ഒരപരിചിതനോട് തോന്നിയ കടുത്ത പ്രണയം, പിന്നാലെ വീട്ടുകാരെ എതിർത്തുകൊണ്ടുള്ള വിവാഹം, മാസങ്ങൾ കഴിയുംമുമ്പേ മരണവും… അമേരിക്കക്കാരിയായ എൽവ സോണ ഹീസ്റ്റർ എന്ന സ്ത്രീയുടെ ജീവിതകഥ ഇങ്ങനെ ചുരുക്കാം. അതിനുപിന്നാലെ കേസ് തെളിയിക്കാൻ ഇറങ്ങിത്തിരിച്ചത് സോണയുടെ അമ്മയും.
1896-ലാണ് സോണയും ഇറാസ്മസ് ട്രൗട്ട് ഷൂ എന്നയാളും കണ്ടുമുട്ടുന്നത്. അധികം വൈകാതെ അവർ പ്രണയത്തിലായി. അതേവർഷം ഒക്ടോബറിൽ വിവാഹവും. അന്ന് സോണയ്ക്ക് 23 വയസ്സേയുള്ളൂ. ഭർത്താവായ ഇറാസ്മസ് ട്രൗട്ട് ഷൂവിന് 37 വയസ്സും. എന്നാൽ, സോണയുടെ മാതാപിതാക്കൾക്ക് ഈ വിവാഹത്തോട് തീരെ താത്പര്യമില്ലായിരുന്നു. അതിനുകാരണങ്ങൾ അയാളെക്കുറിച്ച് കേട്ട കഥകളും. മുമ്പ് രണ്ടുതവണ വിവാഹിതനായിരുന്നു ട്രൗട്ട്. എന്നാൽ, ആ ഭാര്യമാരെക്കുറിച്ച് യാതൊരു വിവരവുമില്ല. അതായിരുന്നു സോണയുടെ മാതാപിതാക്കളുടെ പേടി. പക്ഷേ, ഇതൊന്നും സോണയെ പിന്തിരിപ്പിച്ചില്ല.
തൊട്ടടുത്തവർഷം ജനുവരിയിൽ വിർജീനിയയിലെ വീട്ടിൽ സോണ ഒറ്റയ്ക്കുള്ളൊരു ദിവസം. ചന്തയിൽനിന്ന് എന്തെങ്കിലും വാങ്ങണോ എന്ന് ചോദിക്കാനായി, ട്രൗട്ട് ഒരു കുട്ടിയെ വീട്ടിലേക്ക് വിട്ടു. അവൻ അവിടെ ചെന്നപ്പോൾ കണ്ടത്, വീട്ടിലെ കോണിപ്പടികൾക്കു താഴെയായി വീണുകിടക്കുന്ന സോണയെയായിരുന്നു. കോണിപ്പടികളിൽനിന്ന് വീണ്, തലയടിച്ചാണ് അപകടമുണ്ടായതെന്ന് അന്ന് പ്രചരിപ്പിക്കപ്പെട്ടു. ബോധം നഷ്ടപ്പെട്ട സോണ, താഴെ വീണുമരിച്ചതാവാമെന്നും സംശയങ്ങളുണ്ടായി.
പ്രസവസംബന്ധമായ പ്രശ്‌നങ്ങളാലുള്ള മരണമെന്ന് പോലീസും സ്ഥിരീകരിച്ചു. അധികം വൈകാതെ മൃതദേഹം സെമിത്തേരിയിൽ സംസ്‌കരിക്കുകയും ചെയ്തു. എല്ലാം അവിടെ കഴിഞ്ഞുവെന്ന് തോന്നിയിടത്തുനിന്നാണ് പലതും തുടങ്ങുന്നത്. സിനിമയെ വെല്ലുന്ന ജീവിതകഥ.
പ്രേതം വന്നുപറഞ്ഞ കഥ
മകളുടേത് സ്വാഭാവികമരണമല്ലെന്ന് പറഞ്ഞ് അമ്മ മേരി ജെയ്ൻ ഹീസ്റ്റർ, പ്രോസിക്യൂട്ടറായ ആൽഫ്രഡ് പ്രീസ്റ്റണെ സമീപിച്ചു. പക്ഷേ, തെളിവുകളൊന്നുമുണ്ടായിരുന്നില്ല. തന്റെ മകളുടെ പ്രേതമാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നായിരുന്നു അവരുടെ അവകാശവാദം. സോണയുടെ പ്രേതം തുടർച്ചയായി ചില ദിവസങ്ങളിൽ മേരി ഉറങ്ങുമ്പോൾ കാണാനെത്തിയെന്ന് അവർ പറഞ്ഞു. തന്റെ മരണത്തെക്കുറിച്ച് കുറേ കഥകൾ പറഞ്ഞുവെന്നും. അവളെ തൊട്ടപ്പോൾ ശരീരത്തിൽ മരംകോച്ചുന്ന തണുപ്പായിരുന്നുവെന്നും മേരി ഉറപ്പിച്ചുപറഞ്ഞു. പ്രസവസംബന്ധമായ പ്രശ്‌നങ്ങളാലല്ല മരണമെന്ന് മേരി ആദ്യമേ പറഞ്ഞിരുന്നു. കാരണം, അന്ന് സോണ ഗർഭിണി പോലും ആയിരുന്നില്ലത്രേ. അതുമാത്രമല്ല കൃത്യസമയത്ത് ഭക്ഷണം കൊടുക്കാത്തതിനാലാണ് തന്നെ ഭർത്താവ് കൊന്നതെന്ന് കൂടി സോണ പറഞ്ഞെന്ന് മേരി പറഞ്ഞു.
ഇക്കാര്യങ്ങളൊന്നും വിശ്വസിക്കാൻ ആൽഫ്രഡ് ആദ്യം തയ്യാറായില്ല. എങ്കിലും പ്രാഥമികമായ അന്വേഷണം നടത്താൻ അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. മേരിയുടെ പ്രേതക്കഥകൾ കേട്ടാണോ, അതോ മരണത്തിൽ സംശയം തോന്നിയിട്ടാണോ എന്ന് വ്യക്തമല്ല. എന്തായാലും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരെ ഉൾപ്പെടെ വീണ്ടും ചോദ്യം ചെയ്യാൻ അദ്ദേഹം പറഞ്ഞു. മൃതദേഹം പൂർണമായി പരിശോധിച്ചിരുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു. ട്രൗട്ടാണ് അത് തടഞ്ഞതെന്നും ഭാര്യയുടെ മൃതദേഹത്തെ അധികം വേദനിപ്പിക്കരുതെന്ന് പറഞ്ഞതെന്നും ഡോക്ടർ വെളിപ്പെടുത്തി. അതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനുള്ള ഉത്തരവിട്ടു. അദ്ദേഹം മൃതദേഹം പുറത്തെടുത്തു.
മരണംനടന്ന് ഏകദേശം ഒരുമാസമായിരുന്നു അപ്പോഴേക്കും. മൃതദേഹപരിശോധന മൂന്നുമണിക്കൂറോളം നീണ്ടുനിന്നു. സോണയുടെ കഴുത്ത് ഒടിഞ്ഞിരുന്നുവെന്ന് ആദ്യമേ കണ്ടെത്തി. ശ്വാസനാളം തകർന്നതായും. അതോടെ കൊലപാതകമാണെന്ന് ഉറപ്പായി. അന്വേഷണങ്ങൾ അവസാനിച്ചത് ട്രൗട്ടിലാണ്. തുടർന്നുള്ള വിചാരണ യുഎസ് ചരിത്രത്തിൽ ഇടം നേടി.
ട്രൗട്ട് അറസ്റ്റിലായി. വിചാരണയും ആരംഭിച്ചു. മേരിയെ കേസിൽ സാക്ഷിയായി വിസ്തരിച്ചു. നാല് രാത്രികളിലായി തന്റെ മകളുടെ പ്രേതം തന്റെ അടുത്തേക്ക് വന്നുവെന്നും, കൊന്നതെങ്ങനെ എന്ന് വിശദമായി പറഞ്ഞുവെന്നും അവർ പറഞ്ഞു. വിശദാംശങ്ങളോടെയാണ് അവർ അവതരിപ്പിച്ചത്. അതുകേട്ട് കോടതിയിലുള്ളവർ പോലും ഞെട്ടിപ്പോയി.
ഇതേ സമയത്താണ് ട്രൗട്ടിന്റെ പഴയകാല ജീവിതത്തെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നത്. മുമ്പ് രണ്ടുതവണ വിവാഹിതനായിരുന്നു. ആദ്യത്തേത് വിവാഹമോചനത്തിൽ അവസാനിച്ചു. ശാരീരികപീഡനങ്ങൾ സഹിക്കാനാവാതെയാണ് ആദ്യഭാര്യ പോയത്. അതിന്റെ പേരിൽ കുറേക്കാലം ജയിലിൽ കിടക്കേണ്ടിയും വന്നു. വിവാഹം കഴിഞ്ഞ് ഒരുവർഷത്തിനുള്ളിൽ രണ്ടാമത്തെ ഭാര്യ ദുരൂഹസാഹചര്യത്തിൽ മരിച്ചു. ജയിലിൽവെച്ചും ട്രൗട്ട് സംസാരിച്ചത് പിന്നെയും വിവാഹം കഴിക്കുന്നതിനെക്കുറിച്ചാണ്. തനിക്കെതിരെ തെളിവുകളില്ലാത്തതിനാൽ, വളരെ പെട്ടെന്ന് മോചിപ്പിക്കുമെന്നായിരുന്നു അയാളുടെ വിശ്വാസം. അത്രയും ആത്മവിശ്വാസത്തിലായിരുന്നു.
പ്രേതക്കഥ ഒഴിവാക്കിയാണ് കോടതിയിൽ വാദം തുടങ്ങിയത്. പക്ഷേ, കുറച്ചുകഴിഞ്ഞപ്പോൾ പൊതുജനങ്ങളെല്ലാം ആ കഥ വിശ്വസിക്കുന്നതായി കോടതിക്ക് ബോധ്യപ്പെട്ടു. ഒടുവിൽ ട്രൗട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തി. എന്നാൽ, പ്രേതത്തിന്റെ പങ്കിനെക്കുറിച്ച് എവിടെയും കോടതി പരാമർശിച്ചില്ല. ട്രൗട്ട് വീണ്ടും ജയിലിലായി. അവിടെവെച്ച് ഒരു പകർച്ചവ്യാധി ബാധിച്ച് മൂന്നുവർഷത്തിനുള്ളിൽ മരിക്കുകയും ചെയ്തു.
ആളുകളിൽ പലരും അപ്പോഴും മേരിയുടെ കഥ വിശ്വസിച്ചു. സോണയുടെ പ്രേതമാണ് കേസ് തെളിയിച്ചതെന്ന് ഉറപ്പിച്ചു. അങ്ങനെ ആ പ്രേതത്തിന് അവർ പേരിട്ടു, ഗ്രീൻബ്രെയർ ഗോസ്റ്റ്.
സോണയെ സംസ്‌കരിച്ച സെമിത്തേരിയോട് ചേർന്നുള്ള ബോർഡിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, 'സമീപത്തുള്ള സെമിത്തേരിയിൽ സോണ ഹീസ്റ്റർ ഷൂവിനെ സംസ്‌കരിച്ചു. ഭർത്താവ് എങ്ങനെ കൊലപ്പെടുത്തി എന്ന് അമ്മയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് അവൾ വിവരിക്കുന്നതുവരെ, ആ മരണം സ്വാഭാവികമാണെന്ന് കരുതപ്പെട്ടു. കുഴിച്ചെടുത്ത മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം ആ കഥ സ്ഥിരീകരിച്ചു. കൊലപാതകക്കുറ്റം ചുമത്തിയ ഭർത്താവ് ജയിലിലായി. ഒരു പ്രേതത്തിൽ നിന്നുള്ള സാക്ഷ്യം ഒരു കൊലപാതകിയെ ശിക്ഷിക്കാൻ സഹായിച്ചുവെന്ന് അറിയപ്പെടുന്ന ഒരേയൊരു കേസ്'.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: elva zona heaster shue tragic life and the spectral testimony that exposed her murderer
Published: 14 Jul 2025, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented