ഇന്ത്യൻസിനിമയിലെ തന്നെ വിഖ്യാത സംഗീതസംവിധായകരിലൊരാളാണ് ഇളയരാജ. 49 വർഷമായി അദ്ദേഹം ഈ രംഗത്തെത്തിയിട്ട്. ഇന്ന് 82-ാം വയസ്സിലും തുടരുന്ന സംഗീതസപര്യ. ഒമ്പത് ഭാഷകളിലായി 8600-ലേറെ ഗാനങ്ങൾക്കാണ് അദ്ദേഹം സംഗീതമൊരുക്കിയത്. ഇതുവരെ പൂർത്തിയാക്കിയത് 1541 സിനിമകൾ.
2013-ൽ സിഎൻഎൻ നടത്തിയൊരു വോട്ടെടുപ്പിൽ 49 ശതമാനം വോട്ടുകൾ നേടി രാജ്യത്തെ മികച്ച സംഗീതസംവിധായകനായി അദ്ദേഹം ഒന്നാമതെത്തി.
അഞ്ച് ദേശീയപുരസ്‌കാരങ്ങളും നേടിയിട്ടുണ്ട് ഇളയരാജ. രാജ്യം അദ്ദേഹത്തെ പദ്മഭൂഷണും പദ്മവിഭൂഷണും നൽകി ആദരിക്കുകയും ചെയ്തു. ഇന്നും വിശ്രമമില്ലാതെ തനിക്കേറെ ഇഷ്ടപ്പെട്ട സംഗീതസംവിധാനം നിർവഹിച്ചുകൊണ്ടേയിരിക്കുകയാണ് അദ്ദേഹം.
അതിനിടയിൽ ഇളയരാജയുടെ ചില വാക്കുകൾ ചർച്ചയാവുകയാണ്. ഛത്രപതി സംഭാജിനഗറിലെ എം.ജി.എം കാമ്പസിൽ ഒരുപരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇളയരാജ.
ഇതുവരെ 1541 സിനിമകൾക്ക് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടും തനിക്ക് സംഗീതം അറിയില്ലെന്നും അതുകൊണ്ടാണ് ഇപ്പോഴും താൻ ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ലൈവ് ഉപകരണങ്ങൾക്ക് മാത്രമേ വികാരങ്ങൾ പകരാൻ കഴിയൂ എന്നതിനാൽ, താൻ ഇപ്പോഴും ഒരു ലൈവ് ഓർക്കസ്ട്ര ഉപയോഗിച്ചാണ് തന്റെ സംഗീതം റെക്കോർഡുചെയ്യുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
''എന്റെ 1,541-ാമത്തെ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം പൂർത്തിയാക്കിയതിനുശേഷമാണ് ഞാൻ ഇവിടെത്തിയത്. ആളുകൾ എന്നോട് ഒരു പ്രത്യേക ഗാനമോ ഈണമോ എങ്ങനെ കണ്ടെത്തുമെന്ന് ചോദിക്കാറുണ്ട്. ഞാൻ അവരോട് പറയും, എനിക്ക് സംഗീതം അറിയില്ല. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നത്. സംഗീതത്തെക്കുറിച്ച് എല്ലാം അറിയാമായിരുന്നെങ്കിൽ, ഞാൻ അതിൽ പ്രാവീണ്യം നേടിയെന്ന് കരുതി വീട്ടിൽ തന്നെ ഇരിക്കുമായിരുന്നു''.
പുതിയകാലത്ത് ഗാനങ്ങളുണ്ടാക്കുന്നത് എളുപ്പമാണെന്നാണ് ഇളയരാജയുടെ അഭിപ്രായം. ''50 വർഷങ്ങൾക്ക് മുമ്പ്, എന്റെ തുടക്കകാലത്ത് സംഗീതം വ്യത്യസ്തമായിരുന്നു. കാരണം ആ കാലത്ത് സാങ്കേതികവിദ്യ ഇല്ലായിരുന്നു. ഇന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും കീബോർഡുകളും ഉപയോഗിച്ച് സംഗീതം നിർമ്മിക്കുന്നത് എളുപ്പമായി. ഇത് എല്ലാ വീട്ടിലും സംഗീതസംവിധായകരെ സൃഷ്ടിച്ചു. ഞാൻ ഇപ്പോഴും ഒരു ലൈവ് ഓർക്കസ്ട്രയിൽ റെക്കോർഡ് ചെയ്യുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഞാൻ എതിരല്ല, പക്ഷേ സംഗീതത്തിൽ നിന്നുള്ള വികാരം ലൈവ് ഉപകരണങ്ങൾക്കേ പകരാൻ കഴിയൂ'', അദ്ദേഹത്തിന്റെ വാക്കുകൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Legendary composer Ilaiyaraaja, with over 1500 films, reveals he still works because he `doesn`t know music`
Published: 30 Jan 2026, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented