നടിയും നർത്തകിയുമായ സുധാ ചന്ദ്രൻ. ഒട്ടേറെ സീരിയലുകളിലൂടെയും മറ്റും പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച താരമാണ്. ദിവസങ്ങൾക്കുമുമ്പ് താരത്തിന്റെ ഒരു വീഡിയോ വൈറലായിരുന്നു. ഒരു ഭജനയിൽ പങ്കെടുത്ത അവർ, കുറച്ചുകഴിയുമ്പോഴേക്കും ഭക്തിയിൽ മുഴുകി സ്വയം നിയന്ത്രണം നഷ്ടപ്പെടുന്ന വീഡിയോ ആയിരുന്നുവത്. സ്വയം നിയന്ത്രിക്കാനാവാതെ അലറിക്കരയുകയും കൂടെയുള്ളയാളെ കടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാമായിരുന്നു.

സീരിയൽ ഷൂട്ടിങ്ങെന്നായിരുന്നു ആദ്യം എല്ലാവരും കരുതിയത്. പിന്നീടാണ് ഭജനയാണെന്ന് മനസ്സിലായത്. അതിന്റെ പേരിൽ അവർ രൂക്ഷമായി ട്രോൾ ചെയ്യപ്പെട്ടു. ഒടുവിൽ അതിനെതിരെ പ്രതികരണവുമായി സുധ രംഗത്തെത്തി. തന്റേത് 'സ്പിരിച്വൽ ട്രാൻസ്' ആയിരുന്നുവെന്നാണ് അവർ വെളിപ്പെടുത്തിയത്.

ഗുജറാത്തിൽ ഒരു ഷൂട്ടിങ്ങിനിടെ തനിക്കുണ്ടായ പാരാനോർമൽ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് സുധ. അത് തന്നെ മരവിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തുവെന്നും അവർ വിവരിക്കുന്നു. 'അമാനുഷിക പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ മനസ്സിലാക്കാൻ' തനിക്ക് കഴിയുമെന്നും അവർ തുറന്നുപറയുന്നു.

''ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ്, രാത്രി 11:30-യോടെ ഹോട്ടൽ മുറിയിലെത്തി. അത്താഴവും കഴിച്ച് അമ്മയുടെ അരികിൽ ഉറങ്ങാൻ കിടന്നു. പെട്ടെന്ന് ഉണർന്നപ്പോൾ ഒരു അലമാര തുറന്നിരിക്കുന്നതായി കണ്ടു. 'എന്റെ നേരെ ഒരു ഊർജം നീങ്ങുന്നത് അനുഭവപ്പെട്ടു. ആ സാന്നിധ്യം അടുത്തുവരുന്നതായി തോന്നിയപ്പോൾ, 'എന്റെ നെഞ്ചിൽ ഒരു വലിയ ഭാരം അമർത്തിപ്പിടിക്കുന്നത് പോലെ' തോന്നി. സംസാരിക്കാനോ അനങ്ങാനോ തീവ്രമായി ഞാൻ ശ്രമിച്ചത് എനിക്കിപ്പോഴും ഓർമയുണ്ട്. പക്ഷേ ശബ്ദമൊന്നും പുറത്തുവന്നില്ല. അമ്മ തൊട്ടടുത്തുണ്ടായിരുന്നു. എന്നിട്ടും കൈകൾ ഉയർത്തി അമ്മയെ ഒന്ന് തൊടാൻ പോലും കഴിഞ്ഞില്ല'', അവർ ഓർക്കുന്നു.

''ആ ഊർജം കൂടുതൽ ശക്തി പ്രാപിക്കുന്നതായി തോന്നി. അതെന്റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതായും അനുഭവപ്പെട്ടു. എങ്ങനെയൊക്കെയോ അമ്മയെ തട്ടിവിളിച്ചു. അതിനുശേഷം ആ ഊർജം പുറത്തേക്ക് പോയതായും തോന്നി''.

ദക്ഷിണേന്ത്യയിൽ ഒരിക്കൽ ഷൂട്ടിങ്ങിനിടെ എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടിരുന്നുവെന്നും അവർ ഓർക്കുന്നു. ചിലങ്കകളുടെയും ഒരു സ്ത്രീ കരയുന്നതുപോലെയുമുള്ള ശബ്ദങ്ങളാണ് കേട്ടിരുന്നത്. ചുറ്റുമുള്ളവരോട് ചോദിച്ചപ്പോൾ 'ഈ സ്ഥലത്ത് ഇങ്ങനെയാണെന്ന് അവർ പറഞ്ഞതായും' സുധ പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi