
ഡിമെല്ലോ ഹൗസ് | ഫോട്ടോ: wikipedia
കുട്ടിക്കാലം മുതല്‍ക്കെ പ്രേതങ്ങളോടും പ്രേതക്കഥകളോടും പ്രത്യേക പ്രതിപത്തി എനിക്കുണ്ട്. അച്ഛന്റെയും അമ്മയുടെയും ഒറ്റക്കുട്ടിയായ എനിക്ക് അവര്‍ ജോലിക്കുപോയ്ക്കഴിഞ്ഞാല്‍, വീട്ടില്‍ ഒറ്റയ്ക്കാവും. ഒറ്റക്കിരിക്കുന്ന എനിക്ക് പേടി തട്ടേണ്ട എന്നുകരുതി 'പ്രേതം' എന്ന വിഷയം വീട്ടില്‍ സംസാരിക്കാറേ ഇല്ലായിരുന്നു.
ശാസ്താംകോട്ടയില്‍ അച്ഛന് കുറെ ബന്ധുക്കളുണ്ട്. അവരെ കാണാന്‍ ഇടക്ക് അവിടെപോകുന്ന പതിവുണ്ട്. നാലഞ്ചു വീടുകള്‍ ഒരു പകലുകൊണ്ട് കയറും. കുട്ടന്‍ചേട്ടന്റെ വീട്ടില്‍നിന്ന് ചന്ദ്രിക പേരമ്മയുടെ വീട്ടിലേക്ക് പോകുന്നവഴി ഒരു ഒഴിഞ്ഞ മൈതാനമുണ്ട്. നേരം ഇരുട്ടിത്തുടങ്ങി. മൈതാനത്തിനടുത്തെത്തിയപ്പോള്‍ പേരമ്മ ചോദിച്ചു, "ഗൗരിക്കുട്ടിക്ക് ബൂട്‌സിന്റെ ഒച്ച കേള്‍ക്കാമോ?” വഴിവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ മൈതാനം വൃത്തിക്ക് കാണാന്‍ വയ്യ. എന്നാലും അവിടെ ആരുമില്ല. അതുറപ്പ്! “ഇവിടെ ആരുമില്ലല്ലോ വല്യമ്മേ! പിന്നേ എവിടുന്നാ ബൂട്ട്‌സിന്റെ ഒച്ച!”
“ഓ! അതോ!” വല്യമ്മ പതുങ്ങിയ ശബ്ദത്തില്‍ പറഞ്ഞുതുടങ്ങി…
“പണ്ടു പണ്ട് ഇവിടെ ഒരു പട്ടാളക്യാമ്പ് നടന്നു. ടെന്റൊക്കെ കെട്ടി അവര്‌ടെ കസര്‍ത്തും, ഊണും ഉറക്കവുമെല്ലാം ഈ മൈതാനത്തു തന്നെയായിരുന്നു. അവര്‍ക്ക് കഴിക്കാനുള്ള അമേരിക്കന്‍ മാവും പന്‍സാരയും റവയുമൊക്കെ ചാക്കുംപടി ഇവിടെ വന്നിറങ്ങുമായിരുന്നു. ഒരുവട്ടം, എത്തിച്ച അമേരിക്കന്‍ മാവിലും പഞ്ചാരയിലും എങ്ങനെയോ തേയിലയ്ക്ക് അടിക്കുന്ന മരുന്ന് കലര്‍ന്നു. മാവു കുഴച്ചുള്ള ചപ്പാത്തി അത്താഴത്തിനു കഴിച്ചവരൊക്കെ ഛര്‍ദിക്കാനും കുഴഞ്ഞുവീഴാനും തുടങ്ങി. അമ്പത് അറുപതു മനുഷ്യര്‍... ആശുപത്രിയില്‍ എത്തിച്ചെങ്കിലും, അങ്ങ് പോയി. മിച്ചം കഴിച്ച കുരങ്ങന്മാരും പട്ടികളുമൊക്കെ ചത്തു വീണു. അന്നു തൊട്ട് ഇരുട്ട് വീണുകഴിഞ്ഞാല്‍ ഇവരൊക്കെ ബൂട്‌സിട്ട് നടക്കുന്ന ശബ്ദം കേള്‍ക്കാം. ഞാന്‍ എപ്പോഴും കേള്‍ക്കാറുണ്ട്.” വല്യമ്മ പറഞ്ഞു നിര്‍ത്തി.
പില്‍ക്കാലത്ത് പാതി ശരീരം ആടും ബാക്കി പകുതി മനുഷ്യനുമായ മറുതയെ വരെ നേരിട്ടു കണ്ടെന്നു ഡീംബ്രാക്ക് (പുളുവടിക്കുക) അടിച്ച ടീം ആണ് ചന്ദ്രിക വല്യമ്മ. എന്നാലും അതുവരെ യക്ഷിയില്‍ മാത്രം ഒതുങ്ങിനിന്ന എന്റെ ഭാവനയിലേക്ക് ഒരു കൂട്ടം പട്ടാളക്കാരും മാര്‍ച്ച്പാസ്റ്റ് നടത്തി.
കൂടുതല്‍ കഥകള്‍ തേടിപ്പിടിച്ചപ്പോള്‍ ഒരു കാര്യം മനസിലായി. മിക്ക പ്രേതങ്ങള്‍ക്കും ഒരു ചതിയുടെയോ ചൂഷണത്തിന്റെയോ കഥ പറയാനുണ്ട്. അതോടെ ഭയത്തെക്കാളേറെ ഇവരോട് സഹതാപമായി. പിന്നീട് ഒറ്റയ്ക്ക് യാത്ര ചെയ്തുതുടങ്ങിയപ്പോള്‍ ഇവരുറങ്ങുന്ന സ്ഥലങ്ങള്‍ തേടി, അവിടെയൊക്കെ പോകുന്നത് ശീലമാക്കി. അങ്ങനെ ധാരാളം 'പ്രേത' ബാധയുണ്ടെന്ന് തോന്നുന്ന സ്ഥലങ്ങളും വിക്ടോറിയന്‍ ശവപ്പറമ്പുകളും കാണാന്‍ സാധിച്ചിട്ടുണ്ട്. ഇവിടെയൊക്കെ പോകുന്നത് അപാരധൈര്യശാലി ആയതുകൊണ്ടൊന്നുമല്ല. ഭയം ഇപ്പോഴുമുണ്ട്. എന്നാലും എന്തുകൊണ്ടോ പോകാതിരിക്കാന്‍ തോന്നില്ല. വാരനാട് നിന്ന് ജപിച്ചുകെട്ടിയ ചരടിന്റെ ധൈര്യത്തിലാണ് സാഹസങ്ങള്‍. പിന്നെ വെട്ടവും നിര്‍ബന്ധം!
ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഊട്ടിക്കാരി റൂംമേറ്റ് ഡെബ്ര വാ തോരാതെ സംസാരിച്ചിരുന്നത് രണ്ടു കാര്യങ്ങളെപ്പറ്റിയാണ്; ഹെബ്രോണ്‍ സ്‌കൂളില്‍ തന്റെ സീനിയറായി പഠിച്ച പ്രണവ് മോഹന്‍ലാലിനെക്കുറിച്ചും, പിന്നെ പാസ്റ്ററായ അച്ഛന്‍ നേരിട്ടിട്ടുള്ള ഊട്ടിയിലെ ആത്മാക്കളെക്കുറിച്ചും. രണ്ടാമത്തെ വിഷയത്തോട് പ്രത്യേകമമത ഉള്ളതുകൊണ്ട് ഡെബ്ര പറഞ്ഞത് മനസ്സില്‍വെച്ച് ആദ്യകാലയാത്രകളില്‍ ഒന്ന് ഊട്ടിയിലേക്കായിരുന്നു.
ആദ്യലക്ഷ്യം കൂനൂരിലെ ടൈഗര്‍ ഹില്‍ സെമിത്തേരിയായിരുന്നു. ഉദഗമണ്ഡലത്തുനിന്ന് ടോയ് ട്രെയിന്‍ കയറി നേരെ കൂനൂരിലെത്തി. കൂനൂരില്‍ സാധാരണ വണ്ടിയിറങ്ങുന്ന വിനോദസഞ്ചരികള്‍ തിരക്കുന്ന പാര്‍ക്കും വ്യൂ പോയിന്റും അടങ്ങുന്ന സ്ഥിരം പാക്കേജിനു വിപരീതമായി, അവര്‍ക്കൊരു ലാഭവുമില്ലാത്ത സെമിത്തേരി സന്ദര്‍ശനത്തിന് ആരും തയാറായില്ല. ഒടുവില്‍ തല നരച്ച ഒരു ഓട്ടോക്കാരന്‍ മുന്‍പില്‍ വന്നു.
“നീ യേന്‍ മാ അങ്കെ പോറാ?” എന്നു ചോദിച്ചെങ്കിലും, ലോകത്തെങ്ങും കേള്‍ക്കാത്ത, മൂപ്പരു ചോദിച്ച കൂലി, തര്‍ക്കിക്കാതെ കൊടുക്കാമെന്നു ഞാന്‍ സമ്മതിച്ചപ്പോള്‍ പിന്നെ വിരോധമൊന്നുമുണ്ടായില്ല. അങ്ങനെ ഞങ്ങള്‍ രണ്ടാളും പുറപ്പെട്ടു- ഞാനും മുരുഗന്‍ അണ്ണനും.
ടൗണ്‍ വിട്ടു ഞങ്ങള്‍ മെല്ലെ കുന്നുകയറിത്തുടങ്ങി. ഇരുവശവും തേയിലത്തോട്ടവും, മുന്നില്‍ ഇടുങ്ങിയ, വളഞ്ഞുപുളഞ്ഞ, പൊട്ടിപ്പൊളിഞ്ഞ വഴിയും. കൂടെ മഞ്ഞിന്റെ നേരിയ മൂടാപ്പും. കുലുങ്ങിക്കുലുങ്ങി വല്ല വിധേനയും വണ്ടി മുകളിലെത്തിച്ച് ഒരു ഓരത്തില്‍ നിര്‍ത്തിയിട്ട് അണ്ണന്‍ പറഞ്ഞു. “ഇതുക്ക് മേലെ യേറാത് മാ... ദോ പാറ്! അത് താന്‍ ടൈഗര്‍ ഹില്‍സ്. നീ പോ മാ. നാന്‍ ഇങ്കയെ ഇറുക്കേന്‍! ഏതാച് ഇരുന്താ കാള്‍ പണ്ണ്.”
ഒരു റേഞ്ചും ഇല്ലാത്ത ഈ ഹുദാമില്‍ വിളിക്കാന്‍ പറഞ്ഞ അപ്പച്ചന്റെ മനസ്സിനെ നമിച്ചു കൊണ്ട് ഞാന്‍ ഇറങ്ങിനടന്നു. അല്ല! അങ്ങേരെ പറഞ്ഞിട്ട് കാര്യമില്ല. വഴി അത്രക്ക് മോശം. വണ്ടി എങ്ങാനും നിന്നു പോയാല്‍ ഈ കാട്ടുമുക്കില്‍ തിരിച്ചിറങ്ങാന്‍ ഒരു ലിഫ്റ്റ് പോലും കിട്ടില്ല.
കുറച്ചു നടന്നപ്പോള്‍ മുന്നില്‍ കാടും പടലവുമായി, പൊട്ടിപ്പൊളിഞ്ഞ മതില്‍ക്കെട്ടുള്ളൊരു സെമിത്തേരി. ഒറ്റനോട്ടത്തില്‍ തന്നെ വല്ലാത്തൊരു ഇരുട്ട് മനസ്സില്‍ നിറയും. എന്തോ പേടി തോന്നി ഒരു നിമിഷം! എന്നാലും ധൈര്യം സംഭരിച്ച് അകത്തേക്കു കയറാന്‍ തീരുമാനിച്ചു. ഗേറ്റ് പൂട്ടിയിരിക്കുകയാണ്. പൊളിഞ്ഞുകിടക്കുന്ന മതിലിന് വലിയ പൊക്കമൊന്നും ഇല്ലായിരുന്നതുകൊണ്ട് വേഗം അകത്തു കയറി. ചുറ്റുമൊന്ന് കണ്ണോടിച്ചു. പല കല്ലറകളും തകര്‍ന്ന നിലയില്‍ ആണ്. മിക്കവരും പതിനെട്ടാം നൂറ്റാണ്ടില്‍ അടക്കപ്പെട്ടവര്‍. കല്ലറകളില്‍വെച്ച കുരിശുകള്‍ അങ്ങിങ്ങായി ചെരിഞ്ഞു കിടക്കുന്നു. ശെരിക്കും ഒരു പ്രേതപ്പടത്തിന് സെറ്റ് ഇട്ടപോലെ! അധികം നിന്നു കറങ്ങാതെ വീഡിയോയും പിടിച്ച് തിരിച്ചു മതില്‍ ചാടിയപ്പോഴാണ് ശ്രദ്ധിച്ചത്- സെമിത്തേരിയുടെ ഒരു വശത്ത് മനോഹരമായ തേയിലത്തോട്ടമാണ്. പച്ചപ്പുല്ലു വിരിച്ച വിജനമായ പാതകള്‍. ഇത്രവരെ വന്നിട്ട് ഇതുംകൂടെ കണ്ടില്ലെങ്കില്‍ മോശമല്ലേ! ഞാന്‍ ഒരു പാട്ടൊക്കെ പാടി, സന്തോഷത്തോടെ നടന്നു. മൂടല്‍മഞ്ഞിങ്ങനെ ഇടക്കിടയ്ക്ക് കാറ്റിനൊപ്പംവന്നു പൊതിയുന്നുണ്ട്.
തിരിഞ്ഞും മറിഞ്ഞും ഞാന്‍ വീഡിയോകള്‍ എടുത്ത് തേയിലച്ചെടികള്‍ക്കിടയിലൂടെ മെല്ലെ നടന്നുകൊണ്ടിരിക്കെ, പെട്ടെന്ന് കാതിന്റെ പിന്നിലൊരു നേരിയ കാറ്റ്. ആരോ നമ്മുടെ തൊട്ടടുത്തുനിന്ന് രഹസ്യം പറയാന്‍ തുടങ്ങുമ്പോള്‍ അവരുടെ ശ്വാസം കാതില്‍ തട്ടില്ലേ...അതുപോലെ. എന്റെ രണ്ടു കൈകളിലെയും കഴുത്തിന് പിന്നിലെയും രോമങ്ങള്‍ എഴുന്നേറ്റു നിന്നു. ഒറ്റയൊരോട്ടം വെച്ചു കൊടുത്തതു മാത്രമേ ഓര്‍മ്മയുള്ളൂ. ഓടുന്നതിനിടക്ക് പിന്നിലേക്കോ ഇരുവശങ്ങളിലേക്കോ ഞാന്‍ നോക്കിയില്ല. കരിയിലകള്‍ക്ക് മേലെ എന്റെ പാദങ്ങളുടെ ശബ്ദം മാത്രമാണ് കേള്‍ക്കുന്നതെന്ന് ഉറച്ചുവിശ്വസിച്ച് നിര്‍ത്താതെ ഓടി. മുന്നില്‍ പയ്യെ മഞ്ഞിനിടയിലൂടെ തെളിഞ്ഞ ഓട്ടോ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്. കിതച്ചുകൊണ്ട് ഓട്ടോയില്‍ കയറിയ എന്നോട് എന്താ പറ്റിയതെന്ന് മുരുഗണ്ണന്‍ ചോദിച്ചില്ല. പകരം ഒരൊറ്റ ഡയലോഗ് മാത്രം. “നാന്‍ അപ്പോവേ സൊന്നേ ല്ല! ഇങ്കെ യാരുമേ വരമാട്ടാങ്ക!”
വര്‍ഷങ്ങള്‍ കഴിഞ്ഞു. സ്‌റ്റൈപ്പന്‍ഡിലെ കുറച്ചുകാശെങ്കിലും മിച്ചംപിടിക്ക് എന്ന അമ്മയുടെ ഉപദേശം കാറ്റില്‍പ്പറത്തിക്കൊണ്ട് ഗോവയിലേക്ക് വെച്ചുപിടിച്ചു. 15 ദിവസത്തെ ഏകാന്തയാത്രയ്ക്ക് ശേഷം മഡ്ഗാവില്‍ അതിരാവിലെ വന്നിറങ്ങി. ഇനി രാത്രി പത്തരയ്‌ക്കേ നാട്ടിലേക്ക് ട്രെയിനുള്ളു. ഒരു ദിവസം മുഴുവന്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്നു. സ്റ്റേഷന് അടുത്തുനിന്ന് ഒരു സ്‌കൂട്ടര്‍ വാടകക്കെടുത്തു. വണ്ടി നേരെ ഹിമാലയന്‍ ഐസ് ഫാക്ടറി ലക്ഷ്യമാക്കി പുറപ്പെട്ടു. അവിടെയെത്തി ഒരു ഫ്രൂട്ട് സാലഡും നുണഞ്ഞ് മഡ്ഗാവില്‍ കാണാന്‍ എന്തുണ്ടെന്ന് ഫോണില്‍ തപ്പിയപ്പോള്‍ പ്രേതാലയംപോലൊരു ബംഗ്ലാവിന്റെ പടം കണ്ണിലുടക്കി. പടത്തിനു കീഴെ കൊടുത്തിരിക്കുന്ന ആര്‍ട്ടിക്കിളില്‍ കണ്ണോടിച്ചപ്പോള്‍ ഇനി പോയിട്ടേയുള്ളു കാര്യം എന്നുറപ്പിച്ചു. വണ്ടി നിര്‍ത്തി വഴി ചോദിച്ചവരെല്ലാം തന്നെ അവിടെ പോകരുതെന്ന് പറഞ്ഞു. എന്നിട്ടും എന്തുകൊണ്ടോ ഒരു കാട്ടുധൈര്യം അന്നുതോന്നി. ഒടുവില്‍ സ്ഥലത്തെത്തി. പോര്‍ച്ചുഗീസ് ശൈലിയില്‍ പണിത ഒരു മണിമാളിക- ഡിമെല്ലോ ഹൗസ്. മെയിന്‍ റോഡില്‍ തന്നെയാണ് മങ്ങിയ മഞ്ഞനിറത്തില്‍ മേല്‍ക്കൂരകള്‍ തകര്‍ന്നുവീണ ഈ പഴയവീട്. ഒരു കാലത്ത് ഇവിടെ രണ്ടു സഹോദരന്മാര്‍ താമസിച്ചിരുന്നു. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ഒരു സഹോദരന്‍ മറ്റൊരുവനെ വകവരുത്തി. പിന്നീട് ദിവസങ്ങള്‍ക്കു ശേഷം ദുരൂഹസാഹചര്യത്തില്‍ മുകളിലത്തെ നിലയില്‍ മറ്റേ സഹോദരനെ മരിച്ചനിലയിലും കണ്ടെത്തി. അങ്ങനെ ഡിമെല്ലോ ബംഗ്ലാവ് അനാഥമായി. പില്‍ക്കാലത്ത് സ്വന്തമാക്കാന്‍ ശ്രമിച്ച ബന്ധുക്കളില്‍ ചിലര്‍ അജ്ഞാത കാരണങ്ങള്‍ കൊണ്ട് മരണപ്പെട്ടു. പിന്നീട് ആരും ഇത് വില്‍ക്കാനോ വാങ്ങാനോ ധൈര്യപ്പെട്ടില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീടിനു പിന്‍വശത്തെ കിണറ്റില്‍ ആരെന്നറിയാത്ത ഒരു അനാഥ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കിട്ടി. അങ്ങനെ മൂന്നു മനുഷ്യര്‍ മരിച്ചു കിടന്ന വീടാണിത്.
കഥയൊക്കെ കേട്ടതുകൊണ്ടാണോ എന്നറിയില്ല. അകത്തു കയറിയപ്പോള്‍തന്നെ നെഞ്ചിന് വല്ലാത്ത ഭാരം. പള്ളികളിലൊക്കെ കാണുന്നപോലെ വലിയ ജനാലകളും വാതിലുകളും. നിലത്തുനിറയെ പൊളിഞ്ഞു വീണ ഓടിന്റെ കഷണങ്ങളാണ്. അങ്ങിങ്ങായി ബിയര്‍ കുപ്പികളും കാണാം. വിശാലമായ നടുവിലത്തെ മുറിയുടെ ഒരുവശത്ത് മുകളിലേക്കുള്ള പടികള്‍. മുകളിലത്തെ തട്ട് അടച്ചിരിക്കുകയാണ്. തുറക്കാന്‍ ആരും ശ്രമിച്ചിട്ടുപോലുമില്ല. മുകളില്‍ അല്ലെ അയാള്‍ മരിച്ചു കിടന്നത്? പെട്ടെന്നുവന്ന ചിന്ത, തലയില്‍നിന്ന് മായ്ച്ചിട്ട് മുന്നോട്ട് നടന്നു. ദൂരെ പിന്‍വശത്ത് തൊട്ടടുത്ത ആല്‍മരത്തിന്റെ വേരുകള്‍ ഇറങ്ങിയ കിണര്‍ ഒറ്റനോട്ടത്തില്‍ കാണാം. അങ്ങോട്ടേക്കടുക്കുംതോറും വല്ലാത്തൊരു നാറ്റം.
എന്തൊക്കെയോപോലെ. പെട്ടെന്നുതന്നെ ഇറങ്ങി മുന്‍വശത്തെത്തി. അപ്പോളല്ലേ ഒരു കാര്യം കാണുന്നത്! ഞാന്‍ വണ്ടി നിര്‍ത്തിയ സ്ഥലത്ത് രണ്ടു സ്‌കൂട്ടര്‍കാരും ഒരു ഓട്ടോക്കാരനും നില്‍ക്കുന്നു. അകത്തു പോയ ആള് പുറത്തു വരുന്നുണ്ടോ എന്നും നോക്കി നിന്നതാണവര്‍. എന്നാല്‍ അകത്തേക്ക് കേറി നോക്കാന്‍ ബുദ്ധിമുട്ടാണ് താനും. ഇറങ്ങിയ ഉടനെ ഓട്ടോ ചേട്ടന്‍ പറഞ്ഞു
“ആപ്‌കോ തുരന്ത് നഹാന ചാഹിയെ. വര്‍ന വോ ലോഗ് ആപ്‌കെ സാഥ് ആയേങ്കെ” (നിങ്ങള്‍ എത്രയും പെട്ടെന്നൊന്നു കുളിക്കണം. ഇല്ലെങ്കില്‍ അവര്‍ നിങ്ങളുടെ കൂടെയങ്ങ് പോരും).
ഡിമെല്ലോ വീടിന്റെ തൊട്ടടുത്തു താമസിക്കുന്ന ഓട്ടോക്കാരന്‍ പിന്റോ ഭൈയ്യ ഉറച്ചു വിശ്വസിക്കുന്നത് അത് സാത്താന്റെ വീടാണെന്നാണ്. എന്നും രാത്രി ഇവിടുന്ന് ആരോ കരയുന്ന ശബ്ദവും ഉച്ചത്തിലുള്ള അലര്‍ച്ചയും കേള്‍ക്കുമത്രേ! കയറിയത് അത്ര ഭീകരമായ സ്ഥലത്തേക്കാണെന്ന് എനിക്ക് തോന്നിയില്ലായിരുന്നു. പക്ഷെ മൂപ്പര്‍ പറഞ്ഞുപേടിപ്പിച്ചപ്പോള്‍ നേരെ പോയി റെയില്‍വേ റിഫ്രഷ്‌മെന്റ്‌റൂമില്‍ പോയി കുളിച്ച് ഉടുപ്പും മാറിയപ്പോഴാണ് ശ്വാസം സത്യത്തില്‍ വീണത്.
“നിങ്ങള്‍ ഡൂമസ് ബീച്ചില്‍ പോയില്ലേ? പ്രേതങ്ങളുടെ ബീച്ച് എന്നാണ് അറിയപ്പെടുന്നത്. സൂരത്തില്‍ വരുന്ന എല്ലാവരും അവിടെ പോകാറുണ്ട്.” കോള്‍ഡ് കൊക്കോ ഗ്ലാസ്സിലേക്ക് പകര്‍ത്തിക്കൊണ്ട് ജിഗ്‌നേഷ് ഭായ് പറഞ്ഞു. “മുന്‍പ് ഡൂമസ് ഒരു ശ്മശാനമായിരുന്നു. പിന്നീട് സര്‍ക്കാര്‍ അതൊക്കെ നിരോധിച്ച് ബീച്ച് ആക്കി. എന്നിട്ടും ആത്മാക്കള്‍ അലഞ്ഞുതിരിഞ്ഞ് ഇപ്പോഴും അവിടെ നടക്കുന്നുണ്ട്. നേരം ഇരുട്ടിയാല്‍ അവിടെ മനുഷ്യന്‍ ഏതാ പ്രേതം ഏതാ എന്നറിയാന്‍ ആര്‍ക്കും പറ്റില്ല! അതാ അവസ്ഥ!”
ഇത്രയും ആയപ്പോള്‍ പോകാന്‍ ഉത്സാഹമായി. നേരെ ഡൂമസിലേക്ക് വിട്ടു. ഒരു നാലരയോടെ അവിടെയെത്തി. പ്രേതങ്ങളുടെ ബീച്ച് ആണെന്നൊക്കെ പറഞ്ഞപ്പോ തിരക്കൊട്ടും പ്രതീക്ഷിച്ചില്ല. പക്ഷെ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യാന്‍ പോലും ഇടം കിട്ടിയില്ല. എന്തായാലും സ്‌കൂട്ടര്‍ ഉള്ള പ്രേതങ്ങള്‍ കാണാന്‍ വഴിയില്ല. അതുകൊണ്ടു തന്നെ കടപ്പുറത്തിരിക്കുന്നവരില്‍ മനുഷ്യര്‍ ഉണ്ടെന്ന് ഉറപ്പിച്ചു. എങ്ങനെയൊക്കെയോ സ്‌കൂട്ടര്‍ ഉന്തിക്കേറ്റി വെച്ചിട്ട് ബീച്ചിലേക്കിറങ്ങി. കറുകറുത്ത മണ്ണ്. നല്ല കാറ്റ്. വിസില്‍ അടിച്ചു പ്രായമായൊരു സെക്യൂരിറ്റി എല്ലാവരെയും കരയിലേക്ക് വിളിച്ചു കേറ്റുന്നുണ്ട്. മൂപ്പര്‍ വന്നു കസേരയില്‍ ഇരുന്നപ്പോള്‍ ഞാന്‍ ചോദിച്ചു, “ഇവിടെ പ്രേതബാധയുണ്ടെന്ന് പറയുന്നത് ശെരിയാണോ?”
“പിന്നേ! ഇവിടെ വന്നിട്ട് എത്ര പേരെയാ ആത്മാക്കള്‍ കൊണ്ട് പോയത്! പൊടിപോലും ബാക്കി വെച്ചില്ല! ഒരാളുടെ ശരീരം പൊങ്ങിയപ്പോള്‍ ഞാന്‍തന്നെ പേടിച്ചു പനിച്ചുകിടന്നു. കണ്ണൊക്കെ തുറിച്ച്, നാവു മുഴുവന്‍ പുറത്തേക്ക് തള്ളിയാ അയാള്‍ കിടന്നേ!”
“എന്താ അങ്ങനെ?” ഒന്നും അറിയാത്തതുപോലെ ഞാന്‍ ചോദിച്ചു.
"ഇവിടെ പണ്ടൊരു ശ്മാശാനം ഉണ്ടായിരുന്നു. ധാരാളം ആത്മാക്കളെ ദഹിപ്പിച്ചിട്ടുണ്ട്. എന്റെ അപ്പൂപ്പന്റെയൊക്കെ കാലത്ത് വെളുത്ത മണലായിരുന്നു ഇവിടെ! എല്ലാരേയും ദഹിപ്പിച്ച് അവരുടെ ചാരമൊക്കെ കലര്‍ന്നാ ഈ മണ്ണ് കറുത്തത്.”
"അമ്മാവന്‍ കണ്ടിട്ടുണ്ടോ ആത്മാക്കളെ?”
"ആറു മണി കഴിഞ്ഞാല്‍ ഇവിടെ അധികമാരും ഇരിക്കാറില്ല. അതുകൊണ്ട് രാത്രിയിലെ കാര്യം എനിക്കറിയില്ല . പക്ഷെ നട്ടുച്ചക്ക് ഞാന്‍ ചിലരെയൊക്കെ കണ്ടിട്ടുണ്ട്.” ചിരിച്ചുകൊണ്ട് മൂപ്പര് പറഞ്ഞു നിര്‍ത്തി.
ഞാനൊന്നും മിണ്ടാതെ കുറച്ചുനേരം അവിടെയിരുന്നു. ആറു മണിയോടടുത്തപ്പോള്‍ പതിയെ ഓരോരുത്തരായി സ്ഥലം വിട്ടുതുടങ്ങി. എങ്കിലും അങ്ങിങ്ങായി കുറച്ചുപേര്‍ നിന്ന് തിര കൊള്ളുന്നുണ്ട്. എന്റെ മുന്‍പില്‍ നീളന്‍ പാവാടയും ടോപ്പുമിട്ട മെലിഞ്ഞു കൊലുന്നനെയുള്ള ഒരു സുന്ദരിക്കൊച്ചു നിന്ന് കുറെ നേരമായി തിര കൊള്ളുന്നുണ്ട്. ഇടക്ക് തിരിഞ്ഞു നോക്കി മെല്ലെ അവള്‍ ഒന്നു ചിരിച്ചു. കാറ്റില്‍ ചെറുതായി മുടിയൊക്കെ പാറുന്നുണ്ട്. നല്ല ചിരി! പെട്ടെന്ന് ജിഗ്‌നേഷ് ഭായ് പറഞ്ഞതു മനസ്സില്‍ ഓര്‍മ്മ വന്നു; 'ഇരുട്ടിയാല്‍ അവിടെ മനുഷ്യനേതാ പ്രേതമേതാ എന്നറിയാന്‍ സാധിക്കില്ല. അതാ അവസ്ഥ!’
അവള്‍ ആരാണെന്ന പ്രഹേളിക തുടരട്ടെ എന്ന് സ്വയം പറഞ്ഞു കൊണ്ട് ജീന്‍സിലെ മണ്ണും തട്ടി ഞാന്‍ അവിടെ നിന്ന് എഴുന്നേറ്റു മെല്ലെ നടന്നു നീങ്ങി…
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Journey through haunted sites & cemeteries. Explore ghost stories & spooky experiences
Published: 13 Aug 2025, 04:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented