2016-ൽ പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ 'ഒപ്പം' മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. അന്ധനായ ജയരാമൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയ ചിത്രം ഒരു സസ്പെൻസ് ത്രില്ലറായിരുന്നു. ഇപ്പോൾ ഒപ്പത്തിന്റെ ഹിന്ദി റീമേക്കായ ഹൈവാൻ റിലീസിനൊരുങ്ങുകയാണ്. സെയ്ഫ് അലി ഖാൻ അന്ധനായ നായക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അക്ഷയ് കുമാറാണ് വില്ലൻ വേഷത്തിലെത്തുന്നത്. എന്നാൽ അക്ഷയ് ഈ നെഗറ്റീവ് കഥാപാത്രം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ സംവിധായകൻ പ്രിയദർശൻ പോലും ആദ്യം അത് വിശ്വസിച്ചില്ല. അക്ഷയ് തമാശ പറയുകയാണെന്നാണ് അദ്ദേഹം കരുതിയത്. സെയ്ഫ് അലി ഖാനും ഇക്കാര്യം ആദ്യം വിശ്വസിച്ചില്ലെന്നാണ് പ്രിയദർശൻ പറയുന്നത്.
പ്രിയദർശനും അക്ഷയ് കുമാറും തമ്മിൽ ദീർഘകാലത്തെ സൗഹൃദമാണുള്ളത്. 'ഹേരാ ഫേരി', 'ഖട്ടാ മീഠാ' തുടങ്ങിയ ചിത്രങ്ങളിലൂടെ ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷം 'ഭൂത് ബംഗ്ലാ'യിലൂടെ വീണ്ടും ഒന്നിച്ചപ്പോഴാണ് 'ഹൈവാനി'ലെ വില്ലൻ കഥാപാത്രത്തെക്കുറിച്ച് അക്ഷയ് താൽപര്യം പ്രകടിപ്പിച്ചത്. ''അദ്ദേഹം തമാശ പറയുകയാണെന്നാണ് ഞാൻ കരുതിയത്. പ്രാങ്ക് ചെയ്യുന്ന ഒരു ശീലം അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് അക്ഷയ് 'യെസ്' എന്ന് പറഞ്ഞപ്പോൾ എന്നെ കളിയാക്കുകയാണെന്ന് കരുതി. ആ സംസാരം ഞാൻ അവഗണിക്കുകയും പിന്നീട് മറക്കുകയും ചെയ്തു. അന്ന് വൈകുന്നേരം അദ്ദേഹം പോകാനിറങ്ങുമ്പോൾ വീണ്ടും ചോദിച്ചു, 'സർ, ഞാൻ പറഞ്ഞ കാര്യം പരിഗണിച്ചോ?' അപ്പോഴാണ് ഞാൻ ശരിക്കും ഈ സിനിമ ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചത്. അദ്ദേഹം അതെ എന്നും പറഞ്ഞു,'' പ്രിയദർശൻ വ്യക്തമാക്കി.
Also Read
അക്ഷയ് കുമാർ വില്ലൻ വേഷത്തിലേക്ക് എത്തുമ്പോൾ ചിത്രത്തിലെ നായകവേഷത്തിലേക്ക് സെയ്ഫ് അലി ഖാനെ നേരത്തെ തന്നെ പ്രിയദർശൻ തീരുമാനിച്ചിരുന്നു. എന്നാൽ അക്ഷയ് വില്ലനാകുന്നുവെന്ന വാർത്ത സെയ്ഫിനും ആദ്യം വിശ്വസിക്കാനായില്ല. ''അക്ഷയ് വില്ലനാകാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ സെയ്ഫിനോട് പറഞ്ഞപ്പോൾ അദ്ദേഹം വിശ്വസിച്ചില്ല. ഞാനും തമാശ പറയുകയാണെന്നാണ് കരുതിയത്. അക്ഷയ്യെ നേരിൽ കാണണമെന്നും അദ്ദേഹത്തിന്റെ വായിൽ നിന്ന് തന്നെ ഇക്കാര്യം കേൾക്കണമെന്നും സെയ്ഫ് പറഞ്ഞു,'' പ്രിയദർശൻ ഓർത്തെടുത്തു.
'ഹൈവാനി'ലെ നായക കഥാപാത്രമായ അന്ധനായ വ്യക്തിയെ അവതരിപ്പിക്കാനുള്ള അവസരമാണ് സെയ്ഫിനെ ചിത്രത്തിലേക്ക് ആകർഷിച്ചത്. തന്റെ കരിയറിൽ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. “സെയ്ഫിനെയാണ് ആദ്യം തീരുമാനിച്ചത്. കരിയറിൽ ഇതുവരെ അന്ധനായ ഒരാളുടെ വേഷം ചെയ്തിട്ടില്ലാത്തതിനാൽ ആ കഥാപാത്രം ചെയ്യാൻ അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രവും അദ്ദേഹത്തിന്റേതാണ്. അക്ഷയേക്കാൾ വലിയ താരങ്ങളല്ലാത്ത ചില നടന്മാരെ ഞാൻ ഈ വേഷത്തിനായി സമീപിച്ചിരുന്നു. എന്നാൽ അവർ ആ കഥാപാത്രം നിരസിച്ചു. എന്തുകൊണ്ടാണ് നിരസിച്ചതെന്ന് ഞാൻ അവരോട് ചോദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അക്ഷയ്യും ഈ കഥാപാത്രം സ്വീകരിക്കില്ലെന്നാണ് ഞാൻ കരുതിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി അക്ഷയ് കഥാപാത്രം ഏറ്റെടുക്കുകയായിരുന്നു.” പ്രിയദർശൻ വ്യക്തമാക്കി.
''ഹൈവാനിൽ എന്റെ രണ്ട് നായകന്മാരും അവർ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള വേഷങ്ങളാണ് ചെയ്യുന്നത്. ഇരുവരും അധികം നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്തിട്ടില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിലും, 'ഹൈവാനി'ലെ കഥാപാത്രങ്ങൾ അവർ മുമ്പ് പരീക്ഷിക്കാത്ത തരത്തിലുള്ളതാണ്. അക്ഷയ്ക്കൊപ്പം വർഷങ്ങളായി ഞാൻ ജോലി ചെയ്യുന്നുണ്ട്. എന്നാൽ കഴിഞ്ഞ ഏഴ്-എട്ട് സിനിമകളിൽ അദ്ദേഹത്തിന്റെ മറ്റൊരു അഭിനയമുഖമാണ് ഞാൻ കാണുന്നത്. 'ഹൈവാൻ' ഷൂട്ടിനിടയിൽ അതുകൊണ്ടുതന്നെ ഏറെ ആവേശകരമായ നിമിഷങ്ങളുണ്ടായി,'' പ്രിയദർശൻ കൂട്ടിച്ചേർത്തു.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഹൈവാൻ' സെപ്റ്റംബർ 11നാണ് തിയറ്ററുകളിലെത്തുന്നത്. 2016ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രം 'ഒപ്പം' ആണ് ഹിന്ദിയിൽ 'ഹൈവാൻ' എന്ന പേരിൽ ഒരുങ്ങുന്നത്. അന്ധനായ ഒരു ആയോധനകലാ വിദഗ്ധൻ അപകടത്തിലായ ഒരു പെൺകുട്ടിയെ സംരക്ഷിക്കാൻ ഇറങ്ങുന്നതും അതിനിടെ അപകടകാരിയായ ഒരു മനോരോഗിയുമായി ഏറ്റുമുട്ടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബൊമൻ ഇറാനി, ശ്രിയ പിൽഗാവ്കർ, സായാമി ഖേർ എന്നിവരും ചിത്രത്തിലുണ്ട്. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: akshay-kumar-villain-haivaan-priyadarshan-saif-ali-khan
Published: 31 Aug 2026, 11:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented