2000-ത്തിന്റെ തുടക്കത്തിൽ ബോളിവുഡ് മുൻ താരം പൂജ ഭട്ടും രൺവീർ ഷൂരിയും പ്രണയത്തിലായിരുന്നു. രണ്ടുവർഷത്തോളം നീണ്ട പ്രണയത്തിനിടയിൽ കുറച്ചുകാലം ഒന്നിച്ചുതാമസിക്കുകയും ചെയ്തു. എന്നാൽ വേർപിരിയൽ വലിയ കോലാഹലങ്ങൾ നിറഞ്ഞതായിരുന്നു. ബന്ധം വഷളായപ്പോൾ പൂജ തന്നെപ്പറ്റി നുണകൾ പ്രചരിപ്പിച്ചുവെന്ന് രൺവീർ മുൻപ് ആരോപിച്ചിട്ടുണ്ട്. അന്നുണ്ടായ ഒരു സംഭവം തുറന്നുപറയുകയാണ് പൂജയുടെ അനിയൻ രാഹുൽ ഭട്ട്.

"രൺവീർ ഷൂരിയും പൂജയും വാക്കേറ്റമുണ്ടായി, രൺവീർ അവളെ അടിക്കുകയോ മറ്റോ ചെയ്തു. ഞാനിടപെടേണ്ടി വന്നു, എന്റെ പ്രതികരണം കുറച്ച് അതിരുകടന്നു. ഞാനയാളുടെ കാറിന്റെ ചില്ല് തകർത്തു. ഒരു വാരിയെല്ലൊടിച്ചു. നിയമം കൈയിലെടുത്തത് എന്റെ തെറ്റാണ്. ഞാനതിന് വില നൽകേണ്ടിവന്നു, അറസ്റ്റിലായി. കേസെടുത്തു."- സിദ്ധാർത്ഥ് കണ്ണന്റെ പോഡ്‌കാസ്റ്റിൽ രാഹുൽ പറഞ്ഞു

അതിലിപ്പോൾ ഖേദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, "ഞാൻ അമിതമായി പ്രതികരിക്കരുതായിരുന്നു. അന്നൊക്കെ ഇനിയും ചെയ്യുമെന്ന് ഞാൻ പറഞ്ഞിരുന്നു, പക്ഷേ, അത് ചെയ്യാൻ പാടില്ലായിരുന്നു. അദ്ദേഹം വളരെ മാന്യനായിരുന്നു. കേസ് ഒത്തുതീർപ്പാക്കുന്ന സമയത്ത് 'നടന്നതെല്ലാം മറക്കാം' എന്നദ്ദേഹം പറഞ്ഞു."

"ആരും അങ്ങനെ ചെയ്യാറില്ല. ആളുകൾ സാധാരണ ഇത്തരം സാഹചര്യങ്ങൾ പണം തട്ടിയെടുക്കാൻ ഉപയോഗിക്കാറുണ്ട്, പക്ഷേ അദ്ദേഹമങ്ങനെ ചെയ്തില്ല. കേസ് ഒത്തുതീർപ്പാക്കി, അതുവരെ എന്റെ പേരിൽ ക്രിമിനൽ കേസുണ്ടായിരുന്നു. ഞാനദ്ദേഹത്തെ ബഹുമാനിക്കുന്നു." രാഹുൽ പറഞ്ഞു.

ഭട്ട് കുടുംബവുമായുള്ള അകൽച്ചയെപ്പറ്റി രൺവീറും സംസാരിച്ചിട്ടുണ്ട്. രൺവീർ തന്നെ ശാരീരികമായും അല്ലാതെയും പീഡിപ്പിച്ചിട്ടുണ്ടെന്ന പൂജയുടെ ആരോപണങ്ങൾ കള്ളമാണെന്നാണ് അദ്ദേഹം പറയുന്നത്. രൺവീർ വിശദീകരിച്ചു, "ഞങ്ങൾക്കിടയിൽ പ്രശ്നമുണ്ടായപ്പോൾ മഹേഷ് ഭട്ടിനോട് (പൂജയുടെ അച്ഛൻ) എനിക്കുണ്ടായിരുന്ന ബഹുമാനം അദ്ദേഹം സ്വാധീനത്തിനായി ഉപയോഗിച്ചതായി എനിക്ക് തോന്നി. വഴക്കുണ്ടായപ്പോൾ അദ്ദേഹം എന്റെ അച്ഛനോട് പറഞ്ഞു, 'ശരി, കുട്ടികൾ തമ്മിൽ എന്തു വഴക്കായാലും നമുക്ക് വിഷയം ഇവിടെ അവസാനിപ്പിക്കാം' എന്ന്. പിറ്റേ ദിവസം, അദ്ദേഹം എന്നെക്കുറിച്ച് നുണകളും മാധ്യമങ്ങളിൽ വ്യാജകഥകളും പ്രചരിപ്പിച്ചു. എന്നെ ഒരു മദ്യപാനിയായും പീഡകനായും ചിത്രീകരിച്ചു. എല്ലാം നുണകളാണ്."

തർക്കം പൂജയുമായി മാത്രമായിരുന്നോ എന്ന് ചോദിച്ചപ്പോൾ സഹോദരനാണ് ആക്രമിച്ചതെന്ന് രൺവീർ പറഞ്ഞു. അങ്ങനെയൊന്നും സംസാരിക്കരുതെന്ന് മഹേഷ് ഭട്ടിന് അവരോട് പറയാമായിരുന്നു. ആ അർഥത്തിൽ അദ്ദേഹമെന്നോട് കപടമായി പെരുമാറി. ഇതെല്ലാം 25 വർഷം പഴക്കമുള്ള കഥകളാണ്. ഇപ്പോഴതിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മദ്യപിക്കുമ്പോൾ രൺവീർ ക്രൂരനായി മാറുമെന്നും ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും പൂജ ഭട്ട് പലതവണ പറഞ്ഞിട്ടുണ്ട്. ഇരുവരും പിരിഞ്ഞശേഷം രൺവീർ നടി കൊങ്കണ സെൻ ശർമ്മയെ വിവാഹം കഴിച്ചു, ഇരുവർക്കും ഒരു മകനുണ്ട്. 2015-ൽ രണ്ടുപേരും വേർപിരിഞ്ഞു. പൂജ ഭട്ട് 2003-ൽ മനീഷ് മഖിജയെ വിവാഹം കഴിച്ചെങ്കിലും പിന്നീട് വേർപിരിഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi