ഇന്ത്യന്‍ ക്രിക്കറ്റില്‍ സൗഹൃദങ്ങളുടെ, അതിലുപരി ബ്രൊമാന്‍സിന്റെ കാലമാണ്. താരങ്ങള്‍ക്കിടയിലുള്ള അതിഗാഢമായ സൗഹൃദത്തിനെയാണ് ബ്രൊമാന്‍സ് എന്ന ഓമനപ്പേരില്‍ വിളിക്കുന്നത്. ഡ്രസ്സിങ് റൂമില്‍ മാത്രമൊതുങ്ങുന്നില്ല ഇവരുടെ സൗഹൃദവും സ്‌നേഹവും കരുതലും കുട്ടിക്കളിയും തമാശകളും. ഫീല്‍ഡിലും നിറയുന്ന ബ്രൊമാന്‍സ് സോഷ്യല്‍ മീഡിയ പെട്ടെന്ന് ഏറ്റെടുക്കാറുമുണ്ട്.   

സഞ്ജു സാംസണും താനും അടുത്ത സുഹൃത്തുക്കളാണെന്ന് ഋഷഭ് പന്ത് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ട്വന്റി 20 ലോകകപ്പ് വിജയിച്ചശേഷം ഇന്ത്യയിലെത്തിയ ടീമിന് വന്‍സ്വീകരണമാണ് ലഭിച്ചത്. ടീം മുംബൈയിലൂടെ ബസില്‍ വിക്ടറി പരേഡും നടത്തിയിരുന്നു. അതിനിടയില്‍ ഋഷഭ് സെല്‍ഫി എടുക്കുമ്പോഴെല്ലാം, സഞ്ജുവിനെയും അതിലേക്ക് സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തിയത് കാണികള്‍ക്ക് കൗതുകമായി.  

ശുഭ്മാന്‍ ഗില്‍-ഇഷാന്‍ കിഷന്‍ ബ്രൊമാന്‍സ് ഡ്രസ്സിങ് റൂമിലും ഫീല്‍ഡിലും ആളുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കാറുണ്ട്. ഈ അടുപ്പം കണ്ട് ടീമംഗങ്ങള്‍ ഇവരെ ഇരട്ടകളെന്നാണ് വിളിക്കുന്നത്. ഡ്രസ്സിങ് റൂമില്‍ ആളുകളെ ചിരിപ്പിക്കാനും ഇഷാന്‍ മുന്നിലുണ്ടാവും. ഇഷ്മാന്‍ എന്നാണ് ആരാധകര്‍ ഇവരെ വിളിക്കുന്നത്. 

placeholder
എം.എസ്.ധോണി, വിരാട് കോഹ്‌ലി / ഫോട്ടോ: PTI

മുമ്പൊരു പരിപാടിക്കിടയില്‍ ഇതിനെക്കുറിച്ച് വിരാട് കോഹ്‌ലി സംസാരിച്ചതിങ്ങനെ, ''രണ്ടുപേരെയും വേര്‍പെടുത്താന്‍ വളരെ ബുദ്ധിമുട്ടാണ്. സീതയും ഗീതയുമാണിവര്‍. (1972-ല്‍ റിലീസായ ബോളിവുഡ് സിനിമയാണ് സീത ഓര്‍ ഗീത.) ഇന്ത്യന്‍ ടീമിന്റെ ടൂറിലും, ഇവരെപ്പോഴും ഒരുമിച്ചായിരിക്കും. ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങുമ്പോഴും ടീം മീറ്റിങ്ങില്‍ പോലും ഒരുമിച്ചാണ്. ഒറ്റയ്ക്ക് അവരെ ഞാന്‍ കണ്ടിട്ടേയില്ല. അത്രയും അടുപ്പമുള്ള കൂട്ടുകാരാണവര്‍''. 

ഒരിക്കല്‍ കോന്‍ ബനേഗാ ക്രോര്‍പതി എന്ന പരിപാടിയില്‍ വന്നപ്പോള്‍ ഇഷാനും അവരുടെ ബ്രൊമാന്‍സിനെക്കുറിച്ച് സംസാരിച്ചിരുന്നു. ''ക്രിക്കറ്റില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന സൗഹൃദമല്ല ഞങ്ങളുടേത്. പുറത്തും ഇങ്ങനെ തന്നെയാണ്''. 

വിരാട് കോഹ്‌ലി-എം.എസ്.ധോണി ബ്രൊമാന്‍സായിരുന്നു മുമ്പ് ആരാധകരുടെ ചര്‍ച്ചാവിഷയം. കോഹ്‌ലി ധോണിയുടെ കുടുംബമായിട്ടും നല്ല അടുപ്പത്തിലായിരുന്നു. കോഹ്‌ലിയും ധോണിയുടെ മകള്‍ സിവയും തമ്മിലുള്ള രസകരമായ വീഡിയോ അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ധോണി വിരമിച്ചപ്പോള്‍, കോഹ്‌ലി ഇങ്ങനെ കുറിച്ചു, ''എം.എസ് ആയിരിക്കും എന്നും എന്റെ ക്യാപ്റ്റന്‍''. കോഹ്‌ലിയെ പ്രശംസിക്കാന്‍ ധോണി ഒരിക്കലും മടികാണിച്ചിട്ടുമില്ല. ഐ.പി.എല്ലില്‍ വ്യത്യസ്തടീമുകളില്‍ കളിക്കുമ്പോഴും, ആരാധകര്‍ക്കായി ഒട്ടേറെ ബ്രൊമാന്‍സ് മൊമന്റുകള്‍ ഇരുവരും ചേര്‍ന്ന് സമ്മാനിക്കാറുണ്ട്.  

placeholder
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ / ഫോട്ടോ: ANI

പിന്നീട് രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും തമ്മിലുള്ള ശക്തമായ സൗഹൃദവും കളിക്കളങ്ങളില്‍ കണ്ടു. രോഹിത്തിന്റെ ഫോമിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചപ്പോള്‍, ഒരിക്കല്‍ കോഹ്‌ലി പൊട്ടിത്തെറിച്ചു. പിന്നീട് കോഹ്‌ലി മോശം ഫോമിലൂടെ കടന്നുപോയപ്പോഴും, മാധ്യമപ്രവര്‍ത്തകര്‍ അതിനെക്കുറിച്ച് തുടരെ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴും കോഹ്‌ലിയെ പിന്തുണച്ചുകൊണ്ട് ആദ്യമെത്തിയത് രോഹിത്താണ്. 

അതുപോലെ തന്നെയുള്ള പ്രശസ്തമായ മറ്റൊരു ജോഡിയുമുണ്ട്, സിങ് ആന്റ് സിങ് എന്നായിരുന്നു ടീമംഗങ്ങള്‍ അവരെ വിശേഷിപ്പിച്ചിരുന്നത്. ഹര്‍ഭജന്‍ സിങ്ങും യുവ്‌രാജ് സിങ്ങുമാണ് ആ താരങ്ങള്‍. ഫീല്‍ഡിനുപുറത്തും അവരുടെ ആ ബന്ധം തുടരുന്നു.