിജീവിതത്തിലും വലിയ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്. റഹ്മാൻ സാറിന്റെ സ്റ്റുഡിയോ വീട്ടിൽ തന്നെയാണ്. അവിടെയിരുന്നാണ് എല്ലാ ഭാഷകളിലേയും പാട്ടുകൾ ചെയ്യുക. ഞാനും വീട്ടിലെ സ്റ്റുഡിയോയിലിരുന്നാണ് കമ്പോസ് ചെയ്യുക. അത് അദ്ദേഹമുണ്ടാക്കിയ സ്വാധീനമാണ്.

സാമി യുസുഫിന്റെ സ്റ്റുഡിയോയിൽവെച്ചാണ് റഹ്മാൻ സാറിനെ ആദ്യം കാണുന്നത്. മജീദ് മജീദിയുടെ 'മുഹമ്മദ്' എന്ന സിനിമയ്ക്കായി ശബ്ദം റെക്കോർഡ് ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

'ഹൃദയം' റിലീസ് ആയപ്പോൾ റഹ്മാൻ സാർ സാമിയെ വിളിച്ചു, തന്റെ ശിഷ്യൻ നാട്ടിൽ തകർക്കുകയാണല്ലോ എന്ന് പറഞ്ഞു. പിന്നീട് ദുബായ് എക്സ്പോയിൽ വെച്ച് റഹ്മാൻ സാറിനെ കണ്ടു. 'ഹൃദയ'ത്തിന്റെ കാസറ്റ് സമ്മാനിച്ചു.

സംഗീതത്തിലെ സ്വാധീനം ?

സൂഫി, ഖവാലി എന്നിവയുടെ സ്വാധീനം തീർച്ചയായും ഉണ്ട്. പണ്ട് ഒരുപാട് കല്യാണപ്പരിപാടികളിൽ ഞാൻ ഖവാലി അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറോളം തുടർച്ചയായി പെർഫോം ചെയ്യണം. സൂഫി സംഗീതത്തിൽ സാമി യുസുഫ് ആണ് ഗുരു. ഷാഫി കൊല്ലം എനിക്കേറെ പ്രിയപ്പെട്ട ഗായകനാണ്. സിനിമയിൽ വിദ്യാസാഗർ, ഔസേപ്പച്ചൻ, ഇളയരാജ എന്നിവരുടെ സ്വാധീനവും ഉണ്ട്.

ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക്, പാട്ട്. ഏതാണ് ബുദ്ധിമുട്ടേറിയത് ?

ഫിലിം കമ്പോസർ ആകുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ട്. ഒരുപാടു പേരെ ഹാൻഡിൽ ചെയ്യണം. ബാക്ക്ഗ്രൗണ്ട് സ്‌കോറിന് മൊത്തം സിനിമയുടെ ഒഴുക്കിനെ മാറ്റാൻ പറ്റും. എന്നാൽ, പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാനുള്ള വലിയ ആയുധമാണ് പാട്ട്. രണ്ടിനും അതിന്റേതായ പ്രാധാന്യമുണ്ട്. 'കേരള ക്രൈം ഫയൽസി'ന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറാണ് ചെയ്തതിൽ ഏറ്റവും പ്രിയപ്പെട്ടത്. സ്ഥിരമായി ചെയ്തുകൊണ്ടിരുന്ന പാറ്റേണിൽനിന്ന് വ്യത്യസ്തമായതായിരുന്നു ക്രൈം ഫയൽസ്. ത്രില്ലർ സ്വഭാവമുള്ള ഒന്ന്.

സംഗീതസംവിധായകർ തന്നെ സ്വന്തം പാട്ട് പാടുന്നതിനെതിരേ വിമർശനം ഉയരുന്നുണ്ട്. ഹിഷാമിന് അങ്ങനെയുണ്ടായിട്ടുണ്ടോ ?

ഡമ്മി ട്യൂൺ സ്വന്തം ശബ്ദത്തിലാണല്ലോ സംവിധായകരെ കേൾപ്പിക്കുക. അവർ എപ്പോഴും ആ ഡമ്മി വോയ്സാണ് കേൾക്കുക. അതോടെ ആ ശബ്ദം അവരുടെ മനസ്സിൽ കിടക്കും. റെക്കോർഡിങ് സമയത്ത് വേറെ പാട്ടുകാരെ വെക്കാൻ പലരും സമ്മതിക്കില്ല. 90 ശതമാനവും ഇതാണ് സംഭവിക്കുന്നത്. അതുമറികടക്കാനാണ് ഇപ്പോൾ ശ്രമം. അതിനായി പലപ്പോഴും തുടക്കത്തിലേ ഡമ്മി ഗായകരെ വെക്കും. അല്ലെങ്കിൽ ശരിക്കും പാടാൻ തീരുമാനിച്ച ആളെക്കൊണ്ടുതന്നെ ആദ്യമേ പാടിപ്പിക്കും.

സ്വതന്ത്രമായി പാട്ടുകൾ ചെയ്ത അനുഭവവും ഉണ്ടല്ലോ?

തീർച്ചായും, 'കദം ബഡ്ഹ' അങ്ങനെ ചെയ്ത ആൽബമാണ്. പിന്നെയും ചെയ്തു. അതിൽ 'മോതിരക്കല്ല്' ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്റെ ഉമ്മയായിരുന്നു പാട്ടിന്റെ വരികൾ എഴുതിയത്. സ്വതന്ത്രസംഗീതത്തിന് പുതിയ കാലത്ത് വളരെയധികം പ്രാധാന്യമുണ്ട്. കരിയറിനും അത് ഗുണം ചെയ്യും. ഏതുതരം മ്യൂസിക്കാണ് വരുംകാലത്ത് അതിജീവിക്കുക എന്നത് കണ്ടറിയേണ്ട കാര്യമാണ്.

പാട്ടെഴുത്തുകാരിൽ പ്രിയപ്പെട്ടവരുണ്ടോ ?

കൈതപ്രം തിരുമേനി തന്നെയാണ് ഫേവറിറ്റ്. അരുൺ ആലാട്ട്, സുഹൈൽ കോയ എന്നിവരെയും ഇഷ്ടമാണ്. തിരുമേനിയുമായി അവസാനം പ്രവർത്തിച്ചത് 'മധുരമനോഹരമോഹം' എന്ന സിനിമയിലാണ്.

വരാനിരിക്കുന്ന സിനിമകൾ ?

'മധുവിധു' എന്ന സിനിമയാണ് വരാനിരിക്കുന്നത്. കന്നഡയിൽ 'ബൃന്ദാവിഹാരി'യും. തമിഴിൽ അർജുൻ ദാസിന്റെ 'വൺസ് മോർ' ഉടനെ തിയേറ്ററുകളിലെത്തും.

കുടുംബത്തെപ്പറ്റി ?

ഉപ്പ സെയ്ദ് അബ്ദുൽ വഹാബ്, ഉമ്മ ഷക്കീല വഹാബ്, അനിയൻ ഷിയാസ് ബെംഗളൂരുവിൽ ജോലി ചെയ്യുന്നു. അവനും പാടും. 'മെയ്ഡ് ഇൻ കൊറിയ' എന്ന എന്റെ ചിത്രത്തിൽ പാടിയിട്ടുണ്ട്. സ്വന്തമായി മ്യൂസിക് ബാൻഡുമുണ്ട് അവന്. വരികളും എഴുതും. ഭാര്യ അയിഷത്ത് സഫ, അവൾ എന്റെ പല പാട്ടുകളിലും കോറസ് പാടിയിട്ടുണ്ട്. ഹായ് നന്ന പോലുള്ള സിനിമകളിൽ. അയിഷ കാസർകോഡുകാരിയാണ്. ഒരു കല്യാണ റിസപ്ഷനിൽവെച്ചാണ് ഞങ്ങൾ ആദ്യം കാണുന്നത്.

ചെയ്തതിൽ പ്രിയപ്പെട്ടവ ?

ഹൃദയം, ഖുഷി, ഹായ് നന്ന, കേരള ക്രൈം ഫയൽസ്, മധുര മനോഹര മോഹം, സാൾട്ട് മാംഗോ ട്രീ …

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi