പണത്തിനു പെട്ടെന്ന് അത്യാവശ്യം വന്നു. ബാങ്കിലാണെങ്കില്‍ ഒറ്റപൈസയില്ല. പണയം വെയ്ക്കാന്‍ സ്വര്‍ണവുമില്ല. കടം തന്നു സഹായിക്കാനും ആരുമില്ല. ജീവിതത്തില്‍ എപ്പൊഴെങ്കിലും ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകാത്തവര്‍ ചുരുക്കം. ആവശ്യങ്ങള്‍ പലതാകാം. ചികിത്സയ്ക്ക്, സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍, ബാങ്ക് ഇ.എം.ഐ അടയ്ക്കാന്‍...അങ്ങനെ പലതും. സമ്പത്തുകാലത്ത് നിങ്ങള്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് രക്ഷയായി എത്തും. അത്തരം നിക്ഷേപങ്ങളില്‍ നിന്നുള്ള വായ്പ മണിക്കൂറുകള്‍ക്കുള്ളില്‍ സാമ്പത്തികസഹായമായി നിങ്ങളെ തേടിയെത്തും.

1. ചിട്ടി ലോണ്‍
ചിട്ടിയെക്കുറിച്ചും ചിട്ടി ലേലത്തില്‍ പിടിക്കുമ്പോഴോ നറുക്കു വീഴുമ്പോഴോ വട്ടമെത്തുമ്പോഴോ പണം കയ്യില്‍ കിട്ടുമെന്നും എല്ലാവര്‍ക്കും അറിയാം. ഉള്ള സമ്പാദ്യമെല്ലാം ചിട്ടിയില്‍ മുടക്കി പണത്തിനു അത്യാവശ്യമുള്ളപ്പോള്‍ നക്ഷത്രമെണ്ണുന്നവരും നിരവധിയാണ്. എന്നാല്‍ പണത്തിനാവശ്യം വന്നാല്‍ അനായാസം ചിട്ടിയില്‍ നിന്ന് ലോണ്‍ എടുക്കാം. ആവശ്യമുള്ളപ്പോള്‍ തിരിച്ചടയ്ക്കാം. അല്ലെങ്കില്‍ ചിട്ടിവട്ടമെത്തുമ്പോള്‍ വായ്പയുമായി തട്ടിക്കിഴിക്കാം. അതല്ല ചിട്ടി പിടിക്കാനുള്ള കാത്തിരിപ്പ് അനന്തമായി നീളുകയും പണത്തിനാവശ്യം വരുകയും ചെയ്താലും ചിട്ടി ലോണ്‍ സഹായത്തിനെത്തും. ചിട്ടി പത്തുതവണയില്‍ കൂടുതല്‍ തുടര്‍ച്ചയായി കൃത്യമായി അടച്ചിട്ടുണ്ടെങ്കിലേ ചിട്ടി ലോണിനു അര്‍ഹതയുള്ളൂ. ചിട്ടിത്തുകയുടെ 50 ശതമാനം വരെ ലോണായി ലഭിക്കും.13 മുതല്‍ 15 ശതമാനം വരെയാണ് ചിട്ടിക്കമ്പനികള്‍ പലിശ ഈടാക്കുന്നത്. വായ്പയുടെ പലിശത്തുക മാസാമാസമോ മൂന്നുമാസം കൂടുമ്പോഴോ അടയ്ക്കണം. ഓരോ ചിട്ടിക്കമ്പനിക്കും ഇത് വ്യത്യസ്തമാണ്. അപേക്ഷ നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ ചിട്ടി ലോണ്‍ കയ്യില്‍ കിട്ടും.

2. ഇന്‍ഷുറന്‍സ് പോളിസി ലോണ്‍
ദീര്‍ഘകാല കാത്തിരിപ്പ് വേണം ഇന്‍ഷുറന്‍സില്‍ നിന്നുള്ള പണം കയ്യില്‍ കിട്ടാന്‍. പണത്തിനു പെട്ടെന്ന് ആവശ്യം വന്നാല്‍ ഇന്‍ഷുറന്‍സ് പോളിസി ലോണിന്റെ സഹായം തേടാം. എല്ലാ പോളിസികളിന്മേലും വായ്പ കിട്ടില്ല. പരമ്പരാഗത പോളിസികള്‍, യുലിപ് പോളിസികള്‍, സിങ്കിള്‍ പ്രീമിയം പോളിസികള്‍ തുടങ്ങിയവയിന്മേല്‍ വായ്പ കിട്ടും. നിങ്ങളുടെ കൈവശമുള്ള പോളിസി രേഖയില്‍ വായ്പാ സൗകര്യം ലഭ്യമാണോ ഇല്ലയോ എന്ന് വ്യക്തമാക്കിയിട്ടുണ്ടാകും. പോളിസിക്ക് സറണ്ടര്‍ വാല്യു കിട്ടാവുന്ന നിലയിലുള്ള കാലാവധി പൂര്‍ത്തിയാക്കിയിരിക്കണം. ചില പോളിസികളില്‍ ഇത് മൂന്നുവര്‍ഷമാണ്. ഇത്തരത്തില്‍ യോഗ്യതയുള്ള പോളിസികളില്‍ സറണ്ടര്‍ വാല്യുവിന്റെ 90 ശതമാനം തുകവരെയോ, പെയ്ഡ് അപ് പോളിസികളില്‍ 85 ശതമാനം വരെയോ വായ്പ കിട്ടും. വായ്പയുടെ ചുരുങ്ങിയ കാലാവധി ആറുമാസമാണ്. പരമാവധി കാലാവധി പോളിസി കാലാവധി വരെ. പലിശ 7.5 മുതല്‍ 9 ശതമാനം വരെയാണ്. പലിശ ആറുമാസം കൂടുമ്പോള്‍ കൃത്യമായി അടച്ചുകൊണ്ടിരിക്കണം. പരമാവധി ഒരു ദിവസത്തിനുള്ളില്‍ വായ്പ കിട്ടും. അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫറായി വരികയാണ് പതിവ്. അതിനുള്ള കാലതാമസം കൂടി ഉണ്ടായേക്കാം.

3. ഫിക്‌സഡ് ഡിപ്പോസിറ്റ് ലോണ്‍
പണത്തിനത്യാവശ്യം വന്നാല്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് ബാങ്കില്‍ പോയി ക്ലോസ് ചെയ്യാം. പക്ഷേ പിന്നീട് പണം കയ്യില്‍ വരുമ്പോള്‍ വീണ്ടും ഫിക്‌സഡ് ഡിപ്പോസിറ്റ് തുടങ്ങാന്‍ ആവേശം തോന്നണമെന്നില്ല. പകരം വായ്പയാണെങ്കില്‍ അത് കുറേശ്ശെ തിരിച്ചടയ്ക്കുകയും ചെയ്യും. ഇത്തരം സാമ്പത്തികശീലമുള്ള ആളാണ് നിങ്ങള്‍ എങ്കില്‍ എഫ്.ഡി ക്ലോസ് ചെയ്യാതെ അതില്‍ നിന്ന് വായ്പ എടുത്താല്‍ മതി. ഫിക്‌സ്ഡ് ഡിപ്പോസിറ്റ് പലിശ നിരക്ക് എത്രയാണോ അതിനേക്കാള്‍ 12 ശതമാനം കൂടുതല്‍ പലിശ നല്‍കണം എന്നുമാത്രം. ഫിക്‌സഡ് ഡിപ്പോസിറ്റിന്റെ 85 ശതമാനം തുക വരെ ഇങ്ങനെ മണിക്കൂറുകള്‍ക്കുള്ളില്‍ വായ്പ ലഭിക്കും.

4. ക്രെഡിറ്റ് കാര്‍ഡ് ലോണ്‍
അത്യാവശ്യത്തിനു പണം എടുക്കാന്‍ എ.ടി.എമ്മില്‍ കയറി കാര്‍ഡിട്ടപ്പോഴാണ് അറിയുന്നത് അക്കൗണ്ടില്‍ പണമൊന്നും അവശേഷിക്കുന്നില്ല എന്ന്. കയ്യില്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ പേടിക്കേണ്ട, അതിട്ട് പണം എടുക്കാം. എല്ലാ ക്രെഡിറ്റ് കാര്‍ഡുകളിലും ക്രെഡിറ്റ് ലിമിറ്റിനൊപ്പം നിശ്ചിത തുക ഇങ്ങനെ കാഷ് ആയി പിന്‍വലിക്കാവുന്ന കാഷ് ലിമിറ്റും ക്രമീകരിച്ചിട്ടുണ്ടാകും. ഇതുകൂടാതെ ക്രെഡിറ്റ് കാര്‍ഡ് ലോണും കിട്ടും. സെക്കന്റുകള്‍ക്കുള്ളില്‍ പണം കയ്യില്‍ കിട്ടും. പക്ഷേ ഏറ്റവും കൂടുതല്‍ പലിശ നല്‍കേണ്ടിവരുന്ന വായ്പയാണിത്. അതുകൊണ്ട് വളരെ അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ ഈ ലോണിന്റെ പുറകേ പോകാവൂ. പലിശ മാത്രമല്ല, ട്രാന്‍സാക്ഷന്‍ ഫീസും ടാക്‌സും നല്‍കേണ്ടിവരും. പണം എടുത്ത തീയതി മുതല്‍ അത് തിരിച്ചടയ്ക്കുന്ന തീയതി വരെ പ്രതിമാസം 3.35 ശതമാനം മുതലാണ് പലിശ. വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഈ പലിശ 40.2 ശതമാനമാണ്. ഓരോ ക്രെഡിറ്റ് കാര്‍ഡ് കമ്പനിക്കും നിരക്ക് വ്യത്യസ്തമായിരിക്കും.

5. ഓഹരികളുടെ ഈടിന്മേല്‍ വായ്പ
കയ്യില്‍ നിരവധി ഓഹരികളുണ്ട്. ഇപ്പോള്‍ വിറ്റുകളയാന്‍ മടി. ഭാവിയില്‍ നല്ല വില ലഭിക്കേണ്ട പോളിസിയാണ്. പക്ഷേ ഇപ്പോഴാണെങ്കില്‍ പണത്തിനു അത്യാവശ്യവും. ബാങ്കുകളെ സമീപിച്ചാല്‍ ഓഹരികളുടെ ഈടിന്മേല്‍ വായ്പ ലഭിക്കും. 12 ശതമാനം മുതല്‍ മുകളിലേക്ക് വാര്‍ഷിക പലിശ നല്‍കണം എന്നുമാത്രം. കയ്യില്‍ പണം കിട്ടുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചടയ്ക്കാം. ഒരു കമ്പനിയുടെ ഓഹരിയാണെങ്കില്‍ അതിന്റെ അപ്പോഴത്തെ വിപണി വിലയുടെ 60 ശതമാനം വരെയും ഒന്നിലേറെ കമ്പനികളുടെ ഓഹരികളാണെങ്കില്‍ 50 ശതമാനം വരെയും വായ്പ കിട്ടും. ഓരോ ബാങ്കിനും പലിശ നിരക്കും വായ്പാതുകയുടെ അളവും വ്യത്യസ്തമായിരിക്കും. ബാങ്കുകള്‍ അംഗീകരിച്ചിട്ടുള്ള ഓഹരികളിന്മേലേ ഈ വായ്പ ലഭിക്കൂ. പരമാവധി ഒരു വര്‍ഷമാണ് വായ്പാ കാലാവധി. ഈടുവെച്ച ഓഹരിയുടെ വില വായ്പാ കാലാവധിയില്‍ ഇടിഞ്ഞാല്‍ നാലു ദിവസത്തിനുള്ളില്‍ കൂടുതല്‍ ഓഹരികള്‍ ഈടായി നല്‍കുകയോ പണം അടയ്ക്കുകയോ ചെയ്യണം. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍

6. ശമ്പള അക്കൗണ്ടിന്മേല്‍ ഓവര്‍ഡ്രാഫ്റ്റ്
മാസ ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയാണോ? പണത്തിനാവശ്യം വന്നാല്‍ ബാങ്ക്  മാനേജരെ കണ്ടാല്‍ മതി. മാസശമ്പളത്തിന്റെ മൂന്നിരട്ടിവരെ ഓവര്‍ഡ്രാഫ്റ്റായി ബാങ്കുകള്‍ നല്‍കും. പലിശ പക്ഷേ പ്രതിമാസം 1.5 മുതല്‍ 2.5 വരെ ഈടാക്കുന്ന ബാങ്കുകളുണ്ട്. ചില ബാങ്കുകള്‍ പേഴ്‌സണല്‍ ലോണിന്റെ നിരക്ക് ഈടാക്കും. ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം വീതം മാസാമാസം ബാങ്ക് ശമ്പളത്തില്‍ നിന്ന് തിരിച്ചുപിടിക്കും. ബാങ്ക് അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കേ ചിലപ്പോള്‍ ഈ സൗകര്യം ലഭിച്ചെന്നു വരൂ.

(ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍: 9447667716, ഇ-മെയ്ല്‍: jayakumarkk8@gmail.com)