ബോളിവുഡ് നടനും സംവിധായകനുമാണ് ഫര്‍ഹാന്‍ അക്തര്‍. ഹിന്ദി സിനിമകളില്‍ ടോക്സിക്ക് മാസ്കുലിനിറ്റി മഹത്വവല്‍ക്കരിക്കപ്പെടുന്നതിനെക്കുറിച്ച് ഫര്‍ഹാന്‍ അക്തര്‍ തുറന്നു സംസാരിച്ചിരുന്നു. ഹോട്ടര്‍ഫ്‌ളൈ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്, സിനിമകള്‍ എങ്ങനെയാണ് പുരുഷന്മാരുടെ മോശമായ പെരുമാറ്റങ്ങളെ നോർമലൈസ് ചെയ്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചത്.

“ടോക്‌സിക് മസ്‌കുലിനിറ്റി എന്നത് നമ്മുടെ രാജ്യത്തെ ഒരു വലിയ പ്രശ്‌നമാണ്. സിനിമയില്‍ നായികയോട് മോശമായി പെരുമാറുന്ന അല്ലെങ്കില്‍ സ്ത്രീകളെ മോശം കണ്ണോടെ കാണുന്ന ഒരു കഥാപാത്രമുണ്ടെങ്കില്‍, മുന്‍പ് അയാള്‍ വില്ലനായിരുന്നു. ക്ലൈമാക്‌സില്‍ നായകനോ നായികയോ അയാളെ തകര്‍ക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം വില്ലന്‍ സ്വഭാവമുള്ളവരെ നിങ്ങള്‍ മഹത്വവല്‍ക്കരിക്കുകയും, അയാളാണ് ശരിയെന്നും അയാളെപ്പോലെയാകണം എന്നും പറയാന്‍ തുടങ്ങുകയും ചെയ്താല്‍ അതൊരു വലിയ പ്രശ്‌നമാണ്” താരം പറയുന്നു.

ഇന്ത്യൻ സമൂഹത്തില്‍, സിനിമയ്ക്ക് സ്വാധീനമില്ലെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “സിനിമ വെറും വിനോദം മാത്രമാണെന്നും അതിന് സമൂഹത്തില്‍ സ്വാധീനമില്ലെന്നും എനിക്ക് പറയാനാവില്ല. ചിലര്‍ അങ്ങനെ വിശ്വസിക്കുന്നുണ്ടാകാം, അതുകൊണ്ടാകാം അവര്‍ അത്തരം സിനിമകള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ എന്റെ വിശ്വാസം അതല്ല”. തന്റെ സിനിമയായ 'ലക്ഷ്യ' കണ്ടിട്ട് പട്ടാളത്തില്‍ ചേരാന്‍ തീരുമാനിച്ച യുവാക്കളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട്, സിനിമകള്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

120 ബഹദൂര്‍ എന്നചിത്രമാണ് ഫർഹാന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ദില്‍ ചാഹ്താ ഹേ, ലക്ഷ്യ എന്നിവയാണ് ഫര്‍ഹാന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ദില്‍ ധടക് നേ ദോ, ബാഗ് മില്‍ കാ ബാഗ്, സിന്തഗീ നാ മിലേഗി ദൊബാരാ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. നടന്‍, സംവിധായകന്‍, ഗായകന്‍, നിര്‍മാതാവ് എന്നീ റോളുകളിലെല്ലാം തിളങ്ങിയ വ്യക്തിയാണ് ഫര്‍ഹാന്‍ അക്തര്‍.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi