ഒട്ടേറെ ദുരന്തങ്ങളിലൂടെ കടന്നുവന്ന നടിയാണ് മഹിമ ചൗധരി. വാഹനാപകടം, അർബുദം തുടങ്ങിയവയെല്ലാം അതിജീവിച്ചാണ് അവർ തന്റെ കരിയർ പടുത്തുയർത്തിയത്. മൂന്നാമത്തെ സിനിമയുടെ ചിത്രീകരണത്തിനിടെ അവർക്കൊരു അപകടം പറ്റിയിരുന്നു. 'ദിൽ ക്യാ കരെ' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. സെറ്റിൽവെച്ചാണ് ആ അപകടമുണ്ടായത്.

അതിഗുരുതരമായ പരിക്കുകളാണ് അന്ന് മഹിമയ്ക്ക് സംഭവിച്ചത്. താൻ മരിച്ചുവെന്ന് തന്നെയാണ് അന്ന് കരുതിയതെന്ന് പിന്നീട് മഹിമ പറഞ്ഞിട്ടുണ്ട്. ''67-ഓളം ചെറിയ ഗ്ലാസ് കഷണങ്ങളാണ് എന്റെ മുഖത്ത് തറച്ചുകയറിയത്. കാണാൻ പോലും പറ്റാത്തത്ര ചെറിയ കഷണങ്ങൾ. അപകടത്തിന്റെ തൊട്ടടുത്തദിവസം എന്റെ മുഖം ആകെ നീരുവെച്ചു, ആകൃതിയെല്ലാം നഷ്ടപ്പെട്ടു. അതുകണ്ട് കൂട്ടുകാരെല്ലാം കളിയാക്കി. അവരെല്ലാം കരുതിയത്, ഷൂട്ടിങ്ങിനിടയിൽ ആരുമായോ ഞാൻ അടിയുണ്ടാക്കിയെന്നും അതിനിടയിൽ മുഖത്ത് പരിക്ക് പറ്റിയെന്നുമാണ്. ആ സമയത്ത് എനിക്കൊന്നും മനസ്സിലാവുന്നില്ലായിരുന്നു. അതിനിടയിൽ ഷൂട്ടിങ് പൂർത്തിയാക്കാനുമുണ്ട്'', അന്നത്തെ ദിവസങ്ങൾ ഓർത്തെടുക്കുന്നു മഹിമ. ''മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെയാണ് അത്രയും ചെറിയ കഷണങ്ങൾ എടുത്തുമാറ്റിയത്''. അതിനിടയിലും അവർ തന്റെ ഷൂട്ടിങ് പൂർത്തിയാക്കി.

''രണ്ടു പാട്ടുകളുടെ ഷൂട്ടിങ് തീർക്കാനുണ്ടായിരുന്നു. അതൊന്നും ഔട്ട്‌ഡോറിൽ ചെയ്യാൻ പറ്റില്ലെന്ന് ഞാനുറപ്പിച്ചുപറഞ്ഞു. ചിത്രീകരണത്തിനിടയിൽ എന്റെ മുഖം വീങ്ങിയിരിക്കുന്നത് മറച്ചുവെയ്ക്കുകയും വേണം. എന്റെ കോസ്റ്റിയൂം ഡിസൈനറും മേക്കപ്പ് ആർട്ടിസ്റ്റും നന്നായി പരിശ്രമിച്ചാണ് അതെല്ലാം ശരിയാക്കിയത്''. ഡെക്കറേറ്റീവ് ഡയമണ്ട് ഡോട്ടുകൾ മുഖത്ത് പിടിപ്പിച്ചാണ്, മുഖത്തെ നീര് മറച്ചുവെച്ചത്. അങ്ങനെ പാട്ടുകൾ പൂർത്തിയാക്കി.

''പരിക്കുകൾ ഉണങ്ങാതെ അല്പം പോലും സൂര്യപ്രകാശം മുഖത്ത് ഏൽക്കാൻ പാടില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നു. മാത്രമല്ല ചെറിയ വെയിൽ ഏൽക്കുമ്പോൾ തന്നെ മുഖം വിങ്ങാൻ തുടങ്ങും''. അതോടെ സിനിമയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു മഹിമ. കരിയറിന്റെ തുടക്കത്തിൽ തന്നെ ഒരു വർഷം അവർക്ക് നഷ്ടമായി.

പർദേസ്, ധട്കൻ, ഖിലാഡി 420, ലജ്ജ, തേരെ നാം, ദൊബാര തുടങ്ങിയവയാണ് മഹിമയുടെ പ്രധാനസിനിമകൾ. 'ദുർലഭ് പ്രസാദ് കി ദൂസ്രി ശാദി'യാണ് ഇനി പുറത്തിറങ്ങാനുള്ളത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi